1971ന് മുമ്പുള്ള രേഖ ഒരുക്കി വെക്കാൻ പറയുന്നവരോട് 

625

Adv Nadeem Kottalath

1971ന് മുമ്പുള്ള രേഖ ഒരുക്കി വെക്കാൻ പറയുന്നവരോട് 

NRC അഥവാ ദേശീയ പൗരത്വ പട്ടിക എന്നത് ഇന്ത്യയിലെ പൗരന്മാരുടെ പട്ടികയാണ്. ഒരാൾ ഇന്ത്യൻ പൗരൻ ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് 1955ലെ പൗരത്വ നിയമ പ്രകാരമാണ്. പ്രസ്തുത നിയമപ്രകാരം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമാണ് പൗരത്വം സംബന്ധിച്ച ആസാമിലെ മാനദണ്ഡങ്ങൾ. അത് കൊണ്ട് തന്നെ ആസാമിൽ NRC തയ്യാറാക്കിയപ്പോൾ അസാമിൽ ബാധകമായ നിയമം അനുസരിച്ചുള്ള രേഖകൾ ആണ് അധികൃതർ ആവശ്യപ്പെട്ടത്. കേരളത്തിൽ NRC തയ്യാറാക്കുകയാണെങ്കിൽ കേരളത്തിൽ ബാധകമായ നിയമം അനുസരിച്ച് ആകും ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെടുക. പൗരത്വ നിയമ പ്രകാരം ജനനം, മാതാപിതാക്കളുടെ ജനനം എന്നിവ അടിസ്ഥാനപെടുത്തിയാണ് കേരളത്തിൽ പൗരത്വം നിർണയിക്കുക. അത് കൊണ്ട് കേരളത്തിൽ പൗരത്വം തെളിയിക്കാൻ വേണ്ട അടിസ്‌ഥാന രേഖ ജനന സർട്ടിഫിക്കറ്റ് ആണ്. 1987 ജൂലൈ 1നോ അതിന് ശേഷമോ ജനിച്ചവർ ആണെങ്കിൽ മാതാപിതാക്കളുടെ പൗരത്വം തെളിയിക്കുന്ന രേഖയും വേണ്ടി വരും. ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ജനന സ്ഥലവും തീയതിയും തെളിയിക്കുന്ന മറ്റ് രേഖകൾ ഹാജരാക്കണം. എങ്ങനെ വന്നാലും 1971ന് മുമ്പുള്ള ആധാരം, നികുതി രശീതി, റേഷൻ കാർഡ്, വോട്ടർ കാർഡ് മുതലായവ ഹാജരാകേണ്ട ആവശ്യം ഇല്ല. അസാമിൽ വേറെ മാനദണ്ഡങ്ങൾ ആയത് കൊണ്ടാണ് അവിടെ ഈ രേഖകൾ സമർപ്പിക്കാൻ പറഞ്ഞത്. അത് ആസാമിന് ഒഴികെയുള്ള സംസ്ഥാനങ്ങൾക്ക് ബാധകമല്ല. പൗരത്വ നിയമം കഴിഞ്ഞ ദിവസം ഭേദഗതി ചെയ്തതിന് ശേഷവും മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ തന്നെയാണ് കേരളത്തിൽ നിലനിൽക്കുന്നത്. കേരളത്തിൽ NRC നടപ്പിലാക്കുമ്പോൾ അസാമിൽ NRC തയ്യാറാക്കിയപ്പോൾ ആവശ്യപ്പെട്ട അതേ രേഖകൾ തന്നെയാകും കേരളത്തിലും ആവശ്യപ്പെടുക എന്ന തെറ്റിദ്ധാരണയുടെ പുറത്താണ് ചില അഭിഭാഷകർ ഉൾപ്പെടെ രേഖകൾ ഒരുക്കി വെക്കാൻ ആവശ്യപ്പെടുന്നത്. വ്യക്തത വേണ്ടവർ Citizenship Act, 1955 ഡൗൺലോഡ് ചെയ്ത് വായിക്കുക. ജനങ്ങളെ ആശങ്കയിൽ നിർത്തി അനാവശ്യ രേഖകൾ ഒരുക്കാൻ പറയുന്നതിന് പകരം NRC വിരുദ്ധ സമരത്തിൽ പങ്കാളിയാകാൻ പറയാം.