നീതിയല്ലിത്; ആൾക്കൂട്ടത്തിന്റെ ഇരട്ടത്താപ്പ് ; മറുപടിയുണ്ടോ നിങ്ങൾക്ക് ?

237

Sreejith Perumana

ഹൈദരാബാദ് കേസിലെ പ്രതികളെ വിചാരണയില്ലാതെ വെടിവെച്ചു കൊന്ന വാർത്ത കേട്ട് ഗർഭം കലക്കി പൊട്ടിച്ചാഘോഷിക്കുന്നവരോട്… ; ആ നാല് കുറ്റവാളികളേക്കാൾ എന്നെ ഭയപ്പെടുത്തുന്നത് നിങ്ങളാണ് !

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന തത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യയിലെ നിയമവാഴ്ചയിൽ സംശയാതീതമായി ഒരു പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ അയാൾ നിരപരാധിയാണ്. ഭൗതിക സ്വാധീനങ്ങൾക്ക് അടിമപ്പെടാതെ നീതിന്യായ കോടതികളിൽ നടക്കുന്ന വിചാരണകൾ പൂർണ്ണമായും കോടതി മുൻപാകെ സമർപ്പിക്കപ്പെടുന്ന തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ മാത്രമായിരിക്കണം വിധി പറയുന്നത്. വികാരങ്ങൾക്കോ വിചാരങ്ങൾക്കോ മുൻവിധികൾക്കോ ക്രിമിനൽ കുറ്റ വിചാരണകളിലോ, പോലീസ് അന്വേഷണങ്ങളോ യാതൊരു സ്ഥാനവും ഇല്ല.

കൊലപാതകിയെ കൊല്ലുന്ന രാജ്യവും കൊലയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ആരുടെയും ജീവനെടുക്കരുത് .

തെറ്റു ചെയ്തവർക്ക് പരമാവധി ശിക്ഷ നൽകണം. മറ്റേതൊരു പൗരനും ബാധകമായ എല്ലാ നടപടികളും എത്ര ഉന്നതാനായാലും ബാധകമാണ്…ബാധകമാക്കണം സംശയം വേണ്ട ! അതിനി ശ്രീരാമാനയാലും ദേവെന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടര് ആയാലും.

പക്ഷെ അതിനു ചില നിയമപരമായ രീതികളൊക്കെ ഉണ്ട്. പോലീസിന്റെ വ്യാജ ഏറ്റുമുട്ടലും , ആൾക്കൂട്ട ആക്രമണവും, സദാചാര ആക്രമണവും വേണ്ട.

ഒരു കുറ്റാന്വേഷണവുമായ് ബന്ധപ്പെട്ട നടക്കുന്ന സാധാരണ നടപടിക്രമം മാത്രമാണ് അറസ്റ്റ് എന്നത്. അതിലേറെ സാധാരണമായ നടപടിയാണ് ജുഡീഷ്യൽ കസ്റ്റഡിയിലേക്കോ പോലീസ് കസ്റ്റഡിയിലേക്കോ ഒരാളെ റിമാൻഡ് ചെയ്യുക എന്നത്. തെളിവെടുപ്പിന് കൊണ്ടുപോയ സമയത്ത് പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചു എന്ന പേരിൽ വെടിവെച്ചു കൊള്ളുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.

എന്നാൽ അന്വേഷണം നടത്തുക , കടുകുമണിയോളം ഇഴകീറി ന്യായാന്യായങ്ങൾ പരിശോധിച്ചു വിചാരണ ചെയ്തു വിധി പ്രസ്താവം നടത്തുക എന്നതാണ് ആ കുറ്റത്തിന്റെയും കുറ്റവാളിയുടെയും ഗതിവിഗതികൾ തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ വിചാരണ തുടങ്ങുന്നതിനും മുൻപ് കേവലം അന്വേഷണ ഘട്ടത്തിൽ മാത്രം നിൽക്കുന്ന ഒരു കേസിലെ പ്രതികളെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ കുറ്റക്കാരനായി പ്രഖ്യാപിച്ച് അന്വേഷണം പോലും നടത്താതെ അന്ത്യകൂദാശനടത്തുന്നത് നിയമവാഴ്ചയും ജനാധിപത്യവും നിലനിൽക്കുന്ന ഒരു നാടിനും ഒട്ടും ഭൂഷണമല്ല.

ഗൾഫ് രാജ്യങ്ങളിലെ ശരീഅത്ത് നിയമങ്ങൾ അനുശാസിക്കുവിധം നമ്മുടെ രാജ്യത്തും കുറ്റവാളികളെ തലയറുത്ത് കൊല്ലണമെന്നും പൊതുസ്ഥലത്ത് തൂക്കിലേറ്റണമെന്നും , കല്ലെറിഞ്ഞു കൊല്ലണം എന്നും പറയുന്ന ഒരു വലിയ സമൂഹം വൈകാരികമായ മാത്രമാണ് ഇത്തരം സംഭവങ്ങളെ സമീപിക്കുന്നത്. പ്രാകൃതമായ മേൽ സൂചിപ്പിച്ച ശിക്ഷാ രീതികൾ നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങൾ വധശിക്ഷ നിരോധിച്ച രാജ്യങ്ങളെക്കാൾ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മുൻപിൽ നിക്കുന്നു എന്ന വസ്തുത ഇത്തരം ആളുകൾ മനസിലാക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

നാളെ ഒരിക്കൽ ഞാനും നിങ്ങളും ഒരു വ്യാജ ക്രിമിനൽ കേസിൽ പെട്ടേക്കാം ; പൊതുബോധം അന്നുമുണ്ടാകും ; വിചാരണയില്ലാതെ വെടിവെച്ചുകൊല്ലാൻ അവർ ആക്രോശിക്കും ഭരണകൂടവും പോലീസും അത് നടപ്പിലാക്കും… അങ്ങനെയേ ആൾക്കൂട്ട ആഘോഷ കമ്മറ്റിക്കാർക്ക് മനസിലാകൂ വിചാരണയുടെയും, നിയമവാഴ്ചയുടെയും പ്രാധാന്യം.

അന്വേഷണം പോലുമില്ലാതെ നാല് ആളുകളെ അവർ തന്നെ പിടിച്ചു , പ്രതികളാണെന്ന് അവര് തന്നെ പറഞ്ഞു ; അവര് തന്നെ വെടിവെച്ചു കൊന്നു; ഹൈദരാബാദിലെ കൊലയാളി പോലീസും അരി കട്ടെടുത്തു എന്ന പേരിൽ അട്ടപ്പാടിയിലെ മധുവിനെ കൊന്ന ആൾക്കൂട്ടവും തമ്മിൽ ഒരു യൂണിഫോമിന്റെ ദൂരമേയുള്ളൂ.

നമുക്ക് അൽപ സ്വല്പം വൈരാഗ്യമുള്ളവന്റെ പേരിൽ ഒരു ബലാത്സംഗ കേസോ, പെൺവാണിഭ കേസോ അങ്ങ് പരത്തണം., ശേഷം സോഷ്യൽ മീഡിയയിൽ ശ്രദ്ധ കിട്ടുന്നരീതിയിൽ ഒരു സഹതാപ പോസ്റ്റിട്ട വൈറലാക്കണം. നാല് കവലകളിൽ മെഴുകുതിരി കത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുക.

നന്നായൊന്നു വൈറലായി വരുമ്പോൾ പോലീസ് കേസെടുത്ത് വെടിവെച്ചു കൊന്നോളും. അപ്പൊ പിന്നെ ഗർഭം കലക്കി പൊട്ടിക്കലായി, ബഹളമായി , കയ്യടിയായി, സന്തോഷ പ്രകടനങ്ങളായി..അങ്ങനെ അർമാദിക്കണം നമ്മൾക്ക്. നിങ്ങൾക്കും പരീക്ഷിക്കാം.

ഇതിലും മൃഗീയമായി ഒരു പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം വാഹനാപകടം ഉണ്ടാക്കി ഇരയെ ജീച്ഛവമാക്കിയതിനു പോലീസ് കേസെടുത്ത ഒരു എഎംഎൽഎയുണ്ടല്ലോ ? മുൻ മന്ത്രിയുണ്ടല്ലോ? ബലാത്സംഗവും കൊലപാതകവും ചെയ്ത എണ്ണിയാലൊടങ്ങാത്ത പണച്ചാക്കുകളും, രാഷ്ട്രീയ നേതാക്കളുമുണ്ടല്ലോ നാട്ടിൽ ? തീവ്രവാദ ആക്രമണം നടത്തി നിരപരാധികളായ ജനങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലെ ഒന്നാം പ്രതിയുണ്ടല്ലോ ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിനുള്ളിൽ ?

അവരുടെ നേർക്ക് വെടിയുണ്ട പോയിട്ട്, ഒന്ന് മുഖത്ത് നോക്കി കണ്ണുരുട്ടാനുള്ള നട്ടെല്ലുണ്ടോ പോലീസിനും, ഗർഭം കലക്കി പൊട്ടിക്കുന്ന ആൾക്കൂട്ടത്തിനും ?

ഹൈദരാബാദ് കൊലപാത കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികൾ യഥാർത്ഥ പ്രതികളാണെന്ന് കണ്ടെത്തിയിട്ടില്ല, കൂടുതൽ പ്രതികൾ ഉണ്ടോ എന്നറിയില്ല, പ്രാഥമിക അന്വേഷണമോ തെളിവെടുപ്പോ നടന്നിട്ടില്ല,
കേവലം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി എന്ന കുറ്റം മാത്രമേ പ്രതികൾക്കെതിരെ തെളിയിക്കാൻ സാധിക്കുകയുള്ളൂ.

പ്രതികൾ ദരിദ്രരായതുകൊണ്ട് തെളിവെടുപ്പിനെത്തിച്ചപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു എന്ന കള്ള കഥയുണ്ടാക്കി പോയന്റ് ബ്ളാങ്കിൽ വെടിവെച്ചു കൊന്നു. പണവും സ്വാധീനവും ഉള്ള ഉന്നതരാണെങ്കിലോ ??? ദരിദ്രന് ഒരു നീതി സ്വാധീനമുള്ളവർക്ക് മറ്റൊരു നീതി ?

ഇരയെ യഥാർത്ഥത്തിൽ ആക്രമിച്ചതും കൊലപ്പെടുത്തിയതും ഏതെങ്കിലും സ്വാധീനമുള്ള ആളുകളാകുകയും, സമീപത്തുണ്ടായിരുന്ന ട്രക്കിലെ ജോലിക്കാരായ സാധാരണക്കാരെ പ്രതികളാക്കുകയും ചെയ്തതാണെങ്കിലോ ? പ്രതികൾക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയാക്കപ്പെടുമ്പോൾ ഉന്നതരുടെ പങ്ക് ഉണ്ടാകുമായിരുന്നെങ്കിലോ ?

ഈ സംഭവത്തിൽ യഥാർത്ഥത്തിൽ പങ്കുള്ള ആളുകൾ പോലീസിനെ സ്വാധീനിച്ച് ഇപ്പോൾ അറസ്റ്റ് ചെയ്തവരെ വെടിവെച്ചു കൊല്ലാനായി സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലോ ? പ്രതികളിലാരെങ്കിലും നിരപരാധിയായിരുന്നെങ്കിലോ ?

രാഷ്ട്രത്തിന്റെയും, മനുഷ്യ മനസ്സുകളുടെയും മനസാക്ഷിയെ ഞെട്ടിച്ച ഒരു ക്രൂര കൊലപാതകത്തിന്റെ പിന്നിലുള്ള യാഥാർഥ്യങ്ങൾ ഇനിയൊരിക്കലും പുറത്തുവരാതെ കുഴിച്ചു മൂടപ്പെട്ടില്ലേ ? കേവലം പൊലീസിന് മുൻപിൽ പ്രതികൾ നടത്തിയ കുറ്റസമ്മതമൊഴിയും , പോലീസും പറയുന്നത് മാത്രം ഇത്രകണ്ട് വലിയ ജുഡീഷ്യൽ സംവിധാനങ്ങളുള്ള രാജ്യത്തെ ജനങ്ങൾക്ക് വിശ്വസിക്കേണ്ടി വരുന്നത് എത്ര പരിതാപകരമാണ് ?

നിയമ വാഴ്ച നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്തു നിയമപരമായ പ്രോസസ്സുകളിലൂടെയല്ലാതെ എങ്ങനെ ഒരു മനുഷ്യനെ കൊലപ്പെടുത്താൻ സാധിക്കും ?

വധശിക്ഷ നല്കുകയാണെങ്കില്പോലും കൃത്യമായ വിചാരണയും നടപടികളും പൂർത്തിയാക്കേണ്ടതും അതിനനുസൃതമായി ജുഡീഷ്യൽ റിവ്യൂകൾ പോലും നടത്താൻ അവകാശമുള്ള രാജ്യത്തു എങ്ങനെനാല് മനുഷ്യരെ അവർ കൊലപാതക കേസിലെ പ്രതികളാണെങ്കിൽ പോലും പച്ചയ്ക്ക് വെടി വച്ചു കൊല്ലാൻ ഭരണകൂടങ്ങൾക്കോ പോലീസിനോ സാധിക്കും ?

ഇസ്രത് ജഹാൻ കേസിലും സൊഹ്റാബുദീൻ ഷേഖ് കേസിലും ഏറ്റവും ഒടുവിൽ ഭോപാൽ കേസിലും ഒളിഞ്ഞിരുന്ന വ്യാജ ഏറ്റുമുട്ടൽ കഥകൾ നമുക്കെങ്ങനെ മറക്കാനാകും ?

Prakash Kadam and Ors. V. Ramprasad Vishwanath Gupta and Anr. കേസിൽ സുപ്രീം കോടതി അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട് ഏറ്റുമുട്ടലുകളിൽ പ്രതികളെന്ന് സംശയിക്കുന്നവരെയോ പ്രതികളെ തന്നെയോ കൊല്ലുന്നതിനു പൊലീസിന് അധികാരമില്ല എന്ന്. മാത്രവുമല്ല അത്തരം ഏറ്റുമുട്ടലുകൾമറ്റേതു കൊലപാതങ്ങൾപോലെ തന്നെ കൊലപാതകങ്ങളാണെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നു.

Satyavir Singh Rathi, Assistant Commissioner of Police and Ors. V. State through Central Bureau of Investigation കേസിൽ ശരിയായ ഉദ്ദേശത്തിൽ നടത്തിയ ഏറ്റുമുട്ടലാണെങ്കിൽ പോലും കൊലക്കുറ്റത്തിന് പോലീസിനെതിരെ കേസെടുക്കാനും വിചാരണ ചെയ്യാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

D.K. Basu v. State of West Bengal കേസിൽ പോലീസ് സേനകൾ നടത്തുന്ന ഏറ്റുമുട്ടലുകൾ മനുഷ്യത്വ പരമായിരിക്കണം എന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി.

അതുകൊണ്ടുതന്നെ വിചാരണയ്ക്ക് വിട്ടു നൽകാതെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ പ്രതികളെ കൊന്നൊടുക്കുന്നത് ആഘോഷമാക്കുന്നത് ആത്മഹത്യാപരമാണ് എന്ന് പറയാതെ വയ്യ.

ഒരു പ്രതിയെയും കായികമായി നേരിടാനുള്ള അധികാരമില്ലാതിരുന്നിട്ടും ഉരുട്ടി കൊലയും, ലോക്കപ്പ് മർദ്ദന കൊലയും, പോലീസ് കസ്റ്റഡി കൊലയും ഓരോ മണിക്കൂറിലും നടക്കുന്ന രാജ്യമാണ് നമ്മുടേത് എന്ന ബോധം ആഘോഷകമ്മറ്റിക്കുണ്ടാകണം. ബലാത്സംഗമോ, കൊലപാതകമോ ആരോപിച്ച ഏതൊരാളെയും കല്ലെറിഞ്ഞു കൊല്ലാനോ, വെടിവെച്ചു കൊല്ലാനോ പൊലീസിന് പൊതുജനം കൽപ്പിച്ചു നൽകുന്ന ഈ സദാചാര അധികാരമുണ്ടല്ലോ അതൊരു ഇരുതല മൂർച്ചയുള്ള വാളാണ്. ഇന്ന് ഞാൻ നാളെ നീ.

ഹൈദരാബാദ് കേസിലെ പ്രതികൾ എന്റെ കുഞ്ഞാമന്റെ മക്കളായതുകൊണ്ടല്ല ഈ ആശങ്കയും , അമ്പരപ്പും ഉണ്ടായത്. മറിച്ച് വികാരം ഉയർന്നപ്പോൾ കിഡ്നികൊണ്ട് ചിന്തിക്കാതെ വിവേകത്തോടെ തലച്ചോറുകൊണ്ട് ചിന്തിച്ചതിനാലാണ് ..