മുഖ്യമന്ത്രി ഇടപെടേണ്ട സുപ്രധാന വിഷയത്തിലേക്ക് ഒരു അഭിഭാഷകൻ വിരൽ ചൂണ്ടുന്നു

444

Adv Jahangeer Razaq Paleri എഴുതുന്നു

ബഹുമാനപ്പെട്ട കേരളത്തിൻറെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്,

പ്രളയം നശിപ്പിച്ച മണ്ണിൽനിന്നും അതിജീവനത്തിനായി രാപ്പകൽ അദ്ധ്വാനിക്കുന്ന ഒരു സാഹചര്യത്തിലാണ് അങ്ങയുടെ ശ്രദ്ധയിലേക്ക് മറ്റൊരു കാര്യം കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്. സാന്ദർഭികവശാൽ പ്രസക്തമായതും ഇപ്പോൾ പറയേണ്ടതാണെന്ന് തോന്നുകയും, ഒരഭിഭാഷകൻ എന്നനിലയിൽ ബോധ്യമുള്ളതിനാലും വസ്തുതകൾ താഴെ കുറിക്കട്ടെ.

അറേബ്യൻ രാജ്യങ്ങളിലെ ജയിലുകളിൽ നൂറുകണക്കിന് മലയാളികൾ കഴിയുന്നുണ്ട്. മതിയായ നിയമസഹായം കിട്ടാത്തതിനാൽ കുടുങ്ങിക്കിടക്കുന്നവരും ഏറെയാണ്. ഇതൊന്നും പുതിയ കാര്യമല്ല, അങ്ങുൾപ്പടെയുള്ള മുഖ്യമന്ത്രിമാർക്ക് അറിയാത്തതുമായിരുന്നില്ല. ഞാനൊരു പ്രത്യേക വിഭാഗത്തിൻറെ പ്രയാസം മാത്രമാണ് ശ്രദ്ധയിൽക്കൊണ്ടുവരുന്നത്.

1) മയക്കുമരുന്ന് കടത്തുകേസിൽപ്പെട്ട് അറേബ്യൻ ജയിലുകളിൽ നൂറുകണക്കിന് മലയാളികളുണ്ട്. അക്കൂട്ടത്തിൽ ക്രൂരമായി ചതിക്കപ്പെട്ട നിരപരാധികൾ ഏറെയാണ്. അന്നാടുകളിൽ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ് മയക്കുമരുന്ന് കടത്ത്. പ്രിയപ്പെട്ടവരോ, സുഹൃത്തുക്കളോ, സുഹൃത്തുക്കളുടെ സുഹൃത്തുക്കളോ പരിചയക്കാരോ കൈമാറിയ പൊതി നിഷ്കളങ്കമായി ഗൾഫിലെത്തിച്ചു പിടിക്കപ്പെട്ടവരുടെ കാര്യമാണ് പറയുന്നത്.

2) ഇക്കൂട്ടത്തിൽ വഞ്ചിക്കപ്പെട്ടവരുടെ നിരപരാധിത്വം തെളിയിക്കാനുതകുന്ന, പാഴ്സലുകൾ കൈമാറുന്ന CCTV ദൃശ്യങ്ങൾപോലും തെളിവായുള്ള നിരപരാധികളുണ്ട്. ഈ പരാതികൾ കേരളത്തിൽ ഉചിതമായി കൈകാര്യം ചെയ്യുകയും അതുമായിബന്ധപ്പെട്ട് ബോധ്യപ്പെട്ട അവരുടെ നിരപരാതിത്വമോ, അന്വേഷണ പുരോഗതിയോ അതാതു രാജ്യങ്ങളെ കേരളസർക്കാർ ഔദ്യോഗികമായി അറിയിച്ചാൽ അവിടുത്തെ വിചാരണ പുരോഗമിക്കുമ്പോൾ ആ മനുഷ്യർക്ക് വധശിക്ഷയിൽ ഇളവ്നേടാനും, ഒരുപക്ഷേ കുറ്റവിമുക്തരായി മോചിതരാവാൻപോലും സഹായിച്ചേക്കും.

3) UAE യിലെ അഭിഭാഷക സുഹൃത്തുക്കളിൽ ചിലർ തരുന്നവിവരം ഇത്തരം വഞ്ചനാപരാതികളിൽ നമ്മുടെ പോലീസ് ഒരു FIR രജിസ്റ്റർ ചെയ്യുകപോലും ചെയ്യാതിരിക്കുകയും, ഇത്തരക്കാരിൽ ചിലർ ഹൈക്കോടതിയെ സമീപിച്ചു അവിടുന്ന് കിട്ടിയ ഇടക്കാല ഉത്തരവ് ഗൾഫുനാടുകളിലെ കോടതികളിൽ സമർപ്പിച്ചു താൽക്കാലികമായി കേസ് നീട്ടിക്കൊണ്ട് പോവുകയും ചെയ്യുന്ന നിസ്സഹായത അനുഭവിക്കുന്നു എന്നുള്ളതാണ്. സമ്പത്തില്ലാത്തവർക്കും, നിയമസഹായം ലഭിക്കാത്തവർക്കും ഇത്തരമൊരാനുകൂല്യംപോലും ലഭിക്കുന്നില്ല എന്നുള്ളതുമാണ് വസ്തുത.

4) മേൽപ്പറഞ്ഞ മനുഷ്യർ “നവോത്ഥാന നായക പുത്രന്മാരോ”, യൂസുഫലിമാരുടെ സുഹൃത്തുക്കളോ, വോട്ട് ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് ഉള്ളവരോ അല്ല. കുടുംബത്തിൻറെ പട്ടിണിമാറ്റാനും, ഒരു കൂരയുണ്ടാക്കാനും മക്കളെ പഠിപ്പിക്കാനുമൊക്കെയായി മണലാരണ്യത്തിൽ എത്തിപ്പെട്ട് ചതിക്കപ്പെട്ടവരാണ്. ഇതിനകം ഇത്തരം പരാതികൾ അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവുമെന്ന് കരുതുന്നു. ഇക്കൂട്ടരെ ക്രൂരമായി വഞ്ചിച്ച കേസുകളിൽ പോലീസ് ഉണർന്നന്വേഷിക്കുകയും, നിരപരാധിത്വം ഗൾഫിലെ കോടതികളെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്‌താൽ അത് മനുഷ്യത്വപരമായ ഒരു നടപടിയായിരിക്കുമെന്നുറപ്പ്.!

ഇരയാക്കപ്പെട്ടവർക്കായി ശുഭപ്രതീക്ഷകളോടെ,

ഒരഭിഭാഷകൻ.