ശബരിമല പുനഃപരിശോധനാ ഹർജികൾ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ല

231
അഡ്വ ശ്രീജിത്ത് പെരുമന
ശബരിമല പുനഃപരിശോധനാ ഹർജികൾ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഇന്ന് അസന്നിഗ്ദമായി വ്യക്തമാക്കി. ശബരിമല റിവ്യൂ ഹർജികളിലെ വിധി വായിച്ച ശേഷം ഇപ്പോൾ സുപ്രീംകോടതി വ്യക്തമാക്കിയ കാര്യങ്ങൾ രണ്ട് മാസക്കാലം മുൻപുതന്നെ വസ്തുനിഷ്ഠമായി എഴുതിയതാണ്. എന്നാൽ വിധിയെ തനിക്കാക്കി വെടക്കക്കായിയ അഭിനവ ആചാര സംരക്ഷരും, ചില കുബുദ്ധികളും വിധി സ്റ്റേ ചെയ്തുവെന്നും, ശബരിമല വിഷയം ഒൻപതംഗ ബെഞ്ചിന് കൈമാറി എന്നുമൊക്കെയായിരുന്നു പ്രചരിപ്പിച്ചുവന്നത്. ഇപ്പോൾ സുപ്രീംകോടതിതന്നെ ഈ വിഷയത്തിൽ വ്യക്തത വരുത്തിയതിനാൽ രണ്ട് മാസക്കാലം മുൻപ് എഴുതിയ കലാകൗമുദിയിൽ ലേഖനം റീപോസ്റ്റ് ചെയ്യുന്നു
ശബരിമല പുനപരിശോധന ഹർജികളും റിട്ട് ഹർജികളും സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിട്ടില്ല. ഇപ്പോൾ ഇവ തീർപ്പ് കല്പിക്കാതെ അഞ്ചംഗ ബഞ്ച് തന്നെ പിന്നീട് പരിഗണിക്കട്ടെയെന്ന് നിശ്ചയിച്ചു. പക്ഷെ അത് വിശാല ബെഞ്ചിന്റെ വിധി വന്നതിനു ശേഷം മാത്രമായിരിക്കും പരിഗണിക്കുക. പുതുതായി രൂപീകരിക്കുന്ന വിശാല ഭരണഘടന ബെഞ്ച് പ്രധാനമായും തീരുമാനമെടുക്കേണ്ട ഏഴ് വിഷയങ്ങൾ സുപ്രീം കോടതി വിധിയിൽ വ്യക്തമായി എടുത്ത് പറയുന്നുണ്ട്
1 . മതവിശ്വാസത്തിനും, ആചാരത്തിനുമുള്ള മൗലികാവകാശം ഉറപ്പു തരുന്ന ആർട്ടിക്കിൾ 25 26 എന്നിവയും, ഭരണഘടനയുടെ പാർട്ട് മൂന്നിലെ അനുച്ഛേദങ്ങൾ, പ്രത്യേകിച്ച് സമത്വത്തിനുള്ള ആർട്ടിക്കിൾ 14 ഉം തമ്മിലുള്ള പരസ്പര പ്രവർത്തനം തീർച്ചപ്പെടുത്തുക.
2 ഭരണഘടനയുടെ ആർട്ടിക്കിൾ 25 (1 ) ൽ പ്രതിപാദിക്കുന്ന ‘public order, morality and health’ എന്നിവയുടെ വ്യാപ്തി നിർണ്ണയിക്കുക.
3 . ധാർമ്മികത അല്ലെങ്കിൽ ഭരണഘടനാ ധാർമ്മികത ‘morality’ or ‘constitutional morality’ എന്നിവ ഭരണഘടനയിലെവിടെയും നിർവചിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മതവിശ്വാസവും, ആചാരവുമായി ബന്ധപ്പെട്ട് മാത്രമാണോ അതോ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ടാണോ ധാർമ്മികത വ്യാഖ്യാനിക്കപ്പെണ്ടത്. ഭരണഘടനാ ധാർമികതയുടെ അതിർത്തി നിർണ്ണയിച്ചു രേഖപ്പെടുത്തണം.
4 . ഒരു മതത്തിന്റെ പ്രത്യേക ആചാരം ആ മതത്തിന്റെ അനിവാര്യമായ ഭാഗമാണോ എന്നോ, പ്രത്യേക മത വിഭാഗങ്ങളുടെ മതപരമായ ആചാരം ആ മതത്തിന്റെ അനിവാര്യമായ ഭാഗമാണോ തുടങ്ങിയ വിഷയങ്ങളിൽ കോടതിക്ക് ഏത് പരിധിവരെ അന്വേഷണം നടത്താം ? അല്ലെങ്കിൽ ഒരു പ്രത്യേക മതത്തിന്റെ മതാചാര്യന്മാർക്ക് ഒരു ആചാരം ആ മതത്തിന്റെ അനിവാര്യമായ ആചാരമാണെന്നു തീരുമാനിക്കാനുള്ള പ്രത്യേക അധികാരം നൽകണോ?
5 . ഭരണഘടനയുടെ ആർട്ടിക്കിൾ 25(2)(b) ൽ പ്രതിപാദിക്കുന്ന ‘sections of Hindus’ അഥവാ “ഹിന്ദുക്കളിലെ വിഭാഗങ്ങൾ ‘ എന്ന പദത്തിന്റെ അർഥം എന്താണ് ?
6 . ഒരു പ്രത്യേക മത സമുദായത്തിന്റെ അല്ലെങ്കിൽ ആ മതത്തിലെ ഒരു വിഭാഗത്തിന്റെ അനിവാര്യമായ മത ആചാരങ്ങൾക്ക് “essential religious practices” ഭരണഘടനയുടെ ആർട്ടിക്കിൾ 26 പ്രകാരമുള്ള സംരക്ഷണത്തിന് അർഹതയുണ്ടോ ?
7 . ഒരു പ്രത്യക മത സമുദായത്തിന്റെ അല്ലെങ്കിൽ മതത്തിലെ ഒരു വിഭാഗത്തിന്റെ മതപരമായ ആചാരങ്ങൾ ചോദ്യം ചെയ്തുകൊണ്ട് അന്യ മതത്തിൽപെട്ട വ്യക്തികൾ നൽകുന്ന പൊതുതാൽപര്യ ഹർജികൾ ഏതു പരിധിവരെയാണ് നിയമപരമായി അംഗീകരിച്ചുകൊണ്ട് കോടതിക്ക് അനുവദിക്കാൻ സാധിക്കുക ?
മുകളിൽ പ്രതിപാദിച്ച ചോദ്യങ്ങളിൽ തീരുമാനം എടുക്കുന്നതിനോടൊപ്പം Kerala Hindu Places of Public Worship(Authorisation of Entry) Rules, 1965 പ്രകാരം ശബരിമലയുടെ ഭരണകൃത്യം നിർവഹിക്കാൻ സാധിക്കുമോ എന്നുൾപ്പെടെയുള്ള മറ്റെല്ലാ വിഷയങ്ങളിലും വിശാല ഭരണഘടനാ ബെഞ്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കണം . മുകളിൽ പ്രതിപാദിച്ച വിഷയങ്ങളുടെ പരിഗണനയ്ക്കായി ആവശ്യമെങ്കിൽ എല്ലാ തത്പര കക്ഷികൾക്കും അവരുടെ ഭാഗങ്ങൾ വിശദീകരിക്കാൻ പുതിയ അവസരം നൽകുന്നത് പരിഗണിക്കാവുന്നതാണ്.
മുകളിൽ പ്രതിപാദിച്ച ചോദ്യങ്ങളിൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ രൂപീകരിക്കുന്ന വിശാല ഭരണഘടനാ ബെഞ്ച്
തീരുമാനം കൈക്കൊള്ളുന്നതുവരെ എല്ലാ റിവ്യൂ ഹർജ്ജികളും, റിട്ട് ഹർജ്ജികളും തീർപ്പു കൽപ്പിക്കപ്പെടാതെ നിലനിൽക്കും.