അസാമിലെ എൻ.ആർ.സി സംബന്ധമായ ചട്ടങ്ങളും നിബന്ധനകളും അനുസരിച്ച് കേരളത്തിലെ ജനങ്ങൾ രേഖകൾ ഒരുക്കി വെക്കേണ്ട കാര്യമില്ല

222

Adv Nadeem Kottalath

എൻ.ആർ.സി വരുമ്പോൾ പൗരത്വം തെളിയിക്കുന്നതിലേക്ക് 1971ലെ രേഖകൾ ശരിയാക്കി വെക്കണം എന്ന് ചിലർ പറയുന്നുണ്ട്. അത് വസ്തുതാപരമായി ശരിയല്ലാത്തതിനാൽ ആണ് ഈ പോസ്റ്റ്.

1950 ജനുവരി 26നും 1987 ജൂണ് 30നും (രണ്ട് തീയതികളും ഉൾപ്പടെ) ഇടയിൽ ഇന്ത്യയിൽ ജനിച്ചവർ ഇന്ത്യൻ പൗരന്മാരാണ്. 1987 ജൂലൈ 1നും 2004 ഡിസംബർ 2നും ഇടയിൽ ഇന്ത്യയിൽ ജനിച്ച ആൾ, അയാൾ ജനിച്ച സമയത്ത് അയാളുടെ മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആണെങ്കിൽ അയാൾക്ക് ഇന്ത്യൻ പൗരത്വത്തിന് അവകാശമുണ്ട്. 2004 ഡിസംബർ 3നോ അതിന് ശേഷമോ ഇന്ത്യയിൽ ജനിച്ചവർ, അവരുടെ രക്ഷിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റേ ആൾ നിയമവിരുദ്ധ കുടിയേറ്റകാരനും അല്ലെങ്കിൽ മാത്രമേ അയാൾക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹത ഉണ്ടാകൂ. (പൗരത്വ നിയമം വകുപ്പ് 3 നോക്കുക )

ഇനി ഇന്ത്യക്കാരായ ആളുകളുടെ കുട്ടികൾ വിദേശ രാജ്യങ്ങളിൽ ജനിക്കുന്നുണ്ട്. അവരുടെ പൗരത്വം സംബന്ധിച്ചുള്ള കാര്യങ്ങൾ പറയുന്നത് നാലാം വകുപ്പിൽ ആണ്. 1950 ജനുവരി 26നും 1992 ഡിസംബർ 9നും ഇടയിൽ വിദേശ രാജ്യത്ത് ജനിച്ച ആൾക്ക്, അയാളുടെ അച്ഛൻ അയാളുടെ ജനന സമയത്ത് ഇന്ത്യൻ പൗരൻ ആണെങ്കിൽ ഇന്ത്യൻ പൗരത്വം ലഭിക്കും. ജനനം 1992 ഡിസംബർ 10നോ അതിന് ശേഷമോ ആണെങ്കിൽ മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആണെങ്കിലും അപ്രകാരം ജനിച്ച ആൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. ഇപ്രകാരം പൗരത്വം ലഭിച്ചവരുടെ മക്കൾക്ക് ഇതേ രീതിയിൽ പൗരത്വം ലഭിക്കണമെങ്കിൽ ജനിച്ചു ഒരു വർഷത്തിനകം ആ രാജ്യത്തെ ഇന്ത്യൻ കോണ്സുലേറ്റിൽ ജനനം രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കണം. 2004 ഡിസംബർ 3നോ അതിന് ശേഷമോ ആണ് ജനിക്കുന്നത് എങ്കിൽ ജനിച്ചു ഒരു വർഷത്തിനകം ആ രാജ്യത്തെ ഇന്ത്യൻ കോണ്സുലേറ്റിൽ ജനനം രജിസ്റ്റർ ചെയ്താലേ പൗരത്വം ലഭിക്കൂ. അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കണം.

മേൽ പറഞ്ഞ നിയമം അല്ല ആസാമിൽ ബാധകമാവുക. ഇന്ത്യൻ പൗരത്വ നിയമത്തിലെ 6A വകുപ്പ് പ്രകാരം അസാമിൽ പൗരത്വത്തിന് വേറെ നിബന്ധനകളാണ്. 1971 മാർച്ച്‌ 25 എന്ന കട്ട് ഓഫ് തീയതി ബാധകമാവുന്നത് അസാമിൽ മാത്രമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ആസാമിലെ പൗരത്വം സംബന്ധിച്ച നിയമങ്ങൾ ബാധകമല്ല. അത് കൊണ്ട് തന്നെ അസാമിലെ എൻ.ആർ.സി സംബന്ധമായ ചട്ടങ്ങളും നിബന്ധനകളും അനുസരിച്ച് കേരളത്തിലെ ജനങ്ങൾ രേഖകൾ ഒരുക്കി വെക്കേണ്ട കാര്യമില്ല. ഇനി ഒരു ജാഗ്രത എന്ന നിലക്ക് രേഖകൾ ഒരുക്കുന്നു എങ്കിൽ ജനനം തെളിയിക്കുന്ന രേഖകൾ മാത്രം മതി. 1971ന് മുൻപുള്ള ആധാരങ്ങളും നികുതി രശീതിയും ഒന്നും ആവശ്യമില്ല എന്ന് ചുരുക്കം.

(ഈ പോസ്റ്റിൽ പറഞ്ഞ വകുപ്പുകൾ കഴിഞ്ഞദിവസം പാസ് ആക്കിയ ബില്ലിലൂടെ ഭേദഗതി ചെയ്തിട്ട് ഇല്ല. )