അന്തരിച്ച നടി കല്പനയെ കുറിച്ച് അഡ്വ സംഗീത ലക്ഷ്മണ എഴുതിയ കുറിപ്പ് .
നടനരാജകുമാരിയും ദേശീയ ചലച്ചിത്ര ജേതാവുമായ കൽപന.കൽപനയുടെ വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് എന്നു പറയാവുന്ന ചില കേസുകളിൽ അവരുടെ എതിർഭാഗം അഭിഭാഷകയായിരുന്നു ഞാൻ. കൽപനയുടെ അഭിനയജീവിതത്തിലെ നേട്ടങ്ങളുടെ ഒരു വലിയ ആരാധികയായി ഞാൻ തുടരുമ്പോഴും കേസുകളുടെ ആവശ്യങ്ങൾക്ക് പലപ്പോഴായി പലവിധത്തിൽ കൽപനയ്ക്കെതിരെ ശക്തമായ കുറ്റാരോപണങ്ങൾ എന്റെ കക്ഷിയുടെ ഭാഗത്തു നിന്നുകൊണ്ട് എനിക്ക് ഉന്നയിക്കേണ്ടതായി വന്നിട്ടുണ്ട്. അതിരൂക്ഷമായ വാക്കുകൾ കൊണ്ട് ഞാൻ എന്ന അഭിഭാഷക, കൽപന എന്ന വ്യക്തിയെ വിമർശിച്ചിട്ടുണ്ട്.
എന്നാൽ മറ്റു പല കേസുകളിലെ എതിർഭാഗം കക്ഷികളെ പോലെ എന്നെ വ്യക്തിപരമായി അപമാനിക്കുകയോ അസഭ്യം പറയുകയോ അവഹേളിക്കുകയോ വേദനിപ്പിക്കുകയോ ഒരിക്കൽ പോലും ഒരു നോട്ടം കൊണ്ട് പോലും കൽപന ചെയ്തിട്ടില്ല. പകരം കോടതി വളപ്പിലും അല്ലാതെയുമൊക്കെ തമ്മിൽ നേരിട്ട് കണ്ടപ്പോഴൊക്കെ ഊഷ്മളമായ തുറന്ന പുഞ്ചിരിയോടെ മാത്രമേ കൽപന എന്നോട് സംസാരിച്ചിരുന്നുള്ളൂ. കൽപന സംസാരം തുടങ്ങുമ്പോൾ തന്നെ ചിരിച്ചു തുടങ്ങി പോവുന്ന എനിക്ക് പിന്നീട് പിന്നെയും പിന്നെയും ഓർമ്മിച്ചു ചിരിക്കാനായി എന്തെങ്കിലുമൊക്കെ പറഞ്ഞുവെച്ചതിനു ശേഷമാവും കൽപന സംഭാഷണം അവസാനിപ്പിക്കുക. വല്ലാത്ത ഒരു തരം positivity ചുറ്റും വാരി വിതറിയതിനു ശേഷമാവും കൽപന അവിടുന്ന് പോവുക. വളരെ intense ആയ ഒരു warmth നമുക്ക് പകർന്നു നല്കികൊണ്ടാവും അവർ നമ്മെ യാത്രയാക്കുക. എന്നും. എപ്പോഴും..
ദേശീയ ചലച്ചിത്ര അവാർഡ് നേടിയതിനു ശേഷം ആദ്യമായി കോടതിയിൽ വെച്ച് കൽപനയെ കണ്ടപ്പോൾ congratulate ചെയ്യാനായി കൈ നീട്ടിയ എന്നെ ചേർത്തു നിർത്തി ചെവിയിൽ കൽപന പറഞ്ഞത് ഇങ്ങനെയാണ്- “ജീവിതത്തിൽ അഭിനയിക്കാൻ അറിയാതെ പോയി സംഗീതാ.” കേസുകളുടെ വിവിധഘട്ടങ്ങളിൽ അവരുമായി interact ചെയ്തിരുന്ന കാലത്ത് കൽപന എന്ന വ്യക്തിയുടെ ഗുണഗണങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കേണ്ടത് എന്റെ ജോലിയുടെ ആവശ്യമായിരുന്നു എന്നത് ഞാൻ തിരിച്ചറിയുമ്പോഴും ഇന്നിപ്പോൾ കഴിഞ്ഞ 24 മണിക്കൂറിലധികമായി എന്റെ മനസ്സ് വിതുമ്പുന്നു. കൽപന എന്ന മഹാപ്രതിഭയെ, ശക്തമായ വ്യക്തിത്വത്തെ അറിയാനും ഇടപെഴകാനും എനിക്കായത് ഇങ്ങനെയൊക്കെയാണല്ലോ എന്ന്. പാതി മനസ്സാലെ ഞാൻ പുഞ്ചിരിച്ചപ്പോഴോക്കെ ആ മുഴുവൻ മനസ്സിന്റെ നനമയോടെയാണ് കൽപന എന്നെ നോക്കി കണ്ടിരുന്നത് എന്ന് ഞാൻ അറിയുന്നു..
My dear Kalpana, I am on my knees when I say this. May your soul rest in peace.