കേരള പോലീസിന്റെ ആയുധ ശേഖരത്തിൽ നിന്നും കാണാതായ അത്യാധുനിക തോക്കുകളും, വെടിയുണ്ടകളും ആരുടെയൊക്കെ നേരെ ഉന്നം പിടിച്ചു ? ആരുടെയൊക്കെ നെഞ്ചിൽ തറച്ചു ?

117
അഡ്വ ശ്രീജിത്ത്‌ പെരുമന
കേരള പോലീസിന്റെ ആയുധ ശേഖരത്തിൽ നിന്നും അത്യാധുനിക തോക്കുകളും, വെടിയുണ്ടകളും കാണാനില്ലെന്ന സർക്കാർ റിപ്പോർട്ട് അങ്ങേയറ്റം ഗുരുതരമാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയായതിനാൽത്തന്നെ കേരള പോലീസ് മേധാവികൾക്കെതിരെയും, പൊലീസിലെ ക്രിമിനലുകൾക്കെതിരെയും ശക്തമായ അന്വേഷണം നടത്താൻ ഭരണകൂടം തയ്യാറാകണം.
അനധികൃതമായി ആയുധം കയ്യിൽവെച്ചു എന്ന ആരോപണത്താൽ വയോധികരായ മാവോയിസ്റ്റുകളെ പിടികൂടുകയോ വിചാരണ ചെയ്യുകയോ ചെയ്യാതെ പോയന്റ് ബ്ളാങ്കിൽ വെടിവെച്ചു കൊല്ലുന്ന പോലീസിന്റെ ഭാഗത്തു നിന്നാണ് ഈ ഗുരുതര സംഭവം നടന്നതെന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാകുന്നതല്ല.മാവോയിസ്റ്റുകളെയും, പ്രതികളെയുമെല്ലാം വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നതിനു ശേഷം അവരുടെ മൃദദേഹങ്ങൾക്ക് സമീപം തോക്കുകളും വെടിയുണ്ടകളും വെച്ച് ചിത്രങ്ങൾ പകർത്തി വീരയോദ്ധാക്കളാകുന്ന പോലീസ് ക്രിമിനലുകളെക്കുറിച്ച് ഉത്തരേന്ത്യയിൽ നിന്നും നിരവധി കഥകൾ നമ്മൾ കേൾക്കാറുണ്ട്.
ഏറ്റവും ഒടുവിൽ അട്ടപ്പാടിയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാർ അവരുടെ തോക്കുകൾപോലും പരിശോധനയ്ക്കായി നൽകിയിരുന്നില്ല എന്നത് ഇപ്പോഴത്തെ വാർത്തയുടെ അടിസ്ഥാനത്തിൽ ചേർത്ത് വായിക്കേണ്ടതാണ്. അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലാൻ ഉപയോഗിച്ച തോക്കുകൾ പരിശോധനയ്ക്ക് നൽകാതിരുന്ന നടപടി ഗുരുതരമായ കൃത്യവിലോപമാണെന്നു കേരള ഹൈക്കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ച് തോക്കുകളുടെ അടിയന്തര പരിശോധനയ്ക്ക് ഉത്തരവിട്ടപ്പോൾ മാത്രമാണ് പോലീസുകാർ തോക്കുകൾ പരിശോധനയ്ക്ക് നൽകിയത്. പോലീസിന്റെ പക്കലുള്ള നൂറുകണക്കിന് ഉഗ്രശേഷിയുള്ള തോക്കുകളും, ആയിരക്കണക്കിന് വെടിയുണ്ടകളും കാണാനില്ല എന്ന വാർത്ത മേൽപ്പറഞ്ഞ മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ചേർത്ത് വായിക്കുമ്പോൾ ആശങ്കകൾ വർധിക്കുകയാണ് എന്ന് പറയാതെ വയ്യ.
പ്രത്യേകിച്ച് ജാർഖണ്ഡിൽ 17 ആദിവാസികളെ മാവോയിസ്റ്റാന്നെന്ന പേരിൽ കൂട്ടക്കുരുതി നടത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്നു അന്വേഷണ കമീഷൻ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യങ്ങളിൽ ഈ വാർത്തകൾ ഗൗരവകരമാണ്. അത്യഗ്രശേഷിയുള്ള ആയുധങ്ങളും വെടിയുണ്ടകളുടെയും കൃത്യമായ കണക്കുകളും തെളിവുകളും പൊതുജനങ്ങളുടെ മുൻപാകെ വെക്കാൻ പോലീസിനും ഭരണകൂടത്തിനും ബാധ്യതയുണ്ട്. പൊതുജനങ്ങളുടെ ജീവനെയും, സ്വത്തിനെയും ബാധിക്കുന്ന ഈ വിഷയത്തിൽ അടിയന്തരമായ അന്വേഷണം നടത്തി യാഥാർഥ്യം പുറത്തുകൊണ്ടുവരികയും പൊതുജന ആശങ്ക അകറ്റുകയും ചെയ്തില്ലെങ്കിൽ ക്രമസാധനത്തിന്റെ ഉത്തരവാദിത്വമുള്ള പോലീസ് സംവിധാനത്തിൽ ജനങ്ങൾക്ക് അവിശ്വാസം പ്രഖ്യാപിക്കേണ്ടിവരുമെന്ന് ഓർമ്മപ്പെടുത്തുന്നു.