Adv Sandhya Janardhanan Pillai writes

Feeling happy with Kerala Police 

പോലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുന്ന വൈഷമ്യങ്ങളെ കുറിച്ച് ഞാനുൾപ്പടെ പലരും എഴുതാറുണ്ട്. പക്ഷെ അവരുടെ ഭാഗത്ത്‌ നിന്നും കഴിഞ്ഞ ദിവസം ഉണ്ടായ , സത്യത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞ, പോസിറ്റീവ് പ്രതികരണം എഴുതണമെന്നു തോന്നി.

ഇതെഴുതുന്നത് കൊണ്ട് ലൈംഗിക അതിക്രമങ്ങൾ നേരിടുകയും എന്നാൽ പോലീസ് പ്രതികരണങ്ങളെയും മറ്റും ഭയന്ന് പരാതിപ്പെടാൻ ധൈര്യം കാണിക്കാത്തവർക്ക് ഒരു മാനസാന്തരം ഉണ്ടായാലോ എന്നും ഒരാലോചന . അല്പം നീണ്ട കുറിപ്പാണ്.. വിവാഹം വാഗ്ദാനം നൽകി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന പരാതിയുമായി പരാതിക്കാരിയോടൊപ്പം കഴിഞ്ഞ ദിവസം തിരുവനന്തപുരം പോലീസ് കമ്മീഷണറിനെ കാണാൻ പോയി. മലയാളം അധികം അറിയാത്ത കമ്മിഷണറിനോട് പരാതി സംഗതി ഇംഗ്ലീഷിൽ ചുരുക്കി പറഞ്ഞു. കേസ്‌ എങ്ങനെ നിക്കും കൺസെന്റിൽ ഇടിച്ചുനിക്കില്ലേ എന്ന ചോദ്യം. വിവാഹം നടക്കുമെന്ന ഉറപ്പ് നൽകി ലൈംഗിക ബന്ധം പുലർത്തുന്നതും പിന്നീട് അതിൽ നിന്ന് പിന്മാറുന്നതും റേപ്പ് ആണെന്ന ബഹു. സുപ്രീം കോടതി വിധി കയ്യിൽ കരുതിയിരുന്നത് കാണിച്ചു കൊടുത്തു.

ശരി ഞങ്ങൾ കേസ്‌ രജിസ്റ്റർ ചെയ്യാമെന്ന് മറുപടി. ഉടൻ തന്നെ DCP ആദിത്യ IPS നേയും മറ്റൊരു ഉദ്യോഗസ്ഥനെയും കമ്മീഷണർ മുറിയിലേക്ക് വിളിപ്പിച്ചു. അദ്ദേഹം തന്നെ അവരോടു പരാതിയുടെ ഉള്ളടക്കം പറഞ്ഞു. കേസ്‌ നിൽക്കുമെന്ന് രണ്ടു പേരും അഭിപ്രായപ്പെട്ടു.’കേസ്‌ നിങ്ങൾ മോണിറ്റർ ചെയ്യൂ ‘എന്ന് DCP ക്ക് കമ്മീഷണറുടെ നിർദേശം. നിങ്ങൾ സ്റ്റേഷനിലേക്ക് പോയ്കൊള്ളു വിളിച്ചു പറഞ്ഞേക്കാമെന്നു DCP. പുറത്തിറങ്ങിയപ്പോൾ നല്ല മഴ. നേരവും ഇരുട്ടി. അടുത്ത ദിവസം പോയാൽപ്പോരേ എന്ന ചിന്ത. എന്നാലും DCP വിളിച്ച് പറഞ്ഞിട്ടുള്ള സ്ഥിതിക്ക് CI യെ കണ്ട്‌ അടുത്ത ദിവസം ചെല്ലാമെന്ന് അറിയിച്ചു തിരികെ പോകാമെന്നു തീരുമാനിച്ചു. ഓട്ടോ പിടിച്ച് സ്റ്റേഷനിലേക്ക്.

കുറച്ചു നാൾ മുൻപ് അതേ സ്റ്റേഷനിൽ ചെന്നപ്പോൾ പരാതിക്കാരിയെ CI എടുത്തു കുടയുകയും ഞാനിടപ്പെട്ടതും ഓർത്തു.അത് കൊണ്ട് തന്നെ ഈ കേസിൽ പറയാനുള്ള കാര്യങ്ങൾ മനസ്സിൽ റിഹേഴ്സൽ നടത്തി അകത്തു കയറി. ഞങ്ങളെ പോലീസുകാർ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി. CI യുടെ മുറി കാണിച്ചു തന്നു. കാര്യം പറഞ്ഞു. ദാ വരുന്നു Ci ക്ക് DCP യുടെ ഫോൺ. അവർ ഇപ്പോ എത്തി സർ . സംസാരിച്ച്‌ തുടങ്ങിയതേ ഉള്ളൂ സർ അവർ പറയുന്നു നാളെ വന്നു മൊഴി നൽകാമെന്ന് സർ എന്നു മറുപടി . ഫോൺ എന്റെ കയ്യിൽ തരാൻ ഇൻസ്ട്രക്ഷൻ. ഫോൺ ഞാൻ വാങ്ങി, ഏഴര മണിയായതിനാൽ തിരിച്ചു പോകണമെന്നും അടുത്ത ദിവസം വരാമെന്നു പരാതിക്കാരി പറയുന്നു വെന്നും പറഞ്ഞു നോക്കി. എന്താണ് മാഡം അര മണിക്കൂറ് കൂടിയേ എടുക്കു എന്നവരോട് പറയൂ. ഇത്തരം കേസുകൾ താമസിക്കാതെ രജിസ്റ്റർ ചെയ്യുന്നത് നല്ലതല്ലേ എന്ന ചോദ്യം .ശരി മൊഴി കൊടുത്തിട്ട് പോകാമെന്നു മറുപടി നൽകി ഞാൻ ഫോൺ വെച്ചു. തുടർന്ന് പരാതിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ CI യുടെ പ്രതികരണം സത്യത്തിൽ അത്ഭുതപ്പെടുത്തി.

ഇപ്പോൾ തന്നെ വനിതാ പോലീസിനെ വിളിക്കാം, ഒരു ബുദ്ധിമുട്ടും വരാതെ നോക്കാം, ഇവനെയൊക്കെ ഇന്ന്‌ തന്നെ അകത്താക്കേണ്ട കേസ്‌ അല്ലേ തുടങ്ങി ആത്മാർത്ഥയോടെ സംസാരിക്കുന്നത് കേട്ടപ്പോൾ ഞാൻ കേരളത്തിലെ സ്റ്റേഷനിൽ തന്നെ ആണോ ഇരിക്കുന്നത് എന്ന് തോന്നി പോയി!! ഫോൺ ചെയ്യാൻ വെളിയിലോട്ടിറങ്ങിയ ഞങ്ങളോട് ‘അയ്യോ പൊയ്‌കളയല്ലേ ‘എന്ന് CI പറഞ്ഞതോടെ പ്രതികൂല സാഹചര്യം പ്രതീക്ഷിച്ചു പോയ ഞാൻ അന്തിച്ചു ടിയാനെ ഒന്ന് കൂടി നോക്കി. ഞങ്ങൾ പുറത്തേക്കിറങ്ങി രണ്ട് മിനിറ്റ് കഴിഞ്ഞു ദാ ci ഓടി വരുന്നു. സംഭവ സ്ഥലം ഒന്ന് കൂടി പറയൂ. സ്റ്റേഷൻ പരിധി ഇവിടെ തന്നെ ആണോന്നു നോക്കട്ടെ. റോഡിന്റെ ഇരുവശവും രണ്ടു സ്റ്റേഷനുകളിൽ പെടുന്നതാണ്. Ci സ്ഥലം വരച്ചു കാണിച്ചു .അടുത്തുള്ള കെട്ടിടങ്ങളുടെ വിവരണം പരാതിക്കാരി നൽകി. കഷ്ടമായി പോയി അടുത്തുള്ള സ്റ്റേഷനിലാണ് സംഭവ സ്ഥലം എന്ന് പറഞ്ഞ് CI യുടെ മുഖം പെട്ടെന്ന് മ്ലാനമായി.

ഞാൻ ഒന്ന് DCP യോട് പറഞ്ഞേക്കാമെന്നു പറഞ്ഞു അകത്തു കയറി ഫോണെടുത്തു. DCP യെ ബുദ്ധിമുട്ടിപ്പിക്കണ്ടല്ലോ എന്ന് കരുതി ഫോൺ ചെയ്യുന്നത് ഞാൻ നിരുത്സാഹപ്പെടുത്തി.അടുത്ത ദിവസം മറ്റേ സ്റ്റേഷനിൽ ഞങ്ങൾ ഉറപ്പായും പൊയ്ക്കൊള്ളാം വെറുതെ ഇനി വിളിക്കണ്ട… ആര് കേൾക്കാൻ ? സർ, അടുത്ത സ്റ്റേഷനിലാണ് കൃത്യ സ്ഥലം വരിക അവർ നാളെ പോകാമെന്നു പറയുന്നു എന്ന് പറഞ്ഞതും ഫോൺ എന്റെ കയ്യിൽ തരാൻ DCP. ഫോണെടുത്ത എന്നോട് കടുത്ത ദേഷ്യത്തിൽ, മാഡം എന്തിനാണ് കേസെടുക്കുന്നത് കൂടുതൽ വൈകിപ്പിക്കുന്നത്? നിങ്ങളല്ലേ പരാതിയുമായി ഞങ്ങളുടെ അടുത്ത് വന്നത്, നിങ്ങൾ തന്നെ വൈകിപ്പിക്കുന്നത് എന്തിന് ? അല്ലെങ്കിൽ ഒരു കാര്യം ചെയ്യൂ FIR ഇവിടെ രജിസ്റ്റർ ചെയ്ത് മറ്റേ സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്ന് DCP. അത് ശരിയാകില്ല എന്നാൽ ഞങ്ങൾ ഇന്ന്‌ തന്നെ അടുത്ത സ്റ്റേഷനിൽ പൊയ്ക്കൊള്ളാമെന്നു ഞാനൊടുവിൽ സമ്മതിച്ചു .

ഫോൺ താഴെ വെച്ചപ്പോ ‘മാഡം ഈ പറഞ്ഞത് ഇങ്ങെഴുതി താ ‘എന്നായി CI. കേസെടുക്കാൻ ഞങ്ങൾ മടി കാണിച്ചു എന്ന് പരാതി പിന്നീട് പറയരുതല്ലോ. തുടർന്ന്, കേസ് ഇവിടെ രജിസ്റ്റർ ചെയ്യേണ്ടെന്നും ഞാൻ ബന്ധപ്പെട്ട സ്റ്റേഷനിൽ പൊക്കോളാമെന്നും എഴുതി കൊടുത്തു. ഞങ്ങളുടെ മുൻപിൽ വെച്ച് CI ബന്ധപ്പെട്ട സ്റ്റേഷനിലെ CI യെ വിളിച്ച് ഒരു സെൻസിറ്റീവ് പരാതി ഉണ്ട് ഇപ്പോൾ തന്നെ അവർ വരും സ്റ്റേഷനിൽ ഉണ്ടാകണമെന്നും അറിയിച്ചു. അടുത്ത ഓട്ടോയിൽ അങ്ങോട്ടേക്ക്. സമയം രാത്രി 8 മണി. CI സ്റ്റേഷനിൽ റെഡി. ദാ വരുന്നു DCP ഫോൺ. അവരവിടെ എത്തിയോ.. ഇപ്പോൾ എത്തി സർ. ഉടനടി വേണ്ടത് ചെയ്യാമെന്ന് മറുപടി. കൂടുതൽ എഴുതുന്നില്ല. ഒടുവിൽ 376 -ആം വകുപ്പുൾപ്പടെ 3 ശക്തമായ വകുപ്പുകളിട്ടു പ്രതിക്കെതിരെ കേസ്‌ രജിസ്റ്റർ ചെയ്തു.

പ്രതി കുറച്ച് ദിവസമായി അകത്താണ്. സാധാരണ ഗതിയിൽ ഇത്തരം പരാതികളുമായി ചെല്ലുന്നവരെ എങ്ങനെ നിരുത്സാഹപ്പെടുത്താം എന്നാലോചിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ആണ് ഇതുവരെ കണ്ടിട്ടുള്ളത്. അതിൽ നിന്നും ഒരു U ടേൺ മാറ്റമാണ് രണ്ടു സ്റ്റേഷനിലും ഞാൻ കണ്ടത്. അതുണ്ടാക്കിയ സന്തോഷം വിവരണാതീതം. ഇതിലെ പരാതിക്കാരി ബല്ല്യ കക്ഷി ആയിരിക്കും അത് കൊണ്ടുണ്ടായ പ്രതികരണമാകാം എന്ന് കരുതുകയേ വേണ്ട. അങ്ങനെ യാതൊരു ബാക്ഗ്രൗണ്ടും ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായ പരാതിക്കാരിക്കില്ല . രണ്ട് CI മാരോടും (പേരെഴുതേണ്ടതാണ് പക്ഷെ പരാതിയുടെ സ്വഭാവം കണക്കിലെടുത്ത് അതിന് മുതിരുന്നില്ല ) , DCP ആദിത്യ IPS നോടും വലിയ ആദരവ് തോന്നി. ജൻഡർ സെന്സിറ്റിവിറ്റിയുടെ കാര്യത്തിൽ എന്തോ ഒരു വലിയ മാറ്റം സേനക്കകത്തു നടക്കുന്നെണ്ടെന്നു തോന്നി. അതിൽ അകമഴിഞ്ഞ ആഹ്ലാദം രേഖപ്പെടുത്തുന്നു..എന്തായാലും, എന്നും എല്ലായിടത്തും ഇത്തരത്തിലുള്ള പോസിറ്റീവ് പ്രതികരണങ്ങൾ പോലീസിന്റെ ഭാഗത്ത്‌ നിന്നും സ്ത്രീകളോട് ഉണ്ടാകട്ടെ !!!

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.