തമ്പ്രാന് നൊന്തു…മരടിൽ, ആത്മരോഷത്തോടെ അവരെത്തി

458

എഴുതിയത്  :  അഡ്വ. കെ. വിനോദ്സെൻ

തമ്പ്രാന് നൊന്തു…മരടിൽ, ആത്മരോഷത്തോടെ അവരെത്തി

ഓണാവധിയുടെ ആലസ്യത്തിലമർന്ന ‘ വൈകുന്നേരം ടെലിവിഷനിൽ ഉൾപ്പുളകത്തോടെ ഞാനാ വാർത്ത കണ്ടിരുന്നു.മരടിലെ ഫ്ലാറ്റ് പൊളിക്കുവാനുള്ള സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിലെ പ്രധാന രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. നിയമം ലംഘിച്ച് നിലയുറപ്പിച്ചിരിക്കുന്ന ഫ്ലാറ്റുകളിലെ അന്തേവാസികളുടെ കണ്ണീര് പ്രിയപ്പെട്ട നേതാക്കളുടെ കരളലിയിപ്പിച്ചു. പ്ലക്കാർഡ് പിടിച്ച് സമരം ചെയ്യുന്ന മരടിലെ അനധികൃത ഫ്ലാറ്റിലെ അന്തേവാസികളുടെ നിസ്സഹായാവസ്ഥ കണ്ട്,ആത്മരോഷത്തോടെ അവരോരുത്തരായി തീപാറുന്ന വാക്കുകളുമായി, സുപ്രീം കോടതി വിധിയിൽ നിന്നും ഈ പാവം മനുഷ്യരെ രക്ഷിക്കാനെത്തി.നേതാക്കളായാൽ ഇങ്ങനെ വേണം. ഏത് സാഹചര്യത്തിലും ഇരകളാക്കപ്പെടുന്ന നിസ്വനായ മനുഷ്യന്റെ വേദനയ്ക്കൊപ്പം നേതാക്കൾ അണിനിരക്കണം. നീതിയും നിയമവും കോടതിയുമെല്ലാം മനുഷ്യനു വേണ്ടിയാണെന്ന ആപ്തവാക്യത്തിലൂന്നി നിന്ന് പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാക്കൾ മലയാളിയുടെ അഭിമാനമാണ്. ഈ നേതാക്കളുടെ ലോക്കൽ പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് കാലത്ത് പോലും അകത്തേക്ക് പ്രവേശനമില്ല എന്ന വലിയ ബോർഡ് വച്ച ഫ്ലാറ്റ് നിവാസികൾക്ക് വേണ്ടി അരയും തലയും മുറുക്കി രംഗത്തെത്തുന്ന മഹാന്മാരായ നേതാക്കളുടെ മഹാമനസ്കതക്ക് നമോവാകമർപ്പിച്ചു കൊണ്ട് ഒന്നു രണ്ട് സംശയങ്ങൾ ഉന്നയിക്കുവാനാണ് ഈ കുറിപ്പ്.

ഇതിന് മുന്നെയും മരട് നിവാസികൾ മഹാൻമാരായ നേതാക്കൾക്ക് മുന്നിലെത്തിയിരുന്നു. വിവാദ ഫ്ലാറ്റുകൾ നിർമ്മിക്കുവാൻ അധികാരികളുടെ അനുമതി തേടി അവരെത്തിയ അതേ സമയത്ത് മരടിലെ ദളിതുകൾ സർക്കാർ സൗജന്യത്തിൽ അവർക്കനുവദിച്ച ഭൂമിയിൽ അഞ്ഞൂറ് സ്ക്വയർ ഫീറ്റിൽ വീടുവയ്ക്കുന്നതിന് അനുമതി തേടിയാണ് എത്തിയത്.കായൽക്കരയിൽ തലമുറകളായി പട്ടയം പിടിച്ച് നികുതിയടച്ച് അവർ കഴിഞ്ഞു വന്ന അഞ്ച് സെന്റോ അതിൽ താഴെയോ ഉള്ള ഭൂമിയിൽ നിലനിന്നിരുന്ന ഓലക്കുടിലിന്റെ സ്ഥാനത്ത് സർക്കാർ അനുവദിച്ച പദ്ധതിയിൽ ഒറ്റ നിലയിൽ ചെറിയൊരു വീട് വയ്ക്കുവാനാണ് അവർ തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളുടെ അനുമതി തേടിച്ചെന്നത്. തീരദേശ പരിപാലന നിയമത്തിന്റെവകുപ്പുകൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരും നേതാക്കളും നിഷ്ക്കരുണം അവരുടെ അപേക്ഷ നിരസിച്ചു.

അവർക്കായി ഒരു ചാനലും ചർച്ച സംഘടിപ്പിച്ചില്ല, ഒരു നേതാക്കളും രോഷം പൂണ്ട് രൂക്ഷമായി പ്രതികരിച്ചില്ല. ചോരാത്ത കൂര എന്ന ദരിദ്രന്റെ സ്വപ്നത്തിന് തീരദേശ പരിപാലന നിയമം കൊണ്ട് ശവമടക്ക് നടത്തിയ രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമാണികൾ പണമൊഴികെ മറ്റെല്ലാറ്റിനെയും പുഛത്തോടെ നോക്കിക്കണ്ട തമ്പുരാക്കൻമാരുടെ ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് അതേ നിയമത്തെ കാറ്റിൽ പറത്തിക്കൊണ്ട് അനുമതി കൊടുത്തു.വീടില്ലാത്ത പാവപ്പെട്ട പണക്കാർഇത്തിരി കായൽക്കാറ്റേറ്റ് ജീവിച്ചോട്ടെ എന്നു അന്ന് കരുതിയതിലിന്നും അപാകതയില്ലെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്.
സുപ്രീം കോടതി വിധി ചർച്ചകളില്ലാതെ നടപ്പിലാക്കാനുള്ളതെന്ന് ശബരിമല വിധിയിൽ ആവർത്തിച്ച് വ്യക്തമാക്കിയവർ പാവപ്പെട്ട, കിടപ്പാടം നഷ്ടപ്പെടുന്ന ഫ്ലാറ്റ് നിവാസികൾക്കായി വിധിയെ മറികടക്കാൻ പൂഴിക്കടകൻ അടവ് പ്രയോഗിക്കാനൊരുങ്ങുമ്പോൾ നിയമത്തിന്റെ വാൾമുനയിൽ കുടുങ്ങി കടക്കെണിയിൽപ്പെട്ട് ജീവിതം വഴിമുട്ടിയ മറ്റൊരു വിഭാഗവും നമുക്കിടയിലുണ്ട്.സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിൽ 4 ലക്ഷം രൂപ സൗജന്യമായി ലഭിച്ചവരിലൊരു വിഭാഗമാണവർ. സർക്കാർ പറഞ്ഞത് 420 ചതുരശ്ര അടിയിൽ വീട് വയ്ക്കാനാണ്. കേരള മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയുടെ വിസ്തീർണ്ണം ഇതിലുമധികമുണ്ടാകുമെന്നതുറപ്പ്. ഗുണഭോക്താക്കളിൽ ചിലർ അറുന്നൂറ് ചതുരശ്ര അടിയിലധികം വിസ്തീർണ്ണത്തിൽ വീടുവച്ചു. അവർക്ക് കൊടുത്ത തുക തിരിച്ചുപിടിക്കാൻ സർക്കാർ തീരുമാനിച്ചതായി ലൈഫ്മിഷൻ തലവൻ UV. ജോസ് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് നടപടികൾ സ്വീകരിച്ചപ്പോൾ ഒരു നേതാവും ദരിദ്രനെ ദ്രോഹിക്കരുതെന്ന് പറയുവാൻ നാവുയർത്തിയില്ല.15 ചതുരശ്ര അടിയില്ലാത്ത MLA, MP വെയിറ്റിംഗ് ഷെഡിന് 5 മുതൽ 10 ലക്ഷം രൂപ വരെ ധൂർത്തടിക്കുന്ന കേരളത്തിലാണ് 800 ചതുരശ്ര അടിയിൽ വീട് വച്ച സംസ്ഥാന ദ്രോഹികളുടെ കൈയിൽ നിന്നും 4 ലക്ഷം സർക്കാർ തിരിച്ച് പിടിക്കുന്നത്. ഫ്ളാറ്റിലെ നിരാലംബരെപ്പോലെയല്ലല്ലോ സർക്കാരിനെ അനുസരിക്കാത്ത അച്ചടക്കമില്ലാത്ത ലൈഫ്മിഷൻ ഗുണഭോക്താക്കൾ.

വിദ്യാഭ്യാസക്കച്ചവടക്കാരായ കരുണയിലെ വിദ്യാർത്ഥിക്കൾക്കായി കരുണാപൂർവ്വം നിയമസഭയിൽ കൈകോർത്ത ആർദ്ര മാനസരായ നേതാക്കളുടെ കണ്ണിൽ മരടിലെ ദളിതന്റെ വിഷയമോ ലൈഫ് മിഷനിൽ നീതി നിഷേധിക്കപ്പെടുന്നവന്റെ പ്രശ്നങ്ങളോ ഇതുവരെ പെട്ടിട്ടില്ല. അടിയാന്റെ വിഷയങ്ങൾ നേതാക്കളുടെ പരിഗണനയിലൊരിക്കലും വരില്ല. കാരണം അവന്റെ വീടിന്റെ വാതിലുകൾ രാഷ്ട്രീയക്കാരന്റെ മുന്നിൽ കൊട്ടിയടക്കാറില്ല. കൈ നീട്ടുമ്പോഴെല്ലാം പിരിവും വോട്ടും അടിയാൻ നൽകാറുണ്ട്. ഇതൊന്നുമില്ലെങ്കിലും തമ്പ്രാന്റെ കണ്ണീരൊപ്പാൻ ആയിരം കൈകളുമായി കേരളത്തിലെ നേതാക്കൾ ഓടിയെത്തും.മരടിലെ ദളിതർക്കായി സമരം സംഘടിപ്പിക്കാത്തവർ ഫ്ളാറ്റിലെ പ്രശ്നബാധിതർക്കായി പ്രത്യക്ഷ സമരവുമായി എത്തിയിട്ടുണ്ട്. സമരത്തിന് മുൻനിരയിൽ ഭവനമെന്ന സ്വപ്നം പൊലിഞ്ഞു പോയ ദളിത് വിഭാഗക്കാരിൽ ചിലരെങ്കിലുമുണ്ടാകും. കാരണം തമ്പ്രാന്പൊള്ളിയാൽ നേതാവിന് നോവും. നേതാവ് ആജ്ഞാപിച്ചാൽ അനുസരിച്ചാണ് പാവപ്പെട്ടവന്റെ ശീലം.കരുണയിൽ സുപ്രീം കോടതിയുടെ കണ്ണ് വെട്ടിക്കാൻ നിയമനിർമ്മാണം നടത്തിയും മരടിൽ മുന്തിയ വക്കീലിനെ വലിയ വില കൊടുത്ത് സുപ്രീം കോടതിയിൽ വാദിപ്പിച്ച് പാവപ്പെട്ട പണക്കാരന്റെ താൽപര്യം സംരക്ഷിക്കാൻ പൊരുതുകയും ചെയ്യുമ്പോൾ മരടിലെ ഭവന സ്വപ്നം എന്നേക്കുമായി പൊലിഞ്ഞ ദളിതനെ നമുക്ക് മറക്കാം. ലൈഫ് മിഷനിൽ 800 ചതുരശ്ര മീറ്ററിൽ വീടു വച്ച അഹങ്കാരിയുടെ നെഞ്ചിലൂടെ കർക്കശ നിയമത്തിന്റെ രഥമോടിക്കാം. ആലംബഹീനരായ ആയിരക്കണക്കിന് സാധാരണക്കാരന്റെ വികാരങ്ങളെ നമ്മളെന്തിന് പരിഗണിക്കണം? തമ്പുരാന്റെ കണ്ണീരൊപ്പാനുള്ളതല്ലേയെന്നും അധികാരത്തിന്റെ കൈകൾ…
സെൻ