ഡോ. കെ.ടി ജലീലിനൊപ്പമാണ്, എന്തുകൊണ്ടെന്നല്ലേ… പറയാം

215

Adv Jahangeer Razaq Paleri എഴുതുന്നു

ഡോ. കെ.ടി ജലീലിനൊപ്പമാണ്, എന്തുകൊണ്ടെന്നല്ലേ… പറയാം…💕🌷

ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി എന്നൊക്കെ കേൾക്കുമ്പോൾ സാധാരക്കാർക്ക് അപ്രാപ്യനായ, ഏതോ കൊമ്പത്തിരിക്കുന്ന ഒരു മുന്തിയ മന്ത്രി എന്നായിരിക്കുമല്ലോ വിവക്ഷ. ഒരുപക്ഷേ അങ്ങിനെയായിരിക്കാം. എനിക്ക് ആ വകുപ്പിനെക്കുറിച്ചു വലിയ ബോധ്യമില്ല. പക്ഷേ പ്രസ്തുത വിവാദത്തിലെ വിദ്യാർത്ഥിനിയെ ഹൃദയംതൊട്ടറിയാം.

VHSC ഉയർന്ന മാർക്കോടെ പാസായ വിജി, ഗവണ്മെന്റ് സീറ്റിൽ NSS ചേർത്തല കോളേജിൽ അഡ്മിഷൻ ലഭിച്ച ഒരു സാധു പെൺകുട്ടി. ബാല്യകാലത്തെപ്പോഴോ ക്യാൻസർ രോഗിയായ അമ്മയേയും ഈ വിദ്യാർത്ഥിനി മകളെയും ഉപേക്ഷിച്ചുപോയ അച്ഛൻ. ആ അമ്മയാവട്ടെ ഏഴുവർഷങ്ങൾക്കു മുൻപ് ക്യാൻസർ മൂർച്ഛിച്ചു മരണപ്പെട്ടു ഈ പെൺകുട്ടി അനാഥയായി. എഴുപത് കഴിഞ്ഞ അമ്മൂമ്മയും ഒരു വയസ്സിനു മൂത്ത സഹോദരനുമായിരുന്നു ജീവിതത്തിൽ കൂടെയുണ്ടായിരുന്നത്. സ്വന്തമായി വീടുപോലുമില്ലാതിരുന്ന ഈ പെൺകുട്ടി ബന്ധുവീടുകളിൽ നിന്നും, ജീവിത യാഥാർഥ്യങ്ങളോട് തീവ്രമായി പൊരുതിയുമാണ് അതിജീവനശ്രമങ്ങൾ നടത്തിയത്.

NSS കോളേജിൽ പോയിവരാനുള്ള വണ്ടിക്കൂലിയോ, ഹോസ്റ്റലിൽ നിൽക്കാനുള്ള സാമ്പത്തികാവസ്ഥയോ ഇല്ലാത്ത അനാഥ കൗമാരം. ആ അവസ്ഥയിലാണ് സമീപത്തുള്ള ഒരു കോളേജിലേക്ക് അഡ്മിഷൻ ലഭിക്കാനായി സർവ്വകലാശാല രജിസ്ട്രാർക്ക് ഈ പെൺകുട്ടി അപേക്ഷ നൽകുന്നത്.

ആദ്യത്തെ മൂന്നു സിൻഡിക്കേറ്റ് മീറ്റിങ്ങുകളിലും ആ പെൺകുട്ടിയുടെ അപേക്ഷ അജണ്ടയിൽപ്പെടുകപോലും ചെയ്തില്ല. വണ്ടിക്കൂലി കടംവാങ്ങി ആ സാധു പെൺകുട്ടി രജിസ്ട്രാറുടെ ഓഫീസ് പലവട്ടം കയറിയിറങ്ങി. ആദ്യവർഷത്തെ അവസാന സെമസ്റ്ററിനോട് വിടചൊല്ലാൻ നേരമാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെടി ജലീലിനെക്കാണാൻ ഈ പെൺകുട്ടിക്ക് അവസരം ലഭിക്കുന്നത്.

സമീപത്തുള്ള ഏതെങ്കിലും കോളേജിൽ ഒഴിവുണ്ടെങ്കിൽ പരിഗണിക്കാമെന്ന ഒറ്റവാക്ക് മാത്രമാണ് ജലീൽ സാഹിബ് വാക്കുനൽകിയത്. അങ്ങിനെയാണ് സമീപത്തുള്ള വിമൻസ് കോളേജിൽ Bsc ബോട്ടണിയിൽ രണ്ടൊഴിവുണ്ടെന്ന് ഈ പെൺകുട്ടിതന്നെ കണ്ടെത്തി മന്ത്രിയുടെ ഓഫീസിനെ അറിയിക്കുന്നത്. സർവ്വകലാശാല സഹകരിക്കാത്ത ഘട്ടത്തിലും ആശ്രയമായത് മന്ത്രിയുടെ ഓഫീസായിരുന്നു.

പെരുന്നയിലെ പോപ്പോ, കണിച്ചുകുളങ്ങരയിലെ ശ്രീനാരായണ പേറ്റൻറ് എടുത്തവനോ, പാണക്കാട്ടെ തങ്ങളോ, അരമനയിലെ പിതാക്കന്മാരോ, കാന്തപുരത്തെ ഉസ്താതോ, അവരുടെ ശുപാർശക്കത്തും വാങ്ങി ഔദാര്യം പറ്റാൻവരുന്ന യാതൊരാളുമോ അല്ലാത്ത, ഒരു വോട്ടുബാങ്കിൻ്റെയും ഉടമസ്ഥയല്ലാത്ത, ഒരു നാരങ്ങാവെള്ളംപോലും കൈക്കൂലി തരാനാവാത്ത, ഒരു സാധുപെൺകുട്ടിക്കായി താങ്കൾ ചട്ടവും കീഴ്വഴക്കങ്ങളും മറികടന്നെകിൽ…

പ്രിയ ജലീൽ സാഹിബേ,
നിയമവും ചട്ടങ്ങളും ലംഘിക്കാൻ പാടില്ലെന്ന് ലോകോളേജ് ക്ലാസ്മുറിയിൽ പഠിച്ച ഞാനടക്കമുള്ള മനുഷ്യർ അങ്ങേക്കൊപ്പമാണ്. മനുഷ്യസ്നേഹ നിലപാടുയർത്തിപ്പിടിക്കാൻ ചിലപ്പോൾ ചട്ടങ്ങളും നിയമങ്ങളും ചവറ്റുകുട്ടയിൽ തള്ളേണ്ടിവരും…
രമേശ് ചെന്നിത്തല നാവു തളരുമ്പോൾ ജൽപ്പനം ഛർദ്ദിക്കുന്നത് അവസാനിപ്പിക്കും. മാമാമാധ്യമങ്ങൾ മറ്റൊരു അപസർപ്പക കഥകിട്ടുമ്പോൾ വടിയും ക്യാമറയുമായി പിതൃശൂന്യതയുടെ ലൊക്കേഷൻ മാറ്റിപ്പിടിക്കും.
മനഃസ്സാക്ഷിയുള്ള മനുഷ്യർ അങ്ങേക്കൊപ്പമുണ്ട്…💕🌷

സ്നേഹാഭിവാദ്യങ്ങൾ….💕❣️

വിരാമതിലകം: വിജി എന്ന പെണ്കുട്ടിയെക്കുറിച്ചു ഞാൻ കൂടുതലറിഞ്ഞത് ഇന്നത്തെ സായാഹ്നത്തിൽ എന്റെയൊരു അഭിഭാഷക സുഹൃത്തിൽ നിന്നാണ്. വിജി ഈ പോസ്റ്റ് വായിക്കുമോ എന്നെനിക്കറിയില്ല. മാധ്യമവേട്ടയാടലിൽ മനംനൊന്ത് പഠനം അവസാനിപ്പിക്കാനൊരുങ്ങുന്നതായി വീഡിയോ കണ്ടു.

പ്രിയപ്പെട്ട പെങ്ങളേ,

എന്നെ വായിക്കുന്നുവെങ്കിൽ പഠനം തുടരാൻ നിശ്ചയദാർഢ്യം ഉണ്ടാവണം. ഡിഗ്രി തീരുന്നതുവരെയുള്ള പഠനച്ചിലവുകൾ വഹിക്കാൻ വ്യക്തിപരമായി ഞാനും, എൻ്റെ ഉപ്പയടങ്ങുന്ന കുടുംബവും നിരുപാധികം തയ്യാറാണെന്ന് പറയാൻ എനിക്ക് ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അല്ലാതെ മറ്റൊന്നുമില്ല..!

ഒരു സന്ദേശമോ, ഫോൺകോളോ കാത്തുകൊണ്ട് അവസാനിപ്പിക്കുന്നു…💕😥

അഡ്വ. ജഹാംഗീർ റസാഖ്
S/o അബ്ദുൽ റസാഖ് പാലേരി.
8136 888 889.