പൂർത്തിയാകാത്ത മദനിയെന്ന ചിത്രത്തിലെ നിശബ്ദതയിൽ ഇന്ന് വീണ്ടും ഒരു “മനുഷ്യാവകാശ ദിനം” ആചരിക്കപ്പെടുന്നു

115

Adv Sreejith Perumana

പൂർത്തിയാകാത്ത മദനിയെന്ന ചിത്രത്തിലെ നിശബ്ദതയ്യിൽ ഇന്ന് വീണ്ടും ഒരു “മനുഷ്യാവകാശ ദിനം” ആചരിക്കപ്പെടുന്നു.മനുഷ്യത്വത്തിന്‌ നിറം പൂശിയ നീതിയെന്ന ബ്രഷ് മൗനിയായി തുടരുന്നു.
നിയമത്തിന്റെ നെഞ്ചിൽ മുൻവിധികൾ കത്തി വെയ്ക്കുമ്പോഴേയ്ക്കും നീതിയുടെ രോദനം നേർത്തിരുന്നൂ. തമസ്സ് കുടിച്ചുണർന്ന അദ്ധേഹത്തിന്റെ കാഴ്ചകൾക്ക് മങ്ങലേൽക്കുന്നൂ.കാഴ്ചകൾ അനാഥമാകുമ്പോഴും ഈ കാഴ്ചക്കാരൻറെ നിറംകെട്ട മനസ്സിൽ ശൂന്യതയുടെ നിയമ താളങ്ങൾ ബാക്കിയാകുന്നു.നിയമങ്ങളുടെ കരാളഹസ്തങ്ങളിൽ അകപ്പെട്ട് ജീവശ്ശവമാകേണ്ടിവന്ന സമാനതകളില്ലാത്ത ക്രൂരതയുടെ ബാക്കിപത്രമാണ് മദനി.

വീണ്ടുമൊരു മനുഷ്യാവകാശ ദിനം പിറന്ന അർദ്ധരാത്രിയിൽ അബ്ദുന്നാസ്സിര്‍ മഅ്ദനി ഉസ്താദിനെ അതിശക്തമായ ഛര്‍ദ്ദിയും തലകറക്കവും ഒപ്പം ഗുരുതര ആരോഗ്യപ്രശ്നങ്ങളും കാരണം അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കാലത്തിന്റെ കൊഴിഞ്ഞു പോക്കിൽ മദനിയുടെ ജന്മം. നീണ്ട പത്തുവർഷക്കാലം തീവ്രവാദത്തിന്റെയും കൊലപാതകങ്ങളുടെയും, കലാപങ്ങളുടെയും, സ്ഫോടനങ്ങളുടെയും മൊത്തവ്യാപാരിയായ് ചിത്രീകരിച്ചു വിഖ്യാത നിയമവാഴ്ച വിചാരണ തടവുകാരൻ എന്ന ഓമന പേരിൽ തന്റെ പൗരനായ മദനിക്ക് സമ്മാനിച്ചത് ഇരുണ്ട ജയിലറകളായിരുന്നു. വാഗ്മിയും പൊതുപ്രവർത്തകനും ആദിവാസികളുൾപ്പെടെയുള്ള അധഃകൃത വർഗ്ഗങ്ങളുടെ നാവുമായിരുന്ന ഇസ്‌ലാമിക പണ്ഡിതൻ “സൊ കോൾഡ് ” മതേതര റിപ്പബ്ലിക്കിലെ ജീവിച്ചിരിക്കുന്ന സെക്കുലർ രക്തസാക്ഷിയാണ്.

കോയമ്പത്തൂർ സ്ഫോടന കേസിൽ പത്തുവർഷത്തെ ജയിൽവാസത്തിനു ശേഷം വിചാരണക്കോടതി മദനിയെ വെറുതെ വിട്ടപ്പോൾ നീതി ദേവത തന്റെ കണ്ണിലെ കറുത്ത തുണിമാറ്റി ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു. സർവ്വം നശിച്ചു നാറാണക്കല്ലെടുത്ത ആ മനുഷ്യന്റെ പ്രതികരണം
എങ്ങനെയാകുമെന്ന് നിയമ വ്യവസ്ഥപോലും ശങ്കിച്ചിരുന്നെന്ന് സാരം. എന്നാൽ ബ്രാൻഡ് ചെയ്യപ്പെട്ട ഒറ്റക്കാലൻ തീവ്രവാദിയെ അങ്ങനെ വെറുതെ വിടാനൊന്നും നമ്മുടെ ഭരണകൂടങ്ങളും കോളനി പോലീസും തീരുമാനിച്ചിരുന്നില്ല. ബാംഗ്ലൂർ സ്ഫോടന പരമ്പരകളിൽ മുഖ്യ കാർമികനോടൊപ്പം മദനിയും കർണ്ണാടകയിൽ ജയിൽ ശുശ്രൂഷകൾക്കായ് നിയോഗിക്കപ്പെട്ടു.

പഴയതുപോലെതന്നെ ഇപ്രാവശ്യവും തെളിവുകളും കോപ്പുമൊന്നുമില്ല രണ്ടാമത്തെ പ്രത്യേക കുറ്റപത്രത്തിലാണ് മദനിയെ പ്രതി ചേർത്തിരിക്കുന്നത്. നാല് സാക്ഷികളെ തീറ്റിപോറ്റിയാണ് മദനിയെ ജയിലിൽ തളച്ചത്. അതായത് മദനി കുടകിലെ തീവ്രവാദ ക്യാമ്പിൽ പോകുകയും മുഖ്യ സൂത്രധാരനായ തടിയന്റവിട നസീറിനൊപ്പം ബാംഗ്ലൂർ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തു എന്നുമാണ് പ്രോസിക്കൂഷൻ കേസ്. ഒരുകാലും അന്ധത വന്ന കണ്ണുകളുമായി വീൽ ചെയറിൽ പോയി നേരിട്ട് സ്ഫോടനം നടത്തി തിരിച്ചു വന്നു എന്ന് പറയാതിരിക്കാൻ പ്രോസിക്കൂഷൻ കാണിച്ച സന്മനസ്സിനു അടിയന്റെ നമോവാകം അർപ്പിക്കട്ടെ.

മദനിയെയും അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കേസും വിചാരണചെയ്യാൻ പ്രത്യേക കോടതി രൂപീകരിക്കുക. എത്രയും പെട്ടന്ന് വിചാരണ ചെയ്ത് കുറ്റക്കാരനാണെങ്കിൽ തൂക്കുകയറാണ് ശിക്ഷ എങ്കിൽ അത് നൽകുക മറിച്ച് നിരപരാധിയാണെങ്കിൽ ഒന്നും വേണ്ട നഷ്ടപരിഹാരം നല്കണമെന്നൊന്നും പറയുന്നില്ല ചുരുങ്ങിയപക്ഷം ഇനിയുള്ള കാലം ജീവിക്കാനെങ്കിക്കും അനുവദിക്കുക. വേട്ടയാടാതിരിക്കുക, പശുവിനോട് കാണിക്കുന്ന മമതയുടെ സ്നേഹത്തിന്റെ നൂറിലൊന്നെങ്കിലും മനുഷ്യനോടും സ്വന്തം ജനനതയോടും കാണിക്കുക ഈ ഒരു അപേക്ഷയെങ്കിലും മാനിക്കുമെന്നു പ്രതീകത്തിക്കുന്നൂ.

കേസിൽ ക്രിമിനൽ നടപടികൾ 313പ്രകാരമുള്ള പ്രതിയുടെ സ്റ്റേറ്റ്മെന്റ് ആണിപ്പോൾ ബാംഗ്ലൂർ ജയിലിൽ നടക്കുന്നത്. 3800ലധികം ചോദ്യങ്ങൾക്ക് തന്റെ ഭാഗം പ്രതിരോധിക്കേണ്ടി വരുന്നുണ്ട്. ദിവസവും രാവിലെ മുതൽ കോടതിയിൽ നിൽക്കേണ്ടിവരുന്നതിനാൽ കൂടുതൽ അവശനായി. രജിസ്റ്റർ ചെയ്യപ്പെട്ട 9 കേസുകളിൽ 313 സ്റ്റേറ്റ്മെന്റ് കൊടുക്കേണ്ടതുണ്ട്.മർദ്ദിതന് നീതി , അവർണ്ണന് അധികാരം, പീഡിതർക്ക് മോചനം, ന്യുനപക്ഷങ്ങൾക്ക് സ്വാതന്ത്ര്യം എന്ന് പറഞ്ഞുവെച്ച മദനി എന്ന മനുഷ്യൻ നമ്മുടെ നിയമ വ്യവസ്ഥികളാലും ഭരണകൂടങ്ങളാലും കഴിഞ്ഞ ഇരുപത് വർഷക്കാലമായി ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഭരണഘടനയെ ബലാത്കാരം ചെയ്തു പൗരത്വ ഭേദഗതി വരുത്തി മുസ്ലീങ്ങൾ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ഫാഇസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കിടയിൽ ഇനിയും പൂർത്തിയാകാത്ത മദനിയെന്ന ചിത്രത്തിലെ നിശബ്ദതയ്യിൽ വീണ്ടും ഈ മനുഷ്യാവകാശ ദിനം ഓർമ്മിക്കപ്പെടും.

Dare shout against the injustice being done to മദനി