ദരിദ്ര നാരായണമാർക്ക് നീതി ഇപ്പോഴും സ്വപ്നം മാത്രമെന്ന് സുപ്രീംകോടതിയുടെ ആത്മവിമർശനം

184

Adv Sreejith Perumana

“ദരിദ്ര നാരായണമാർക്ക് നീതി ഇപ്പോഴും സ്വപ്നം മാത്രമെന്ന് ” സുപ്രീംകോടതിയുടെ വിധിയിലെ അപൂർവ്വമായ തുറന്നു പറച്ചിൽ 🚫

സാധാരണക്കാർക്ക് ഹൈക്കോടതികളും, സുപ്രീംകോടതിയും ഇപ്പോഴും അപ്രാപ്യമെന്നായിരുന്നു മറ്റൊരു കേസ് പരിഗണിക്കവേ സുപ്രീംകോടതിയുടെ ആത്മവിമർശനം. ഇക്കാര്യം വിധിന്യായത്തിന്റെ ആദ്യപേജിൽ വ്യക്തമായി എഴുതുകയും ചെയ്തു.

സാധാരണക്കാരുടെ അവസാനത്തെ ആശ്രയം എന്നത് ജില്ലകളിലുള്ള വിചാരണ കോടതികൾ മാത്രമാണെന്ന് സുപ്രീംകോടതി സമ്മതിക്കുന്നു.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇരുപത്തി രണ്ട് ശതമാനം ജനങ്ങളും ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാതെ ജീവിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് വയറു മുറുക്കി പിടിക്കുന്നവർക്ക് പോലും നീതി ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്ന പരോക്ഷമായ കുറ്റ സമ്മതമാണ് ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധിന്യായത്തിൽ പ്രതിഫലിക്കുന്നത് എന്നത് നമ്മളെ ഓരോരുത്തരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

തെറ്റായ വിധിന്യായം പുറപ്പെടുവിച്ച മജിസ്‌ട്രേറ്റിനെതിരെയുള്ള അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട കേസിലെ വിധിന്യായത്തിലാണ് സുപ്രീംകോടതിയുടെ അപൂർവ്വമായ തുറന്നുപറച്ചിലുള്ളത്.

സെപ്റ്റംബർ 26 നു, ജസ്റ്റിസുമാരായ ദീപക്ക് ഗുപ്തയും, അനിരുദ്ധബോസും പുറപ്പെടുവിച്ച വിധിയിലാണ് കോടതി ഇപ്രകാരം പറഞ്ഞത്.

#വാൽ“: നീതിക്കുവേണ്ടി ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാൻ ലക്ഷങ്ങളാണ് ജനങ്ങൾ മുടക്കേണ്ടത്. അതുകൊണ്ടുതന്നെ തെറ്റ് ചെയ്തില്ലെങ്കിൽപോലും ജയിൽവാസം അനുഭവിക്കുന്നതും, അപ്പീലുകൾ പോകാൻ പണമില്ലാത്തതുകൊണ്ടു വഞ്ചനയ്ക്കും ചതിക്കും ഇരയാകുന്നതും, സ്വത്തുവകകൾ അന്യമായി നഷ്ട്ടപ്പെടുന്നതുമെല്ലാം നമ്മുടെ നാട്ടിൽ നിത്യസംഭവമാണ്.

ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്യുന്ന ഒരാളെന്നുള്ള നിലയിൽ ഈ രാജ്യത്തെ സാധാരണക്കാർക്ക് നിയമവും, നീതിയും അന്യമാണ് എന്ന് പറയാൻ യാതൊരു തെളിവിൻെറയും ആവശ്യമില്ല. ദക്ഷിണേന്ത്യയിലെ വിവിധ ഗ്രാമങ്ങളിലി നിന്നും കിടപ്പാടം വിറ്റും നീതി തേടി ഡൽഹിയിലെത്തിയ ഒരുപാട് ആളുകളെ നേരിട്ട് കണ്ടിട്ടുണ്ട്. ഭാഷയും ദേശവുമറിയാതെ കോടതിവളപ്പിലേക്ക് ഒന്ന് കടക്കാൻ പോലുമാകാതെ ദൂരെ നിന്നും നീതിദേവതയുടെയും, ഗാന്ധിജിയുടെയും പ്രതിമകൾ കണ്ട് മടങ്ങാൻ വിധിക്കപ്പെട്ട പ്രിവിലേജുകളില്ലാത്ത ദരിദ്രവാസികൾ; വല്ലാത്ത ആത്മനിന്ദ തോന്നുന്നു സുപ്രീംകോടതിയുടെ ഈ കുറ്റസമ്മത വാക്കുകൾ വായിക്കുമ്പോൾ.

അംബാനിമാർക്കും, ബിർളമാർക്കും വേണ്ടി സുപ്രീംകോടതിയുടെ വിധികൾപോലും തിരുത്തപ്പെടുന്ന ഈ കാലത്തും സാധാരണക്കാരന് നീതി സംവിധാനങ്ങളിലേക്ക് എത്താൻ പോലും സാധിക്കുന്നില്ല എന്ന് ആ രാജ്യത്തിൻറെ പരമോന്നത കോടതി രേഖാമൂലം പറയുമ്പോൾ അതൊരു അന്തരാഷ്ട്ര നാണക്കേടാണെന്ന് പറയാതെ വയ്യ !

ആത്മവിമർശനംനടത്താതെ ക്രിയാത്മകമായ നിലപാടുകളെടുത്ത് ഏറ്റവും സാധാരണക്കാരനായവുപോലും നീതി ഉറപ്പാക്കാൻ ലീഗൽ സർവീസ് അതോരിറ്റിപോലുള്ള സംവിധാനങ്ങളെ ഉടച്ചുവാർക്കുകയാണ് വേണ്ടത്. ഒപ്പം സെലിബ്രെറ്റഡ് വക്കീലന്മാർക്കും, സാധാരണക്കാരായ വക്കീലന്മാർക്കും ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊക്കെയുള്ള ഇരട്ട പരിഗണനയും, ഫെയ്‌സ് വാല്യൂവും അവസാനിപ്പിക്കണം.

അഡ്വ ശ്രീജിത്ത് പെരുമന