പോലീസേ വ്യാപാര സ്ഥാപനങ്ങൾ എപ്പോൾ തുറക്കണമെന്നും എപ്പോൾ അടയ്ക്കണമെന്നും തീരുമാനിക്കുന്നത് അതാത് ലൈസൻസ് ഉടമകളാണ്‌

118

അഡ്വ ശ്രീജിത്ത് പെരുമന

സംഘികളെപോലെ ആകല്ലേ പോലീസേ !

പഞ്ചായത്ത്,/മുനിസിപ്പാലിറ്റി/കോർപറേഷൻ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന D&O ലൈസൻസ് പ്രകാരം പ്രവൃത്തിക്കുന്ന സ്വകാര്യ വ്യാപാര സ്ഥാപനങ്ങൾ എപ്പോൾ തുറക്കണമെന്നും എപ്പോൾ അടയ്ക്കണമെന്നും തീരുമാനിക്കുന്നത് അതാത് ലൈസൻസ് ഉടമകളാണ്‌. ലൈസൻസ് മാനദണ്ഡത്തിലോ, നിബന്ധനകളിലോ സ്ഥാപനങ്ങൾ തുറക്കുന്നതും അടയ്ക്കുന്നതും സംബന്ധിച്ച് യാതൊരുവിധ നിയമങ്ങളും നിലവിലില്ല. ലൈസൻസ് തുകയും, മറ്റു അനുബന്ധ നിയമപരമായ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നോക്കുക മാത്രമാണ് ലൈസൻസിങ് അതോറിറ്റിയുടെ ചുമതല.

ഒരു ക്രമസമാധാന പ്രശ്നമുണ്ടാകുകയോ, ഉപഭോക്താക്കളോട് അപമര്യാദയായി പെരുമാറുകയോ, പബ്ലിക് ന്യുയിസൺസ് നടത്തുകയോ, ഏതെകിലും ക്രിമിനൽ കുറ്റം ചെയ്യുകയോ ചെയ്തില്ലെങ്കിൽ ഒരു സ്വകാര്യ വ്യാപാര വ്യവസായ സ്ഥാപനം എപ്പോൾ തുറക്കണമെന്നും എപ്പോൾ അടയ്ക്കണമെന്നും തീരുമാനിക്കുന്നതിൽ പൊലീസിന് യാതൊരുവിധ റോളുമില്ല എന്നുമാത്രമല്ല തദ്ദേശ സ്ഥാപനങ്ങളുടെ എകിസിക്കുട്ടീവ് അധികാരങ്ങൾക്ക് മുകളിൽ സൂപ്പർ എക്സികുട്ടീവ് ചമയാൻ യാതൊരു അധികാരവുമില്ല.

ക്രമസമാധാന പ്രശ്നങ്ങളുടെ ഭാഗമായി 144 Crpc പ്രഖ്യാപിച്ച് നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ SP റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥന് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ആവശ്യപ്പെടാം എന്നതൊഴിച്ചൽ ബിജെപി പൊതുയോഗം നടത്തുമ്പോഴോ, സംഘപരിവാരിന്റെ ഗാന്ധിവധം പുനരാവിഷ്‌ക്കാരം നടക്കുമ്പോഴോ വ്യാപാര സ്ഥാപനങ്ങൾ തുറന്നുവെക്കണമെന്ന തിട്ടൂരമിറക്കാൻ ഈ നാട്ടിലെ പോലീസിനെന്നല്ല സംഘികളുടെ തലതൊട്ടപ്പൻ ഹിസ് എക്‌സലൻസി ഗവർണർ ആരിഫിഖാനുവരെ അധികാരമില്ല.

മറ്റാരുടെയും നിർബന്ധബുദ്ധിയില്ലാതെ, പ്രേരണയില്ലാതെ സ്വേച്ഛയാ കടകളടച്ചോ, വ്യാപാരം നടത്താതെയോ, കഞ്ഞി കുടിക്കാതെയോ സമരമോ, നിസ്സഹരണം നടത്താനോ ഓരോരുത്തർക്കും ഭരണഘടനാ മൗലികാവകാശമുണ്ട്. ബിജെപി പൊതുയോഗത്തിന്റെ സമയത്ത് കടകളടയ്ക്കരുത് അത് മതസ്പർദയാണെന്നു പോലീസ് തിട്ടൂരമിറക്കുന്നത് ഫാസിസവും, ഭരണകൂട ഭീകരതയുമാണ്. ഇത്തരം സംഘി പോലീസ് തിട്ടൂരങ്ങളെ സവർക്കറുടെ മാപ്പുപോലെ പുച്ഛിച്ച് അറബിക്കടലിൽ എറിയണം.

ബിജെപിക്കാരോ സംഘികളോ വർഗ്ഗീയ നിയമത്തെ വർണ്ണക്കടലാസിൽ പൊതിഞ്ഞു വിശദീകരിക്കാൻ വരുമ്പോൾ കടകളടച്ച് പ്രതിഷേധിക്കണം എന്നൊന്നും എനിക്ക് അഭിപ്രായമില്ല എന്നാൽ അതും ഒരു വ്യവസ്ഥാപിത പ്രതിഷേധമാണ് എന്നതിൽ സംശയമില്ല.

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഏതോ നാഗ്പൂർ പോലീസിന്റെ ഈ തിട്ടൂരം അതുകൊണ്ടുതന്നെ അർഹിച്ച പുച്ഛത്തോടെ തള്ളിക്കളയണമെന്ന് ജനാധിപത്യ മതേതര വിശ്വാസികളോട് അഭ്യർത്ഥിക്കുന്നു. ഇത്തരം ഭരണകൂട തിട്ടൂരങ്ങളെ നേരിടാൻ നിങ്ങളോടൊപ്പം ജീവൻ നൽകിയും കൂടെയുണ്ടാകും എന്ന് ആവർത്തിച്ച് നിലപാടറിയിക്കുന്നു.

പോലീസ് വ്യാപാരികൾക്ക് നൽകിയ സംഘി തിട്ടൂരം