വായിക്കാതെ പോകുന്നത് ഒരു കൊലപാതകമാകും

100

അഡ്വ ശ്രീജിത്ത്‌ പെരുമന

വായിക്കാതെ പോകുന്നത് ഒരു കൊലപാതകമാകും

കേരളത്തിലെ ഒരിടത്തൊരു പെൺകുട്ടി നീന (യഥാർത്ഥ പേരല്ല )26 വയസ്സ്, മെഡിക്കൽ രംഗത്ത് ഡാങ്കേതിക മേഖലയിൽ ഉന്നത വിദ്യാഭ്യാസം.. ജോലി…, ഭർത്താവ്, 4 വയസ്സുള്ള മകൻ.വീട്ടിൽ അച്ഛൻ, അമ്മ, ഇളയ സഹോദരി, ഇളയ സഹോദരൻ.സഹോദരൻ ബി ടെക്കിൽ 86 ശതമാനം മാർക്കോടെ ബിരുദ്ധധാരി… ചെന്നൈയിൽ അന്താരാഷ്ട്ര കമ്പനിയിൽ ജോലി.,സഹോദരി ഡാങ്കേതിക മേഖലയിൽ ബിരുദ്ധധാരി.. ജോലി.നീന വിവാഹിതയും, 4 വയസുള്ള ആൺകുട്ടിയുടെ അമ്മയുമാണ്. കേരളത്തിലെ ഒരു നഗരത്തിൽ ആരോഗ്യ രംഗത്ത് ജോലി ചെയ്ത് സന്തോഷ കുടുംബ ജീവിതം നയിക്കുന്നു,

ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കാനായി നീന ട്രെയിനിൽ തമിഴ്‌നാട്ടിലേക്ക്.ഒരുമിച്ച് യാത്ര ചെയ്ത യാത്രക്കാരിൽ ഒരാളായ റോബർട്ട് (യഥാർത്ഥ പേരല്ല )നീനയെ പരിചയപ്പെടുന്നു.നീനയുടെ അതേ മേഖലയിൽ ജോലി ചെയ്യുന്ന സഹോദരി തനിക്കുണ്ടെന്നും ഉണ്ടെന്നും, ജോലി ലഭിക്കാൻ സഹായിക്കാമെന്നും റോബർട്ട് അറിയിക്കുന്നു. തുടർന്ന് നീനയുടെ ഫോൺ നമ്പർ കരസ്ഥമാക്കുന്നു.
ഇന്റർവ്യൂ കഴിഞ്ഞെത്തിയ നീനയെ റോബർട്ട് ഫോണിൽ വിളിക്കുകയും ജോലി ശരിയായിട്ടുണ്ട് സർട്ടിഫിക്കറ്റുമായി നഗരത്തിലെ ഒരു സ്ഥലത്ത് എത്തണമെന്നും ആവശ്യപെടുന്നു.

നീന മറ്റാരോടും പറയാതെ റോബെർട്ടിനെ കാണാൻ വാട്സാപ്പിലൂടെ അയച്ചു നൽകിയ സ്ഥലത്തേക്ക്.സർട്ടിഫിക്കറ്റ് പരിശോധിക്കാനും മറ്റും മറ്റൊരു സ്ഥലത്തേക്ക് പോകണമെന്ന് അറിയിച്ച ശേഷം കാറിലേക്ക് കയറാൻ ആവശ്യപ്പെട്ട് കാറിന്റെ വാതിൽ തുറന്ന നീനയുടെ മുഖത്തേക്ക് എരിവുള്ള എന്തോ സ്പ്രേ രൂപത്തിൽ വീഴുന്നു. കാറിൽ നിന്നിറങ്ങിയ നീനയ്ക്ക് അടുത്ത കടയിൽ നിന്നും തണുത്ത വെള്ളം വാങ്ങി നൽകുന്ന റോബർട്ട്‌.ചുമന്നു തുടുത്ത മുഖത്തേക്ക് വെള്ളം ഒഴിച്ചുകൊണ്ട് ആശ്വാസം തേടുന്ന നീന.എന്തോ കണ്ണിൽ വീണതാകാമെന്ന് പറഞ് ആശ്വസിപ്പിച്ച് നീനയെ കാറിൽ കയറ്റി വീടിന് സമാനമായ ഒരു റിസോർട്ടിൽ എത്തിക്കുന്നു.വഴിയിൽ വെച്ച് കണ്ണിൽ ഒഴിക്കാൻ മരുന്ന് മേടിക്കുന്നു.റൂമെടുത്ത ശേഷം സർട്ടിഫിക്കറ്റ് പരിശോധിക്കുന്ന വ്യാജേന കട്ടിലിൽ ഇരുത്തി ഫയൽ മാറ്റിവെച്ച് കണ്ണിൽ ഊതുന്നു.തുടർന്ന് കെട്ടിപ്പിടിച്ച് കട്ടിലിലേക്ക് മറിച്ചിടുകയും രണ്ട് കൈകൾ കൊണ്ടും ബലമായി പിടിച്ചുകൊണ്ട് വസ്ത്രങ്ങൾ അഴിക്കാനും ആരംഭിച്ചു. വിവസ്ത്രയാക്കി ബലാത്സംഗത്തിന് മുതിർന്നപ്പോഴാണ് അവൾക്ക് മെൻസസ് ആയിരുന്നുവെന്ന് അയാൾക്ക് മനസിലാകുന്നത് .തുടർന്ന് ലൈംഗിക ബന്ധത്തിന് മുതിരാതെ മേൽവസ്ത്രങ്ങൾ മാറ്റി ബലമായി ശാരീരിക ആക്രമണങ്ങൾ നടത്തുകയും, നീനയുമൊത്തുള്ള അർദ്ധ നഗ്ന ഫോട്ടോകൾ മൊബൈലിൽ പകർത്തുകയും ചെയുന്നു.ഒരുവേള ബലമായി ഫോൺ തട്ടിയെടുത്തു ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ നീന ശ്രമിച്ചെങ്കിലും അയാൾ സമ്മതിക്കുന്നില്ല..

തുടർന്ന് ഫോണിലെ ചിത്രങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയ ശേഷം നീനയെ നഗരത്തിൽ ഇറക്കി വിടുന്നു. തിരികെ വീട്ടിലേക്ക് പോകാതെ ഹോസ്റ്റലിലേക്ക് പോയ നീന മാനസികമായും ശാരീരികമായും തളരുന്നു.തന്നെ പൂർണ്ണ വിശ്വാസമുള്ള ഭർത്താവിനോടോ, ചെറിയ കാര്യങ്ങൾക്ക് പോലും ശാസിക്കുന്ന പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന അമ്മായമ്മയോടോ, കല്യാണം നോക്കുന്ന തന്റെ അനിയത്തിയോടോ, അന്യ നാട്ടിലുള്ള തന്റെ സഹോദരനോടോ, തന്നെ ഉറുമ്പു പോലും കടിക്കാതെ കാക്കുന്ന സ്വന്തം അമ്മയോടോ നടന്നതൊന്നും പറയാൻ പറ്റാത്ത സാഹചര്യം.അവൾ ഹോസ്റ്റലിൽ വിഷാദത്തോടെ കഴിയുന്നു.അടുത്ത ദിവസം മുതൽ റോബർട്ട് ഫോണിൽ വിളിക്കാൻ തുടങ്ങി.നഗ്ന ഫോട്ടോകൾ ബന്ധുക്കൾക്കും, ഭർത്താവിനും അയക്കുമെന്ന് ഭീഷണി.നീനയുടെ ഫോണിലേക്ക് അയാൾ പകർത്തിയ അവളുടെ നഗ്ന ഫോട്ടോകൾ അയച്ചു നൽകുന്നു.ഒരിക്കൽ കൂടി കാണാൻ വന്നാൽ ഫോട്ടോകൾ ഡിലീറ്റ് ചെയ്യുമെന്ന് റോബർട്ട്‌ അറിയിച്ചപ്പോൾ ആകെ തകർന്നിരിക്കുകയായിരുന്ന നീന അയാളെ കാണാനെത്തി.കാര്യങ്ങൾ അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകി വിശ്വാസ്യതയ്ക്കായി അവളെയും കൂട്ടി സമീപത്തെ ഒരു കോട്ടേജിലേക്ക്.അവിടെവെച്ച് നഗ്ന ദൃശ്യങ്ങൾ കാണിച്ച് ലൈംഗിക ബന്ധത്തിന് സഹകരിക്കണമെന്ന് ആക്രോശിച്ച് ഭീഷണി.തന്നോട് സഹകരിച്ചില്ലങ്കിൽ കുടുംബ ബന്ധങ്ങൾ തകർക്കുമെന്നും, സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഭീഷണി.ആകെ തകർന്ന നീന നിസ്സഹായയായി അയാളുടെ ലൈംഗിക ആക്രമണത്തിന് വിധേയയാകുന്നു.ആ ദൃശ്യങ്ങൾ റോബേർട്ട് മറ്റൊരു ക്യാമറിൽ പകർത്തുന്നുണ്ടായിരുന്നു. കൃത്യം നടത്തിയ ശേഷം റോബർട്ട് തന്റെ മൊബൈലിൽ നിന്നും പഴയ ദൃശ്യങ്ങൾ നീന കാൺകെ ഡിലീറ്റ് ചെയ്യുന്നു. ശാരീരികമായും, മാനസികമായും തകർന്ന നീന തന്റെ തകർച്ചയിലും കുടുംബം രക്ഷപെട്ട തെല്ലാശ്വാസത്തിൽ ഹോസ്റ്റലിലേക്ക് മടങ്ങി..

എന്നാൽ കൃത്യമായ ഗൂഡാലോചന നടത്തിയ റോബെർട്ട് വീണ്ടും നീനയെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമങ്ങൾ തുടർന്നു. തന്റെ നഗ്ന ചിത്രങ്ങൾ ഡിലീറ്റ് ചെയ്തല്ലോ എന്ന വിശ്വാസത്തിൽ ഇനിയും വഴങ്ങില്ലെന്ന് തീർത്തു പറഞ്ഞതോടെ റോബർട്ട് ഒളിക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ നീനയുടെ ഭർത്താവിന് വാട്സപ്പിൽ അയച്ചു നൽകി.തുടർന്ന്.., ഭർത്താവ് നീനയെ വീട്ടിൽ നിന്നും ഇറക്കി വിടുന്നു.വിവാഹ ബന്ധം വേർപ്പെടുത്താൻ നോട്ടീസ് അയക്കുന്നു.ഭർതൃ മാതാവ് പോലീസ് മേധാവിക് പരാതി നൽകുന്നു.ഈ സമയം റോബർട്ട് നീനയുമൊത്തുള്ള ദൃശ്യങ്ങൾ നാട്ടിലാകെ പ്രചരിപ്പിക്കുന്നു.ഫെയ്സ്ബുക്കിലും, വാട്സാപ്പിലും ഉൾപ്പെടെ നീനയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു.തന്റെ കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച നീന അതിൽ പരാജയപ്പെടുകയും കുടുംബത്തെ ആലോചിച്ച് സ്വന്തം വീടുപേക്ഷിച്ച് കുടുംബത്തോടൊപ്പം മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്യുന്നു. നീനയുടെ പിതാവ് ആത്മഹത്യ ചെയ്യുന്നു.അവിടെയും വില്ലനായെത്തിയ റോബർട്ട് മാറി മാറി താമസിക്കുന്ന വാടക വീടുകൾ കണ്ടെത്തുകയും വീട് ആക്രമിക്കുകയും ചെയുന്നു.

അങ്ങനെ പലായനം തുടർന്ന നീനയും കുടുംബവും അഞ്ചോളം സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിക്കുന്നു. എന്നാൽ ഈ ഘട്ടത്തിലൊക്കെ പോലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതികളിൽ യാതൊരു നടപടിയും പോലീസ് സ്വീകരിക്കുന്നില്ല. ഈ പരാതികളിലൊന്നും പോലീസ് കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചില്ല എന്നുമാത്രമല്ല “പ്രതിയുമായി സെറ്റിൽമെന്റ് നടത്തികൂടെ “എന്ന് ഇരകളായ നീനയോടും കുടുംബത്തോടും ചോദിക്കുകയായിരുന്നു. അപ്പോഴും റോബർട്ടിന്റെ ഭീഷണികളും ആക്രമങ്ങളും തുടർന്നു.വീണ്ടും അയാൾക്ക് വഴങ്ങാൻ തയ്യാറാകാത്ത നീനയെ റോബർട്ട് കാറിടിച്ച് കൊല്ലാൻ ശ്രമിക്കുന്നു.നാട്ടുകാർ ദൃസാക്ഷിയായ സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കുകയോ, പ്രതിയെ അറസ്റ്റ് ചെയ്യുകയോ ചെയ്യാതെ പോലീസ്.ഗതികെട്ട കുടുംബം പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും, കളക്റ്റർക്കും, വനിത കമ്മീഷനിലും, പോലീസ് മേധാവിക്കും, മനുഷ്യാവകാശ കമ്മീഷനിലും പരാതികൾ നൽകി.

ഒടുവിൽ മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് നടത്തിയ ഇടപെടലിനെ തുടർന്ന് കേസ് അന്വേഷണം ത്വരിതപ്പെടുത്തിയ പോലീസ് ഡൽഹിയിൽ വെച്ച് റോബർട്ടിനെ അറസ്റ്റ് ചെയുകയും 40 ദിവസം ജയിലിൽ റിമാൻഡ് ചെയുകയും ചെയ്തു.എന്നാൽ ജാമ്യം കിട്ടിയ റോബർട്ട് പൂർവാധികം വൈരാഗ്യത്തോടെ നീനയുടെ കുടുംബത്തെ തകർക്കുകയായിരുന്നു.ഡൽഹിയിൽ നിന്നും കൊണ്ടുവന്ന തോക്ക് നീനയെ വീഡിയോ കോളിൽ വിളിച്ചു കാണിക്കുകയും അതുപയോഗിച്ച് നീനയുടെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.ഇക്കാര്യം പോലീസിനെ അറിയിച്ചപ്പോൾ “തോക്ക് കാണിച്ചു കൊല്ലുമെന്ന് പറയുന്ന ആളുകൾ ഒന്നും ചെയ്യില്ല, അയാൾക്ക് വേണ്ട പണം നൽകി കേസ് തീർക്ക് കൊച്ചേ ” എന്ന മറുപടിയാണ് നീനയ്ക്ക് ലഭിച്ചത്.റോബെർട്ടിന്റെ ആക്രമണം തുടർന്നുകൊണ്ടേയിരുന്നു.നീനയെയും, സഹോദരിയെയും ആസിഡ് ഉപയോഗിച്ച് വികൃതമാക്കുമെന്ന് വാട്സാപ്പ് സ്റ്റാറ്റസ് ഇടുകയും തുടർന്ന് ആസിഡുമായി അന്നെ ദിവസം വീട്ടിൽ എത്തുകയും ചെയ്തു.വാട്സാപ്പ് സ്റ്റാറ്റസ് കണ്ട നീന ലൈറ്റുകൾ അണച്ച് വീട് പുറത്ത് നിന്ന് പൂട്ടി അകത്ത് ഒളിച്ചിരുന്നു.

ആസിഡുമായി വീട്ടിൽ എത്തിയ റോബെർട്ടിനെ നീന ജനാലയിലൂടെ കണ്ടു.എന്നാൽ വീട്ടിൽ ആളില്ല എന്ന ധാരണയിൽ പോർച്ചിലിരുന്ന നാല് വയസ്സുകാരൻ മകന്റെ കളിപ്പാട്ടങ്ങളും, സൈക്കിളും എടുത്ത് തല്ലിപൊളിക്കുകയും അടുത്ത പറമ്പിലേക്ക് എറിയുകയും ചെയ്തു. റോബെർട്ടിന്റെ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരുന്നു.നീനയുടെ സഹോദരിയുടെ വിവാഹ ആലോചനകൾ അറിഞ്ഞ റോബർട്ട്‌ ആലോചന നടത്തിയ ആളുകളുടെ വീടുകളിൽ ചെന്ന് നീനയുടെ നഗ്ന ഫോട്ടോകളും, വീഡിയോകളും കാണിച്ച് സഹോദരിയുടെ കല്യാണ ആലോചനകൾ നിരന്തരം മുടക്കി.ഇതറിഞ്ഞ സഹോദരി റോബെർട്ടിനെ ബന്ധപ്പെട്ടപ്പോൾ നീനയെ തനിക്ക് നൽകണമെന്നും അല്ലെങ്കിൽ കുടുംബത്തെ ഇല്ലാതാകുമെന്നും ഭീഷണിപ്പെടുത്തി.ഇതിനിടെ ചെന്നൈയിലുള്ള സഹോദരൻ നാട്ടിൽ വരികയും വിഷയം അറിയുകയും ചെയ്തത് മനസിലാക്കിയ റോബർട്ട് ചെന്നൈയിലെത്തി നീനയുടെ സഹോദരന്റെ പേരിൽ തന്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചു എന്നപേരിൽ വ്യാജ പരാതി നൽകുകയും നീനയുടെ സഹോദരനെ പൊലീസിന് വൻ തുക കൈക്കൂലി നൽകി ജയിലിലാകുകയും ചെയ്തു.

റോബർട്ട് തന്റെ ഭാര്യയെ ഉപയോഗിച്ച് നീനയുടെ സഹോദരനെതിരെ തമിഴ്‍നാട്ടിലും കർണ്ണാടകയിലും കേരളത്തിലും ഉൾപ്പെടെ നാലോളം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇതുമൂലം സഹോദരന്റെ ഉന്നത ജോലി നഷ്ടപ്പെടുകയും, സാഭാവങ്ങൾ അറിഞ്ഞ നീനയുടെ അമ്മ മാറാ രോഗിയാകുകയും ചെയ്തു. കല്യാണങ്ങൾ മുടങ്ങിയ സഹോദരി വിഷാദ രോഗത്തിലേക്കും മാറി. ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നതിന് മുൻപ് അവസാന ശ്രമം എന്ന നിലയിൽ പത്രസമ്മേളനം നടത്തി ഇക്കാര്യങ്ങളൊക്കെ വിളിച്ചു പറഞ്ഞെങ്കിലും റോബെർട്ടിന്റെ സ്വാധീനത്തിൽ വാർത്ത പത്രങ്ങളുടെ പ്രാദേശിക പേജിലെ ഒരു കോളത്തിൽ ഒതുങ്ങുകയായിരുന്നു.ഇന്നിപ്പോൾ ആത്മഹത്യയല്ലാതെ മറ്റ് വഴികൾ മുന്നിലില്ലാതെ ഈ കുടുംബം ഗതികെട്ടലയുകയാണ്.

വാൽ

കൊറോണയുടെ സംഹാര താണ്ഡവത്തിനിടയിലും സിനിമയുടെ മാസ്മരിക ലോകത്തിന്റെ അപ്രതീക്ഷിത വിളിയുമായി ഞാൻ കോട്ടയത്തെത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു.പ്രമുഖ സംവിധായകരും, അഭിനേതാക്കളും, സാങ്കേതിക ആർട്ടിസ്റ്റുകളും ഉൾപ്പെടെ കൂലംകഷമായ ചർച്ചകൾ നടക്കുന്നതിനിടെ വിഷമങ്ങളും, പ്രയാസങ്ങളും, കേസുകളുമായി ഒട്ടനവധി ആളുകൾ സന്ദർശിക്കാറുണ്ട്. അതിനിടെ ഇന്ന് എന്നെ കാണാനെത്തിയ നീനയും, സഹോദരനും പറഞ്ഞ ഈ കഥയുടെ ഞെട്ടലിൽ നിന്നും ഇപ്പോഴും ഞാൻ മുക്തനായിട്ടില്ല. ജീവനും, ജീവിതത്തിനും വേണ്ടി കേണപേക്ഷിക്കുന്ന ആ സഹോദരിക്കും സഹോദരനും മുൻപിൽ തുടർച്ചയായി 4 മണിക്കൂറുകളാണ് സ്തംഭിച്ചു നിൽക്കേണ്ടി വന്നത്. ആശ്വസിപ്പിക്കാനോ, സഹായഹസ്തം നൽകാനോ വാക്കുകളോ, മാർഗ്ഗങ്ങളോ ഇല്ലാതെ വന്ന നിമിഷങ്ങൾ.പഠിച്ച നിയമപാഠങ്ങൾ ഒരു നിമിഷം കൊണ്ട് അപ്രസക്തമായ മനസികാവസ്ഥയിലായിരുന്നു എന്നിലെ അഭിഭാഷകൻ.സിനിമാക്കഥ കേൾക്കാനെത്തിയെ എനിക്ക് ഇനിയും ഈ യാഥാർഥ്യ കഥയോട് പൊരുത്തപ്പെടാനായിട്ടില്ല.

എന്റെ ശ്വാസം അവശേഷിക്കും വരെ നിങ്ങൾ ജീവിച്ചിരിക്കും എന്ന ഉറപ്പ് നൽകി അവരെ തിരികെ യാത്രയാകുമ്പോൾ മനുഷ്യത്വത്തിന്റെ ഉറവ വറ്റാത്ത കേരള സമൂഹമായിരുന്നു മനസിലെ ശക്തി. നിങ്ങൾ പറയുന്ന ഏത് നിമിഷവും സമൂഹ മധ്യത്തിൽ വരാനും, നിങ്ങളോട് ഇക്കാര്യങ്ങൾ ഏറ്റു പറയാനും നീനയും കുടുംബവും തയാറാണ്. ഈ ദുരന്ത കഥയിലെ ഒരു ഭാഗം പോലും മറയ്ക്കാതെ. ചരമ പേജിലെ രണ്ട് കോളം പത്രവാർത്ത ഷെയർ ചെയ്ത് ഹാഷ്ടാഗുകൾ ഇട്ടുകൊണ്ട് നീതിക്കായി മുറവിളി കൂട്ടുന്ന സമൂഹത്തിനോട് പറയട്ടെ, നീനയും കുടുംബവും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് .., ഇപ്പോഴാണ് നീതി വേണ്ടത്.