അടയ്ക്കാ രാജുവിന്റെ വിശുദ്ധവത്കരണം അയാൾക്ക് തന്നെ ദോഷമാകും !

136

അഡ്വ ശ്രീജിത്ത് പെരുമന

അടക്കാ രാജുവിനെ, നെന്മ മെരമാക്കി വെടക്കാക്കുന്ന ആൾക്കൂട്ടങ്ങൾ ❗️

അടക്കാ രാജുവിന്റെ ഉന്നതമായ നീതിബോധത്തിനും മാനവികതയ്ക്കും മുന്നിൽ ശിരസ്സ് നമിക്കുന്നു ; എന്നാൽ നെന്മ മെരമായി പ്രഖ്യാപിച്ചുള്ള വിഗ്രഹവത്കരണവും, പണപ്പിരിവും, മോഷണത്തെ സാമാന്യവത്കരിക്കുന്നതുമായ ആൾക്കൂട്ട ആഭാസങ്ങൾ അംഗീകരിക്കാനാകില്ല.കഞ്ചാവടിച്ച് വെളുപ്പിന് മോഷണത്തിനായി ഇറങ്ങിയ അടക്ക രാജു എന്ന മനുഷ്യൻ താൻ ദൃത്സാക്ഷിയാകേണ്ടി വന്ന ഒരു അറുംകൊലയുടെ വിവരങ്ങൾ മറ്റെല്ലാ പ്രതിസന്ധികളെയും, ഭീഷണികളെയും, സ്വാധീനങ്ങളെയും മറികടന്ന് കോടതിയിൽ സധൈര്യം തുറന്നു പറയുകയും ഉന്നതരായ പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്തത് ഏറെ അഭിമാനകരവും സന്തോഷകരവുമായ സമാനതകളില്ലാത്ത ഏടുകളിൽ ഒന്നാണ്.

എന്നാൽ പൊതുബോധത്തിന്റെ പേരിൽ രാജുവിനെ നെന്മ മരമായി പ്രഖ്യാപിച്ച് പണപ്പിരിവും, ആഘോഷങ്ങളും നടത്തുന്നതും മോഷണത്തെയും, ലഹരി ഉപയോഗത്തെയും സമാന്യവത്കരിക്കുന്നതും പരിഷ്കൃത സമൂഹത്തിൽ അംഗീകരിച്ചു നൽകാനാകില്ല.ക്രിമിനൽ കേസുകളിലെ പ്രോസിക്കൂഷൻ സാക്ഷികളെ സംരക്ഷിക്കേണ്ടതും, സുരക്ഷ ഉൾപ്പെടെ നൽകേണ്ടതും സ്റ്റേറ്റിന്റെ ബാധ്യതയാണ്.രാജുവിന്റെ നിലപാടും നീതിബോധവും മാതൃകാപരമാണ് സംശയമില്ല എന്നാൽ കള്ളനെ നെന്മ മെരമാക്കിയ ശേഷം ഉർവശി തിയേറ്റേഴ്സ് നെന്മ മെര കള്ളനായി വാഴ്ത്തപ്പെടുന്നതിലെ രാഷ്ട്രീയത്തോടെ യോജിപ്പില്ല.മയക്കുമരുന്നിന്റെ ലഹരിയിൽ മോഷണത്തിനായി ഇറങ്ങിയ കള്ളന്മാർ ഒരുപാട് ക്രൂരമായ കൊലപാതകങ്ങളും, ആക്രമണങ്ങളും നടത്തിയിട്ടുള്ളതിന്റെ ചരിത്രം ഓർമ്മിക്കേണ്ടതുണ്ട്.മോഷണം നടത്തുന്നതിനിടെ തിരിച്ചറിഞ്ഞതിന്റെ പേരിൽ കള്ളന്മാർ നടത്തിയിട്ടുള്ള കൊലപാതകങ്ങളുടെ എണ്ണം വൈദികരോ പുരോഹിതരോ നടത്തിയിട്ടുള്ളതിന്റെ എത്രയോ മടങ്ങുകളാണ്.കോൺവെന്റിൽ കയറി മോഷ്ടിക്കുന്നതിനിടെ സിസ്റ്റർ അഭയ യാദൃശ്ചികമായി കള്ളനെ കാണാൻ ഇടയായിരുന്നെങ്കിൽ ലഹരിക്കടിമപ്പെട്ട കള്ളൻ സ്വയം രക്ഷയ്ക്കായി അഭയെ ഉപദ്രവിക്കാനുള്ള സാധ്യതപോലും ആ അർത്ഥത്തിൽ തള്ളിക്കളയാനാകില്ല.മോഷ്ടിക്കാനായി കാത്തു നിൽക്കുകയായിരുന്ന കള്ളൻ, അതിനേക്കാൾ വലിയൊരു കള്ളത്തരവും, ക്രൂരതയും കാണിക്കുകയായിരുന്ന ആളുകളെ കണ്ട് മോഷണം നടത്താതെ മാറി നിന്നു എന്നതാണ് സാഹചര്യം. അതായത് സമയവും സാഹചര്യങ്ങളും അൽപം മാറിപ്പോയി എന്നർത്ഥം.

പുരോഹിതരുടെ നിഷിദ്ധമായ ലൈംഗികവേഴ്ചക്ക്‌ സാക്ഷിയാകുന്നത് വരെ അഭയയെ കൊല്ലാണമെന്ന് പ്രതികൾക്ക് യാതൊരുവിധ ഉദ്ദേശവുമിലായിരുന്നു എന്ന് മനസിലാക്കാം. അതായത് കള്ളനെയായിരുന്നു അഭയ ആദ്യം കാണുന്നത് എങ്കിൽ തന്നെ തിരിച്ചറിഞ്ഞ അഭയയെ കള്ളൻ ഉപദ്രവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രത്യേകിച്ച് കഞ്ചാവുപോലുള്ള ലഹരിക്ക് അടിമപ്പെട്ട ഒരാൾ.
ചുരുക്കിപ്പറഞ്ഞാൽ മോഷണത്തിന്റെ രാഷ്ട്രീയവും കൊലപാതകംപോലെതന്നെ നിന്ദ്യവും, ക്രൂരവും കുറ്റകരവും, തള്ളിപ്പറയേണ്ടതുമാണ്.

നിരവധിയനവധി മോഷണ കേസുകളിൽ പ്രതിയും, ശിക്ഷിക്കപ്പെടുകയും ചെയ്ത ഒരാൾ അയാളുടെ മാനവികമായ നിലപാടിലൂടെ സമൂഹത്തിന് മാതൃകയായി എന്നതുകൊണ്ട് അയാളുടെ അഭയ കൊല്ലപ്പെട്ട ദിവസത്തെ മോഷണം എന്ന പ്രവൃത്തിയെയോ അതിന് മുൻപുള്ള മോഷണം എന്ന അനാശാസ്യ ജോലിയെയോ വെള്ളപൂശുകയോ വാഴ്ത്തിപ്പാടുകയോ ചെയ്യുന്നത് സാംസ്‌കാരിക കേരളത്തിന്‌ ഭൂഷണമല്ല.

കള്ളൻ കക്കാൻ പോയതുകൊണ്ടാണ് അഭയയെ പ്രതികൾ കൊല്ലുന്നതിനു സാക്ഷിയായത് എന്നും അതുകൊണ്ട് മോഷണം നല്ലതാണെന്നും, അങ്ങനെ മോഷ്ടിക്കുന്നത് വലിയ കുഴപ്പമുള്ള കാര്യമല്ല എന്നൊക്കെയുള്ള ന്യായീകരണങ്ങളും രാജുവിന് മദ്യവും കഞ്ചാവും സമ്മാനമായി നൽകി, സോഷ്യൽ മീഡിയയിലൂടെ പണപ്പിരിവ് നടത്തുന്നതുമെല്ലാം അപക്വമായ ആൾക്കൂട്ട ആഭാസങ്ങളാണ്.
അദ്ദേഹത്തിന്റെ നിലപാടുകളെ അംഗീകരിച്ച് സഹായിക്കാനാഗ്രഹിക്കുന്നവർ അല്ലെങ്കിൽ നല്ലൊരു ചികിത്സ നൽകി, കൗൺസിലിംഗ് നൽകി മോഷണത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ അക്കാര്യങ്ങൾ ചെയ്യട്ടെ. അതിനുപകരം സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പതിവ് വൈറൽ ആഭാസങ്ങളോട് ഐക്യപ്പെടാൻ വയ്യ.

മാന്യനായ കള്ളൻ ഇതാ .. ഹൂ.. പ്രവാസികളെ നിങ്ങൾ ഉടൻ ആ മെരങ്ങളുടെ അക്കൗണ്ടിലേക്ക് ആവുന്ന രീതിയിൽ പെണം അയക്കൂ. അയാളെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കൂ…ആരെവിടെ കുഴിമന്തി കച്ചവടക്കാരെ, ടൈൽസ് മുതാളിമാരെ നിങ്ങളെവിടെ ആ നെന്മ കള്ളനുള്ള ക്രിസ്റ്റ എവിടെ ? ഇന്നോവ ക്രിസ്റ്റ എവിടെ ? എവിടെ ഗൾഫ് വിസ എവിടെ ? ഇ എം എസ് പടദ്ധി പ്രകാരമുള്ള അർഹതപ്പെട്ട 2k സ്ക്വയർഫീറ്റ് വീടെവിടെ ? ഉത്‌ഘാടനങ്ങളെവിടെ ? റിബണും കത്രികയുമെവിടെ ? എന്നതാണ് സോഷ്യൽ മീഡിയ ലൈൻ.

മോഷണമുതലിൽ ചിലത് കൈവശം വെച്ച ശേഷം സംഭവം വാർത്തയായപ്പോൾ ബാക്കിയുള്ളവ ക്ഷേത്ര മൈതാനത്ത് ഉപേക്ഷിച്ച കള്ളനെയും, ഇപ്പോൾ സ്മൃതയുടെ പണമടങ്ങിയ ബാഗ് കളവ് നടത്തിയ കള്ളനെയുമൊക്കെ നെന്മ മെര കള്ളന്മാരാക്കി പ്രതിഷ്ഠിക്കുന്ന മലയാളികളുടെ നാട്ടിലാണ് കല്ലുകൊണ്ടും ചുറ്റികകൊണ്ടും തലക്കടിച്ച് കൊല ചെയ്തുകൊണ്ട് മോഷണം നടത്തുന്ന നെന്മ മെരങ്ങൾ വിലസുന്നത്.

കള്ളന്മാർ എതുമാകട്ടെ മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കണം. മറിച്ച് കള്ളന്റെ മഹത്വവും നന്മയും വിളമ്പി വാട്സാപ്പ് യൂണിവേഴ്‌സിറ്റി തിട്ടൂരമിറക്കുകയോ, പോലീസ് മാമന്മാർ സോപ്പുപെട്ടി വർണക്കടലാസിൽ പൊതിഞ്ഞു തൊണ്ടിമുതൽ സമ്മാനമായി നൽകി അത് പത്രത്തിൽ പരസ്യം നൽകുകയുമല്ല വേണ്ടത്. കള്ളനെ പിടിക്കാതെ കളവു മുതൽ കിട്ടിയവന് സോപ്പുപെട്ടി സമ്മാനം നൽകുന്ന ഫോട്ടോയെടുത്ത് പത്രങ്ങളിൽ വിജ്രംഭിക്കുന്ന പണിയല്ല പോലീസിന്റേത്. ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിച്ചു കള്ളനെ പിടിക്കണം. അത്യാവശ്യമുള്ള സാധനങ്ങൾ വേണമെങ്കിൽ അത്യാവശ്യ ഘട്ടങ്ങളിൽ കട്ടെടുക്കാം . കളവുമുതലിൽ ഉടമയ്ക്ക് വളരെ അത്യാവശ്യമായത് എന്തെങ്കിലും ഉണ്ടെങ്കിൽ തിരിച്ചുകൊടുക്കണം എന്നതാണ് നെന്മ എന്ന നിലയിലാണ് സോഷ്യൽ മീഡിയയുടെ ഇപ്പോഴത്തെ ഒരു ലൈൻ. ഇതുപോലെ കളവിനു ഇരയാകുന്നവർക്ക് പണം പിരിച്ചു നൽകി ആശ്വാസമേകാൻ വരുന്ന ലൈവ് നെന്മ മെരമായി ഈ കള്ളൻമാർ മാറിയാലും ഒട്ടും അതിശയോക്തിവേണ്ട കാരണം അത്തരമൊരു ആൾക്കൂട്ടമാണിന്നു സോഷ്യൽ മീഡിയ

എന്നാൽ ഇത്തരം സംഭവങ്ങളിൽ പ്രതിനായകരായി ഉൾപ്പെടെയുന്നവരെ ആഘോഷിക്കുന്ന മലയാളിയുടെ അതിവൈകാരികതയും, നെന്മ മെര വാഴ്ത്തുപാട്ടുകളും അടക്ക രാജുവിനുതന്നെ തലവേദനയായി മാറും എന്നതിൽ സംശയം വേണ്ട. സോഷ്യൽ മീഡിയ വാഴ്ത്തുപാട്ടുകളും, അതിരുകടക്കുന്ന ഓൺലൈൻ പിന്തുണകളും കാര്യങ്ങൾ വെടക്കാക്കി തനിക്കാകുന്ന സൈബർ ആൾക്കൂട്ടം നൽകുന്ന അപായ സൂചനകളാണ് എന്നത് സമീപകാല സൈബർ ചരിത്രം പരിശോധിച്ചാൽ മനസിലാകും. ദയനീയതകളിൽ നിന്നും, വിദ്യാഭ്യാസമില്ലാത്ത ആളാണെന്നു പറയുമ്പോഴും, കഞ്ചാവ് വലിക്കാരനും, കള്ളുകുടിയനുമാണ് എന്ന് പറയുമ്പോഴും, കൂലിപ്പണിക്കാരനാണെന്നു പറയുമ്പോഴും വിജ്രംഭിച്ചുണരുന്ന മലയാളി ആൾക്കൂട്ടത്തിന്റെ ഒരുതരം സഹാനുഭൂതിയിൽ നിന്നുമാണ് താങ്കൾക്കുവേണ്ടിയുള്ള വാഴ്ത്തുപാട്ടുകൾ ഉണ്ടാകുന്നതാണ്. താങ്കളെ ഏറ്റവും ഉയർച്ചയിൽ കൊണ്ടുപോയി വെച്ച ശേഷം കൈവിട്ട് നിലത്തേക്കിടും, ഒടുവിൽ നിങ്ങൾ കോളനി വാണമായി മലയാളികൾക്ക് പരിണമിക്കും പിന്നീട് ജീവിച്ചിരിക്കുന്നുണ്ടോ എന്നു പോലും സോഷ്യൽ മീഡിയ ആൾക്കൂട്ടം അന്വേഷിക്കില്ല.

അതുകൊണ്ടുതന്നെ കാര്യങ്ങൾ ഗൗരവകരമായി കാണേണ്ടതുണ്ട്. താങ്കളിലെ നീതിമാനേയും, നിലപാടുകളെയും, മാനവികതയെയും ഒരിക്കൽക്കൂടി നമിക്കുന്നു. ഒപ്പം കൊലപാതകം പോലെയോ അതിനേക്കാൾ ഹീനമായതോ ആയ മോഷണം എന്ന കുറ്റകരമായ പ്രവൃത്തിയിൽ നിന്നു പിന്തിരിയാനും, അമിതമായ ലഹരി അടിമത്തത്തിൽ നിന്നും മുക്തനാകാനും സമൂഹത്തിൽ നിന്നും ലഭിച്ച ഈ അംഗീകാരം ഇടവരുത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുകൊണ്ട് അങ്ങേക്ക് നന്ദി അറിയിച്ചുകൊണ്ടും നിർത്തുന്നു.