ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി കുൽദീപ് സെംഗാർ എം.എൽ.എ യെ വെടിവെച്ച് കൊന്ന് നീതി നടപ്പിലാക്കാൻ നിൽക്കുന്ന പോലീസ് ഓഫീസറെ കണ്ടോ ?

0
392

അഡ്വ ശ്രീജിത്ത് പെരുമന

ആരവിടെ ആൾക്കൂട്ട നീതിക്കാർ!! ആഹ്ലാദിപ്പിൻ അർമാദിപ്പിൻ !!

ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി കുൽദീപ് സെംഗാർ MLA യെ വെടിവെച്ച് കൊന്ന് നീതി നടപ്പിലാക്കാൻ കൈകളിൽ ഒളിപ്പിച്ച രഹസ്യ ആയുധവുമായി എത്തിയ പോലീഷ് മാമന്റെ നാസ പകർത്തിയ ദൃശ്യം പുറത്തു വന്നു.

കഥ ഇതുവരെ,

👉17 വയസുള്ള ഒരു പെൺകുട്ടിയെ വീട്ടിൽ കയറി ക്രൂരമായി ബലാത്സംഗം ചെയ്തു ബിജെപി എംഎൽഎ കുൽദീപ് സെംഗാർ.

👉എംഎൽഎ പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നൽകി. ഒട്ടും താമസിച്ചില്ല ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഇരയായ പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി കൊല്ലപ്പെട്ടു.

👉കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് കുൽദീപ് സെംഗാറിന്റെ സഹോദരൻ അതുൽ സെംഗാറും കൂട്ടാളികളും പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി മർദ്ധിക്കുന്നു.

👉ഇരയായ പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി മർദ്ദിക്കുന്നത് നേരിട്ട് കണ്ട, സാക്ഷിയായ ഒരാളും ദൂരൂഹമായ സാഹചര്യത്തിൽ മരിക്കുന്നു.

👉ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. സംഭവം ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നു.

👉ബലാത്സംഗ ഇരയായ പെൺകുട്ടിയും അഭിഭാഷകനും സഞ്ചരിച്ച കാർ ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെടെയുന്നു. ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുന്നു.

👉റായ്ബറേലിയിൽ നടന്ന കാറപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിക്കുന്നു.

👉പെൺകുട്ടിയോടൊപ്പം 24 മണിക്കൂറും സഞ്ചരിക്കേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അപകടസമയത്ത് കാറിലില്ലാതാകുന്നു.

എത്ര മനോഹരമായ സംഭവ വികാസങ്ങൾ അല്ലേ.. ?

ഇനി കഥയിലേക്ക് വരാം.

👉വെറ്ററിനറി ഡോക്റ്ററായ ഒരു പെൺകുട്ടി അപകടത്തിൽപ്പെട്ടെന്നു കുട്ടിയുടെ അച്ഛൻ പോലിസ് സ്റ്റേഷനിൽ പോയി പറയുന്നു. “നിങ്ങളുടെ മകൾ ആരുടെയെങ്കിലും കൂടെ പോയിട്ടുണ്ടാകും എന്ന് പറഞ്ഞു കളിയാക്കികൊണ്ട് പോലീസ് ” ചിരിക്കുന്നു.

👉അന്വേഷണം നടത്തുന്നില്ല. ഈ സമയം അവൾ ബലാത്സംഗം ചെയ്യപ്പെട്ട് ക്രൂരമായി ജീവനോടെ കത്തിക്കപ്പെടുന്നു.

👉രാജ്യം മുഴുവൻ പ്രതികൾക്കായി അലമുറയിടുന്നു. 24 മണിക്കൂറിനുള്ളിൽ പ്രതികളാണെന്ന് പറഞ്ഞുകൊണ്ട് പോലീസ് 4 ദരിദ്രനാരായണന്മാരായ ട്രക്ക് തൊഴിലാളികളെ പിടിക്കുന്നു. ജയിലിലടയ്ക്കുന്നു അടുത്ത ദിവസം കസ്റ്റഡിയിൽ മേടിക്കുന്നു,

👉അതിവെളുപ്പാൻകാലത്ത് സംഭവസ്ഥലത്ത് കൊണ്ടുപോയി വെടിവെച്ചു കൊല്ലുന്നു.

👉 ആൾക്കൂട്ടവും, ജനങ്ങളും കയ്യടിക്കുന്നു. പൂമാലയിടുന്നു, പുഷ്‌പവൃഷ്‌ടി നടത്തുന്നു, പോലീസുകാർക്ക് ഹാരാർപ്പണം നടത്തുന്നു.

👉പിടിച്ച പ്രതികളാണോ യഥാർത്ഥ അപ്രതികൾ എന്നറിയില്ല, അന്വേഷണം നടന്നിട്ടില്ല, കുറ്റപത്രമില്ല, തെളിവെടുപ്പില്ല, ശാസ്ത്രീയ തെളിവില്ല, മൊഴികളില്ല, സാക്ഷികളില്ല, വിചാരണയില്ല ഒന്നുമില്ലാതെ പോലീസ് വധശിക്ഷ നടപ്പിലാക്കുന്നു.

ജനം കയ്യടിക്കുന്നു.

ശുഭം !

മറ്റൊരു പൊളപ്പൻ കഥ ചുരുക്കി ഇങ്ങനെ ,

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ് ഒരു വർഷത്തോളം തന്നെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി നൽകിയ ഉത്തർപ്രദേശിലെ നിയമവിദ്യാർത്ഥിയായ പെൺകുട്ടിയെ ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്നും കാണാതാകുകയും ഒരാഴ്ചയ്ക്ക് ശ്ശേഷം പെൺകുട്ടിയെ രാജസ്ഥാനിൽ നിന്നും കണ്ടെത്തുകയും ചിന്മയാനന്ദിന്റെ പരാതിയിൽ ജയിലിൽ അടയ്ക്കുകയും ചെയ്തു. ആ ഇര ഇപ്പോഴും ജയിലിലാണ്.

എന്താല്ലേ ?

അഡ്വ ശ്രീജിത്ത് പെരുമന