അത്രമേൽ പ്രിയപ്പെട്ട എൻ്റെ SYS, SSF സഹോദരന്മാരെ, അസ്സലാമു അലൈക്കും.നിങ്ങൾ ഇന്ദിരാ ഗാന്ധിയേയും, ബേനസീർ ഭൂട്ടോയേയുമൊക്കെ കേട്ടിരിക്കും. നിങ്ങളുടെ പിതാക്കളോ, പിതാമഹന്മാരിൽ ചിലരോ ഇവരുടെയൊക്കെ അനുയായികളോ ആരാധകരോ ആയിരിക്കാനുംമതി.!പക്ഷേ പ്രിയരേ, ചരിത്രത്തെ വിട്ടേക്കൂ, വർത്തമാനകാലത്തിൽ ധീരയായി ജീവിക്കുന്ന ജസീന്ത ആന്റേണെ അറിയുമോ നിങ്ങൾ?!ഡോ. ആസാദ് അവരുടെ കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം എഴുതിയിരുന്നു-
ഭരണത്തിരക്കിനിടയില്‍ പിറന്ന കുഞ്ഞിനു മുലയൂട്ടിക്കൊണ്ട് ഒരു രാജ്യത്തെ പരിപാലിച്ച പെണ്‍പ്രഭാവത്തെ ലോകം അന്നേ സ്തുതിച്ചതാണ്.
ഭീകരാക്രമത്തില്‍ നടുങ്ങിയ തെരുവിലിറങ്ങി മരിച്ചവരുടെ കുടുംബത്തെയും പതറിയ രാജ്യത്തെയും സാന്ത്വനിപ്പിച്ച കരുണാധീരത ലോകം അഭിമാനപൂര്‍വ്വം ഏറ്റുവാങ്ങിയതാണ്. അഗ്നിപര്‍വ്വത സ്ഫോടനത്തിനും പകര്‍ച്ചവ്യാധിക്കും സാമ്പത്തിക പ്രതിസന്ധികള്‍ക്കും ഇടയിലൂടെ അതീവ ഹ്രസ്വമായ മുപ്പത്തിയാറു മാസങ്ങള്‍ കടന്നു പോയി. അഞ്ചു ദശലക്ഷം മനുഷ്യരുടെ ആകുലതകളെ എത്ര അനായാസമായാണ് ശമിപ്പിച്ചത്! പ്രതിസന്ധികളെ എത്ര ആര്‍ജ്ജവത്തോടെയാണ് മെരുക്കിയത്! കൊറോണയെ ഇത്ര ലഘുവായി തള്ളിയ മറ്റൊരിടവും വേറെയില്ല.!!
അമ്പതു ശതമാനത്തിലധികം വോട്ടുനേടി ഇങ്ങനെ തിരിച്ചുവന്ന ഒരാള്‍ ന്യൂസിലാന്റില്‍ ഇല്ല. ലേബര്‍പാര്‍ട്ടിക്കും ഇതു പുതുമയാര്‍ന്ന അനുഭവം. ലോകം കോര്‍പറേറ്റ് കിടമത്സരങ്ങളിലും വംശീയ തീവ്രമായ ദേശീയതാശാഠ്യങ്ങളിലും ഉറഞ്ഞു തുള്ളുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ ജനങ്ങളുടെ ജീവിതവും ഭാഷയും ബാക്കി നില്ക്കുന്നു എന്നത് മനുഷ്യരാശിക്കാകെ ആവേശം പകരുന്നു.
പൊലീസുകാരന്റെ മകളായി പിറന്ന് ദാരിദ്ര്യത്തെ തൊട്ടറിഞ്ഞു മതവിശ്വാസങ്ങള്‍ വിട്ടെറിഞ്ഞു സ്വീകരിച്ച രാഷ്ട്രീയാദര്‍ശത്തിന് മനുഷ്യസ്നേഹത്തിന്റെ മുഖമുണ്ടാവുക സ്വാഭാവികം. അതിന്റെ ദാര്‍ഢ്യവും ആര്‍ദ്രതയും അനുഭവിച്ചറിയാന്‍ മൂന്നു വര്‍ഷത്തെ ആപത്ക്കാലം ധാരാളമാവണം. ജനാധിപത്യ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും വിജയപാഠങ്ങളില്‍ ജസീന്ത ആന്റേണ്‍ എന്ന പേരു കാണും. അതു ഞങ്ങളെ ആവേശം കൊള്ളിക്കും. ഇനിയുള്ള വര്‍ഷങ്ങളില്‍ പൊരുതുന്ന ലോകത്തിന് ആ പിന്തുണവേണം. ലോകത്തെ അതിന്റെ കൊടും വലതു കുതിപ്പുകളില്‍നിന്ന് മനുഷ്യപക്ഷത്തേക്കു ചായ്ച്ചു നിര്‍ത്താന്‍ ധീര നേതൃത്വങ്ങള്‍ വേണം.
ജസീന്താ ആന്റേണ്‍, നിരാലംബ ലോകര്‍ക്കു നല്കിയ വലിയ പ്രതീക്ഷയ്ക്ക് നന്ദി. നേടിയ ഉജ്ജ്വല വിജയത്തിന് അഭിവാദ്യം.!
മറ്റൊരിക്കൽ ബേനസീർ ഭൂട്ടോ എന്ന പെൺകരുത്തിനെക്കുറിച്ചു ഞാനെഴുതിയതും പകർത്തട്ടെ!-
ഒരു സംഭവകഥ പറയാം. ബേനസീര്‍ ഭൂട്ടോ പാകിസ്ഥാന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഒരു സമയത്ത് എതിര്‍സ്ഥാനാര്‍ഥിയും ആ സമയത്തെ രാഷ്ട്രത്തലവനുമായിരുന്ന ആള് ഗര്‍ഭിണിയായ ബേനസീറിന്റെ പ്രസവസമയത്തോട് അടുപ്പിച്ച്, അധികാരഗര്‍വ്വില്‍ ഇലക്ഷന് പ്രഖ്യാപിച്ചു. ചൂടുപിടിച്ച അവസാനദിന പ്രചാരണങ്ങളില്‍ നിന്ന്, അവരെ സ്ത്രൈണസഹജമായ അനിവാര്യ കാരണങ്ങളാല്‍ മാറ്റി നിര്‍ത്തുവാനുള്ള രാഷ്ട്രീയ കുബുദ്ധിയായിരുന്നു അത്.
ബേനസീര്‍ പ്രസവത്തിനായി പോകുന്ന അവസാനദിനങ്ങളില്‍ അവരുടെ പാര്‍ട്ടി, പ്രചാരണത്തിന് നേതാവില്ലാതെ ശൂന്യത അനുഭവിക്കുന്നത് കാത്തിരുന്ന രാഷ്ട്രീയനിരീക്ഷക ലോകത്തെ അമ്പരപ്പിച്ചുകൊണ്ട്, ഡോക്ടര്‍ പറഞ്ഞ ഡേറ്റ് എത്തുന്നതിന് രണ്ടാഴ്ച്ച മുന്‍പ് ബ്രിട്ടനിലേക്ക് വിമാനം കയറി സിസേറിയന് ചെയ്തു തിരിച്ചുവന്നുകൊണ്ട് ബേനസീര്‍ ലോകത്തെയും, പാകിസ്ഥാന് രാഷ്ട്രീയത്തെയും ഞെട്ടിച്ചു. മാനസികമായി അതിശക്തയായ ഒരു സ്ത്രീ രാഷ്ട്രീയകുബുദ്ധികളായ പുരുഷക്കൂട്ടത്തെ അത്രമേല്‍ അസാധാരണമായി നേരിട്ട ഈ സംഭവം ഇന്നും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് കൌതുകമുള്ള ചരിത്രമാണ്. മാതൃത്വവും, ആര്‍ത്തവവും പോലുള്ള സ്ത്രീസഹജമായ അനിവാര്യതകളെ ധീരകളായ സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഒരുദാഹരണം മാത്രമാണ് പറഞ്ഞത്.!
പ്രിയസഹോദരന്മാരെ ദീർഘിപ്പിക്കുന്നില്ല.നരേന്ദ്ര മോഡിയും ഡോണൾഡ് ട്രമ്പും, വ്ളാദിമിർ പുടിനും, ബാഷർ അൽ അസദും… ഭരിക്കുന്ന നരകംപോലുള്ള ഈ ഫാഷിസ്റ്റ് വലതുപക്ഷ യുദ്ധവെറിയുള്ള ലോകത്ത്, കത്തിച്ചുവച്ച ചെരാതുകൾപോലെ ജനാധിപത്യത്തിന്റേയും, സമാധാന ജീവിതത്തിന്റേയും സ്വർഗ്ഗലോകങ്ങളാണ് ജസീന്താ ആന്റേണ്‍ ഭരിക്കുന്ന ന്യൂസിലാൻഡും, എയ്ഞ്ചലാ മെർക്കൽ ഭരിക്കുന്ന ജർമ്മനിയും, കാതറിൻ സാകേള്ളാരെപ്പോലു ഭരിക്കുന്ന ഗ്രീസും, കത്രീന ജാക്കോബ്സ്ടോട്ടിർ ഭരിക്കുന്ന ഐസ്ലൻഡും, മീറ്റ് ഫ്രഡറിക്സൺ ഭരിക്കുന്ന ഡെന്മാർക്കുമെല്ലാം…!
കേരളംകണ്ട എക്കാലത്തെയും മികച്ച ആരോഗ്യമന്ത്രി ശൈലജടീച്ചർ ആണെന്നത് എതിരാളികൾപോലും സമ്മതിക്കുന്നതും മറക്കരുത്! എല്ലാത്തിനുമുപരി ഈ പ്രിൻറ് ചെയ്തു പരസ്യപ്പെടുത്തിയിരിക്കുന്ന പോസ്റ്റർ ഇസ്ളാമികവിരുദ്ധവും, ചരിത്രവിരുദ്ധവും, 2020 ന്റെയവസാനത്തിൽ ജീവിക്കുന്ന നമ്മുടെ കാലഘട്ടത്തിന് വിരുദ്ധവുമാണെന്ന് വിനയത്തോടെ ഉണർത്തട്ടെ!മ്യൂസിയത്തിലെ നിയാണ്ടർത്താൽ മനുഷ്യരാവാതെ, ഹോമോസാപ്പിയൻസ് വിഭാഗത്തിൽപ്പെട്ട ആധുനിക മനുഷ്യരാവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ…💕🙏
ആമീൻ…❤️🤲🤲
അഡ്വ. ജഹാംഗീർ റസാഖ്
8136 888 889
4 PM, 30-10-2020.