രാഹുല്‍ മാജിക് ” കൊണ്ട് മാത്രം വീണ്ടെടുക്കാവുന്ന പതനമല്ല കോണ്‍ഗ്രസ് ഇന്നഭിമുഖീകരിക്കുന്നത്

  81

  Adv Sreejith Perumana

  ചായക്കടയും, ഉള്ളിവടയും പോലത്തെ സ്ഥിരം ക്ളീഷേ സ്ക്രിപ്റ്റിൽ നിന്നും രാഹുൽ ഗാന്ധിക്ക് മോചനം കൊടുത്ത കേരളത്തിലെ കോൺഗ്രസ് PR ടീമിന് അഭിനന്ദനങ്ങൾ .AICC യിൽ നിന്നും KPCC യിലേക്ക് അപകടകരമാവിധാനം ചുവടു മാറുന്ന ദേശീയ നേതാവിനോട് ആവർത്തിച്ച് ചിലത് ഓർമ്മിപ്പിക്കാതെ വയ്യ .കാലംമാറിയതും ഇന്ത്യന്‍ വോട്ടര്‍മാര്‍ പക്വത കൈവരിച്ചതും അനുഭവങ്ങളില്‍നിന്ന് പാഠമുൾക്കൊണ്ടതും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണ ഗോദയിലും,മണ്ഡല സന്ദർശനത്തിലുമെല്ലാം ഇപ്പോഴും നടക്കുന്ന പരമ്പരാഗത ഷോകൾ സംഘപരിവാർ അജണ്ട നടപ്പാക്കുന്ന തീവ്ര ഹിന്ദുത്വ ഭീകരത നാടൊട്ടുക്കും നടമാടുമ്പോൾ, ബീഫ് കഴിച്ചതിന്റെ പേരിലും, ലേഖനമെഴുതിയതിന്റെ പേരിലും തല്ലിയും, വെടിവെച്ചും കൊല്ലുമ്പോൾ വീണവായിക്കുന്ന കോൺഗ്രസ്സ് നിലപാടുകൾ ഈ തിരഞ്ഞെടുപ്പിൽ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്തു. നിരന്തരമായ വര്‍ഗീയ കലാപങ്ങളുടെ ശനിരാശികളില്‍ ഒരു ജനതയെ അസ്തിത്വദു:ഖത്തിന്‍െറയും അന്യവത്കരണത്തിന്‍െറയും തമോഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിഞ്ഞിട്ടും ഈ നാട്ടിലെ ജനാധിപത്യ മതേതര വിശ്വാസികൾ ഗാന്ധിജിയുടെ പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കാതിരുന്നത് അവരുടെ മുന്നില്‍ ഒരു മതേതര ബദല്‍ ഇല്ലാത്തതുകൊണ്ടായിരുന്നില്ല ഈ പ്രസ്ഥാനത്തോടുള്ള വിശ്വാസംകൊണ്ടായിരുന്നു എന്ന ഓർമ്മ വേണം.
  ‘രാഹുല്‍ മാജിക് ” കൊണ്ട് മാത്രം വീണ്ടെടുക്കാവുന്ന പതനമല്ല കോണ്‍ഗ്രസ് ഇന്നഭിമുഖീകരിക്കുന്നത്. ഒരുവേള ആ പാര്‍ട്ടിയുടെ നട്ടെല്ലായി വര്‍ത്തിച്ച ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക-ദുര്‍ബല വിഭാഗങ്ങളുടെയും വിശ്വാസ്യത വീണ്ടെടുക്കാത്ത കാലത്തോളം സ്ഥിതി മെച്ചപ്പെടുത്താനാവില്ലെന്നുറപ്പാണ്.

  ഏറ്റവുമൊടുവിലത്തെ തെരഞ്ഞെടുപ്പ് ഫലമെങ്കിലും മുന്നില്‍വെച്ച് തെറ്റ് തിരുത്താനും പാളിച്ചകള്‍ക്ക് പ്രതിവിധി കാണാനും സന്നദ്ധമാവുകയാണ് പ്രത്യുല്‍പന്നമതിത്വമുള്ള നേതൃത്വമാണെങ്കില്‍ ചെയ്യുക. അല്ലാതെ, നെഹ്റു കുടുംബത്തിന്റെ കുലമഹിമ തങ്ങളെ രക്ഷിക്കുമെന്ന് കരുതുന്നതും ഹിന്തുത്വ വർഗീയതയ്‌ക്കെതിരെ രാജ്യത്താകമാനം നടക്കുന്ന പോരാട്ടങ്ങൾക്ക് അനിവാര്യമായ കാലത്ത് ധ്യാനത്തിന് പോകുന്നതും, പെട്ടിതാങ്ങികളുടെ സാരോപദേശങ്ങൾ കേട്ട് അണ്ടനേയും അടകോടനേയും പിടിച്ചു പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ അവരോധിക്കുന്നതും, അധികാര മോഹം വിട്ടൊഴിയാതെ വന്ദ്യ വയോധികർക്ക് ബോധം മറയുന്നതുവരെ അധികാര കസേരകൾ നൽകുന്നതും, രാഷ്ട്രം അതീവ പ്രതിസന്ധിയിലാകുന്ന കാലത്ത് തൈരും വെങ്കയാവും കല്ലുപ്പും തേടിപോകുന്നതും പിന്നെ ചങ്കരനെ തെങ്ങിൻമുകളിൽ തന്നെയേ എത്തിക്കുകയുള്ളൂ. തട്ടുകടയിൽ കയറിയതും, ഷർട്ട് ധരിച്ചതും, കടലിൽ ചാടിയതും വർത്തയാകുന്നത് രാഹുൽ ഗാന്ധി മാധ്യമങ്ങളെ വിളിച്ചു പറഞ്ഞിട്ടല്ല എന്നറിയാതെയല്ല ഈ കുറിപ്പ് എഴുതുന്നത്.

  അതുകൊണ്ടുതന്നെ അദ്ദേഹത്തെ വ്യക്തിപരമായോ അല്ലാതെയോ ആക്ഷേപിക്കുകയല്ല ലക്‌ഷ്യം മറിച്ച് ഫാസിസം അണ്ണാക്കിൽ എത്തിയിട്ടും, മൃഗീയ ഭൂരിപക്ഷത്തിൽ അറ നൂറ്റാണ്ടുകാലം രാജ്യം ഭരിച്ച പാർട്ടിക്ക് പ്രതിപക്ഷ നേതാവിനെ ലഭിക്കാനുള്ള ഭൂരിപക്ഷം പോലും കിട്ടിയില്ല എന്നത് എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയെന്ന പൊളിറ്റിക്കൽ വിദ്യാർത്ഥിയെ പരമ്പരാഗത രാഷ്ട്രീയ ചട്ടക്കൂടിൽ നിന്നും മാറ്റി ചിന്തിപ്പിക്കാത്ത എന്ന ചോദ്യം എന്നെ അലോസരപ്പെടുത്തുന്നുണ്ട് … അതുപോലെതന്നെ എന്തുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങൾ ഇത്തരം കേവല മസാലകൾ മാത്രം ഹൈലൈറ്റ് ചെയ്തുകൊണ്ട് രാജ്യം ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന ഒരു ആഗോള നേതാവിനെ കുടുംബ മഹിമയുടെയും, പൊളിറ്റിക്കൽ ഗ്ളാമറിന്റെയും പേരിൽ മാത്രം വിലയിരുത്തി ചെറുതാക്കുന്നു എന്ന ചോദ്യവും എന്നെ അലട്ടുന്നുണ്ട് ..!!

  രാഹുൽ ഗാന്ധി ആത്മാർത്ഥ കൈമുതലായുള്ള ഒരു നേതാവാണ്, ആവശ്യത്തിലധികം സത് പാരമ്പര്യവുമുണ്ട്, രാജ്യത്തെ കൈപിടിച്ചുയർത്താൻ ഒരു ബാല്യവും കയ്യിലുണ്ട് പക്ഷെ ദരിദ്രരുടെ കുടിലുകളിൽ കയറി ഭക്ഷണം കഴിച്ചതുകൊണ്ടും തൊഴിലാളികളുടെ മക്കളെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചതുകൊണ്ടും, തട്ടുകടയിൽ കയറി ചായ കുടിച്ചതുകൊണ്ടും, കടലിൽ ചാടിയത് കൊണ്ടും രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാഷ്ട്രനിർമ്മാണവും സാധ്യമല്ല എന്ന തിരിച്ചറിവുണ്ടാകണം..

  #വാൽ : ഇതൊരു വിദ്വേഷ പോസ്റ്റായി കാണാതിരിക്കാൻ താത്പര്യം. കാരണം തട്ടുകടയിലെ ചിപ്സിൽ നിന്നും ഇനിയെങ്കിലും രാഷ്ട്രത്തിന്റെ നിലനിൽപ്പിലേക്കും, ജനങ്ങളുടെ സാമ്പത്തിക -സാമൂഹിക അതിജീവനത്തിലേക്കും, ജനാധിപത്യത്തിന്റെ നിലനിൽപ്പിലേക്കും ചർച്ചകളും, വാർത്തകളും ഉയരേണ്ടിയിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തലാണ് ലക്‌ഷ്യം.
  അഡ്വ ശ്രീജിത്ത് പെരുമന