ചെന്നിത്തലയും, സുരേന്ദ്രനും നൽകിയ കൊട്ടേഷൻ നടപ്പിലാക്കുന്ന ഗതികേടിലാണോ താങ്കൾ ?

  133

  സ്വർണ്ണക്കടത്തുകേസിൽ ഇടതുപക്ഷത്തിനെ പിടിച്ചുകുലുക്കാം എന്ന ചിന്ത നടക്കാതെ വന്നപ്പോൾ അടുത്ത പൂഴിക്കടകൻ. ഒരു ഓഫീസ് മാർച്ചിനെ പോലും ഭയപ്പെടുന്ന കസ്റ്റംസ് മേധാവി. അഡ്വ. ജഹാംഗീർ റസാഖ് പാലേരിയുടെ ഫേസ്ബുക് കുറിപ്പ് വായിക്കാം

  അഡ്വ. ജഹാംഗീർ റസാഖ് പാലേരി

  ബഹുമാനപ്പെട്ട കസ്റ്റംസ് കമ്മീഷണർ മിസ്റ്റർ സുമിത് കുമാർ,

  കൊള്ളാവുന്ന ട്രാക് റെക്കോർഡുള്ള, സത്യസന്ധനായ ഒരു ഓഫീസറായാണ് താങ്കളെ ഈ നാടും, താങ്കളെ അറിയാവുന്നവരും വിലയിരിത്തിയിട്ടുള്ളത്. ഇന്ന് സിപിഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾ സംഘടിപ്പിച്ച കസ്റ്റംസ് ഓഫീസ് മാർച്ചിന്റെ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട്, “ഒരു രാഷ്ട്രീയ പാർട്ടി ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു, അത് വിലപ്പോവില്ല” എന്ന താങ്കളുടെ ഫേസ്‌ബുക്ക് പോസ്റ്റ്കണ്ടു. നൂറുകണക്കിന് സമരപോരാട്ടങ്ങൾ ദിനേന കാണുന്ന ഈ മഹാരാജ്യത്ത് ഒരു സിവിൽ സർവെന്റും അത്തരം സമരങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റെഴുതിയതായി നാളിതുവരെ കണ്ടിട്ടില്ല. ഡൽഹിയിലെ കര്ഷകസമരങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോ, ദില്ലി പോലീസ് കമ്മീഷണറോ, കേന്ദ്ര കാർഷിക സെക്രട്ടറിയോ പോസ്റ്റുകളൊന്നും എഴുതിയിട്ടില്ല. തിരുവനന്തപുരത്തു യൂത്ത് കോൺഗ്രസ് നടത്തിയ സമരാഭാസത്തിനെതിരെ കേരള ചീഫ് സെക്രട്ടറിയോ, തിരുവനന്തപുരം പോലീസ് കമ്മീഷണറോ ഫേസ്ബുക്കിലൊന്നും എഴുതിക്കണ്ടിട്ടില്ല.

  ഇനിയതല്ല, ഏതെങ്കിലും ഇടതുപക്ഷ പ്രവർത്തകനോ, നേതാവോ താങ്കളെ വ്യക്തിപരമായി ഭീഷണിപ്പെടുത്തിയെങ്കിൽ അക്കാര്യത്തിൽ പോലീസ് പരാതിയോ, കോടതിയെ സമീപിക്കുകയോ ചെയ്യുകയാണ് വേണ്ടത്. സോഷ്യൽ മീഡിയയല്ലല്ലോ, അല്ലെങ്കിൽ മാർക്ക് സുക്കർബർഗ് അല്ലല്ലോ താങ്കളുടെ മേലുദ്യോഗസ്ഥൻ.!

  മിസ്റ്റർ ഓഫീസർ, താങ്കളുടെ കൈയ്യൊപ്പോടെ ഹൈക്കോടതിയിൽ ഹാജരാക്കിയ സത്യവാങ്മൂലത്തിൽ, ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയിന്മേല്‍ തങ്ങളുടെ കൈവശം തെളിവൊന്നുമില്ലെന്ന് സമ്മതിച്ചത് വിചിത്രമായി തോന്നി. ഒരു സ്ത്രീയെ ഭേദ്യം ചെയ്തും ഭീഷണിപ്പെടുത്തിയും, നേടിയെടുത്ത മൊഴിയല്ലാതെ നാളിതുവരെ ആ കുപ്പായമിട്ട് “ചെരപ്പ് നടത്തിയിട്ട്” യാതൊരുതുമ്പും ലഭിക്കാതെ, തെളിവ് ആവശ്യമുണ്ടെങ്കില്‍ അതിന് തങ്ങളെക്കൊണ്ട് സാധിക്കില്ലെന്നും സ്വപ്‌നയ്‌ക്ക്‌ മാത്രമേ അതേക്കുറിച്ച് പറയാനാകൂ എന്നുമാണ് താങ്കളുടേതായി നൽകിയ സത്യവാങ്മൂലത്തിൽ കസ്റ്റംസ് വാദിച്ചിരിക്കുന്നത്. ഇതെന്തു വെള്ളരിക്കാപ്പട്ടണമാണ് മിസ്റ്റർ?!

  Kerala gold smuggling case: NIA team to leave for Dubai - The Weekസത്യവാങ്മൂലത്തിലെ എട്ടാമത്തെ പേജില്‍ പത്താമത്തെ പോയിന്റായി താങ്കൾ വ്യക്തമാക്കുന്നത്, CrPc 164 സ്റ്റേറ്റ്മെന്റില്‍ അവര്‍ (സ്വപ്ന സുരേഷ്) വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ ആ സ്ത്രീയുടെ മാത്രം അറിവിലുള്ള കാര്യങ്ങളാണ്. അതേക്കുറിച്ചുള്ള തെളിവുകള്‍ വല്ലതും ഹാജരാക്കേണ്ടി വന്നാല്‍ അതിന് അവര്‍ക്ക് മാത്രമേ സാധിക്കൂ’ എന്നതാണ്. ഇതെന്തൊരു പരിഹാസ്യമാണ് മിസ്റ്റർ ഓഫീസർ. നിങ്ങള്ക്ക് ബോധ്യമോ തെളിവോ ഇല്ലാത്ത, അല്ലെങ്കിൽ ഭാവിയിലും തെളിവ് ഹാജരാക്കാനാവാത്ത ഒരുമൊഴിയെ സത്യവാങ്മൂലമായി ഹാജരാക്കി താങ്കൾ പരിഹാസ്യനാവുമ്പോൾ, താങ്കൾ സ്വന്തം ഇച്ഛയോടെ ചെയ്യുന്നതല്ല, ചെന്നിത്തലയും, സുരേന്ദ്രനും നൽകിയ കൊട്ടേഷൻ നടപ്പിലാക്കുകയാണ് ചെയ്തതെന്ന് അന്നം കഴിക്കുന്ന മലയാളികൾക്ക് തിരിയും.!!

  ആ ബോധ്യമുള്ള മലയാളികൾ, ഇതൊരു രാഷ്ട്രീയക്കളിക്കു താങ്കളുടെ ഡിപ്പാർട്മെന്റിനെ, രാഷ്ട്രീയനേട്ടത്തിനായി വ്യഭിചരിക്കുകയാണെന്നു ബോധ്യമുള്ള മലയാളികൾ, ചിലപ്പോൾ താങ്കളുടെ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചെന്നിരിക്കും. തെറ്റ് ചെയ്‌തെന്ന ബോധ്യത്താലാണ് താങ്കളുടെ വിരട്ടേണ്ട എന്ന പോസ്റ്റ് എന്നാണു മനസ്സിലായത്. അതിനർത്ഥം താങ്കൾ വിരണ്ടു എന്നതല്ലേ മിസ്റ്റർ ഓഫിസർ ?!

  മിസ്റ്റർ സുമിത്,
  കഴിഞ്ഞ വര്ഷം നവംബര്‍ 25 നാണ് സ്വപ്‌ന കസ്റ്റംസ് ആക്ട് 108 പ്രകാരമുള്ള മൊഴി കസ്റ്റംസിന് നല്‍കിയത്. പിന്നീട് രണ്ടാഴ്ച്ച കഴിഞ്ഞാണ് ക്രിമിനൽ പ്രൊസീജ്യർ കോഡിലെ 164 വകുപ്പ്പ്രകാരം രഹസ്യമൊഴി നല്‍കിയത്. പിന്നീടിങ്ങോട്ട് മൂന്നുമാസത്തോളം ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ താങ്കളുടേതായ അന്വേഷണമൊന്നും ഉണ്ടായില്ലേ?! തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് താങ്കളും കുട്ടിപ്പട്ടാളവും വീണ്ടും മൊഴിയുമായി രംഗത്തെത്തിയത് എന്നറിയുമ്പോൾ കോമൺ സെന്സുള്ള മനുഷ്യർ എന്താണ് മനസ്സിലാക്കേണ്ടത് ഓഫിസർ.?!

  കോടതി താങ്കളോട് സത്യവാങ്ങ്മൂലം ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെടാത്ത കേസിലാണ്, ഇത്രമേൽ അമിതമായ ആത്മാർത്ഥതയോടെ തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള താങ്കളുടെ ഈ നീക്കം. കസ്റ്റംസിനെതിരെ ഈ കേസില്‍ ആരോപണങ്ങള്‍ ഉന്നയിക്കപെട്ടിട്ടില്ല. അത്തരമൊരു കേസിലാണ് ഒരു ബന്ധവുമില്ലാത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത് എന്നതും താങ്കൾക്ക് ബോധ്യമുള്ളതാണല്ലോ.

  പണവും പവറും, ഭീഷണിയും, പ്രലോഭനങ്ങളുംകൊണ്ട് രാഷ്ട്രീയ നേതാക്കളെ വിലയ്‌ക്കെടുക്കുന്ന നോർത്തിന്ത്യൻ ഗോസായിമാരെപ്പോലെയാണ്, അല്ലെങ്കിൽ അവർക്കു വഴങ്ങുന്നവരെപ്പോലെയാണ് ഈ കേരളവും എന്ന മിഥ്യാധാരണയാണ് താങ്കളെ നയിക്കുന്നതെന്ന് ഞാൻ ന്യായമായും ബലമായും സംശയിക്കുന്നു. അങ്ങേക്ക് തെറ്റിയിട്ടുണ്ട് സാർ. ഇത് കേരളമാണ്. ആ ഓർമ്മ താങ്കൾക്കും ഉണ്ടായിരിക്കട്ടെ.!ശുഭാശംസകൾ…
  -അഡ്വ. ജഹാംഗീർ റസാഖ് പാലേരി-