യു.എ.ഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധി ഇനി ഇന്ത്യയിൽ നടപ്പാക്കും

122
അഡ്വ ശ്രീജിത്ത് പെരുമന
യു.എ.ഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധി ഇനി ഇന്ത്യയിൽ നടപ്പാക്കും
പണമിടപാട് കേസുകളിൽ ഉൾപ്പെടെ സിവിൽ വ്യവഹാരങ്ങളിൽ പ്രതിസ്ഥാനത്തുള്ള പ്രവാസികള്‍ നാട്ടിലെത്തിയാലും യു.എ.ഇ കോടതി പുറപ്പെടുവിക്കുന്ന വിധി നാട്ടില്‍ നടപ്പാകും.
ഫെഡറൽ സുപ്രീംകോടതി,അബുദാബി, ഷാർജ അജ്‌മാൻ, ഉം അൽ ക്യുവെയിൻ, ഫുജൈറ എന്നീ ഫെഡറൽ /അപ്പീൽ കോടതികളും അബുദാബി സിവിൽ കോടതികളും, ദുബൈ കോടതികളും, അബുദാബി ഗ്ലോബൽ മാർക്കറ്റ് കോടതികളും, റാസൽ ഖൈമ കോടതികളും, ദുബൈ ഇന്റർനാഷണൽ ഫിനാൻസ് സെന്റർ കോടതികളും പുറപ്പെടുവിക്കുന്ന വിധികളാണ് ഇന്ത്യയിലും നടപ്പിലാക്കുക.
ഇന്ത്യൻ സിവിൽ പ്രൊസീജ്യർ കോഡിലെ 44A വകുപ്പിലെ വിശദീകരണം 1 പ്രകാരമാണ് കേന്ദ്ര സർക്കാർ UAE ലെ വിവിധ കോടതികളെ പരസ്പര വിനിമയ പ്രദേശത്തുള്ള കോടതികൾ അഥവാ reciprocating territory ആയി പ്രഖ്യാപിച്ച ഉത്തരവിറക്കിയത്.
ഇത് സംബന്ധിച്ച് കേന്ദ്ര നിയമകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ പണമിടപാട് കേസുകളില്‍ പ്രതിസ്ഥാനത്തുള്ള പ്രവാസികള്‍ നാട്ടിലെത്തിയാലും യു.എ.ഇ കോടതി പുറപ്പെടുവിക്കുന്ന വിധി നാട്ടില്‍ നടപ്പാകും. യു.എ.ഇയിലെ കോടതികളുടെ വിധികള്‍ പുതിയ വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് പരിഗണിക്കപ്പെടുക.
നേരത്തെ UAE യിലെ സിവിൽ കോടതികൾ പുറപ്പെടുവിക്കുന്ന വിധികൾ ഇന്ത്യയിൽ നടപ്പിലാക്കുകയോ യാതൊരുവിധ എവിടെന്ററി മൂല്യമോ ഇല്ലായിരുന്നു എങ്കിൽ ഈ ഉത്തരവോടെ പണമിടപാടും, സാമ്പത്തിക തട്ടിപ്പും നടത്തി കടന്നുകളയുന്ന പ്രതികളെ ഏതു രാജ്യത്തായാലും പിടികൂടി കേസ് തീർപ്പാക്കാൻ സാധിക്കും. സിവിൽ വ്യവഹാരങ്ങളിൽ മാത്രമാണ് ഈ വിധികൾ ബാധകമാകുക.