പൗരത്വ ഭേദഗതിക്കെതിരെ കേരളത്തിൽ പ്രത്യക്ഷമായൊരു വിദ്യാർത്ഥി പ്രക്ഷോഭം ഉയർന്നു വന്നിട്ടില്ല

95
അഡ്വ ശ്രീജിത്ത് പെരുമന
സാമൂഹിക മാധ്യമങ്ങളും, സമരങ്ങളുടെ ഹോൾസെയിൽ ഡീലർമാരും യുദ്ധം അവസാനിപ്പിച്ച സാഹചര്യത്തിൽ പൗരത്വ നിയമ ഭേദഗതിയെന്ന വർഗ്ഗീയ ഫാസിസത്തിനെതിരെ ക്രിയാത്മകമായ സമാന്തര സമരങ്ങൾ ഉയർന്നു വരേണ്ടിയിരിക്കുന്നു. കേരളത്തിലെ പ്രമുഖ സർവ്വകലാശാലകളിലെയും വിദ്യാർത്ഥികളെ അണിനിരത്തി കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിൽവെച്ച് സമാധാനപരമായ വിദ്യാർഥി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചാൽ അത് ഈ ചരിത്ര സമരത്തിന് ഏറെ ഊർജ്ജം നൽകുമെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് ഡൽഹിയിലെ ആമിറ്റി സർവകലാശാല ചരിത്രാധ്യാപകനും ഗുരുനാഥനുമായ ശ്രീകുമാർ മാഷാണ്.
പൗരത്വ നിയമഭേദഗതിയിലെ ഭരണഘടനാ വിരുദ്ധതയും, വർഗ്ഗീയ വിവേചനവും വിശദീകരിക്കാൻ വയനാട് പുൽപ്പള്ളി പഴശ്ശി രാജ കോളേജിലും, കോഴിക്കോട് മീഞ്ചന്ത കോളേജിലും നടക്കുന്ന പരിപാടികളിൽ വരും ദിവസങ്ങളിൽ പങ്കെടുക്കുന്നുണ്ട് എന്നറിയിച്ചപ്പോഴാണ് ഇത്തരം ഒരാശയം അദ്ദേഹം മുന്നോട്ട് വെച്ചത്. കേരളത്തിൽ പ്രത്യക്ഷമായി അത്തരമൊരു വിദ്യാർത്ഥി പ്രക്ഷോഭം ഉയർന്നു വന്നിട്ടില്ല എന്ന സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ശരിയാണ്. വിദ്യാർത്ഥികൾ കൂട്ടത്തോടെ പ്രതിഷേധിക്കുന്നത് സമരത്തിന് ദിശാബോധം നൽകുമെന്നതിൽ തർക്കമില്ല. പ്രത്യേകിച്ചും വിദ്യാഭ്യാസ സംസ്കാരത്തിന്റെ ഈറ്റില്ലമായ കേരളത്തിൽ.
SFI, KSU, AISF, MSF തുടങ്ങിയ മുഖ്യധാരാ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ സംയുക്തമായ സഹകരണത്തോടെയാണെങ്കിൽ കൂടുതൽ പങ്കാളിത്തത്തോടെ വിദ്യാര്ഥി സമരം സംഘടിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. മൂന്ന് തീയതികളിലായി മേൽപ്പറഞ്ഞ മൂന്ന് നഗരങ്ങളിൽ വ്യത്യസ്ത രീതിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സാധിക്കും. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള വിശിഷ്ഠ വ്യക്തികളെയും ഈ പോരാട്ടത്തിന്റെ ഭാഗമാക്കാനും അതോടൊപ്പം രാജ്യ തലസ്ഥാനത്ത് സന്ധിയില്ലാ സമരം നടത്തുന്ന ക്യാമ്പസുകൾക്ക് ആവേശം നൽകാനും ഇത്തരമൊരു വിദ്യാർഥി പ്രക്ഷോഭത്തിലൂടെ സാധിക്കും.
ആലോചനയുടെ ആദ്യ ഘട്ടമെന്ന നിലയിൽ എല്ലാ പ്രമുഖ വിദ്യാർത്ഥി സംഘടനാ നേതാക്കളുമായി ആശയവിനിമയം നടത്താൻ തീരുമാനിച്ചു. തുടർന്ന് വിദ്യാർഥി നേതാക്കളുടെയും, പൗര പ്രമുഖരുടെയും നേതൃത്വത്തിൽ ആലോചന യോഗങ്ങൾ ചേർന്ന് പരിപാടികൾക്ക് അന്തിമരൂപം നൽകാം.
ആദ്യഘട്ട ചർച്ചകൾക്കായി ഇന്ന് തിരുവനന്തപുരത്ത് എത്തും. പ്രാരംഭ ചർച്ചകളിൽ പോസിറ്റിവായ പിന്തുണയും നിർദേശങ്ങളും, പങ്കാളിത്തവും ലഭിച്ചാൽ മാത്രമേ ഈ പരിപാടികളുമായി മുന്നോട്ടു പോകുകയുള്ളൂ. ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളുടെ മുന്നണി പോരാളിയായ ശ്രീ കണ്ണൻ ഗോപിനാഥൻ IAS മായും ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഈ നിർദേശങ്ങളോട് ഐക്യദാര്ട്യം പ്രഖ്യാപിക്കുന്നവരും, ജനാധിപത്യ വിശ്വാസികളും, പിന്തുണയ്ക്കാൻ സാധിക്കുന്നവരും രാഷ്ട്രീയ -മത -വർഗ്ഗ -വർണ്ണ വ്യത്യാസമില്ലാതെ നിർദേശങ്ങളും, അഭിപ്രായങ്ങളും അറിയിക്കാനും താത്പര്യം.ഒപ്പം പൗരത്വ സമരത്തിൽനിന്നും വ്യതിചലിക്കുന്ന സോഷ്യൽ മീഡിയയെക്കുറിച്ച് ചിലത് പറയാതെ വയ്യ, സോഷ്യൽ മീഡിയ എന്നാൽ ഇങ്ങനെയൊക്കെയാണ്. കൂടെ നിൽക്കുന്നവന്റെ കുതികാൽ വെട്ടാനും, ആവശ്യം വന്നാൽ ഒറ്റുകൊടുക്കാനും മടിയില്ലാത്ത മുഖമില്ലാത്തവരും, തലച്ചോറില്ലാത്തവരുമായി അപ്പപ്പോൾ കിട്ടുന്നതിനെ വിജ്രംഭിപ്പിച്ച് ആത്മരതിയടയുന്ന ഒരാൾക്കൂട്ടം ഇവിടെയുണ്ട്. പൊതുവായി പറഞ്ഞതല്ല കാര്യങ്ങളെ വസ്തുതാപരമായി വിശകലനം ചെയ്യുകയും, ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്ന സൈബർ ന്യുനപക്ഷത്തെ കാണാതിരിക്കുന്നില്ല.
എന്നാൽ പലപ്പോഴും നേരത്തെ സൂചിപ്പിച്ച ഇരുതലമൂർച്ചയുള്ള ആൾക്കൂട്ടമാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നതിനാൽതന്നെ അത്തരം നിലപാടുകളിലെ ധാർമ്മികതയും യുക്തിയും അധാർമ്മികതയുമൊന്നും ചോദ്യം ചെയ്യപ്പെടുകയോ, തിരുത്തപ്പെടുകയോ ചെയ്യാറില്ല എന്നത് ഒരു ദുഖകരമായ യാഥാർഥ്യമാണ്. മറ്റെല്ലാ താത്പര്യങ്ങളും മാറ്റി വെച്ച് ഒരു ചരിത്രപോരാട്ടത്തിൽ പങ്കാളിയായികൊണ്ട് നിലനിൽപ്പിന്റെ സമരത്തിൽ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാനും അതിലൂടെ രാജ്യത്തിന്റെ ഭരണഘടനയെയും ബഹുസ്വരതയെയും ഉയർത്തിപ്പിടിക്കാനും നമുക്ക് സാധിക്കണം. സാമൂഹിക മാധ്യമങ്ങൾക്കും അത്തരമൊരു ചരിത്ര പോരാട്ടത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കാനുണ്ട് എന്നോർമ്മപ്പെടുത്തുന്നു