38 ലക്ഷത്തിന്റെ കൂണ് തിന്നുന്ന ശാഖാ പ്രചാരകിനെ പ്രതിരോധിക്കാൻ വെങ്കായവും, കല്ലുപ്പും, തൈരും പോരാ സാർ

0
77

അഡ്വ ശ്രീജിത്ത്‌ പെരുമന

ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിക്കപ്പെടുമ്പോൾ “വെങ്കയവും, കല്ലുപ്പുംകൊണ്ട് അവസാനത്തെ ബസ്സോടിക്കുന്നവരെ ഓർമ്മിപ്പിക്കട്ടെ ,ആ അർദ്ധനഗ്നനായ ഫക്കീർ ചരിത്രത്തിന്റെ പോരാട്ട രാവുകളിലൊന്നിൽ അവരോധിതനായ അതി ശ്രേഷ്ഠമായ പദത്തിലാണ് സർ താങ്കളിപ്പോഴുള്ളത്…ഉപ്പു കുറുക്കിയും, പട്ടിണി കിടന്നും, ജയിലിൽ കിടന്നുമാണ് വെള്ളക്കാരനെ തുരത്തിയതെങ്കിൽ ഇന്ന് ഇന്ത്യൻ ഹിറ്റ്‌ലറിനെ തുരത്താൻ വെങ്കായവും കല്ലുപ്പും മതിയാകാതെ വരും സർ നമുക്ക്..

May be an image of 3 people, people standing, food and indoorകമ്മ്യുണിസ്റ്റുകാരന്റെയും, സംഘ പരിവാരുകാരന്റെയും, മുസ്‌ലീം ലീഗുകാരന്റെയും, ശിവസേനയുടെയും മറ്റെല്ലാ ബ്രാക്കറ്റ് പാർട്ടിക്കാരന്റെയും ഒരേയൊരു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നയിച്ച ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനം. ഓർക്കണം 1924 ലെ ബെൽഗാം സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് സാക്ഷാൽ മഹാത്മാ ഗാന്ധിയായിരുന്നു. ഒടുവിൽ നന്ദികെട്ട ഒരു ഹിന്ദു തീവ്രവാദിയാൽ പോയിന്റ് ബ്ളാങ്കിൽ വെടിയുണ്ടകൾക്ക് ഇരയാക്കപ്പെട്ട സാക്ഷാൽ ഗാന്ധിജിയുടെ പിന്മുറക്കാരാണ് സർ നമ്മൾ.

രാജ്യത്തെ 29 സംസ്ഥാനത്തും 7കേന്ദ്ര ഭരണ പ്രദേശങ്ങളിലും 707 ജില്ലകളിലും, 26000 പഞ്ചായത്തുകളിലും ഏത് പാതിരാത്രിക്ക് വിളിച്ചാലും 15 വോട്ടർമാരെ കിട്ടുന്ന ഒരേ ഒരു പ്രസ്ഥാനമാണിത്.ബ്രിട്ടനിലെ ലേബർ പാർട്ടിയേക്കാൾ, ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയേക്കാൾ , അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയേക്കാൾ ദിശാബോധമുള്ള പ്രസ്ഥാനമെന്ന് ലോകം ടൈം മാഗസിനിൽ വിലയിരുത്തിയ പ്രസ്ഥാനം .ഭൗദ യുദ്ധമില്ലാതെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അടിയറവു പറയിപ്പിച്ച ശേഷം 49 വർഷക്കാലം, ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയ്ക്ക് കീഴിൽ സമാനതകളില്ലാതെ ഭരണം നടത്തിയ പ്രസ്ഥാനം . 7 പാർട്ടി അംഗങ്ങളെയും, 6 മുൻ അംഗങ്ങളെയും പ്രധാനമന്ത്രിയാക്കിയ പ്രസ്ഥാനം. ലോകത്ത് ഇങ്ങനെ ഒരു രാഷ്ട്രീയ ചരിത്രമില്ല. ..
രണ്ട് പൊതു തിരഞെടുപ്പുകളിൽ പരാജയപ്പെടുമ്പോൾ വിസമരിക്കപ്പെടാവുന്നതല്ല സർ ഈ മണ്ണിലെ കോൺഗ്രസ് ചരിത്രം. കോൺഗ്രസിന്റെ ചരിത്രം ഈ നാടിന്റേത് കൂടിയാണ്. അതുകൊണ്ടുതന്നെ ഈ ജനതയെ തിരുത്തേണ്ട ബാധ്യതയും ഉത്തരവാദിത്വവും മറ്റാരെക്കാളും അതിന്റെ അമരക്കാരൻ എന്നനിലയിൽ താങ്കൾക്കുണ്ട്. “ഡിവൈഡ്‌ ആൻഡ് റൂൾ” ഭിന്നിപ്പിച്ച് ഭരിക്കുക എന്ന വെള്ളക്കാരുടെ കുതന്ത്രമാണ് അക്ഷരാർത്ഥത്തിൽ സംഘപരിവാർ നേതൃത്വത്തിലുള്ള ഭരണകൂടം ഇവിടെ വർണ്ണകടലാസിൽ പൊതിഞ്ഞ് നടപ്പിലാക്കുന്നത്.

സ്വന്തം ജീവിതം ബലിനൽകി രാഷ്ട്രത്തെ സ്വാതന്ത്രത്തിലേക്ക് നയിച്ച മഹാത്മയെ പോയന്റ് ബ്ളാങ്കിൽ വെടിവെച്ചുകൊല്ലാൻ ഗോഡ്സേയെന്ന തീവ്രവാദിയെ പ്രചോദിപ്പിച്ച അതേ തീവ്ര ഹിന്ദുത്വ ആശയങ്ങലിലൂന്നിയാണ് ഫാസിസ്റ്റ് ശക്തികൾ ഭൂരിപക്ഷ ജനതയെ ചൂഷണം ചെയ്യുന്നത്. രാമക്ഷേത്രം മാത്രമല്ല രാമരാജ്യമാണ് ആത്യന്തികമായി അവരുടെ ലക്ഷ്യം.
ഹിന്ദുരാഷ്ട്രമായി മാറിയാൽ അല്ലെങ്കിൽ ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കപ്പെട്ടാൽ അതിന്റെ ഏറ്റവും വലിയ കെടുതികൾ അനുഭവിക്കേണ്ടിവരിക ഈ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളാണ് എന്ന യാഥാർഥ്യത്തിലേക്ക് ഈ ജനതയെ നയിക്കേണ്ടിയിരിക്കുന്നു.താങ്കളിലാണ് ഈ രാഷ്ട്രത്തിന് പ്രതീക്ഷ.. ഏറ്റവുമൊടുവിലത്തെ തെരഞ്ഞെടുപ്പ് ഫലമെങ്കിലും മുന്നില്‍വെച്ച് തെറ്റ് തിരുത്താനും പാളിച്ചകള്‍ക്ക് പ്രതിവിധി കാണാനും സന്നദ്ധമാവുകയാണ് പ്രത്യുല്‍പന്നമതിത്വമുള്ള നേതൃത്വമാണെങ്കില്‍ ചെയ്യേണ്ടത്… അല്ലാതെ, വീരപാരമ്പര്യം തങ്ങളെ രക്ഷിക്കുമെന്ന് കരുതുന്നതും ഹിന്ദുത്വ വർഗീയതയ്‌ക്കെതിരെ രാജ്യത്താകമാനം നടക്കുന്ന പോരാട്ടങ്ങൾക്ക് അനിവാര്യമായ കാലത്ത് ധ്യാനത്തിന് പോകുന്നതും, പെട്ടിതാങ്ങികളുടെ സാരോപദേശങ്ങൾ കേട്ട് അണ്ടനേയും അടകോടനേയും പിടിച്ചു പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ അവരോധിക്കുന്നതും, അധികാര മോഹം വിട്ടൊഴിയാതെ വന്ദ്യ വയോധികർക്ക് ബോധം മറയുന്നതുവരെ അധികാര കസേരകൾ നൽകുന്നതും പിന്നെ ചങ്കരനെ തെങ്ങിൻമുകളിൽ തന്നെയേ എത്തിക്കുകയുള്ളൂ.

ഫാസിസം അണ്ണാക്കിൽ എത്തിയിട്ടും, മൃഗീയ ഭൂരിപക്ഷത്തിൽ അര നൂറ്റാണ്ടുകാലം രാജ്യം ഭരിച്ച പാർട്ടിക്ക് പ്രതിപക്ഷ നേതാവിനെ ലഭിക്കാനുള്ള ഭൂരിപക്ഷം പോലും കിട്ടിയില്ല എന്നത് എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയെന്ന പൊളിറ്റിക്കൽ വിദ്യാർത്ഥിയെ പരമ്പരാഗത രാഷ്ട്രീയ ചട്ടക്കൂടിൽ നിന്നും മാറ്റി ചിന്തിപ്പിക്കാത്തത് എന്ന ചോദ്യം എന്നെ അലോസരപ്പെടുത്തുന്നുണ്ട് …

രാഹുൽ ഗാന്ധീ അങ്ങ് ആത്മാർത്ഥ കൈമുതലായുള്ള ഒരു നേതാവാണ്, ആവശ്യത്തിലധികം സത് പാരമ്പര്യവുമുണ്ട്, രാജ്യത്തെ കൈപിടിച്ചുയർത്താൻ ഒരു ബാല്യവും കയ്യിലുണ്ട് പക്ഷെ ദരിദ്രരുടെ കുടിലുകളിൽ കയറി ഭക്ഷണം കഴിച്ചതുകൊണ്ടും തൊഴിലാളികളുടെ മക്കളെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചതുകൊണ്ടും, തട്ടുകടയിൽ കയറി ചായ കുടിച്ചതുകൊണ്ടും രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാഷ്ട്രനിർമ്മാണവും സാധ്യമല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലുമുണ്ടാകണം.

മുപ്പത്തി എട്ട് ലക്ഷത്തിന്റെ കൂണും തിന്ന് മൂവായിരം കോടിയുടെ ബ്രാൻഡ് ന്യു വീമാനത്തിൽ അഭിരമിക്കുന്ന ഇന്ത്യയിലെ പ്രധാന ശാഖാ പ്രചാരകിനെ പ്രതിരോധിക്കാൻ വെങ്കായവും, കല്ലുപ്പും, തൈരും ചേർത്തുണ്ടാക്കിയ സാലഡ്കൊണ്ട് സാധിക്കില്ല എന്ന തിരിച്ചറിവുണ്ടാകണം സർ ❤️