ഭരണഘടനാ ബഞ്ചിന്റെ വിധിക്കു സ്ഥിരത വേണം

253

അഡ്വ.കാളീശ്വരം രാജ് എഴുതുന്നു 

ഇന്ത്യയെ പോലുള്ള രാജ്യത്ത്‌ മതവിശ്വാസവുമായും സാമൂഹ്യക്രമവുമായും ബന്ധപ്പെട്ട ഒട്ടേറെ തെറ്റിദ്ധാരണകളും അനാചാരങ്ങളും നിലവിലുണ്ട്‌. ഇത്തരത്തിലുള്ള പല ചിന്താഗതികളും വ്യക്തിസ്വാതന്ത്ര്യം, തുല്യത, സാഹോദര്യം തുടങ്ങിയ ആശയങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നവയാകണമെന്നില്ല. പുരുഷമേധാവിത്വത്തിലും ജാതീയമായ ഉച്ചനീചത്വങ്ങളുടെ അടിസ്ഥാനത്തിലും രൂപപ്പെട്ട ഒരു സമൂഹത്തെ ജനാധിപത്യത്തിന്റെയും ലിബറലിസത്തിന്റെയും പാഠങ്ങൾ പഠിപ്പിക്കുകകൂടിയാണ്‌ ഇന്ത്യൻ ഭരണഘടന ചെയ്‌തത്‌. ഭരണഘടനാ നിർമാണവേളയിലെ ചർച്ചകൾ ഇക്കാര്യം വ്യക്തമാക്കുന്നു.

എന്നാൽ, ഭരണഘടന വ്യാഖ്യാനിക്കുന്നത്‌ സുപ്രീംകോടതിയും ഹൈക്കോടതികളുമാണ്‌. ഭരണഘടനാവ്യവസ്ഥകളെ അപഗ്രഥിച്ച്‌ വിലയിരുത്തിയതിനുശേഷം സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചാണ്‌ കഴിഞ്ഞവർഷം യുവതീപ്രവേശനത്തിന്‌ അനുകൂലമായ വിധി പുറപ്പെടുവിച്ചത്‌. ലിംഗനീതിയുടെയും മനുഷ്യന്റെ അന്തസ്സുമായി ബന്ധപ്പെട്ട അവകാശങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ അഞ്ചംഗ ബെഞ്ച്‌ കഴിഞ്ഞ വർഷം ശബരിമലക്കേസിൽ വിധി എഴുതിയത്‌.
ഇന്ത്യാചരിത്രത്തിലെ ഏറ്റവും വിപ്ലവകരവും പരിഷ്‌കരണോന്മുഖവുമായ വിധിന്യായങ്ങളിൽ ഒന്നായിരുന്നു അത്‌.

ഭൂരിപക്ഷഹിതത്തിന്റെയോ വിശ്വാസങ്ങളുടെയോ അടിസ്ഥാനത്തിലല്ല ഭരണഘടനാവ്യത്യാസം നടക്കുന്നത്‌. അങ്ങനെ വ്യാഖ്യാനിച്ചുകഴിഞ്ഞാൽ ഇന്ത്യക്ക്‌ ഫ്യൂഡൽ കാലഘട്ടത്തിൽനിന്ന്‌ പുറത്തേക്ക്‌ വരാൻപോലും കഴിയണമെന്നില്ല. തുല്യത, സ്വാതന്ത്ര്യം, അന്തസ്സ്‌ തുടങ്ങിയ വിഷയങ്ങളിൽ ഭൂരിപക്ഷാഭിപ്രായത്തിന്‌ എതിരായിട്ടുതന്നെയാണ്‌ പലപ്പോഴും ഭരണഘടനാകോടതികൾ വിധി പറഞ്ഞിട്ടുള്ളത്‌. ബ്രൗൺ v/s ബോർഡ്‌ ഓഫ്‌ എഡ്യുക്കേഷൻ എന്ന കേസിൽ എല്ലാ സർക്കാർ വിദ്യാലയങ്ങളിലും വെളുത്തവർക്കൊപ്പം കറുത്തവർക്കും പ്രവേശനം നൽകണമെന്ന്‌ അമേരിക്കൻ സുപ്രീംകോടതി വിധി പറഞ്ഞപ്പോൾ, അത്‌ അന്നത്തെ പൊതുജനാഭിപ്രായത്തിന്‌ എതിരായ വിധിതന്നെയായിരുന്നു. എതിർപ്പുകളെ മറികടന്ന്‌ വിധി നടപ്പാക്കാൻ വർഷങ്ങൾ വേണ്ടിവന്നു.

എന്നാൽ, ഇന്ന്‌ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും തലങ്ങളിൽ ഏറ്റവുമധികം പ്രകീർത്തിക്കപ്പെടുന്ന വിധിന്യായമാണ്‌ ബോർഡ്‌ ഓഫ്‌ എഡ്യുക്കേഷൻ കേസിൽ ഉണ്ടായിരിക്കുന്നതെന്ന്‌ ലോകമാകെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ വംശീയവിവേചനം കാലക്രമേണ അവസാനിപ്പിച്ചതിൽ ഈ വിധിക്കുള്ള പ്രാധാന്യം നിസ്‌തർക്കമാണ്‌. പുനഃപരിശോധനാ ഹർജിയിൽ ആദ്യവിധിയിൽ തെറ്റുണ്ടോ ഇല്ലയോ എന്ന കാര്യം മാത്രമാണ്‌ കോടതി പരിശോധിക്കേണ്ടത്‌. വിശ്വാസം സംബന്ധിക്കുന്ന മറ്റുചില കേസുകൾകൂടി കോടതിയുടെ പരിഗണനയിലുണ്ട്‌ എന്നത്‌ ഭരണഘടനാബെഞ്ച്‌ തീർപ്പ്‌ കൽപ്പിച്ചൊരു കേസ്‌ വിശാലബെഞ്ചിലേക്കയക്കുന്നതിനുള്ള മതിയായ കാരണമേയല്ല. അങ്ങനെ ചെയ്‌താൽ കോടതിവിധികൾക്ക്‌–- ഭരണഘടനാബെഞ്ചിന്റെ വിധികൾക്കുപോലും–- ഒരു ഉറപ്പും സ്ഥിരതയും ഇല്ല എന്ന അവസ്ഥയുണ്ടാകും. അങ്ങനെ സംഭവിച്ചുകൂടാത്തതാണ്‌. കോടതിവിധി ഇത്രമേൽ അസ്ഥിരമാണ്‌ എന്നുവരുന്നത്‌ ജനാധിപത്യവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒട്ടും ആരോഗ്യകരമല്ല. മുമ്പത്തെ ബെഞ്ചിലുണ്ടായിരുന്ന ഒരു ന്യായാധിപൻതന്നെ ഇപ്പോൾ തന്റെ പഴയ നിലപാടിന്‌ വിരുദ്ധമായ സമീപനം സ്വീകരിച്ചിരിക്കുന്നു. അതിനാകട്ടെ മതിയായ കാരണങ്ങൾ പറഞ്ഞിട്ടുമില്ല. ഇത്‌ നല്ലൊരു കീഴ്‌വഴക്കമല്ല സൃഷ്ടിച്ചിട്ടുള്ളത്‌.

പഴയ വിധി സുപ്രീംകോടതി ഏതായാലും സ്‌റ്റേ ചെയ്‌തിട്ടില്ല. അതിനാൽ യുവതീപ്രവേശനത്തിന്‌ ഇപ്പോൾ നിയമപരമായ തടസ്സങ്ങൾ ഇല്ല. ഈ സന്ദിഗ്‌ധാവസ്ഥയെ ദുരുപയോഗപ്പെടുത്താൻ വർഗീയവാദികൾ ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്‌. എന്നാൽ, കേരളംപോലൊരു സമൂഹം ഇക്കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്‌. രാജ്യത്ത്‌ പൗരന്മാർ പൊതുവെ വലിയ ഭീഷണികൾ നേരിടുന്ന ഇക്കാലത്ത്‌, മെച്ചപ്പെട്ട ഭരണഘടനാബോധം കാണിക്കാനുള്ള ബാധ്യത മലയാളികൾക്കുണ്ട്‌.

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്‌)