ദിലീപിനെ പ്രതിയാക്കി ആഘോഷിച്ച പ്രോസിക്കൂഷനും പോലീസും ത്രിശങ്കുവിലോ ?

0
172

അഡ്വ ശ്രീജിത്ത് പെരുമന

സർക്കാരിന്റെയും ; പ്രോസിക്കൂഷന്റെയും കോടതി മാറ്റ നാടകം പൊളിച്ച് ഹൈക്കോടതി , നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി.

നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളുകയായിരുന്നു. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി. വിചാരണക്കോടതി മാറ്റേണ്ട സാഹചര്യമില്ലെന്നു കോടതി വ്യക്തമാക്കി.

സൂപ്പർ കോടതി ചമഞ്ഞ പബ്ലിക് പ്രോസികൂട്ടർക്കും, ദിലീപിനെ വേട്ടയാടുന്ന സർക്കാരിനും കനത്ത ഇരുട്ടടി ” ” 🚩
ദിലീപിനെ പ്രതിയാക്കി ആഘോഷിച്ച പ്രോസിക്കൂഷനും പോലീസും ത്രിശങ്കുവിൽ ; ഒടുവിലിപ്പോൾ കോടതിയെയും ജഡ്ജിനെയും ചെളിവാരി എറിഞ്ഞതും അസ്ഥാനത്തായി.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കായി സ്പെഷ്യൽ പ്രോസിക്കൂട്ടർ ഹാജരാകാതെ വിചാരണ അനിശ്ചിതത്വത്തിലാക്കുന്ന നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയായിരുന്നു.വിചാരണക്ക് ഹാജരാകാത്ത പബ്ലിക് പ്രോസിക്കൂട്ടറുടെ നടപടി നിയമവിരുദ്ധവും വെല്ലുവിളിയുമാണ്. എത്രയും വേഗതയിൽ നീതിയുക്തമായി വിചാരണ ചെയ്യപ്പെടുക എന്നത് ഏതൊരു പ്രതിയുടെയും ഭരണഘടനാ മൗലികാവകാശമാണ്. അതുകൊണ്ടുതന്നെ തനിക്ക് നീതികിട്ടിയില്ല എന്ന പരാതിയുമായി സ്പെഷ്യൽ പ്രോസിക്കൂട്ടർ ഹൈക്കോടതി രജിസ്ട്രാറിനു പരാതി നൽകിയെന്ന വാർത്ത അപഹാസ്യവും അശ്ലീലവുമാണ്.

പബ്ലിക് പ്രോസിക്കൂട്ടർക്ക് എന്ത് നീതിയാണ് ഒരു ക്രിമിനൽ കേസിൽ കിട്ടേണ്ടത്? അദ്ദേഹത്തിന് വിചാരണയ്ക്കായുള്ള സാഹചര്യം ലഭിക്കുക എന്നതാണ് ഉണ്ടാകേണ്ടത്. പ്രതികളെ ശിക്ഷിക്കണമെന്ന് തെളിവുകളും, സാക്ഷിമൊഴികളും മുൻനിർത്തികൊണ്ട് പ്രോസിക്കൂട്ടർക്ക് ആവശ്യപ്പെടാം എന്നാൽ പ്രതികളെ നിർബന്ധമായും ശിക്ഷിച്ചിരിക്കണം എന്ന സൂപ്പർ കോടതി നിലപാടെടുക്കാൻ പ്രോസിക്കൂട്ടറിനു എന്തധികാരമാണുള്ളത്?

വൈകാരികമായി അല്ലാതെ നിയമപരമായി ഈ വിഷയത്തെ സമീപിച്ചാൽ കോടതി നടപടി നീതിപൂർവ്വമാണ്. കാരണം ഓരോ പ്രതികളിടെയും കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടാൽ മാത്രമേ ശിക്ഷ നൽകാൻ സാധിക്കുകയുള്ളൂ. സംശയാതീതമായി തെളിയിക്കുക എന്ന ഉത്തരവാദിത്വം സർക്കാർ/പ്രോസിക്കൂഷനിൽ നിക്ഷിപ്തമാണ്.തെളിവുകൾ സഹിതം കുറ്റം തെളിയിക്കാൻ പ്രോസിക്കൂഷൻ പരായജയപ്പെട്ടാൽ ആ സംശയത്തിന്റ ആനുകൂല്യം എപ്പോഴും പ്രതികൾക്ക് നൽകണം എന്ന ക്രിമിനൽ നിയമ തത്വമാണ് ജഡ്ജ് നടപ്പിലാക്കിയതും നീതിയുടെ നിഷ്പക്ഷത ഉയർത്തിപ്പിടിച്ചതുംകൊലപാതക കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് സുപ്രീംകോടതിയുടെ സുപ്രധാന വിധി കോടതിയെ കല്ലെറിയുന്നവർ മനസിലാക്കണം

👉ക്രിമിനൽ കേസിൽ പ്രതിയുടെ ദൗർബല്യം പ്രോസിക്കൂഷന്റെ ശക്തിയല്ല. താൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പ്രതിക്ക് കോടതിയിൽ തെളിയിക്കേണ്ട കാര്യമില്ലഎന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
ക്രിമിനൽ കേസുകളിൽ പ്രതി കുറ്റം ചെയ്തു എന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്കൂഷൻ അഥവാ സ്റ്റേറ്റ് ബാധ്യസ്ഥമാണ് എന്നും പ്രതിയുടെ ഭാഗത്തുണ്ടാകുന്ന ദൗർബല്യങ്ങൾ പ്രോസിക്കൂഷന്റെ ശക്തിയായി കാണരുതെന്നും സുപ്രീംകോടതി വിധിച്ചു.

ഏത് ഘട്ടത്തിലും കേസ് സംശയാതീതമായി തെളിയിക്കുക എന്നത് പ്രോസിക്കൂഷന്റെ ബാധ്യത ആണെന്നും പ്രതി ദുർബലമായ പ്രതിരോധമാണ് ഉയർത്തുന്നത് എന്നതുകൊണ്ട് പ്രോസിക്കൂഷൻ പറയുന്നതെല്ലാം അംഗീകരിക്കാനാകില്ലെന്നും കോടതി വിധിച്ചിട്ടുണ്ട്.
വിചാരണ വേളയിൽ തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം പ്രതിരോധിക്കുന്നതിനപ്പുറം താൻ കുറ്റം ചെയ്തിട്ടില്ല എന്നു സംശയാതീതമായി തെളിയിക്കേണ്ട ബാധ്യത പ്രതികൾക്കില്ല. അത് തെളിവുകൾ നിരത്തി തെളിയിക്കേണ്ട ബാധ്യത പ്രോസിക്കൂഷനാണ്. തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
എതെങ്കിലും കാര്യത്തിൽ പ്രതിക്ക് കോടതിയിൽ കൃത്യമായി മറുപടി നൽകാൻ സാധിക്കാത്തത് പ്രോസിക്കൂഷന്റെ ശക്തിയല്ല കാണിക്കുന്നതെന്നും കൃത്യമായി കേസ് അന്വേഷിച്ച് തെളിവുകൾ സഹിതം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്കൂഷനാണ് ബാധ്യത എന്നും കോടതി പറഞ്ഞു.

കൊലപാത കേസിലെ പ്രതിയെ സംശയത്തിന്റ ആനുകൂല്യത്തിൽ വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ട് ജസ്റ്റിസ് അശോക് ഭൂഷണും, ജസ്റ്റിസ് നവീൻ സിംഗയും അടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന വിധിക്ക് സമാനമായി നിരവധി വിധികളുണ്ട്. ദിലീപ് എന്ന പ്രതിയുമായി ഈ കേസിനെ ബന്ധിപ്പിക്കുന്ന എന്തെങ്കിലും സാക്ഷിമൊഴികളോ, ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളോ ഇല്ലാത്ത പക്ഷം സാഹചര്യത്തെളിവുകൾ മാത്രം ഉപയോഗപ്പെടുത്തി പ്രതിയെ ശിക്ഷിക്കാനാകില്ല എന്ന് പ്രോസിക്കൂഷന് വ്യക്തമായിട്ടറിയാം. അതിനാൽത്തന്നെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ഇപ്പോൾ നടത്തുന്നതുപോലുള്ള നാടകങ്ങൾ കളിക്കാം എന്നല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല.

ചുരുക്കി പറഞ്ഞാൽ പോലീസ് അന്വേഷണത്തിലും, പ്രോസിക്കൂഷൻ കേസ് ഇടപാടിലും സ്റ്റേറ്റ് അഥവാ സർക്കാർ കാണിക്കുന്ന ഏതൊരു അലംഭാവവും, നിഷ്ക്രിയത്വവും കേസിന്റെ അന്തിമ വിധിയെ ബാധിക്കും. ഏറ്റവും ഹീനമായ കേസുകളിൽ അത്രകണ്ട് ഹോംവർക്കില്ലാതെയും പഴുതടച്ച അന്വേഷണമില്ലാതെയും മുന്നേറിയാൽ സമാനമായ അവസ്ഥയാണ് സംജാതമാകുക എന്നതിൽ സംശയം വേണ്ട. പൊതുജനം കല്ലെറിയേണ്ടത് കോടതികൾക്ക് നേരെയോ ന്യായാധിപനുനേരെയോ അല്ല മറിച്ച് നീതിയുടെ നടത്തിപ്പുകാരായ ഭരണകൂടത്തിനെതിരെയും, ആടിനെ പട്ടിയാക്കി പ്രതിയാക്കി തല്ലികൊല്ലുന്ന പോലീസിനെതിരെയാണെന്നും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു..