സ്പോട്ടിൽ ഒരു യുവതിയുടെ ഗർഭം കലക്കികൊടുത്ത് പോലീസ് നീതി

207

പോലീസ് രാജിന് മുറവിളി കൂട്ടി, പൊലീസിന് പുഷ്‌പവൃഷ്‌ടി നടത്തുന്നവർ അറിഞ്ഞിരുന്നോ എന്നറിയില്ല, സ്പോട്ടിൽ ഒരു യുവതിയുടെ ഗർഭം കലക്കികൊടുത്തുകൊണ്ട് പോലീസ് നീതി നടപ്പിലാക്കിയത് ?

അധികമൊന്നുമായില്ല രണ്ട് മാസങ്ങൾക് മുൻപ് ഒരു കേസിൽ നീതി നടപ്പിലാക്കാൻ വേണ്ടി സഹോദരികളായ യുവതികളെ കസ്റ്റഡിയിലെടുത്ത പോലീസ് ക്രൂരമായി പീഡിപ്പിക്കുകയും, അടിവവയറ്റിൽ ചവിട്ടി ഗർഭിണിയായ യുവതിയുടെ ഗര്‍ഭം അലസിപിച്ച് പാതിരാത്രിയിൽത്തന്നെ നീതി നടപ്പിലാക്കി.

ഗര്‍ഭിണിയായിരുന്നു മിനുവറ ബീഗം. അടിവയറ്റിന് പോലീസ് ചവിട്ടിയതിനൈ തുടര്‍ന്ന് രക്തസ്രാവമുണ്ടായി. ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭം അലസിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. പോലീസ് ഓഫീസര്‍ മഹേന്ദ്ര ശര്‍മയാണ് പീഡിപ്പിച്ചതെന്ന് യുവതികള്‍ പരാതിയില്‍ പറയുന്നു.

രാത്രി വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പോലീസ്, സ്‌റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു. വിവസ്ത്രരാക്കിയ ശേഷമായിരുന്നു മര്‍ദ്ദനമെന്ന് യുവതികള്‍ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. അസമിലെ ദരാങ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

സൂപ്രണ്ട് പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ വഴി വിവരം പുറത്തായത്. വിവസ്ത്രരാക്കിയ ശേഷം പോലീസുകാര്‍ വളരെ മോശമായി പെരുമാറിയെന്ന് യുവതികള്‍ പരാതിയില്‍ വിവരിക്കുന്നു. ബുര്‍ഹ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനെതിരെയാണ് യുവതികളുടെ പരാതി.

തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ പോലീസ് ഓഫീസര്‍ മഹേന്ദ്ര ശര്‍മ സ്പര്‍ശിച്ചെന്നും അപമാനിച്ച് സംസാരിച്ചുവെന്നും യുവതികള്‍ പറയുന്നു. തനിക്കെതിരെ പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് തോക്കുചൂണ്ടി മഹേന്ദ്ര ശര്‍മ ഭീഷണിപ്പെടുത്തിയെന്നും യുവതികള്‍ പറയുന്നു.

വാൽ : പോലീസിന്റെ ഇത്തരം സ്പോട്ടിൽ തന്നെ തീർപ്പാക്കുന്ന നീതി നടപ്പിലാക്കലിനെതിരെ സ്ത്രീവിരുദ്ധനായ ഈയുള്ളവൻ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഈ വിഷയത്തിൽ നൽകിയ പരാതിയിൽ കമ്മീഷൻ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട് എന്ന വിവരവും ദുഃഖപൂർവ്വം ആൾക്കൂട്ട നീതിക്കാരെ അറിയിക്കട്ടെ.

ഇനി ഗർഭം കലാക്കാനോ, പ്രസവം നിർത്താനോ ഒന്നും ആൾക്കൂട്ട പ്രബുദ്ധർ ആശുപത്രികളെ സമീപിക്കേണ്ട ആവശ്യമില്ല. കൂടാതെ ശരീരത്തിൽ ടാറ്റൂ ചെയ്യാനും സ്ത്രീകൾ പണം നൽകി ഇനി ഷോപ്പുകളിൽ പോകേണ്ട സൗജന്യ നീതിയുടെ ഭാഗമായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാറ്റൂ ചെയ്തു നൽകാനും പോലീസ് റെഡിയാണ്. പോലീസുകാർ ചെയ്തോളും നിങ്ങൾ കുറച്ച് പുഷ്പവൃഷ്ടി മാത്രം നടത്തിയാൽ മതി.

അപ്പോൾ പറഞ്ഞതുപോലെ “പോലീസ് രാജ് സിന്ദാബാദ്, “നിന്റെ വീട്ടിലെ പെണ്ണുങ്ങൾക്കാണോ ഇത് വന്നതെങ്കിൽ സിന്ദാബാദ് ” !!

അഡ്വ ശ്രീജിത്ത് പെരുമന