പൃഥ്വിക്കും, പൃഥ്വിയുടെ മുലകണ്ണിനും ഐക്യദാർഢ്യം, യുവ അഭിഭാഷകന്റെ കുറിപ്പ്

318

അഡ്വ ശ്രീജിത്ത് പെരുമന

പൃഥ്വിരാജിന്റെ മുലക്കണ്ണ് കാണുമ്പോൾ വിജ്രംഭിക്കുന്നവരോടാണ്..

ചുംബനവും രതിയും കാമവുമൊക്കെ അവിടെ നിൽക്കട്ടെ, ആണും പെണ്ണും ഒരുമിച്ചിരുന്നാൽ, വാത്സല്യത്തോടെ ഒന്നു തൊട്ടാൽ അല്ലെങ്കിൽ ഒന്ന് നോക്കിയാൽ, സ്വകാര്യമായി സ്വയംഭോഗം ചെയ്‌തെന്ന് പറഞ്ഞാൽ കപ്പല് കയറി പോകുന്നതാണ് മലയാളിയുടെ വിശ്വ വിഖ്യാത സംസ്ക്കാരവും സദാചാര ബോധവുമെല്ലാം എന്നിതാ പൃഥ്വിരാജിന്റെ മുലക്കണ്ണിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നൂ. ആർഷഭാരത സംസ്കാരങ്ങളെ കുറിച്ചതും, മഹത്തായ സദാചാര മൂല്യങ്ങളെ കുറിച്ചും വീമ്പു പറയുമ്പോഴും അവനവനിലേക്കും സ്വന്തം ചെയ്തികളിലേക്കും ഒരിക്കൽപോലും തിരിഞ്ഞു നോക്കാത്ത ബഹുമുഖ പ്രതിഭകളാണ് നമ്മൾ പ്രബുദ്ധ ജനങ്ങൾ .

വലിയ അലങ്കാരമൊന്നുമില്ലാതെ പറഞ്ഞാൽ ലൈംഗിക ചിന്തകളുടെ ജീർണ്ണതയാണിവിടെത്തെ പ്രശ്നം. സ്ത്രീ ഉടയാതെ സൂക്ഷിക്കേണ്ട പളുങ്ക് പാത്രമാണ് കന്യകാത്വം, അങ്ങനെ സൂക്ഷിച്ചാൽ അവൾ കന്യകയാകും എന്ന ചിന്തയും എന്നാൽ ഉടഞ്ഞാലും, ഒടിച്ചാലും, വളച്ചാലുമൊന്നും ഒരു പുരുഷന്റെ കന്യകാത്വം ഇലാതാകുന്നില്ല. അവൻ നിത്യ കന്യകനാണ് ഐ മീൻ എ ക്രോണിക് കന്യകൻ.
അടിസ്ഥാനപരമായി പൊളിച്ചെഴുതപ്പെടേണ്ടത് നമ്മുടെ കപട സദാചാര പ്രത്യയശാസ്ത്രങ്ങൾ തന്നെയല്ലേ ?

എതിർലിംഗത്തോട് അടുത്തിരിക്കുന്നതും അടുത്തിടപഴകുന്നതുകൊണ്ടും (അത് ബസ്സിലോ, സ്കൂളിലോ പൊതു ഇടങ്ങളിൽ എവിടെയുമാകട്ടെ ) വിലക്കപ്പെടുന്ന സമൂഹത്തിൽ ബലാൽസംഗ വീരന്മാർ സൃഷ്ടിക്കപ്പെടുന്നൂ എങ്കിൽ അതിന്റെ ധാർമ്മിക ബാധ്യത സമൂഹത്തിലെ സദാചാര നിയമങ്ങൾക്കും അതിന്റെ വക്താക്കൾക്കുമല്ലേ ?വിവേചനബുദ്ധിയുള്ള മനുഷ്യൻ വിലക്കപ്പെടുന്നതെന്തും ആകർഷിക്കപ്പെടുന്ന ജീവികളാണെന്ന സത്യം വിസ്മരിക്കപ്പെടരുത്.കന്യാചർമ്മം എന്ന പുരുഷ ലിംഗന്മാരുടെ ok ടെസ്റ്റ് കാഴ്ചപാടുകളും, ലൈംഗികതയുടെ പേരിൽ അതീവ രഹസ്യമായി ശൈശവ കാലം മുതൽ പെൺകുട്ടികളെ മുലയ്ക്കും യോനിക്കും ഇടയിൽ തളച്ചിടുന്ന അമ്മമാരുടെ ചിന്തകളും അറബിക്കടലിൽ എറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

ഫെമിനിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും, സ്ത്രീസംരക്ഷകരും ആദ്യം വിരൽ ചൂണ്ടേണ്ടത് പരിഷ്കൃതമെന്നു നാം വിശ്വസിക്കുന്ന ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന പ്രകൃതിവിരുദ്ധ ലൈംഗിക പ്രത്യയശാസ്ത്രങ്ങൾക്ക് എതിരെയാണ്. ഇവർ ആദ്യം ചെയ്യേണ്ടത് സ്വയം ലൈംഗിക അവബോധമുള്ളവരാകുക എന്നതാണ്. കാലങ്ങളായി നിങ്ങൾ രൂപാന്തരപ്പെടുത്തിയ കേവലം ശരീരത്തിലേക്കും അതിലെ അവയങ്ങളിലേക്കും മാത്രം കേന്ദ്രീകരിക്കുന്ന ലൈംഗികതയുടെയും സ്ത്രീത്വത്തിന്റെയും ഭരണഘടനയും രാഷ്ട്രീയവും പൊളിച്ചെഴുതാൻ തയ്യാറാകണം. പുരുഷ ലിംഗൻമാരായ ലൈംഗിക ജീവികളെ (ഒരു ന്യൂന വിഭാഗം) അറിഞ്ഞോ അറിയാതെയോ സൃഷ്ടിക്കുന്നത് നിങ്ങളുൾപ്പെടുന്ന സമൂഹമാണ് എന്ന തിരിച്ചറിവുമുണ്ടാകണം. അല്ലാതെ , ബി ഗ്രെഡ് സിനിമകളിലേതുപോലെ ബാഗ്രൗണ്ട് മ്യുസിക്കും നൽകി ലൈംഗിക അരാജകത്വം എന്നത് പൊതുബോധമായി വളർത്തുകയല്ല വേണ്ടത്.

ലൈംഗികത നാല് കണ്ടം തുണികളിൽ പൊതിഞ്ഞു ചില്ലുകൂട്ടിൽ സൂക്ഷിക്കാവുന്ന ഒന്നല്ല അത് സന്യാസാസിമാർക്കാണെങ്കിലും, മനുഷ്യദൈവങ്ങൾക്കാണെങ്കിലും എന്ന യാഥാർഥ്യമാണ് കന്യാസ്ത്രീയുടേയും, പള്ളീലച്ചന്റെയും, ഉസ്താദുമാരുടെയും, പൂജാരിമാരുടെയും, ഗുർമിന്ദർസിംഗിനെപ്പോലുള്ള ആൾ ദൈവങ്ങളുടേയുമെല്ലാം കഥകൾ നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ പ്രബുദ്ധ സദാചാര അപ്പോസ്തലന്മാരുടെ നാട്ടിൽ അർധരാത്രി സൂര്യൻ ഉദിച്ചുകൊണ്ടേയിരിക്കുന്നു..ഒപ്പം, ‘ബോഡി പൊളിറ്റിക്സ്’ എന്ന പേരിൽ രഹ്ന ഫാത്തിമ അവതരിപ്പിച്ച പുരോഗമന ചിത്ര രചന എന്ന ശുദ്ധ നിയമവിരുദ്ധ അസംബന്ധത്തെ പ്രത്വിയുടെ മുലക്കണ്ണ് വെച്ച് ന്യായീകരിക്കുന്ന ബുദ്ധിജീവികളോട് പറയട്ടെ,പ്രായപൂർത്തിയാകാത്ത കുട്ടികളിൽ സൃഷ്ടിക്കപ്പെടുന്നതോ, പ്രചോദിക്കപ്പെടുന്നതോ ആയ ഏതൊരു ലൈംഗിക പ്രവൃത്തിയും കുറ്റകരമാണെന്ന് Shankar Kishan Rao Khade Vs. State of Maharashtra, (2013) 5 SCC 546 കേസിൽ സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. കുട്ടികളെ ലൈംഗിക ചോദന സൃഷ്ടിക്കപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്തുന്നതിൽ ഉഭയകക്ഷി സമ്മതം എന്നത് നിയമപരമായും, ധാർമികമായും തീർത്തും അപ്രസക്തമാണ്.

ഇനിയാരു അപ്രിയ യാഥാർഥ്യം പറയട്ടെ,കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് കേരളത്തിലെ വിദഗ്ദരായ ഒരു എത്തിക്കൽ ഹാക്കേഴ്‌സ് ടീം എന്നെ ബന്ധപ്പെടുകയുണ്ടായി. ഫെയ്സ്ബുക്കും, ഇൻസ്റ്റഗ്രാമും, വട്സാപ്പും ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന ലൈംഗിക ചൂഷണങ്ങളുടെയും , ചൈൽഡ് പോണോഗ്രഫിയുടെയും, സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും അങ്ങേയറ്റം ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ തെളിവുകളാണ് അവർ നൽകിയത്.

സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയും, പ്രണയം നടിച്ചും, ഓൺലൈൻ സെക്സ് നടത്തിയും സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നവരിൽ ഏറെയും പ്രായപൂർത്തിയാകാത്തവരാണ് എന്നതായിരുന്നു.
15 മുതൽ 25 വയസ്സുവരെ പ്രായമുള്ളവരാണ് അത്തരത്തിൽ വീട്ടമ്മമാരെപോലും ചൂഷണം ചെയ്തു വരുന്നത് എന്നതാണ് ഹാക്കേഴ്‌സ് തെളിവുകൾ സഹിതം പറയുന്നത്. പലർക്കും രണ്ടോ അതില്കൂടുതയോ ഐഡികളുണ്ട് എന്നതും മറ്റു പല പേരുകളിലും സജീവമായ ഫെയിസ്ബുക്ക് ഗ്രൂപ്പുകളിൽ അംഗങ്ങളാണ് എന്നതും സ്ത്രീകളെ സൗഹ്രദത്തിലാക്കി ചൂഷണം ചെയ്യാൻ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് മനസിലാകുന്നു.

സ്വന്തം വീടുകളിലെ അമ്മയുടെയും, സഹോദരിമാരുടെയും ഉൾപ്പെടെയുള്ള സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പരസ്പരം കൈമാറുകയും ലൈംഗിക ചൂഷണങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട് എന്ന ഞെട്ടിക്കുന്ന പ്രബുദ്ധ കേരളം ഇനിയും അറിയാതെ പോകരുത്. “ഡൽഹി നിർഭയ മോഡലിൽ സ്വന്തം പെങ്ങളെ ബലാത്സംഗം ചെയ്യുന്നത് കാണണം എന്ന കൗമാരക്കാരന്റെ മെസഞ്ചർ ചാറ്റ് അക്ഷരാർത്ഥത്തിൽ മനഃസാക്ഷിയെപോലും പിടിച്ചുലയ്ക്കുന്നതാണ്.”

ഈ വിഷയത്തിൽ വിശദമായ അന്വേഷണത്തിനും പരാതികൾക്കും തയ്യാറെടുക്കുകയാണ് എന്നതിനാൽ കൂടുതൽ കാര്യങ്ങൾ ഈ ഘട്ടത്തിൽ വിശദീകരിക്കുന്നില്ല. പലതും പരിഷ്കൃത സമൂഹത്തെ അമ്പരപ്പിക്കുന്നവയാണ്. സ്വന്തം വീടുകളിൽപോലും സ്ത്രീകൾ സുരക്ഷിതരല്ല എന്നതിന്റെ നേർസാക്ഷ്യമായിരുന്നു പല ചട്ടുകളും പല പ്രൊഫൈലുകളും. പറഞ്ഞുവന്നത് പുരോഗമനവും, ബോഡി പൊളിറ്റിക്‌സും പ്രഖ്യാപിക്കേണ്ടതും, നവോത്ഥാനം സൃഷ്ടിക്കേണ്ടതും നാഗമേനിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചുകൊണ്ടല്ല എന്നതാണ്. അതൊരു അറ്റൻഷൻസീക്കിങ് പുർഗമനമാനവും മാർക്കറ്റിങ്ങുമായേ തത്ക്കാലം കാണാൻ സാധിക്കുകയുള്ളൂ.

പ്രായപൂർത്തിയായ രണ്ടു എതിർ ലിംഗക്കാർ പൊതുശല്യമാകാതെ നടത്തുന്ന ശരീര വിപ്ലവങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുകയും, ആണും പെണ്ണും ചുംബിച്ചാലോ, ആലിംഗനം ചെയ്താലോ, പ്രണയിച്ചാലോ, ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലോ കപ്പല് കയറിപ്പോകുന്ന മലയാളിയുടെ കപട സദാചാരത്തിനെതിരെ കർശന നിലപാടെടുക്കുകയും ആ വിഷയത്തിൽ രെഹ്ന ഫാത്തിമയെ ഉൾപ്പെടെ പിന്തുണച്ചിട്ടുമുള്ള ഒരാളാണ് ഈയുള്ളവൻ എങ്കിലും ഒരു നിയമവിരുദ്ധ അഭിനവ പുരോഗമന സദാചാരത്തിന് കുടപിടിക്കുക വയ്യ. പൃഥ്വിക്കും, പൃഥ്വിയുടെ മുലകണ്ണിനും ഐക്യദാർഢ്യം.