കാലത്തിനും ചരിത്രത്തിനും മാതൃകയാക്കാവുന്ന തിരുത്തലുകൾ നടത്തി സമാധാനം സ്ഥാപിക്കുന്ന ലോകനേതാക്കളും ജീവിച്ചിരിപ്പുണ്ട്

0
417

എഴുതിയത്  : Adv Jahangeer Razaq Paleri

സമാധാനത്തിനുള്ള നൊബേൽ പുരസ്ക്കാരം നേടിയ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയെക്കുറിച്ച്…💕🌷

ലോകത്തിലെ ഏറ്റവും തീക്ഷ്‌ണമായ പട്ടിണി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നിൻറെ പ്രധാനമന്ത്രിപദവിയിലേറുന്നതിന് മുൻപ്തന്നെ, ഭക്ഷ്യധാന്യങ്ങൾക്കായി ചിലവഴിക്കേണ്ട പണം അതിർത്തിയിലെ സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കുമായി നീക്കിവയ്ക്കുന്നതിൽ ദുഃഖിതനായിരുന്നു അബി അഹമ്മദ് എന്ന പട്ടാളക്കാരൻ. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന്, 1976 ൽ എത്യോപ്യയിലെ ബേഷാശയിൽ ജനനം. മുസ്ലിം പിതാവിനും ക്രിസ്ത്യന് മാതാവിനും പതിമൂന്നാമത്തെ സന്തതിയായി ജനിച്ച ഇദ്ദേഹം ദരിദ്രപശ്ചാത്തലത്തില് നിന്നാണ് പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്.

“Revolution” എന്നർത്ഥമുള്ള Abiyot എന്നായിരുന്നു ഇദേഹത്തിന്റെ ബാല്യകാല വിളിപ്പേര്. MA, MBA, Ph.D ബിരുദധാരിയാണ്. സർട്ടിഫിക്കറ്റുകൾ ഒന്നും വ്യാജമല്ല എന്ന് സർവ്വകലാശാലകൾ വെളിപ്പെടുത്തുന്നു. Social Capital and its Role in Traditional Conflict Resolution in Ethiopia: The Case of Inter-Religious Conflict In Jimma Zone State എന്ന വിഷയത്തിൽ Ph.D നേടിയത് 2017 ലാണ്. ചായവിറ്റെന്നും ഹിമാലയം കയറിയെന്നും കള്ളംപറഞ്ഞും, രാജ്യത്തെ കോർപ്പറേറ്റുകൾക്ക് വിറ്റുമല്ല ജീവിക്കുന്നതെന്ന് ചുരുക്കം. അത്യാവശ്യത്തിന് സ്‌കൂളിൽപ്പോയി അക്ഷരം പഠിച്ചിട്ടുമുണ്ട്.!

പട്ടാള സേവനകാലത്തു കണ്ടുമുട്ടിയ സിനാസ് തയാച്യുവാണ് ജീവിതപങ്കാളി. മൂന്നു പെൺകുട്ടികളുടെയും ഒരു ദത്തുപുത്രന്റേയും അച്ഛനാണ്.! ❣️💕

2018 ഏപ്രിൽ 2 മുതൽ നാലാമത് എത്യോപ്യൻ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ പ്രധാന മന്ത്രിയാണ് അദ്ദേഹം. നാല്പത്തിമൂന്നുകാരനായ അബി അഹമ്മദ് അലി ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യ തലവനാണ്. 2018 ഏപ്രിലില് എത്യോപ്യന് പ്രധാനമന്ത്രിയായ ശേഷം തന്റെ രാജ്യത്തിലെ സമൂഹത്തെ ഉയര്ത്തിക്കൊണ്ടുവരാനും അതിരുകള്ക്കപ്പുറത്ത് ചലനാത്മകമായി പുനര്നിര്മ്മിക്കാനും നിരവധി നയങ്ങള് നടപ്പാക്കിയതായി കമ്മിറ്റി വിലയിരുത്തി. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി ആറു മാസത്തിനുള്ളില് അബി കടുത്ത ശത്രുരാജ്യമായി അറിയപ്പെട്ടിരുന്ന എറിത്രിയയുമായി സമാധാനം സ്ഥാപിക്കുകയും വിമതരെ ജയിലില് നിന്ന് മോചിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ഭരണകൂട ക്രൂരതയ്ക്ക് മാപ്പ് പറയുകയും മുന്ഗാമികള് ‘തീവ്രവാദികള്‘ എന്ന് മുദ്രകുത്തി നാടുകടത്തിയ സായുധ സംഘങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.!!

എത്യോപ്യയും എറിത്രിയയും തമ്മിൽ വർഷങ്ങളായി അതിർത്തി തർക്കം നിലനിന്നിരുന്നു. 1998 മുതൽ 2000 വരെ ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി യുദ്ധവും നടന്നു. ഈ യുദ്ധത്തിൽ എഴുപതിനായിരത്തോളം പേർ കൊല്ലപ്പെട്ടു. 20 വർഷത്തോളം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം നിലനിന്നിരുന്നു. വർഷങ്ങളായുള്ള ഈ ശത്രുത മാറ്റി വെച്ച് 2018 ജൂലൈയിലാണ് എത്യോപ്യയും എറിത്രിയയും സൗഹൃദം പുനസ്ഥാപിച്ചത്.

സമാധാനം കൈവരിക്കാനും അന്താരാഷ്ട്ര സഹകരണം ഉറപ്പു വരുത്താനുമുള്ള അഹമ്മദ് അലിയുടെ പരിശ്രമങ്ങളാണ് അലിയെ അവാർഡിന് അർഹനാക്കിയത് എന്നു നോർവീജിയൻ നൊബേൽ കമ്മിറ്റി പറഞ്ഞു. കൂടാതെ, അയൽരാജ്യമായ എറിത്രിയയുമായുള്ള അതിർത്തി സംഘർഷം പരിഹരിക്കാൻ എടുത്ത നിർണ്ണായക നടപടികളും പരിഗണിച്ചു.

“ഈ വിജയവും അംഗീകാരവും എല്ലാ എത്യോപ്യക്കാരുടെയും ഒരു കൂട്ടായ വിജയമാണ്. കൂടാതെ എത്യോപ്യയെ പ്രത്യാശയുടെ പുതിയ ചക്രവാളമാക്കി മാറ്റാനുള്ള, സമൃദ്ധമായ ഒരു രാഷ്ട്രമാക്കി മാറ്റുവാനുള്ള ആഹ്വാനമാണ്”, പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.”ഒരു രാഷ്ട്രമെന്ന നിലയിൽ ഞങ്ങൾ അഭിമാനിക്കുന്നതായും” അഹമ്മദ് അലിയെ ഉദ്ധരിച്ചു അധികൃതർ അറിയിച്ചു.

ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് എത്യോപ. കിഴക്കനാഫ്രിക്കയിലെ വലിയ സമ്പദ് വ്യവസ്ഥയും ഈ രാജ്യത്തിലേതാണ്. നിരവധി ഭാഷകളും വ്യത്യസ്ത വംശങ്ങളും ഉള്ള രാജ്യമാണിത്. ഇവിടെ വംശീയ വിഷയങ്ങൾ ദൂരവ്യാപകമായ പ്രശ്നങ്ങൾസൃഷ്ടിച്ചിരുന്നു. അത് ജനങ്ങളുടെ ആഭ്യന്തര കുടിയേറ്റ പ്രശ്നങ്ങളിലേക്കും വഴിയൊരുക്കി. ഇതിന് പുറമെ സമീപരാജ്യങ്ങളിൽ നിന്നും അഭയാർത്ഥികളായി കുടിയേറിയവരുമുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുരഞ്ജനം, ഐക്യദാർഢ്യം സാമൂഹിക നീതി എന്നിവയിലൂന്നിയ നിലപാടുകളാണ് അബി സ്വീകരിച്ചത്.

സ്വീഡന് പരിസ്ഥിതി പ്രവര്ത്തകയായ ഗ്രേറ്റ തുന്ബെര്ഗ് അന്തിമ പട്ടികയില് ഉണ്ടായിരുന്നു. എന്നാല്, ആബി അഹമ്മദിനെയാണ് അവസാനം തിരഞ്ഞെടുത്തത്. എന്തായാലും പാകിസ്ഥാൻ എന്നൊരു രാജ്യം അയല്പക്കത്തുള്ളതുകൊണ്ട് അമേരിക്കൻ – ഇസ്രായേൽ ആയുധവ്യാപാരികൾക്കും, യുദ്ധോപകരണ കച്ചവടക്കാർക്കും, അതിൻ്റെ ദല്ലാളന്മാർക്കും മാത്രം ഗുണമുണ്ടാക്കുന്ന ഇന്ത്യൻ തെക്കേടത്തമ്മ പുരസ്കൃത നേതാക്കളിൽനിന്നു വിഭിന്നമായി കാലത്തിനും ചരിത്രത്തിനും മാതൃകയാക്കാവുന്ന തിരുത്തലുകൾ നടത്തി സമാധാനം സ്ഥാപിക്കുന്ന ലോകനേതാക്കളും ജീവിച്ചിരിപ്പുണ്ട് എന്നതാണ് അബി അഹമ്മദ് ലോകത്തിനു നൽകുന്ന മാതൃകയും സന്ദേശവും…!! 💕🌷👍

Adv. Jahangeer Amina Razaq
8136 888 889.