ദിലീപിനെ പൂട്ടാനുള്ള അവസാനത്തെ അടവും പാളിയോ ?

52

അഡ്വ ശ്രീജിത്ത്‌ പെരുമന

അതായത് ഉത്തമാ, ദിലീപിനെ പൂട്ടാനുള്ള അവസാനത്തെ അടവും പാളി എന്ന് ചുരുക്കം. വൈരാഗ്യബുദ്ധിയോടെ ഒരു ഭരണ സംവിധാനവും, പ്രോസിക്കൂഷനും പ്രതിച്ചേർക്കപ്പെട്ട ഒരാളെ സാമൂഹികമായും അല്ലാതെയും ഇല്ലാതെയാക്കാൻ നടത്തുന്ന ശ്രമങ്ങൾ ഓരോന്നായി പരാജയപ്പെടുകയാണ്. ഏറ്റവും ഒടുവിൽ ജാമ്യം ദിലീപിന്റെ റദ്ദാക്കാനാകില്ല എന്ന ഇന്നത്തെ കോടതി വിധിയും തത്പര കക്ഷികളെ അമ്പേ നിരാശപ്പെടുത്തിയൊരിക്കുകയാണ്. പ്രോസിക്കൂഷന്റെ “ദിലീപ് വധം” ദ്വന്ദ്വയുദ്ധത്തിന്റെ സമീപകാല ചരിത്രം ഇങ്ങനെ.

വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നതിനാൽ ജഡ്ജിയെ മാറ്റണം അല്ലെങ്കിൽ സ്വയം മാറണമെന്ന് വിചാരണകോടതിയിൽ പ്രോസിക്കൂഷൻ ആവശ്യപ്പെടുന്നു.
👉ആവശ്യം വിചാരണ കോടതി തള്ളുന്നു.
അതേ ആവശ്യം ഉന്നയിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുന്നു.
👉”പബ്ലിക് പ്രോസിക്യൂട്ടർ ഇരയുടെ മാലാഖ ചമയേണ്ട ” എന്ന രൂക്ഷ വിമർശനത്തോടെ ആ പരാതി ഹൈക്കോടതിയും തള്ളുന്നു.
👉ഇച്ഛഭംഗം സംഭവിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജി വെക്കുന്നു.

കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി.നടിയെ ആക്രമിച്ചക്കേസില്‍ വിചാരണ നടത്തുന്ന കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം ഹൈക്കോടതി തള്ളി എന്നുമാത്രമല്ല
“ഇരയുടെ മാലാഖ” ചമയേണ്ടെന്ന് പബ്ലിക് പ്രോസിക്കൂട്ടറോട് ഹൈക്കോടതി പറഞ്ഞു.
“ഇരയ്ക്ക് വേണ്ടി പ്രതികാരം ചെയ്യുന്ന കാവൽ മാലാഖ ചമയേണ്ട, ഏത് വിധേനയും പ്രതികളെ കുറ്റവാളികളാക്കുക എന്നതല്ല ഒരു പ്രോസിക്കൂട്ടറുടെ ജോലി നീതി നടപ്പിലാക്കുക എന്നതാണ് ”

It has time and again been stated that the duty of theProsecutor is not to seek conviction at all costs or be an “avengingangel for the victim”, but to ensure that justice is delivered.

എന്നും പ്രതിഭാഗം വക്കീലന്മാരെ കാണുമ്പോൾ അന്തം വിട്ട് നിക്കരുതെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്കൂട്ടറോട് ഹൈക്കോടതി വിധിയിൽ പറയുന്നു.വിചാരണ നടത്താനായി ഹൈക്കോടതിയും, സുപ്രീംകോടതിയുമാണ് ജഡ്ജിനെ ചുമതലപ്പെടുത്തിയിട്ടുള്ളത് അതുകൊണ്ടുതന്നെ അവർ പിൻമാറുകയോ, മാറി നിൽകുകയോ ചെയ്യേണ്ട കാര്യമില്ല. മനസാക്ഷിക്ക് ശരി എന്ന് തോന്നുന്നതുവരെ മാറി നിൽക്കേണ്ടതില്ല. വ്യക്തിപരമായ കാര്യങ്ങൾ മാറ്റിവെച്ച് മുൻ വിധികളില്ലാതെ, നിഷ്പക്ഷമായി കേസ് വിചാരണ ചെയ്യുക എന്നതാണ് ജഡ്ജിന്റെ ഉത്തരവാദിത്വം. അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രവർത്തനങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽ പോലും ജഡ്ജ് പിൻമാറേണ്ട ആവശ്യമില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി.

അവിടംകൊണ്ടും കളി നിന്നില്ല ഒടുക്കത്തെ പൂട്ട് പൂട്ടാൻ ജഡ്ജിയെ മാറ്റാൻ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു.
👉വിചാരണ കോടതി മാറ്റേണ്ട ആവശ്യമില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി എന്ന് മാത്രമല്ല സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു വിധി.ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് സർക്കാരിനെ താക്കീത് ചെയ്യുകയും ചെയ്തു.”മാധ്യമ ശ്രദ്ധ നേടിയ കേസ് ആണിത്. അതിനാൽ ജഡ്ജിക്ക് സമ്മർദ്ദം ഉണ്ടയേക്കാം. ഓരോ വിഷയങ്ങൾ പ്രത്യേകിച്ച് എടുത്ത് ജഡ്ജി മുൻവിധിയോടെ ആണ് പ്രവർത്തിച്ചത് എന്ന ആരോപണം ഉന്നയിക്കരുത്. ആരോപണങ്ങൾ ജഡ്ജിയുടെ മനോവീര്യം തകർക്കുന്ന തരത്തിൽ ഉള്ളത് ആണ്. കോടതിയെയും, ജഡ്ജിയെയും അവരുടെ കർത്തവ്യ നിർവഹണത്തിന് സഹായിക്കുക ആണ് സർക്കാർ ചെയ്യേണ്ടത്”. നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണം എന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം ഇങ്ങനെയായിരുന്നു.

വാൽ : ചുക്കും ചുണ്ണാമ്പുമില്ലാതെ ടവർ ലൊക്കേഷനുകളുടെയും, മൊബൈൽ ടവറുകളുടെയും റൂട്ട് മാപ്പുമായി കോടതിയിൽ അന്തം വിട്ട് കുന്തം വിഴുങ്ങി നിൽക്കുന്ന പ്രോസിക്കൂഷനും പോലീസും, അവർ ലക്ഷ്യം വെക്കുന്ന പ്രതിയുടെ അഭിഭാഷകന്റെ ക്രോസ് വിസ്താരത്തിൽ അടിപതറി എന്നതിന്റെ ദൃഷ്ട്ടാന്തമാണ്‌ ഈ കോടതി മാറ്റ ഹർജ്ജി എന്ന അസാധാരണ നാടകങ്ങൾ എന്ന് മനസിലാക്കാൻ പോലീസിന്റെ ഇൻവെസ്റ്റിഗേഷനോ വക്കീലിന്റെ സ്പെക്കുലേഷനോ വേണ്ട.

ഒടുവിൽ കോടതി മാറ്റേണ്ട എന്ന സുപ്രീംകോടതി തീരുമാനവും പുറത്തുവന്നപ്പോൾ സ്പെഷ്യൽ പബ്ലിക് പ്രോസിക്കൂട്ടർക്ക്‌ അടിപതറി അതാണിപ്പോൾ രാജിയിൽ കലാശി ച്ചിട്ടുള്ളത്. ഒടുവിലിപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലേക്ക് മാറ്റികൊണ്ട് ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി വന്നതാണ്. അതും നടന്നില്ല.