ആ അമ്മയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ ശരിയും മാറി നിന്ന് ചിന്തിക്കുമ്പോൾ തെറ്റുമാണ് നാളെ നടപ്പിലാക്കാൻ പോകുന്ന വിധി

70

ADv Sreeja Suseela

നാളെ മാർച്ച് 20. നിർഭയ കേസിലെ വിധി നടപ്പാകുന്നു. ആ അമ്മയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ ശരിയും മാറി നിന്ന് ചിന്തിക്കുമ്പോൾ പരിപൂർണ്ണമായും തെറ്റുമാണ് നാളെ നടപ്പിലാക്കാൻ പോകുന്ന വിധി. എന്തുകൊണ്ടെന്നാൽ കൊലപാതകം ആരുചെയ്താലും കൊലപാതകം തന്നെ. അത് രാജ്യമായാലും പൗരനായാലും.കൊല്ലപ്പെടാൻ പോകുന്നവന്റെ മനുഷ്യാവകാശത്തെ പറ്റിയില്ല ഈ പോസ്റ്റ്. മറ്റൊരാളിന്റെ മനുഷ്യാവകാശങ്ങൾക്ക് നേരെ മുഖം തിരിക്കുന്നവന് മാത്രമായി അത്തരം അവകാശങ്ങൾ ഒന്നും ഇല്ല തന്നെ. പറഞ്ഞുവരുന്നത് പ്രാകൃതമായ ഒരു ശിക്ഷാവിധിയെ പറ്റി മാത്രമാണ്.അതുകൊണ്ട് ഇവിടെ പുതുതായി ഒന്നും സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യുകയുമില്ല.നാളെ നടപ്പിലാക്കപ്പെടുന്ന വിധികൊണ്ട് ഇവിടത്തെ പെണ്കുട്ടികള്ക്ക് യാതൊരു സുരക്ഷയും ലഭിക്കുന്നില്ല.അമ്മമാരുടെ കണ്ണീർ വറ്റുന്നില്ല. കൊലപാതകങ്ങളും ബലാല്സംഗങ്ങളും അസ്തമിക്കാൻ പോകുന്നില്ല.ഇപ്പോഴും വീടുകളിലും തൊഴിലിടങ്ങളിലും ഉൾപ്പടെ ഒരു സ്ത്രീ എത്തിപ്പെടാൻ സാധ്യതയുള്ള എല്ലാവഴികളിലും ഇത്തരം അപകടങ്ങൾ വേട്ടനായയുടെ ക്രൗര്യത്തോടെ ഒളിച്ചിരിക്കുന്നുണ്ട്. സൗമ്യ മുതൽ ജിഷവരെ എത്രയോ പേരുടെ കൊലയാളികൾ ഇപ്പോഴും നമ്മുടെ രാജ്യത്ത് സസുഖം വിലസുകയാണ്. ഇത്തരം വസ്തുതകളെല്ലാം വിരൽ ചൂണ്ടുന്നത് നമ്മുടെ നിയമസംവിധാനത്തിന് നേരെയാണ്. ഇപ്പോഴും നാമനുവർത്തിക്കുന്ന പഴഞ്ചൻ നിയമങ്ങൾ കാലാനുസൃതമായി തിരുത്തിയെഴുതപ്പെടേണ്ടത് അത്യാവശ്യമാണ്.ഇത്തരം കുറ്റവാളികൾക്ക് വധശിക്ഷ ഒഴിവാക്കുകയും അതിലും കഠിനമായ ശിക്ഷകൾ കൊടുക്കുകയും വേണം .ജീവപര്യന്തം എന്നുപറഞ്ഞു ജയിലിൽ ഇട്ട് തീറ്റിപോറ്റുന്ന കാര്യമല്ല പറയുന്നത്. ഒരിക്കലും പുറത്തിറങ്ങാൻ കഴിയാതെ ജയിലിൽ തന്നെ ഒടുങ്ങണം ഇമ്മാതിരി നീചജന്മങ്ങൾ. നിർഭയ എന്ന് വിളിപ്പേരിട്ട് വിളിക്കുമ്പോൾ ആലോചിക്കണം ,.ആ പെണ്കുട്ടി എത്രമാത്രം ഭയക്കുകയും നിലവിളിക്കുകയും വേദനകൊണ്ട് പിടയുകയും ചെയ്തിട്ടുണ്ടാവണം ആ നിമിഷങ്ങളിൽ.. സ്വന്തമായി അവൾക്കൊരു പേരുണ്ടായിരുന്നു… 2012 ഡിസംബർ 26 രാത്രി വരെ.. എന്തിനാണ് ഇമ്മാതിരി പ്രഹസനങ്ങൾ. നിർഭയ എന്ന പെണ്കുട്ടിയുടെ അമ്മ ജയിച്ചു. അവരുടെ പ്രതീക്ഷയായിരുന്ന, ഏകമകൾ, രണ്ട് സഹോദരന്മാരുടെ ഏക സഹോദരി.. നഷ്ടപ്പെടുന്നവന്റെ വേദന അളന്നെടുക്കാൻ ആവില്ല.എന്നിട്ടും തളരാതെ ,വീറോടെ നടത്തിയ അവരുടെ നിയമപോരാട്ടങ്ങൾ..ആ അമ്മ ജയിച്ചു. പക്ഷെ ഓർക്കുക, അപ്പോഴും അതിലൊരാൾ (ഏറ്റവും ക്രൂരത പ്രവർത്തിച്ചവൻ) പ്രായപൂർത്തിയാവാത്ത ബാലനായി പുറത്തു വിലസുകയാണ്. . ഇത്തരം നിയമസംവിധാനത്തിൽ ഏത് ഒരു പൗരനാണ് വിശ്വാസമർപ്പിക്കുവാനാവുക..?