പ്രായമായൊരു മനുഷ്യനെ താനെന്നൊക്കെ വിളിക്കുന്ന അരാഷ്ട്രീയ ജല്പനങ്ങൾക്കെതിരെ അഭിഭാഷകൻ

304

അഡ്വ. ജഹാംഗീർ റസാഖ് പാലേരി എഴുതുന്നു 

പ്രിയപ്പെട്ട പെങ്ങളെ, Fathima Thahiliya

ഭാരതീയ ജീവശാസ്ത്രമനുസരിച്ചു 75 വയസ്സൊക്കെയായ ഒരു മനുഷ്യനെ വൃദ്ധനായാണ് കണക്കാക്കുന്നത്. ആ അർത്ഥത്തിൽ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ വൃദ്ധനായ മനുഷ്യനാണ്. അങ്ങനെയൊരാൾ നമ്മുടെ രാഷ്ട്രീയ എതിരാളിയാണെങ്കിൽക്കൂടി “താൻ” എന്നൊക്കെ വിളിക്കുന്നത് മുഖമില്ലാത്ത “മുസ്ലിം ലീഗ് കോപ്പിപേസ്റ്റ്” പ്രൊഫൈലുകൾക്കു ചേരുമെങ്കിലും, MSF ൻറെ ദേശീയ നേതാവും, അഭിഭാഷകയുമായ സഹോദരിക്ക് ചേരുമെന്ന് ഞാൻ കരുതുന്നില്ല.!

ഇനി താങ്കളുടെ പോസ്റ്റിലെ അരാഷ്ട്രീയ ജല്പനങ്ങളിലേക്കു വരാം. ഖമറുന്നീസ അൻവർ സംസാരിക്കാൻ എഴുന്നേറ്റ വനിതാലീഗ് സമ്മേളനത്തിൽ, “ഇവിടെ കാര്യങ്ങൾ പറയാൻ ആണുങ്ങളുണ്ട്, പെണ്ണുങ്ങള് അവിടെ ഇരിക്ക്. പെണ്ണുങ്ങൾ പറയണത് കേൾക്കാനിരിക്കുന്ന ആണുങ്ങൾ ഇല്ലിവിടെ…” എന്ന് ആക്രോശിച്ച മായിൻഹാജിയുടെ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗത്തിന്റെ നേതാവാണ് എന്റെ സഹോദരി ഇപ്പോഴും. ആ ആക്രോശത്തന്റെയും അസഹിഷ്ണുതയുടെയും ഒരു Female പതിപ്പായാണ് പാർട്ടിവേദികളിൽ മിണ്ടാൻ അവസരം ലഭിക്കാത്ത MSF വനിതാ നേതാവ്, പിണറായി വിജയനെ സോഷ്യൽ മീഡിയയിൽ പുലഭ്യം പറയുന്നതായി എനിക്ക് തോന്നിയത്.

ഇനി താങ്കളുടെ പോസ്റ്റിലെ സെൽഫ് ഗോളുകൾ പരിശോധിക്കാം.

ശബരിമലയിൽ പിണറായി വിജയനും സർക്കാരും നടപ്പിലാക്കാൻ ശ്രമിച്ചത് സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ ശ്രമിക്കുക എന്നത് മാത്രമായിരുന്നു. ലിംഗസമത്വത്തിന്റെയും, ജനാധിപത്യത്തിന്റെയും പുതിയ വെള്ളിവെളിച്ചങ്ങളുടെ കാലത്തു, അക്കാര്യംപോലും കാര്യക്ഷമമായി നടപ്പിലാക്കാൻ പിണറായി വിജയനും, എന്തിനേറെ ഇന്ത്യൻ സുപ്രീംകോടതിക്കുപോലും സാധിച്ചിട്ടില്ല എന്നതാണ് എന്റെപക്ഷം. ജനാധിപത്യത്തെ ശ്വസിക്കുന്ന അഭിഭാഷകയായ, വനിതയായ താങ്കൾ എന്നോട് ഇക്കാര്യത്തിൽ യോജിക്കുമെന്നും, ആത്യന്തികമായി സുപ്രീംകോടതിവിധിയെ ബഹുമാനിക്കുന്നു, വിപ്ലവകരമെന്നു വിശ്വസിക്കുന്നു എന്നാണു ഞാൻ കരുതുന്നത്. ആ നിലയിൽ ആ വിധി നടപ്പിലാക്കാൻ ശ്രമിച്ച സർക്കാരിനെയും രാഷ്ട്രീയ വ്യത്യാസമെന്യേ അഭിനന്ദിക്കേണ്ടതാണ്.!!

പ്രിയപ്പെട്ടവളെ,
“മുസ്ലിംലീഗ് യുഡിഫ് നെ നിയന്ത്രിക്കുന്നേ…, എന്ന് പറഞ്ഞു പിണറായി വിജയൻ വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്നു” എന്ന് വിലപിക്കുമ്പോൾ താങ്കളുടെ സെൽഫ് ഗോൾ അർത്ഥമാക്കുന്നത് ലീഗ് ഒരു വർഗ്ഗീയ പാർട്ടിയാണ് എന്നതുമാത്രമാണ്. ഒരുപക്ഷേ സിപിഎംനോ, മലപ്പുറംകാരനായ എനിക്കുപോലുമോ ഇല്ലാത്ത നിലപാടാണ് താങ്കൾ സ്വയമേറ്റെടുക്കാൻ ശ്രമിച്ചത്. അത് പരിഹാസ്യവും ദയനീയവും, ദുരന്താത്മകവുമാണ് സഹോദരീ…! ഹൈന്ദവ ഫാഷിസം അനുദിനം ശക്തിപ്രാപിക്കുന്ന രാജ്യത്തു, ഓരോ മതേതര കോൺഗ്രസ്സുകാരനും/ കാരിയും പാതിരായ്ക്ക് ബിജെപിയിൽ ചേരുന്ന രാജ്യത്തു, വയനാട്ടിലെ രാഹുൽ ഗാന്ധിക്കായുള്ള പ്രകടനത്തിൽ പങ്കെടുത്ത ലീഗുകാരുടെ പച്ചക്കൊടി, പാകിസ്ഥാൻ വർഗ്ഗീയവാദികളുടെ കൊടിയാണെന്ന് ഉത്തരേന്ത്യൻ സംഘികൾ വർഗീയത പ്രചരിപ്പിക്കുന്ന രാജ്യത്തു, മതേതര ഭാരതത്തിന്റെ പ്രതീക്ഷയായ കോൺഗ്രസ്സിനെ #മുസ്ലിംലീഗ് എന്ന് പേരിൽത്തന്നെയുള്ള രാഷ്ട്രീയ പാർട്ടി, നിയന്ത്രിക്കുന്നത് ആശാവഹമല്ല എന്ന് പിണറായി വിജയൻ നിരീക്ഷിച്ചതിൽ എന്താണ് തെറ്റ് സഹോദരി?!
ഇനി പിണറായി വിജയനെ വിടൂ…,

ലീഗിനെക്കുറിച്ചുള്ള കോൺഗ്രസ്സിന്റെ നിലപാടുകൾ ശ്രദ്ധിക്കൂ. വർത്തമാനകാല അനുഭവം പറഞ്ഞു ചരിത്രത്തിലേക്ക് വരാം. ഖമറുദീനും ഇബ്രാഹിംകുഞ്ഞും അഴിമതിക്കേസിൽ, വഞ്ചനാക്കേസിൽ ജയിലഴികൾക്കകത്താണ് എന്നത് ഈ തിരഞ്ഞെടുപ്പിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഫ് നു ക്ഷീണമുണ്ടാക്കുന്നില്ല എന്ന് താങ്കൾ വിശ്വസിക്കുന്നുവോ? ആ നിലപാട്, യാതൊരു കുഴപ്പവുമില്ലെന്ന നിലപാട് എന്നെ വായിക്കുന്ന കോൺഗ്രസ്സുകാർക്കുണ്ടോ?!
ഇനി ചരിത്രം…

ജവഹര്‍ലാല്‍ നെഹ്രു മുസ്ലിം ലീഗിനെ വിശേഷിപ്പിച്ചത് ചത്ത കുതിര എന്നായിരുന്നു. അതിന്റെ കാരണം ലീഗിന്‌ ഇന്‍ഡ്യയില്‍ പ്രസക്തി അവസാനിച്ചതും, മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു രാഷ്ട്രം ഉണ്ടാകുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു മുസ്ലിം ലീഗിനുണ്ടായിരുന്നത്. ഇന്‍ഡ്യയെ വിഭജനത്തിലേക്ക് നയിച്ചത്, ആ ലക്ഷ്യം ആയിരുന്നു. അതിനപ്പുറം ലീഗിന്‌ സ്വതന്ത്ര ഇന്‍ഡ്യയില്‍ യാതൊരു പ്രസക്തിയും ഇല്ല. മുസ്ലിംലീഗിന്റെ നയങ്ങളില്‍ വിശ്വസിച്ചിരുന്ന മുസ്ലിങ്ങള്‍ വിഭജനത്തിനു ശേഷം പാകിസ്താനിലേക്ക് പോകേണ്ടിയിരുന്നു. ഇന്‍ഡ്യയില്‍ തുടര്‍ന്നും ജീവിക്കാന്‍ തീരുമാനിച്ച മുസ്ലിങ്ങള്‍, മുസ്ലിംലീഗിനെ പാകിസ്താനിലേക്ക് കയറ്റി അയച്ചിട്ട് മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേരുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ അത് ചെയ്യാതെ ആ ചത്തകുതിരക്ക് കൃത്രിമമായി ജീവന്‍ നിലനിറുത്തി കുറച്ചു മുസ്ലിങ്ങള്‍ പരിപാലിച്ചു. ഇപ്പോള്‍ ആ ചത്ത കുതിര ചീഞ്ഞു നാറുന്നു. കേരള രാഷ്ട്രീയത്തെയും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെയും സമൂഹത്തെയും ആ ദുര്‍ഗന്ധം കൊണ്ട് ബുദ്ധിമുട്ടിക്കുന്നു.

മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ആണെന്ന് അവര്‍ പോലും അവകാശപ്പെടുന്നില്ല. മുസ്ലിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടന എന്നാണവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് യാതൊരുവിധ രാഷ്ട്രീയ നയപരിപാടികളും ഇല്ല. രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ പുരോഗതിക്ക് വേണ്ട ഒരു നയവും ഇവരുടെ ലക്ഷ്യങ്ങളിലില്ല. താങ്കളുടെ സംഘടനയുടെ വെബ്സൈറ്റ് വായിച്ചാല്‍ ഇത്ബോധ്യമാകും. മുസ്ലിങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുക എന്നതിനപ്പുറം ഒരു ലക്ഷ്യവും ഈ സംഘടനക്കില്ല.ഏതെങ്കിലും ഒരു ഇസ്ലാമിക രാജ്യത്ത് പ്രവര്‍ത്തിക്കേണ്ട ഒരു സംഘടനയാണിത്. ഇന്‍ഡ്യ പോലെ ഒരു ബഹുസ്വര മതേതര ജനാധിപത്യ സമൂഹത്തില്‍ ഇത് ഒരപഭ്രംശമാണ്. മലപ്പുറം ജില്ലയില്‍ വ്യാപകമായും കോഴിക്കോട് കാസര്‍ഗോഡ് ജില്ലകളിലെ ചില പോക്കറ്റുകളിലും മാത്രം സ്വാധീനമുള്ള ഈ മതസംഘടന കേരളത്തിലെ മുസ്ലിങ്ങളെ മുഴുവന്‍ പ്രതിനിധീകരിക്കുന്നില്ല. തെക്കന്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഇതിനുനേരെ പുറംതിരിഞ്ഞു നില്‍ക്കുന്നു.

കോണ്‍ഗ്രസുമായി സഖ്യത്തിലായതുകൊണ്ടു മാത്രം ഈ മതസംഘടനക്ക് കുറച്ച് സീറ്റുകള്‍ ലഭിക്കുന്നു. അങ്ങനെ ലഭിച്ച 19 സീറ്റിന്റെ ബലത്തിലാണിവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ വരെ അധിക്ഷേപിക്കുന്നത്. മുസ്ലിങ്ങളുടെ മാത്രം വോട്ടു കൊണ്ടാണ്, ഈ സീറ്റുകള്‍ നേടിയതെന്നാണിവരുടെ ഹുങ്കും. ഒറ്റക്ക് മത്സരിച്ചാല്‍ രണ്ടോ മൂന്നോ സീറ്റില്‍ ഈ സംഘടന ഒതുങ്ങും. എങ്കിലും നിങ്ങൾക്ക് ധാര്‍ഷ്ട്യത്തിനു കുറവില്ല. ഉമ്മന്‍ചാണ്ടി ദാസ്യവേല ചെയ്യുന്നതുകൊണ്ട് കോണ്‍ഗ്രസിനെ പോലും പുലഭ്യം പറയുന്നു താങ്കളുടെ ചില നേതാക്കള്‍.

എന്റെ നാട്ടിലെ കോണ്ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ കാമഭ്രാന്തൻ എന്നാണ് താങ്കളുടെ MLA കെ എം ഷാജി പരസ്യമായി വിളിച്ചത്. ചത്ത കുതിര എന്ന വിശേഷണം അക്ഷരംപ്രതി ശരിയാണിതിന്റെ കാര്യത്തില്‍. ആ പ്രാദേശിക താല്പര്യത്തിന്റെ ബഹിർസ്ഫുരണമാണ് പാർലമെന്റ് സമ്മേളിക്കുമ്പോൾ കുഞ്ഞാലിക്കുട്ടിക്ക് #ഫ്‌ളൈറ്റ് മിസ്സാകുന്നതും, പുത്തനത്താണിയിലെ
ബിരിയാണിക്കല്യാണം മിസ്സാക്കാൻ പറ്റാതാവുന്നതും. രാജ്യംകണ്ട ഏറ്റവുംവലിയ വർഗ്ഗീയവാദിയായ യോഗി ആദിത്യനാഥിനോട് പിണറായി വിജയനെ ഉപമിക്കുമ്പോൾ, താങ്കളുടെ ഫേസ്‌ബുക്ക് പോസ്റ്റ് മുസ്ലിം യുവതക്കെങ്കിലും നൽകുന്ന സന്ദേശമെന്താണ്?! RSS അല്ല, സിപിഎം തന്നെയാണ് ലീഗിന്റെ ശത്രുപക്ഷത്ത് എന്നുതന്നെയല്ലേ?!

പെങ്ങളെ,
രാഷ്ട്രീയവിവരക്കേടും അപക്വതയും ചരിത്രബോധമില്ലായ്മയും, ബഹുമാനക്കുറവുമല്ലാതെ മറ്റൊന്നും താങ്കളുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ വായിക്കാനാവുന്നില്ല.ക്രിയാത്മകമായ മാറ്റങ്ങൾ താങ്കളുടെ ചിന്തകളിലുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തോടെ അവസാനിപ്പിക്കട്ടെ…!
താങ്കൾക്കു മുകളിലെ ആകാശം നിറയെ സ്നേഹാശംസകളോടെ…,

അഡ്വ. ജഹാംഗീർ റസാഖ് പാലേരി.
8136 888 889.