പീഡിപ്പിക്കുന്നവരുടെയും ചൂഷണം ചെയ്യുന്നവരുടെയും ഭാഗത്താണ് സഭ നിൽക്കുന്നത്

231

അഡ്വ ശ്രീജിത്ത് പെരുമന

സഭയ്ക്കുളിൽ നടക്കുന്ന കുറ്റകരമായ തോന്ന്യാസങ്ങളെക്കുറിച്ച് സിസ്റ്റർ ലൂസി കളപ്പുരയിൽ വെളിപ്പെടുത്തുമ്പോൾ..അന്ന് സിസ്റ്റർ ജെസ്മി പറഞ കാര്യങ്ങൾക്ക് കൂടുതൽ പ്രസക്തിയുടെന്നു തോന്നുന്നു.

“എനിക്ക് മാര്‍പാപ്പയോട് ഉന്നയിക്കാനുള്ള രണ്ട് ആവശ്യങ്ങളില്‍ ഒന്ന് വൈദികരേയും കന്യാസ്ത്രീകളേയും വിവാഹം കഴിക്കാനനുവദിക്കുക എന്നതാണ്. രണ്ടാമത്തേത് മൂന്നാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടുക എന്നതും. ഇന്ന് കന്യാസ്ത്രീകളും വൈദികരും സദാചാരപരമായി ഏറ്റവും മോശമായാണ് ജീവിക്കുന്നത്. ഞങ്ങളുടെ ഇടയില്‍ പറയാറുണ്ട് പുരുഷന്മാരായി ജനിക്കുകയാണെങ്കില്‍ വൈദികരായി ജീവിക്കണം എന്ന്. അസാന്‍മ്മാര്‍ഗ്ഗിക ജീവിതമാണ് ഇതില്‍ ഭൂരിപക്ഷം പേരും നയിക്കുന്നത്. വ്യത്യസ്തരായ സ്ത്രീകള്‍, എന്നാല്‍ ഒരു ഉത്തരവാദിത്തവും ഏല്‍ക്കുകയും വേണ്ട. ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്തതും ഉള്ളതുമായി ഏത് തരത്തിലുള്ള പെണ്ണിനേയും കിട്ടും. അഥവാ അവള്‍ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന്റെ കുട്ടിയായി പ്രസവിച്ചുകൊള്ളും. അച്ഛന് ഒരു കുഴപ്പവും വരില്ല. പോരെങ്കില്‍ കന്യാസ്ത്രീകള്‍ വേറെയും. കന്യാസ്ത്രീ മഠത്തില്‍ സ്വവര്‍ഗ്ഗരതി വ്യാപകമാണ്. ഇതിന്റെ പേരില്‍ അക്രമവും കൊലപാതകവും വരെ നടക്കുന്നു.

ഞങ്ങള്‍ മഠത്തില്‍ സ്വവര്‍ഗ്ഗരതിയെ ‘പ്രത്യേകസ്‌നേഹം’ എന്നാണ് വിളിക്കാറുള്ളത്. ഈ അടുത്തകാലത്ത് പത്രങ്ങളില്‍ വാര്‍ത്തയായി വന്ന കന്യാസ്ത്രീ മഠങ്ങളില്‍ നടന്ന പല സംഭവങ്ങളുടേയും പിന്നില്‍ സ്വവര്‍ഗ്ഗരതിയും അതിനോടനുബന്ധമായ പ്രശ്‌നങ്ങളുമാണ്. തിളച്ച വെളിച്ചണ്ണ എടുത്തൊഴിക്കുക എന്നൊക്കെ പറഞ്ഞാല്‍. കഴിഞ്ഞ ദിവസം മാര്‍പാപ്പ പറഞ്ഞു, രണ്ട് ശതമാനം പുരോഹിതര്‍ കുട്ടികളെ പീഡിപ്പിക്കുന്നവരാണെന്ന്. എന്താ അതിനര്‍ത്ഥം? അമ്പതു പേരില്‍ ഒരാള്‍ പീഢിപ്പിക്കുന്നവരാണെന്ന്. പെണ്ണുങ്ങളെ പിടിക്കല്‍ പോകട്ടെ. കുട്ടികളേയും അള്‍ത്താരബാനമാരെയുമാണ് പീഢിപ്പിക്കുന്നത്. അതാണ് സങ്കടം. ആലോചിച്ചു നോക്കൂ എത്ര വലിയ സംഖ്യയായെന്ന്, ലക്ഷക്കണക്കിന് വൈദികരുണ്ട് സഭയില്‍. കേരളത്തില്‍ മാത്രം 35000 കന്യാസ്ത്രീകള്‍ ഉണ്ടെന്നാണ് ഇതിനിടെ മാര്‍പവ്വത്തില്‍ പിതാവ് പറഞ്ഞത്.

എത്രകൊല്ലമായി പോപ്പ് ക്ഷമ ചോദിക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ മാര്‍പാപ്പയുടെ ‘മഹാത്യാഗം’ ഉണ്ടായില്ലേ. എപ്പൊഴാ ഈ ‘സ്ഥാനത്യാഗം’ ഉണ്ടായേ? അയാളെ ജയിലില്‍ പിടിച്ചിടും എന്ന ഘട്ടം വന്നപ്പോഴാണ് ത്യാഗം ഉണ്ടായത്. ഇതിനെയൊക്കെ ഈ മാര്‍പാപ്പ അപലപിക്കുന്നത് എന്തുകൊണ്ടാ? അല്ലെങ്കില്‍ നാളെ ഈ മാര്‍പാപ്പയുടെ പേരിലാണ് പല കേസുകളും വരിക. വ്യക്തിമാറിയതു കൊണ്ട് പലതും തല്‍ക്കാലം ഒതുങ്ങി. എന്നിട്ടും ബ്രഹ്മചര്യം ബ്രഹ്മചര്യം എന്നു പറഞ്ഞിരിക്കുന്നതില്‍ എന്താ അര്‍ത്ഥം?

പുതിയ മാര്‍പാപ്പ പുരോഗമന ചിന്താഗതിക്കാരനാണ്. അദ്ദേഹം മൂന്നാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടട്ടെ. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലാണ് മതത്തില്‍ കുറച്ച് മാറ്റം വന്നത്. ജനലുകള്‍ തുറന്നിടൂ എന്ന ആഹ്വാനം അതിലാണ് ഉണ്ടായത്. കുറേ അച്ചന്‍മാരും സിസ്റ്റമാരും സഭ വിട്ട് പോയി. കാറ്റും വെളിച്ചവും കടക്കുമ്പോള്‍ പോകുന്നതെല്ലാം പോകട്ടെ. അന്ന് നില്‍ക്കാനുള്ളവര്‍ നിന്നു. 21-ാം നൂറ്റാണ്ടില്‍ കാര്യങ്ങള്‍ പുനര്‍വ്യാഖ്യാനം ചെയ്യണം. വിവാഹത്തെക്കുറിച്ച് ആലോചിക്കാം എന്നു പറഞ്ഞിട്ടുണ്ട്. ഇന്നുവരെ ഒരു മാര്‍പ്പാപ്പയും പറയാത്ത വാക്ക്. അത്രയെങ്കിലുമാകട്ടെ.”

ക്രിസ്റ്റോളജിയില്‍ ഡോക്ടറേറ്റ് എടുത്ത ഫാദര്‍ ജയിംസ് ഗുരുദാസ് സി.എം.ഐ. ആയിരുന്നു ആ വ്യക്തി. അദ്ദേഹം കുര്‍ബാന ചൊല്ലാറില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘എന്റെ സിസ്റ്ററേ, കുര്‍ബാനയൊക്കെ ഞങ്ങള്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു ജാടയല്ലേ’ ഞാന്‍ അതിശയപ്പെട്ടു. അദ്ദേഹത്തെ എന്തുകൊണ്ട് മേലധികാരികള്‍ ചോദ്യം ചെയ്യുന്നില്ല എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘അവര്‍ക്കൊക്കെ ഇതറിയാം. ഞാന്‍ ക്രിസ്റ്റോളജിയില്‍ ഡോക്ടറേറ്റ് എടുത്ത ആളാ. എന്നെ പഠിപ്പിക്കാന്‍ അവര്‍ക്കു പറ്റുമോ?’ ഇതാണ് സത്യം. നമ്മുടെ മനസ്സിലുള്ള ഓരോ വിഗ്രഹങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു ബിഷപ്പ് എന്നെക്കുറിച്ച് പറഞ്ഞുവത്രെ, എന്റെ കല്ല്യാണം കഴിഞ്ഞൂന്ന്. അയാളുടെ കയ്യില്‍ വ്യക്തമായ തെളിവ് ഉണ്ടത്രെ. മറ്റൊരു ബിഷപ്പ് പറഞ്ഞതായി അറിഞ്ഞു, ഞാന്‍ അന്യപുരുഷന്മാരുമായി ലൈംഗികബന്ധം ആസ്വദിക്കുകയാണ്; അതുകൊണ്ടാണ് കല്ല്യാണം കഴിക്കാത്തത് എന്ന്. ഒരു ബിഷപ്പാണ് പറയുന്നതെന്നോര്‍ക്കണം. ആ ബിഷപ്പിന് ചിന്തിക്കാന്‍ സാധിക്കുന്നുണ്ടാവില്ല ലൈംഗികബന്ധം ഇല്ലാതെയും ജീവിക്കാന്‍ പറ്റും എന്നത്. വൈദികര്‍ക്കും ബിഷപ്പിനും അത് സാധിക്കുന്നുണ്ടാകില്ല. എനിക്ക് സാധിക്കും. അതിലവര്‍ക്ക് അസൂയയുണ്ടാകും. ഞാന്‍ അദ്ദേഹത്തോട് പറയാന്‍ പറഞ്ഞു, അകത്തുള്ള കന്യാസ്ത്രീകളില്‍ എത്രപേര്‍ക്ക് കന്യകാത്വം ഉണ്ടെന്ന് നോക്കാന്‍. അവരോടെങ്കിലും ബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ പറയൂ. എന്നിട്ട് മതി എന്റെ കാര്യം നോക്കാന്‍. അതിന്നവര്‍ക്ക് സാധിക്കില്ല. പ്രൊഫസര്‍ ജോസഫിന്റെ കാര്യം നോക്കൂ. ആരാണ് യഥാര്‍ത്ഥ തീവ്രവാദികള്‍? കൈവെട്ടിയവരോ, കൈവെട്ടപ്പെട്ട ജോസഫിന്റെ ജോലി കളഞ്ഞവരോ? രണ്ടാമത്തെവിഭാഗമാണ് ഭീകരര്‍ എന്ന് ഞാന്‍ പറയും. വേദനിക്കുന്നവരെ വീണ്ടും വേദനിപ്പിക്കുന്നവര്‍.”

ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങൾ ആയുഷ്ക്കാലം മുഴുവൻ അനുവർത്തിക്കേണ്ടവരാണ് സഭയിലെ സന്യാസികൾ …. ഇതിൽ പറഞ്ഞ ഏതെങ്കിലും ഒരു വ്രതമെങ്കിലും ഇവർ പാലിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല…ഇപ്പറഞ്ഞ വ്രതങ്ങളൊക്കെ ഞായറാഴ്ച്ച പ്രസംഗങ്ങളിൽ മാത്രം ഒതുക്കി കിട്ടാവുന്നതിൽ ഏറ്റവും മുന്തിയ സൗകര്യങ്ങൾ ഏർപ്പാടാക്കി ജീവിതം ആസ്വദിക്കുന്നവരാണ് ഇന്നത്തെ വൈദികരിൽ ഭൂരിഭാഗവും..ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്യുന്നു. എന്ന വചനം പഠിപ്പിക്കുന്നവർ തന്നെ ഒൻപത് വയസ്സുകാരിയുടെ അടിവസ്‌ത്രം അഴിച്ചു പരിശോധിക്കുന്നത് വൈദികരിൽ സംഭവിച്ചിരിക്കുന്ന വൻ മൂല്യച്യുതിയെ തുറന്നുകാട്ടുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.ഒരിക്കലും പുറത്തു വരാതെ പള്ളിമേടകളിൽ ഒതുങ്ങിപ്പോകുന്ന ഇത്തരം നൂറുകണക്കിന് സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് നൂറുശതമാനവും വിശ്വസിക്കുന്ന ആളാണ്‌ ഞാൻ ..പക്ഷേ പള്ളീലച്ചനെ വിമർശിക്കുന്നവന് തെമ്മാടിക്കുഴി എന്ന അലിഖിത സത്യം വിശ്വാസികളെ പിന്തിരിപ്പിക്കുന്നു.

സഭ പീഡിപ്പിക്കുന്നവരുടേയും ചൂഷണം ചെയ്യുന്നവരുടേയും ഭാഗത്താണ് നില്‍ക്കുന്നത് എന്നാണല്ലോ സിസ്റ്റര്‍ അഭയയുടെ കാര്യത്തിലായാലും പ്രൊഫ. ജോസഫിന്റെ കാര്യത്തിലായാലും സിസ്റ്റര്‍ ജസ്മിയുടെ കാര്യത്തിലായാലും, റോബിൻ മെത്രാന്റെ കാര്യത്തിലായാലും ഇപ്പോൾ ഇതാ സിസ്റ്റർ ലൂസിയുടെ കാര്യത്തിലായാലും എന്നാണു നമ്മൾ മനസിലാക്കേണ്ടത് ?