ആ കുട്ടികൾക്കുള്ള വിവേകം പോലും ഇവിടുത്തെ അധ്യാപകർക്കില്ലാതെ പോയി

0
198

Adv Nisha N Bhasi

സങ്കടത്തോടെയാണ് ഇത് എഴുതുന്നത്..ഞാൻ പഠിച്ച സ്കൂളാണ്, മരിച്ചു പോയ കുഞ്ഞും വളരെ അടുത്തറിയാവുന്ന കുടുംബത്തിലേത്,, അവളുടെ മാതാപിതാക്കളും ഞാനും ഒരേ സീനിയറിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചവരാണ്.. ഈ കുഞ്ഞ് ജനിക്കുന്നതിനു മുൻപ് ഇവളെ ഗർഭിണിയായിരുന്ന സജ്ന വക്കീലിനടുത്തിരുന്ന് ഞങ്ങൾ വയറ്റിലെ കുഞ്ഞുവാവയോട് സംസാരിക്കുമായിരുന്നു !!

മോൾ പഠിക്കുന്നത് സർവജന സ്കൂളിലാണെന്ന് ഈ അടുത്ത നാളിൽ വീണ്ടും കണ്ടപ്പോൾ വക്കീൽ പറഞ്ഞു, ഞാൻ പഠിച്ച സ്കൂളാണെന്ന് ഞാൻ സന്തോഷത്തോടെ മറുപടിയും പറഞ്ഞതോർക്കുന്നു ..
മൂന്നു മാസങ്ങൾക്കു മുൻപ്, “കൗമാര പ്രായക്കാർക്ക് ആവശ്യമായ നിയമപാഠങ്ങൾ ” എന്ന വിഷയത്തിൽ ഹൈസ്കൂൾ കുട്ടികൾക്ക് ക്ലാസെടുക്കാനായി എന്നെ സ്കൂളിൽ നിന്ന് വിളിക്കുകയുണ്ടായി, പറഞ്ഞ ദിവസം ഉച്ച കഴിഞ്ഞ സമയത്താണ് ഞാനവിടെ എത്തിയത്, അധ്യാപകരുടെ ഭാഗത്തു നിന്നുമുള്ള നിരുത്തരവാദിത്ത പരമായ സമീപനം തുടക്കത്തിലേ ശ്രദ്ധയിൽ പെട്ടിരുന്നു. അവിടെ അങ്ങനെ ഒരു ക്ളാസ് സംഘടിപ്പിച്ചതായി പല അധ്യാപകർക്കും അറിയില്ലായിരുന്നു.. കുറെയധികം കുട്ടികൾക്ക് ഒന്നിച്ചൊരു ക്ളാസിനുള്ള യാതൊരു ഒരുക്കങ്ങളും അവിടെ കണ്ടില്ല.. ഞാൻ നിങ്ങൾ ക്ഷണിച്ചിട്ടു വന്നതാണെന്ന് പരിചയപ്പെടുത്തിയപ്പോൾ പ്രധാനാധ്യാപകൻ ഇവിടെയില്ല, ഞാൻ ചാർജുള്ള അധ്യാപകനാണെന്ന് ഒരു അധ്യാപകൻ പറഞ്ഞു. ഉടനെ അയാൾ മറ്റു രണ്ട് ലേഡി ടീച്ചേർസിനെ വിളിച്ചു വരുത്തി, വിവരം അറിഞ്ഞപ്പോൾ കുട്ടികളെ ഒരുക്കാനായി അവർ രണ്ടു പേരും രണ്ടു വഴിക്ക് പാഞ്ഞു…..
കുറച്ചു സമയം കിട്ടിയപ്പോൾ ഞാൻ സ്കൂളും പരിസരവും ഒന്നു നടന്നു കാണാമെന്നു കരുതി പുറത്തേക്കിറങ്ങി.

ഒരു പാടു പഴയ പൈതൃകമുള്ള സ്കൂളാണ്, വളരെ വിശാലമായ ഗ്രൗണ്ടും കോമ്പൗണ്ടും ഒക്കെയുണ്ട്. പക്ഷെ ചെറിയ ക്ളാസുകളുടെ ബ്ലോക്കുകളോടു ചേർന്നു തന്നെ ധാരാളം കുറ്റിക്കാടുകൾ വളർന്നു നിൽക്കുന്നു, പഴയ ബിൾഡിംഗ് പൊളിച്ച മരപ്പലകകളും പൊടിഞ്ഞ കട്ടകളും മറ്റും ചിതറിക്കിടക്കുന്നു, ഇതിനിടയിലെല്ലാം പുല്ലും കുറ്റിച്ചെടികളും വളർന്നിരിക്കുന്നു. ക്ലാസ് റൂമിനു പുറത്ത് കുട്ടികളുടെ ചെരിപ്പുകൾ അഴിച്ചു വച്ച നിലയിൽ കണ്ടപ്പോൾ അസ്വാഭാവികതയും തോന്നിയിരുന്നു ,, ഞങ്ങൾ പഠിക്കുന്ന കാലത്തൊന്നും ഇത്തരം പരിഷ്കാരങ്ങൾ അവിടെയുണ്ടായിരുന്നില്ല, അൽപ സമയത്തിനുള്ളിൽ സ്റ്റേജ് അറേഞ്ച് ചെയ്തിട്ടുണ്ടെന്ന് ഒരു ടീച്ചർ വന്ന് പറഞ്ഞു, ടീച്ചറുടെ പിന്നാലെ പുതിയ ബ്ലോക്കിലെ ഓഡിറ്റോറിയത്തിലേക്ക് ഞാൻ ചെന്നു, ആ ഹാളിന്റെയും ഒരറ്റത്ത് ഉള്ള സ്റ്റേജിൽ നിറയെ പഴയ സാധനങ്ങളും പൊട്ടിപ്പൊളിഞ്ഞ ബഞ്ചുകളും യൂത്ത് ഫെസ്റ്റിവലിനുപയോഗിച്ച പഴയ സ്ക്രീനുകളും തുണികളും മറ്റും കൂട്ടിയിട്ടിരിക്കുന്നു . സ്റ്റേജിൽ നിൽക്കാൻ പറ്റാത്തതിനാൽ സ്റ്റേജിനു താഴെ ഒരുക്കിയ സ്ഥലത്തുനിന്നാണ് കുട്ടികൾക്ക് ക്ളാസ് എടുത്തത്. ഇതിനിടയിൽ ഇഴ ജന്തുക്കൾ കയറിയിരിക്കില്ലേ എന്നു ചോദിച്ചപ്പോൾ ടീച്ചർ വെറുതെ ഒന്നു ചിരിച്ചു .

പുറത്ത് ക്ളാസ് റൂമുകളോട് ചേർന്ന് കുറ്റിക്കാടുകളും, ക്ലാസ് മുറികൾക്കുള്ളിൽ ഇത്തരം വാരികൂട്ടിയിട്ടിരിക്കുന്ന ഉപയോഗ ശൂന്യമായ സാധനങ്ങളും പൊത്തുകളും. വൈകിട്ട് സ്കൂൾ വിട്ടു കഴിഞ്ഞ് ഇരുട്ടാവുമ്പോൾ അവിടെ നടക്കുക എന്താവുമെന്ന് ബുദ്ധിയുള്ള ആർക്കും ഊഹിക്കാവുന്നതേയുള്ളു,,
ക്ളാസ് മുറിയിൽ നേരത്തേ പലപ്പോഴും പാമ്പിനെ കണ്ടതായി കുട്ടികൾ പറയുന്നു, കുട്ടികൾ വിശദമായി എല്ലാം പറയുന്നുണ്ട്.

ആ കുട്ടികൾക്കുള്ള വിവേകം പോലും ഇവിടുത്തെ അധ്യാപകർക്കില്ലാതെ പോയി. അവനവന്റെ കുട്ടിയെ പാമ്പു കടിച്ചെന്നു കേട്ടാൽ അൽപ നേരമെങ്കിലും വെച്ചിരിക്കുമോ,ഒരു കിലോമീറ്ററിനുള്ളിൽ സർക്കാർ ആശുപത്രി ഉണ്ട്, രക്ഷിതാവിനെ വിളിച്ചു വരുത്താൻ കാത്തുനിൽക്കാതെ അവർക്ക് കുട്ടിയെ നേരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാമായിരുന്നില്ലേ?

അധ്യാപകർ എന്നാൽ ആദരണീയർ എന്നതൊക്കെ പഴങ്കഥ. ആദരിക്കേണ്ട വരെ മാത്രം ആദരിക്കണം. സ്വന്തം മക്കളെ തൊട്ടടുത്ത ഇംഗ്ളീഷ് മീഡിയം സ്കൂളിൽ പഠിപ്പിച്ച്, താൻ ശമ്പളം പറ്റുന്ന മലയാളം മീഡിയം സ്കൂളിലെ പാവപ്പെട്ട കുട്ടികളെ അവജ്ഞയോടെ കൈകാര്യം ചെയ്യുന്ന ചില അധ്യാപകർ ഈ സ്കൂളിൽ പണ്ടും ഉണ്ടായിരുന്നു. റോഡിനു മറു വശത്തുള്ള, തന്റെ കുട്ടി പഠിക്കുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളിൽ പി.ടി.എ മീറ്റിംഗിന് പോയി അവിടുത്തെ ടീച്ചർമാരെ ചോദ്യം ചെയ്യാനും അധ്യാപക ധർമ്മങ്ങൾ പഠിപ്പിക്കാനും ഇവർ മിടുമിടുക്കരായിരുന്നു.

അതു തന്നെയാണ് ഇന്നും അവസ്ഥ എന്നാണ് ഷഹല യുടെ അനുഭവം കാണിച്ചു തരുന്നത്. തന്നെ പാമ്പാണ് കടിച്ചത് ആശുപത്രിയിൽ കൊണ്ടു പോകണം എന്ന് ആ അവസ്ഥയിലും പറയേണ്ടി വന്ന ഒരു അഞ്ചാം ക്ലാസുകാരി കുഞ്ഞ് എത്ര പേടിച്ചാവും ജീവൻ വെടിഞ്ഞത്?

അധ്യാപകർ കാലൻമാരാകുന്ന കഥകൾ അടുത്തിടെയായി ധാരാളം നാം കേൾക്കുന്നു, മഹനീയ സ്ഥാനമൊന്നും നൽകാതെ ഇവൻ മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് വേണ്ടത്. വിദ്യ പറഞ്ഞു കൊടുക്കുന്ന ദൈവങ്ങൾ എന്നതൊക്കെ പഴം കഥകൾ,, ഇന്ന് പാഠപുസ്തകത്തിലേതെല്ലാം നെറ്റിൽ നോക്കി ഏതു കൊച്ചു കുട്ടിക്കും പഠിക്കാവുന്ന വിവരങ്ങൾ മാത്രമേയുള്ളു,, അധ്യാപകർ മറ്റേതു ജോലിക്കാരെയും പോലെ ജോലി ചെയ്തു ശമ്പളം വാങ്ങുന്നവർ മാത്രം,, പൂജനീയ ദൈവങ്ങളെന്നു കരുതാതെ നിങ്ങളുടെ കുഞ്ഞുങ്ങൾ ഒരു പരാതി പറഞ്ഞാൽ പിറ്റേ ദിവസം പോയി ചോദ്യം ചെയ്യുക തന്നെ വേണം, എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നൽകി നിങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തുകയും വേണം.

ഒരു കിലോമീറ്റർ ദൂരത്തിനുള്ളിൽ എല്ലാ വൈദ്യ സഹായങ്ങളും കിട്ടാനുണ്ട്, ഭൂരിഭാഗം അധ്യാപകരുടെയും വാഹനങ്ങൾ സ്കൂളിനു മുൻപിൽ പാർക്ക് ചെയ്തിട്ടുമുണ്ട്, പിന്നെയും പാമ്പു കടിയേറ്റെന്നു പറഞ്ഞ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പിതാവിനെ വിളിച്ചു വരുത്തി സമയം വൈകിച്ചത് എന്തിനായിരുന്നു ?? രക്ത പരിശോധനക്കെന്ന് പറഞ്ഞ് ഒരു മണിക്കൂറോളം സമയം വൈകിപ്പിച്ച ആശുപത്രി ജീവനക്കാരും തീർച്ചയായും കുറ്റക്കാരാണ്, ഇത് വിധിയല്ല,, ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥയാണ് ..
വിഷ പാമ്പിന്റെ കടിയേറ്റ് നാലുമണിക്കൂറോളം ചികിത്സ കിട്ടാതിരുന്നാൽ ഒരു കുഞ്ഞു ശരീരം എങ്ങനെ രക്ഷപ്പെടാനാണ് .
പ്രിയപ്പെട്ട അസീസ് വക്കീലിനും സജ്ന വക്കീലിനുമൊപ്പം ,