ബീഫ് കഴിക്കാൻ ആഗ്രഹമുള്ള പോലീസുകാർ ഉണ്ടെങ്കിൽ ബീഫ് കൊടുക്കുക തന്നെ വേണം

0
104

(വാർത്ത : കേരള പോലീസിന്റെ ഭക്ഷണ മെനുവിൽ നിന്നും ബീഫ് വിഭവങ്ങൾ നീക്കം ചെയ്തു)

അഡ്വ ശ്രീജിത്ത് പെരുമന

പോലീസുകാർ ബീഫ് കഴിക്കണം എന്നെനിക്ക് യാതൊരു നിർബന്ധമോ ആഗ്രഹമോ ഇല്ല. പക്ഷെ മിശ്രഭുക്കായ മനുഷ്യർ പൊലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു അല്ലെങ്കിൽ പോലീസ് ജോലി ചെയ്യുന്നു എന്നതുകൊണ്ട് നിയമം കൊണ്ട് നിരോധിക്കപ്പെടാത്ത “ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശം” ഇല്ലാതാകുന്നില്ല എന്നുമാത്രമല്ല ഇല്ലാതാക്കാനും സാധിക്കില്ല.

ബീഫ് കഴിക്കുന്നത് കായികമായ ആരോഗ്യത്തെയോ മറ്റെന്തെങ്കിലും പൊതുവായ വികാരത്തെയോ, നിയമത്തെയോ ബാധിക്കുന്നില്ല എങ്കിൽ ബീഫ് കഴിക്കാൻ ആഗ്രഹിക്കുന്ന ഓരോ പോലീസുകാരനും അതിനുള്ള ഭരണഘടന അവകാശമുണ്ട്, സംശയം വേണ്ട. എഡിജിപി ഉത്തരവിട്ടു എന്ന് വാർത്തകളിൽ പറയൂന്ന ഈ വാർത്ത യാഥാർത്ഥമാണെങ്കിൽ അത് ഫാസിസമാണ്.

പൊലീസിലെ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് ബീഫ് കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിനു എതിരായി സർക്കാരിന്റെയോ, ഏതെങ്കിലും ബ്യുറോക്രാറ്റിന്റെയോ, എക്സിക്കുട്ടീവിന്റെയോ ഉത്തരവ്/നിയമം ഉണ്ടെങ്കിലും നിങ്ങൾ ധൈര്യമായി ആവശ്യപ്പെട്ടോളൂ ബീഫ് വേണമെന്ന്, അല്ലെങ്കിൽ മെനുവിൽ ഉൾപ്പെടുത്തണമെന്ന്. അതിന്റെ പേരിൽ നിങ്ങൾക്ക് ഉണ്ടാകുന്ന ഏതൊരു പ്രശ്നവും, കേസും പൂർണ്ണമായും സൗജന്യമായും കാര്യക്ഷമതയോടെയും ഇടപെട്ട് നിയമപരമായി സഹായിക്കുന്നതാണ് എന്ന് അറിയിക്കുന്നു.

ഈ വിഷയത്തിൽ മുന്നോട്ട് വരുന്ന ഏതൊരു പോലീസുകാരനും പൂർണ്ണനിയമസഹായം വാഗ്ദാനം ചെയ്യുന്നു. പോലീസ് മെനുവിൽ നിന്നും ബീഫ് നീക്കം ചെയ്തത് ചോദ്യം ചെയ്യാൻ കാക്കിക്കുള്ളിലെ അടിമകളല്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഈ പോസ്റ്റിൽ കമന്റ് ചെയ്യാം, അതിന് ബുദ്ധിമുട്ടുള്ളവർക്ക് മറ്റേതുവിധേനയും ബന്ധപ്പെടാം. ഒന്നുകിൽ ബീഫ് നിരോധിക്കണം അല്ലെങ്കിൽ ബീഫ് അപകടകാരിയായ ഭക്ഷണമായി കാറ്റഗറൈസ് ചെയ്യണം അല്ലെങ്കിൽ പോലീസിനെന്നല്ല കള്ളന്മാർക്കും ബീഫ് തിന്നാനുള്ള സ്വാതന്ത്ര്യവും അവകാശവും ഈ നാട്ടിലുണ്ട് .