ഇവൾ എനിക്ക് എന്നും സുന്ദരി ആണ്, ഇവൾ കൂടെ ഉള്ളപ്പോൾ മാത്രമെ എന്റെ ജീവിതവും സുന്ദരമാകൂ

0
258

പ്രായം പ്രണയത്തെ തളർത്തുന്നില്ല. അതെന്നും അനുസ്യൂതം ഒഴുകുന്നു. ആത്മാർത്ഥമായിപ്രണയിക്കുകയാണെങ്കിൽ ആ ജീവിതം അത്രത്തോളം അര്ഥമുള്ളതാകും. വിരസത ജീവിതത്തിൽ ഇണ്ടാകില്ല. പ്രണയം നമ്മെ എന്നും യുവത്വമുള്ള മനസോടെ ജീവിക്കാൻ പ്രേരിപ്പിക്കും. അദൃശ്യമായ കണ്ണികൾ കൊണ്ട് അത് ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നു. അതെ, പ്രണയം നഷ്ടപ്പെടുമ്പോൾ ജീവിതവും നഷ്ടപ്പെടുന്നു. പിന്നെ യാന്ത്രികമായ പ്രവർത്തനകളുടെ ഒരു വേദി മാത്രം. Adv Soumya Issacന്റെ മനോഹരമായൊരു കുറിപ്പ്.

ഭാഗ്യം❤️❤️

ആ വിവാഹവേദിയിൽ എന്റെ കണ്ണുകൾ കൂടുതൽ ചിലവഴിച്ചതു അവരിലേക്ക് ആണ് ആ വൃദ്ധദമ്പതികളിലേക്കു. കാരണം മറ്റൊന്നും അല്ല അവരുടെ പരസ്പരം ഉള്ള കരുതൽ തന്നെ. ഞാൻ അവരെ തന്നെ ശ്രദ്ധിച്ചു ഇരുന്നു. പരസ്പരം എന്തൊക്കെയോ പറഞ്ഞും ചുറ്റും നോക്കിയും അവർ ആ വിവാഹവേദിയിൽ ഇരുന്നു.

“കുറച്ചു മുല്ലപ്പൂവ് കിട്ടാൻ വല്ല വഴിയും ഉണ്ടോ? “ആ വൃദ്ധ അവരുടെ ഭർത്താവിനോട്‌ പതുക്കെ ചോദിച്ചു. അദ്ദേഹം ചുറ്റും ഒന്ന് നോക്കി.

“ഇവിടെ പുറത്തു ഒരു മുല്ലപ്പൂ കട കണ്ടായിരുന്നു… തനിക്ക് അപ്പോൾ ചോദിക്കാൻ പാടില്ലായിരുന്നോ സരോ….ഇനിയിപ്പോ എന്താ ചെയ്യാ “എന്ന് അദ്ദേഹം പറയുന്നത് കേട്ട് ഞാൻ ഇരുന്നു. അവിടെ വിവാഹത്തിന് എത്തിയ എല്ലാ സ്ത്രീകളും മുടിയിൽ മുല്ലപ്പൂ വെച്ചിട്ടുണ്ട്. അവർ എല്ലാവരെയും നോക്കി ഇരുന്നു. ആളുകൾക്ക് ഇടയിലൂടെ ആ വൃദ്ധൻ നടന്നു പുറത്തേക്കു പോയി. കുറച്ചു നേരം കഴിഞ്ഞു കൈയിൽ ഒരു മുഴം മുല്ലപ്പൂവുമായി അദ്ദേഹം ചിരിച്ചു കൊണ്ടു വരുന്നത് കണ്ടു എനിക്ക് അത്ഭുതം തോന്നി. ആ സ്ത്രീ എത്ര ഭാഗ്യവതി ആണെന്ന് എനിക്ക് തോന്നി. പരസ്പരം എന്തോ പറഞ്ഞു അവർ ചിരിച്ചു. അദ്ദേഹം അവരുടെ നരകൾ വീണ മുടിയിഴകളിൽ ആ മുല്ലപ്പൂവ് വെച്ചു കൊടുത്തു. ഞാൻ അത് കണ്ടിരുന്നു.
“ഇപ്പോൾ അമ്മ കൂടുതൽ സുന്ദരി ആയല്ലേ? “എന്ന് ഞാൻ അവിടെ ഇരുന്നു പറഞ്ഞതും അവർ രണ്ടാളും ചിരിച്ചു.

“ഇവൾ എനിക്ക് എന്നും സുന്ദരി ആണ്…. ഇവൾ കൂടെ ഉള്ളപ്പോൾ മാത്രമെ എന്റെ ജീവിതവും സുന്ദരമാകൂ….”എന്ന് അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു. വിവാഹം കഴിഞ്ഞു ഊണ് കഴിഞ്ഞു അവർ രണ്ടാളും നടന്നു പോകുന്നത് നോക്കി ഞാൻ നിന്നു. ജീവിതത്തിലെ ഏറ്റവും വല്യ ഭാഗ്യം സ്നേഹമുള്ള ഒരു മനസ്സ് ഉള്ളത് ആണെന്ന് എനിക്ക് തോന്നി. സ്നേഹവും വിശ്വസ്തതയും ഇല്ലെങ്കിൽ ഒന്നുമില്ല.സ്നേഹിക്കാൻ മാത്രം അറിയുന്ന മനസ്സ് ഉണ്ടേൽ ജീവിതം സുന്ദരം ആണ്.