സഖാവ് പിണറായിയുടെ മുഖമുള്ള, പൗരത്വ നിയമത്തിനെതിരെയുള്ള ആ പരസ്യങ്ങൾ കണ്ടപ്പോൾ, എനിക്ക് ആഹ്ളാദത്താൽ കരച്ചിലാണ് വന്നത്

131

Adv Jahangeer Razaq Paleri

ഡൽഹിയിൽ, സുപ്രീംകോടതിയിൽ എനിക്കൊരു അഭിഭാഷക സുഹൃത്തുണ്ട്. ഹരിയാനക്കാരിയാണ്.ഞാൻ മലയാളിയാണ് (മല്ലുവാണ്) കേരളീയനാണ്, എന്ന അഹങ്കാരത്തോടെയല്ലാതെ ഞാൻ നാളിതുവരെ അവളോട് പെരുമാറിയിട്ടില്ല.! അവളുടെ കെട്ട്യോൻ ടാജ് ഗ്രൂപ് ഓഫ് ഹോട്ടൽസിൽ HR മാനേജരായി കൊച്ചിയിൽ ജോലി ചെയ്യുന്നതിനാൽ, എന്റെ എല്ലാ ബഡായികളും പൊങ്ങച്ചങ്ങളും അവൾ തൊണ്ടതൊടാതെ വിഴുങ്ങുമായിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ, ഉന്നത വിദ്യാഭ്യാസ, അഴിമതി രഹിത, കുറ്റകൃത്യ രഹിത സംസ്ഥാനമായി കേരളത്തിന് അവാർഡ് കിട്ടുമ്പോഴൊക്കെ ഞാൻ പാതിരായ്ക്കും അവളുടെ വാട്സാപ്പിലേക്ക് ഇക്കാര്യങ്ങളിലെ ന്യൂസ് ലിങ്കുകൾ അയച്ചുകൊണ്ടിരുന്നു…!

തികഞ്ഞ മതേതരവാദിയായ അവളുടെ നാട്ടിലും സമീപ പ്രദേശങ്ങളിലും മുസ്ലിങ്ങളും ദളിതരും ആക്രമിക്കപ്പെടുന്നതിലും, പശുവിൻ്റെ പേരിലുള്ള കൊലപാതകങ്ങളും അവൾക്ക് തീവ്രമായ പ്രതിഷേധവും, കഠിനമായ ദുഃഖവുമുണ്ടായിരുന്നു. ഓരോ നിർഭാഗ്യസംഭവങ്ങളും അവളുടെ വാട്സാപ് ഗ്രൂപ്പുകളിൽ ലഭിക്കുന്നത് അവളെനിക്ക് ഫോർവേഡ് ചെയ്യുന്നത് പതിവായിരുന്നു. അവളുടെ അമ്മൂമ്മ, (അമ്മയുടെ അമ്മ) ഡൽഹിയിലേക്ക് കുടിയേറുംമുൻപ് അസംകാരിയായിരുന്നു. ആ സ്ത്രീ മിശ്രവിവാഹിതയായിരുന്നു. കോളേജ് കാലത്തെ സഹപാഠിയായിരുന്ന മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിനാൽ കുടുംബത്തിൽ നിന്നുണ്ടായ ശാപവാക്കുകൾക്കും കോലാഹലങ്ങൾക്കും പുറമേ, ഇപ്പോൾ അവളുടെ മുത്തച്ഛന്റെ പൗരത്വംതന്നെ രജിസ്റ്ററിൽ ഇല്ലാത്ത സ്ഥിതി സംജാതമായിരിക്കുന്നു.!

അവളെ സമാധാനിപ്പിക്കാനെന്നവണ്ണം ഞാൻ കഴിഞ്ഞ നിരവധി ദിവസങ്ങളായി കേരളത്തിൽ നടക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളുടെ ചിത്രങ്ങൾ, ഞാനടക്കം പങ്കെടുത്തത് അവൾക്ക് നിരന്തരം വാട്സാപ് ചെയ്യുമായിരുന്നു. അവൾ പലപ്പോഴും സന്തോഷക്കണ്ണീരിൽ വിഡിയോകോൾ ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ ഞാനും കരഞ്ഞുപോയിട്ടുണ്ട്. മുറിഞ്ഞു സംസാരിക്കുന്ന ഹിന്ദിയിൽ അവളുടെ മുത്തച്ഛൻ കഴിഞ്ഞ നിരവധി ആഴ്ചകളിലായി എന്നെ വിളിച്ചത് ഡസൻകണക്കിന് തവണയാണ്. ഇന്ന് ജുമുഅക്ക് പള്ളിയിൽ പോകുന്നതിനു മുൻപും വൃദ്ധൻ എന്നെ വിളിച്ചു. അയാളുടെ വിതുമ്പലിൽ എന്റെയും കണ്ണുനിറഞ്ഞു.!  ഇന്നയാൾ വിളിച്ചപ്പോൾ അയാളുടെ കയ്യിൽ നിരവധി ഇംഗ്ലീഷ് പത്രങ്ങൾ ഉണ്ടായിരുന്നു. പൗരത്വ നിയമത്തിനെതിരെ കേരളം പരസ്യം കൊടുത്ത നോർത്തിന്ത്യൻ ഇംഗ്ലീഷ് പത്രങ്ങൾ.

എന്തൊക്കെയോ ആത്മവിശ്വാസത്തിൽ ആ വൃദ്ധൻ “നാം നാടുകടത്തപ്പെടില്ല…” എന്ന് എന്നെയും സമാധാനിപ്പിക്കാനെന്നവണ്ണം ഹിന്ദിയും ഇംഗ്ലീഷും കലർന്ന ഭാഷയിൽ പറഞ്ഞുകൊണ്ടിരുന്നു.! അയാളുടെ കയ്യിലെ പത്രപ്പരസ്യങ്ങൾ ഞാൻ പള്ളികഴിഞ്ഞുവന്നാണ് കണ്ടുപിടിച്ചത്. സഖാവ് പിണറായിയുടെ മുഖമുള്ള, പൗരത്വ നിയമത്തിനെതിരെയുള്ള ആ പരസ്യങ്ങൾ കണ്ടപ്പോൾ, എനിക്ക് ആഹ്ളാദത്താൽ കരച്ചിലാണ് വന്നത്. ഓൺലൈൻ മാധ്യമങ്ങളിൽ കണ്ണുകൾ പരതവേ.ആ വൃദ്ധൻറെ കണ്ണിലൂടെ ഇറ്റുവീണ കണ്ണുനീർ എന്നെയും പൊള്ളിച്ചു.കാരണമറിയാതെ എനിക്ക് സഖാവ് പിണറായിയോടും.ആ പരസ്യം നൽകാൻ ബുദ്ധിയുദിച്ച സഖാവിനോടും/ ഉദ്യോഗസ്ഥനോടും.എന്തെന്നില്ലാത്ത ഇഷ്ടം തോന്നി.നനുത്ത പുഞ്ചിരിക്ക് താഴെയും എൻ്റെ കീബോർഡിൽ അപൂർവ്വമായെങ്കിലും.എൻ്റെ കണ്ണുനീർ ഇറ്റുവീഴുന്നത് ഇഷ്ടത്തോടെ ഞാനറിയുന്നു.നന്ദി സഖാ…Pinarayi Vijayan ചില മനുഷ്യരുടെ മനസ്സിലെ സമാധാനത്തിന്റെ ഇളംകാറ്റാവുന്നതിന്.