സദാചാര മലയാളിയുടെ നാട്ടിൽ ചൂടപ്പം പോലെ വിറ്റഴിയുന്നൂ “ആദ്യ രാത്രിയിൽ സ്ത്രീയെ OK ടെസ്റ്റ് നടത്താനുള്ള വ്യാജ യോനീ രക്തം”

342

Adv Sreejith Perumana

ഒടുവിലിതാ സദാചാര മലയാളിയുടെ നാട്ടിൽ ചൂടപ്പം പോലെ വിറ്റഴിയുന്നൂ “ആദ്യ രാത്രിയിൽ സ്ത്രീയെ OK ടെസ്റ്റ് നടത്താനുള്ള വ്യാജ യോനീ രക്തം”

വില വെറും തുച്ഛമായ 3100 രൂപ മാത്രം ! വേഗമാകട്ടെ ! എല്ലാ ഗ്രൂപ്പിൽപ്പെട്ട രക്തവും അവയിലബിൾ ആണ് !!

ആർഷഭാരത സംസ്കാരങ്ങളെ കുറിച്ചും, മഹത്തായ സദാചാര മൂല്യങ്ങളെ കുറിച്ചും വീമ്പു പറയുമ്പോഴും അവനവനിലേക്കും സ്വന്തം ചെയ്തികളിലേക്കും ഒരിക്കൽപോലും തിരിഞ്ഞു നോക്കാത്ത സദാചാര ബഹുമുഖ പ്രതിഭകളാണ് നമ്മൾ ആർഷഭാരതക്കാർ. അതിൽ തന്നെ കപട മുഖം മൂടികൾ അണിഞ്ഞു മാനവികതയുടെ ധർമ്മ-അധർമ്മങ്ങളിലെ അന്തർധാരകളെ കുറിച്ചതും, ആഗോളവതകരണത്തിലെ കിടമതസരങ്ങൾ നയിച്ചേക്കാവുന്ന മൂന്നാം ലോക മഹായുദ്ധത്തിന്റെ ചെറുത്ത് നിൽപ്പിനായി നടപ്പിലാക്കേണ്ട ആണവ പ്രധിരോധ പ്രവർത്തങ്ങളുടെ അനിവാര്യതകളെക്കുറിച്ചും,ഈരേഴു പതിനാലു ലോകങ്ങളിലെ അന്താരാഷ്ട്ര പ്രശ്നങ്ങളെ കുറിച്ചതും ഒരേസമയം പലതരം റെസിപ്പികളിൽ കൈകാര്യം ചെയ്യുന്നവരാണ് നമ്മൾ മലയാളികൾ എന്ന് ആത്മവിമർശനാത്മകമായി തന്നെ പറയേണ്ടിവരും.

നാം വിവാഹം കഴിക്കുന്ന പെണ്ണുങ്ങൾ കന്യകയായിരിക്കണം എന്നാണത്രെ ആർഷ ഭാരത സംസ്ക്കാരം പറഞ്ഞു വയ്ക്കുന്നത്. ഇനി അഥവാ അങ്ങനൊരു സംസ്ക്കാരമില്ലെങ്കിലും ഞാൻ കെട്ടുന്ന പെണ്ണ് കന്യകയായിരിക്കണം എന്ന് നിർബന്ധം. അപ്പോൾ എന്താണീ കന്യകാത്വം? എങ്ങനൊയൊക്കെ ഒരു പെൺകുട്ടി കന്യകയല്ലാതാവും ? കേൾക്കുമ്പോൾ വളരെ ലളിതമായ ചോദ്യങ്ങളായി തോന്നും എന്നുമാത്രമല്ല സത്യത്തിൽ ലളിതമായൊരു ചോദ്യവും സംശയവും തന്നെയാണിത്.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രബുദ്ധരായ മലയാളീ പുരുഷകേസരിമാർ തങ്ങൾ വിവാഹം കഴിക്കുന്ന സ്ത്രീയുടെ ലൈംഗികാവയവത്തിൽ OK ടെസ്റ്റ് നടത്തി യോനീ രക്തം കണ്ട് ആത്മസായൂജ്യമടയുന്നവരാണ് എന്ന വാർത്തകൾ അങ്ങനെ വെറുതെ തള്ളിക്കളയാൻ വരട്ടെ..,

കപട സദാചാരത്തിലൂന്നി ഭാരത സംസ്ക്കാരത്തെ ആശ്ലേഷിച്ച സമൂഹത്തിനു മുൻപിൽ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും കന്യാ രക്തത്തിന്റെ ചില ചോദ്യങ്ങൾ പ്രസക്തമാണ്.

പതിവ്രതക്കൊരു പതിവ്രതനില്ല.
ചാരിത്യ്രവതിക്കൊരു ചാരിത്യ്രവാനും.
കന്യകക്കും പകരമില്ല.
പെണ്ണിനു മാത്രം മതി കന്യകാത്വം.
ചാരിത്യ്രശുദ്ധിയും അവൾക്ക് മാത്രം മതി.
ചെളിയിൽ ചവിട്ടിയാലും കഴുകിയാൽ
ശുദ്ധിയാകുവോന്‍ പുമാന്‍.

പുല്ലിംഗമില്ലാത്ത കന്യക എന്നവാക്കുതന്നെ സൂചിപ്പിക്കുന്നത് നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരുറച്ചിട്ടുള്ള ലൈംഗിക അടിമത്വത്തെയും അതിന്റെ ജീർണതയെയുമാണ്. കന്യകാത്വം സ്ത്രീ മാത്രം പിന്തുടരേണ്ടതാണ്. കന്യകയെ ഉള്ളൂ കന്യകൻ ഇല്ല മനോഹരമായ നമ്മുടെ സംസ്ക്കാരത്തിൽ.

എന്നാൽ ഇതിന്റെ മാനദണ്ഡമെന്താണ് പറയാം ‘വിശ്വ വിഖ്യാതമായ കന്യാചർമ്മം’ ക്ഷതമേല്ക്കാത്ത കന്യാചർമാണ് ഇവിടെ കന്യകാത്വത്തിന്റെ അടയാളം. അമ്മമാർ പെൺ മക്കളോട് രഹസ്യമായി പറയുന്നതൊഴിച്ചുനിർത്തിയാൽ ഈ വാക്കുകൾ കപട സദാചാരത്തിന്റെ മേലങ്കി അണിഞ്ഞ നമ്മുടെ അമൂഹത്തിനു അശ്ലീലമാണ് ഇന്നും.

കന്യകയെ തിരിച്ചറിയാനുള്ള അടയാളമാണെങ്കിലും ഈ കന്യാചർമ്മത്തിന്റെ നിലനിൽപ്പ് തീരെ ശാസ്ത്രീയമല്ല . പല കാരണങ്ങളാൽ – സൈക്കിളോടിക്കുന്നതിനാലോ പാടത്ത് കഠിനാധ്വാനം ചെയ്യുന്നതിനാലോ കന്യാചർമ്മത്തിന് ക്ഷതമേൽക്കാം . ഇത്തരം കാരണങ്ങളാൽ കന്യാചർമ്മത്തിന് ക്ഷ തമേറ്റ ഒരു കന്യകയായ സ്ത്രീയുടെ അവസ്ഥ എന്തായിരിക്കും? സമൂഹം അവളെ കന്യകയല്ലാതായി മുദ്രകുത്തും. പിന്നെ നടക്കാൻ പോകുന്നതെന്തായിരിക്കും ?

ഒരു കഥ കേട്ടിട്ടുണ്ട് , അതായത് നവവധു കന്യകയാണോ എന്ന് കണ്ടെത്തുന്ന സമ്പ്രദായം രാജസ്ഥാനിലെ ഗ്രാമീണ സ്ത്രീകള് വിവരിക്കുന്നു. തലമുറകളായി പിന്തുടരുന്ന സമ്പ്രദായമാണിത്. നവവധുവിന് ആദ്യരാത്രി ധരിക്കാനായി തുന്നല്ക്കാരനെക്കൊണ്ട് ഒരു വെളുത്ത പെറ്റിക്കോട്ട് തയ്പ്പിക്കുന്നു. ഈ പെറ്റിക്കോട്ട് ധരിച്ചുവേണം നവവധു മണിയറയിലേക്ക് പോകാന്. എങ്കിലേ അവളെ വരന്റെകൂടെ ഉറങ്ങാന് അനുവദിക്കൂ. പിറ്റേദിവസം രാവിലെ പെറ്റിക്കോട്ട് പരിശോധിക്കും. അതില് ചോരപ്പാടുകള് ഉണ്ടെങ്കിലേ അവളെ കന്യകയായി പരിഗണിക്കൂ. അല്ലാത്തപക്ഷം ഗ്രാമസഭ വിളിച്ചുകൂട്ടി ചര്ച്ചചെയ്യും. അവിടെ തന്റെ കന്യകാത്വം തെളിയിക്കുന്നതില് പെണ്കുട്ടി പരാജയപ്പെട്ടാല് അവള് വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില് ഏര്പ്പെട്ടിരുന്നു എന്ന് വിധിക്കുന്നു. അപ്പോള് ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താന് അവള് ബാധ്യസ്ഥയാണ്. അവളോ അല്ലെങ്കില് ആ വ്യക്തിയോ വരന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുത്താല് അശുദ്ധയായ വധുവിനെ സ്വീകരിക്കാന് അവര് തയ്യാറാകും.

നൂറു ശതമാനം സാക്ഷരതാ നേടിയ ദൈവത്തിന്റെ സ്വന്തം നാട്ടിലെയും സ്ഥിതി വ്യത്യസ്തമല്ല കന്യകാ സംസ്ക്കാരം മുറുക്കെ പിടിച്ചാണ് നമ്മുടെ സദാചാര നവോത്ഥാന ചിന്തകൾ ഉരുത്തിരിയുന്നത്. കന്യാചർമ്മത്തിനു പോറലേറ്റാൽ പിന്നെ ഒരു ആർഷ ഭാരതം എന്നല്ല സംസ്ക്കാരം പോലുമുണ്ടാകില്ല മലയാളിക്ക്.

വലിയ അലങ്കാരമൊന്നുമില്ലാതെ പറഞ്ഞാൽ ലൈംഗിക ചിന്തകളുടെ ജീർണ്ണതയാണിവിടെത്തെ പ്രശ്നം. സ്ത്രീ ഉടയാതെ സൂക്ഷിക്കേണ്ട പളുങ്ക് പാത്രമാണ് കന്യകാത്വം, അങ്ങനെ സൂക്ഷിച്ചാൽ അവൾ കന്യകയാകും എന്ന ചിന്തയും എന്നാൽ ഉടഞ്ഞാലും, ഒടിച്ചാലും, വളച്ചാലുമൊന്നും ഒരു പുരുഷന്റെ കന്യകാത്വം ഇലാതാകുന്നില്ല. അവൻ നിത്യ കന്യകനാണ് ഐ മീൻ എ ക്രോണിക് കന്യകൻ.

ഇവിടെ അടിസ്ഥാനപരമായി പൊളിച്ചെഴുതപ്പെടേണ്ടത് നമ്മുടെ കപട സദാചാര പ്രത്യയശാസ്ത്രങ്ങൾ തന്നെയല്ലേ ?
എതിർലിംഗത്തോട് അടുത്തിരിക്കുന്നതും അടുത്തിടപഴകുന്നതുകൊണ്ടും (അത് ബസ്സിലോ, സ്കൂളിലോ പൊതു ഇടങ്ങളിൽ എവിടെയുമാകട്ടെ ) വിലക്കപ്പെടുന്ന സമൂഹത്തിൽ ബലാൽസംഗ വീരന്മാർ സൃഷ്ടിക്കപ്പെടുന്നൂ എങ്കിൽ അതിന്റെ ധാർമ്മിക ബാധ്യത സമൂഹത്തിലെ സദാചാര നിയമങ്ങൾക്കും അതിന്റെ വക്താക്കൾക്കുമല്ലേ ? വിവേചനബുദ്ധിയുള്ള മനുഷ്യൻ വിലക്കപ്പെടുന്നതെന്തും ആകർഷിക്കപ്പെടുന്ന ജീവികളാണെന്ന സത്യം വിസ്മരിക്കപ്പെടരുത്.

കന്യാചർമ്മം എന്ന പുരുഷ ലിംഗന്മാരുടെ ok ടെസ്റ്റ് കാഴ്ചപാടുകളും, ലൈംഗികതയുടെ പേരിൽ അതീവ രഹസ്യമായി ശൈശവ കാലം മുതൽ പെൺകുട്ടികളെ മുലയ്ക്കും യോനിക്കും ഇടയിൽ തളച്ചിടുന്ന അമ്മമാരുടെ ചിന്തകളും അറബിക്കടലിൽ എറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂ.

ഫെമിനിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും, സ്ത്രീസംരക്ഷകരും ആദ്യം വിരൽ ചൂണ്ടേണ്ടത് പരിഷ്കൃതമെന്നു നാം വിശ്വസിക്കുന്ന ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന പ്രകൃതിവിരുദ്ധ ലൈംഗിക പ്രത്യയശാസ്ത്രങ്ങൾക്ക് എതിരെയാണ്.
ഇവർ ആദ്യം ചെയ്യേണ്ടത് സ്വയം ലൈംഗിക അവബോധമുള്ളവരാകുക എന്നതാണ്.

കാലങ്ങളായി നിങ്ങൾ രൂപാന്തരപ്പെടുത്തിയ കേവലം ശരീരത്തിലേക്കും അതിലെ അവയങ്ങളിലേക്കും മാത്രം കേന്ദ്രീകരിക്കുന്ന ലൈംഗികതയുടെയും സ്ത്രീത്വത്തിന്റെയും ഭരണഘടനയും രാഷ്ട്രീയവും പൊളിച്ചെഴുതാൻ തയ്യാറാകണം. പുരുഷ ലിംഗൻമാരായ ലൈംഗിക ജീവികളെ (ഒരു ന്യൂന വിഭാഗം) അറിഞ്ഞോ അറിയാതെയോ സൃഷ്ടിക്കുന്നത് നിങ്ങളുൾപ്പെടുന്ന സമൂഹമാണ് എന്ന തിരിച്ചറിവുമുണ്ടാകണം.

ലൈംഗികത നാല് കണ്ടം തുണികളിൽ പൊതിഞ്ഞു ചില്ലുകൂട്ടിൽ സൂക്ഷിക്കാവുന്ന ഒന്നല്ല അത് സന്യാസാസിമാർക്കാണെങ്കിലും, മനുഷ്യദൈവങ്ങൾക്കാണെങ്കിലും എന്ന യാഥാർഥ്യമാണ് കന്യാസ്ത്രീയുടേയും, പള്ളീലച്ചന്റെയും, ഉസ്താദുമാരുടെയും, പൂജാരിമാരുടെയും, ഗുർമിന്ദർസിംഗിനെപ്പോലുള്ള ആൾ ദൈവങ്ങളുടേയുമെല്ലാം കഥകൾ നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ പ്രബുദ്ധ സദാചാര അപ്പോസ്തലന്മാരുടെ നാട്ടിൽ അർധരാത്രി സൂര്യൻ ഉദിച്ചുകൊണ്ടേയിരിക്കുന്നു

end Note ***ആനന്ദത്തിനായ് ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഭൂമിയിലെ ഏക ജീവികൾ മനുഷ്യരാണ് എന്ന തിരിച്ചറിവിൽ തുടങ്ങണം നാം നമ്മുടെ ലൈംഗിക നവോത്ഥാന പ്രക്ഷോപങ്ങൾ എന്നുകൂടെ വിനയപൂർവ്വം ഓർമ്മിപ്പിക്കട്ടെ..

അഡ്വ ശ്രീജിത്ത് പെരുമന