ക്യൂ നിൽക്കാനും വെയിലുകൊള്ളാനും സൗകര്യമുണ്ടെങ്കിൽ വീണ്ടും ജനാധിപത്യ ഉത്സവങ്ങളിലേക്ക് സ്വാഗതം

2562

Adv Jahangeer Razaq Paleri എഴുതുന്നു

അത്രമേൽ പ്രിയപ്പെട്ട ലാലേട്ടാ, Mohanlal

താങ്കൾ ഹിമാചൽ പ്രദേശിലെ ശ്യാം സരൺ നേഗിയെ അറിയുമോ? താങ്കളെപ്പോലെ താരമോ വിഐപിയോ അല്ല. ആദ്യത്തെ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി. ഇപ്പോൾ വയസ് 102. പതിനേഴാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യുന്നു. നേഗിയെ ഭാരതരത്നം നൽകി ആദരിക്കണം.ജനാധിപത്യത്തിലെ മുത്താണ് അയാൾ. അമൂല്യമായ മുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ അതിവിശിഷ്ടനായ വ്യക്തി.!

Adv Jahangeer Razaq Paleri
Adv Jahangeer Razaq Paleri

അൻപത്തിയെട്ടു വയസ്സുള്ള, സ്‌ക്രീനിൽ മഹാനടനായിട്ടുള്ള ഒരു കലാകാരനായ താങ്കൾ ജീവിതത്തിലെ കന്നിവോട്ട് ഇന്ന് ചെയ്തുവത്രേ.അത് ഉളുപ്പില്ലാതെ മാധ്യമക്യാമറകളെ നോക്കി പറയുകയും ചെയ്തിരിക്കുന്നു. അതാവട്ടെ, അതിരാവിലെപോയി ഒരു സിവിൽ സമൂഹത്തിൽ പാലിക്കേണ്ട ജനാധിപത്യമര്യാദകളെല്ലാം പൊലീസിന്റെ സഹായത്തോടെ നിഷേധിക്കാൻ ശ്രമിച്ചുകൊണ്ട്. അവകാശബോധമുള്ള മനുഷ്യർ ആ ക്യൂവിൽ ഉള്ളതിനാൽ പിറകിൽപ്പോയി നിൽക്കുവാൻ പറയുകയും താങ്കൾ തിരികെ വരിയിൽപോയിനിന്ന് വോട്ട് ചെയ്തു. രണ്ടുമണിക്കൂറോളം കാത്തുനിന്ന് വോട്ട് ചെയ്തുവെന്ന് വരുത്തേണ്ട ഗതികേടിന്റെ അസ്വസ്ഥതയും താങ്കളുടെ മുഖത്തുകണ്ടു. താങ്കൾക്ക് വഴിയുണ്ടാക്കാൻ പൊതുജനങ്ങളുടെമേൽ മെക്കിട്ടുകേറുന്ന പോലീസുകാരൻറെ ധാർഷ്ട്യവും കൗതുകമുണ്ടാക്കി. ഇതേ താങ്കളാണ് ഒരു മഹാവിഡ്ഢി ഭരണാധികാരി നോട്ട് നിരോധിച്ചപ്പോൾ ബിവറേജിൽ ക്യൂ നിൽക്കുന്നുണ്ടല്ലോ, ATM ലും ബാങ്കിലും ക്യൂനിന്നാലെന്തെന്ന് രാജ്യത്തോട് ചോദിച്ചത്.

പ്രത്യേക പ്രിവിലേജുകളാൽ അനാവശ്യ കിരീടംചാർത്തിക്കിട്ടുന്ന താങ്കളെപ്പോലെയുള്ളവർ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിൽ മരപ്പാഴുകൾ (Floccinaucinihilipilification) ആകുന്നത് ഇങ്ങിനെയാണ്‌. അത് ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്ക് ബോധ്യപ്പെടുന്നത്, വിമാനം പിടിച്ചെത്തി വോട്ട് ചെയ്യുന്ന ഞങ്ങളിൽ ചിലരുടെ രാഷ്ട്രീയ ജാഗ്രത കാണുമ്പോഴും, വോട്ടിങ് മെഷീനിലെ കൃതിമത്വവാർത്ത കേൾക്കുമ്പോൾ നെഞ്ചുപിടച്ച് ആഹാരം കഴിക്കാൻപോലും മനസ്സില്ലാതെയാകുമ്പോഴുമാണ്.!

ഈ യാഥാർഥ്യത്തിന്റെ മറുവശമെന്തെന്നാൽ താങ്കളെപ്പോലെയുള്ള ആളുകൾ രാഷ്ട്രത്തിൻറെ സിവിലിയൻ ബഹുമതികളാൽ “ആദരിക്കപ്പെടുന്നു” എന്നുള്ളതാണ്. മറ്റൊരുഭാഷയിൽ പറഞ്ഞാൽ പത്മശ്രീയും പത്മവിഭൂഷണും ഭരതും ലെഫ്റ്റനെന്റ് കേണൽ പദവിയുമെല്ലാം താങ്കൾക്ക് നൽകപ്പെട്ടുകൊണ്ട് ആ ബഹുമതികൾ അനാദരിക്കപ്പെടുന്നു എന്നുമാണർത്ഥം. എന്തിനേറെ ആറു പതിറ്റാണ്ട് കാലത്തോളം ഭൂമിയിൽ ജീവിച്ചിരുന്നിട്ട് വോട്ട് ചെയ്യുക എന്ന മിനിമം രാഷ്ട്രീയ അഭ്യാസംപോലും ചെയ്തിട്ടില്ലാത്ത താങ്കളെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ പാർലമെന്റിലേക്കയക്കാൻ വ്യഗ്രതപ്പെടുന്നു എന്നതും മേൽപ്പറഞ്ഞ പ്രിവിലേജിന്റെ ഭാഗമായ രാഷ്ട്രീയ അശ്ലീലമാണ്.!!

പൂജാമുറിയിൽ ഫോട്ടോവച്ചു ആരാധിക്കുകയും, താരത്തിനായി ക്ഷേത്രം പണിയുകയും, പാലഭിഷേകം നടത്തുകയും വേണ്ടിവന്നാൽ തീകൊളുത്തി മരിക്കുകയും ചെയ്യുന്ന തമിഴ്നാട്ടിൽപ്പോലും അവരുടെ താരദൈവങ്ങളായ രജനീകാന്തും, ജോസഫ് വിജയും, വിജയ് സേതുപതിയും, തല അജിത്തുമെല്ലാം പൊരിവെയിലിൽ ക്യൂ നിന്നുകൊണ്ട് വര്ഷങ്ങളായി വോട്ടുകൾ ചെയ്യുന്നു.!!

എന്തായാലും അഞ്ചുവർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പ് പോളിംഗ് ബൂത്തിൽ എത്തുന്നില്ലെങ്കിലും, എല്ലാ വർഷവും ഏഷ്യാനെറ്റിന്റേയും സൂര്യയുടെയും മറ്റും അവാർഡ് നിശയിൽ ദിവസങ്ങൾനീണ്ട പരിശീലനത്തിനടക്കം മുറ തെറ്റാതെ എത്തുന്ന ആ ശുഷ്കാന്തിക്ക് ശുഭാശംസകൾ. നല്ല ഭംഗിയുള്ള താടിയും മീശയുമുള്ള, ലോകത്തിലെതന്നെ മികച്ച അഭിനയ പാടവമുള്ള യാതൊരു നിലപാടും ജനാധിപത്യബോധവുമില്ലാത്ത ഒരു കലാകാരൻ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ജനാധിപത്യ രാജ്യത്തിലെ പ്രജകളായിരുന്നു ഞങ്ങളെന്നു കാലം അടയാളപ്പെടുത്താതിരിക്കില്ല.!

ഞങ്ങളെപ്പോലെ ക്യൂ നിൽക്കാനും വെയിലുകൊള്ളാനുമൊക്കെ സൗകര്യമുണ്ടെങ്കിൽ വീണ്ടും ജനാധിപത്യ ഉത്സവങ്ങളിലേക്ക് സ്വാഗതം. കാരണം അറുപത് വര്ഷം താങ്കൾ പോളിംഗ് ബൂത്തിൽ വരാതിരുന്നിട്ടും ഇന്ത്യൻ ജനാധിപത്യം മനോഹരമായി തുടരുന്നുണ്ട്. മാത്രമല്ല ഒരു സിവിൽ സമൂഹത്തിൽ, വോട്ടെടുപ്പ് ദിവസങ്ങളിലോക്കെ എങ്ങിനെ പെരുമാറണമെന്ന് ഫഹദ് ഫാസിലും മമ്മൂട്ടിയും ടോവിനോയുമൊക്കെ പറഞ്ഞുതരും.!!

സബറോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാതീ ഹേ…!!! ☺️😍😎😎

താങ്കൾക്കു മുകളിലെ ആകാശം നിറയെ സ്നേഹാശംസകളോടെ…💕
വോട്ട് ചെയ്യുന്ന, നികുതി നൽകുന്ന,
ഒരു പൗരൻ…💕😎

-അഡ്വ. ജഹാംഗീർ റസാഖ് പാലേരി-