പൗരത്വനിയമം എല്ലാ അർത്ഥത്തിലും നിയമമായ സ്ഥിതിക്ക് നമുക്കെങ്ങനെയെല്ലാം പ്രതിരോധിക്കാം

198
അഡ്വ ശ്രീജിത്ത് പെരുമന
പൗരത്വ നിയമവും, NPR ഉം നടപ്പിലാക്കില്ല എന്ന സംസ്ഥാനങ്ങളുടെ പ്രഖ്യാപനം ഭരണഘടനാ വിരുദ്ധമാണ്; പ്രതിഷേധിക്കുമ്പോഴും നാം അറിയണം ഇക്കാര്യങ്ങൾ
സംസ്ഥാനത്ത് NPR ഉം NRC യും പൗരത്വ നിയമ ഭേദഗതിയും നടപ്പിലാക്കില്ല എന്ന മന്ത്രിസഭാ തീരുമാനം തികച്ചും സമയോചിതമായ പ്രതിഷേധ നിലപാടെന്ന രീതിയിൽ അഭിന്ദനം അർഹിക്കുന്നു.
എന്നാൽ ഈ തീരുമാനത്തോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്ന് പ്രഖ്യാപിച്ച് സമരങ്ങളിൽ നിന്നും പിൻതിരിഞ്ഞാൽ അത് ആത്മഹത്യാപരമായിരിക്കും എന്ന് ഓർമ്മിപ്പിക്കട്ടെ .
സംസ്ഥാനസർക്കാർ ഇപ്പോൾ കൈകൊണ്ട തീരുമാനങ്ങൾ ഭരണഘടന വിരുദ്ധവും ഫെഡറൽ സംവിധാനങ്ങളുടെ ഭരണഘടന ലംഘനവുമാണ് എന്നതാണ് അതിന് കാരണം .
ഭരണഘടനയുടെ ഷെഡ്യുൾ 7 ലെ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്ന നിയമ നിർമ്മാണമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സർക്കാർ നടത്തിയത്. പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമനിർമ്മാണത്തിനുള്ള അധികാരം കേന്ദ്രസർക്കാരിൽ മാത്രമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് രാജ്യത്തെ നിയമമായ പൗരത്വ ഭേദഗതി നടപ്പിലാക്കില്ലെന്നുള്ള അഞ്ച് സംസ്ഥാനങ്ങളുടെ നിലപാടിന് യാതൊരു നിയമസാധുതയും ഇല്ല. സംസ്ഥാനങ്ങൾക്ക് അത്തരത്തിൽ ഒരു നിലപാട് എടുക്കാം എന്നല്ലാതെ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിക്കാൻ സാങ്കേതികമായി സാധിക്കില്ല.
അതുകൊണ്ടുതന്നെ ജുഡീഷ്യൽ റിവ്യൂ എന്ന മാർഗ്ഗത്തിലൂടെ സുപ്രീംകോടതിയിൽ നിയമത്തിന്റെ ഭരണഘടന വിരുദ്ധത അറിയിക്കുക എന്നതിനോടൊപ്പം ശക്തമായ സമരങ്ങൾ തുടർച്ചയായി ഉണ്ടാകേണ്ടതുണ്ട്. ബഹുജന പ്രക്ഷോഭമാണ് ഈ നിയമം ഇല്ലാതാക്കാൻ നമ്മുക്ക് മുൻപിലുള്ള ഏക മാർഗ്ഗം. കോടതികൾപോലും ചിലപ്പോൾ സാങ്കേതികമായി ഈ നിയമത്തെ പിന്തുണച്ചേക്കാം.
അങ്ങനെ വന്നാൽ ജനങ്ങളുടെ പ്രക്ഷോഭം മാത്രമാണ് ഈ നിയമത്തെ ഇല്ലായ്മ ചെയ്യാനുള്ള ഏക പരിഹാരമാർഗം. മതേതരത്വം എന്ന ഭരണഘടനയുടെ അടിസ്ഥാന തത്വത്തെയാണ് പൗരത്വ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ വെല്ലുവിളിച്ചിരിക്കുന്നത്. ആർട്ടിക്കിൾ 14 , 15 , 21 എന്നിവയുടെ നഗ്നമായ ലംഘനത്തിനാണ് പാർലമെന്റിൽ ജനപ്രതിനിധികൾ എന്നപേരിലുള്ള ശുംഭന്മാർ കയ്യടിച്ചത്. നിയമത്തിന്റെ ഭരണഘടാ ലംഘനം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ സാധിക്കണം. അതിനായി നിയജ്ഞരുടെ വിദഗ്ധമായ ചർച്ചകളും അഭിപ്രായങ്ങൾ സ്വരൂപിക്കണം ഒപ്പം സുപ്രീംകോടതിയുടെ കണ്ണ് തുറപ്പിക്കുന്ന രീതിയിലുള്ള പ്രക്ഷോഭങ്ങളും അനിവാര്യമാണ്.
പൊതുജനങ്ങൾ രാജ്യത്തിൻറെ ഓരോ മുക്കിലും മൂലയിലും പ്രതിഷേധ സമരങ്ങൾക്കായി ഇറങ്ങണം. അങ്ങെനെ നിയമവഴിയിലൂടെയും, പ്രതിഷേധങ്ങളിലൂടെയും ചെറുത്ത് തോൽപിക്കണം രാജ്യം കണ്ട ഏറ്റവും വർഗീയമായ ഒരു നിയമത്തെയും, നിയമ നിർമ്മാണം നടത്തിയ ഫാസിസ്റ്റ് ഭരണകൂടത്തെയും.
അതുകൊണ്ടു തന്നെ സർക്കാരിനെ ന്യായീകരിച്ചും, പ്രശങ്ങൾ പരിഹരിച്ചു എന്ന നിലയിലുമുള്ള വ്യാപകമായ ന്യായീകരണങ്ങളും പ്രചാരണങ്ങളും വിപരീത ഫലം നൽകുമെന്നതിനാൽ അത്തരം പ്രചരണങ്ങളിൽ നിന്നും മാറി നിൽകണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തെ പിന്തുടർന്ന് മറ്റ് സംസ്ഥാനങ്ങളും സമാനരീതിയിലുള്ള പ്രതിഷേധവും തീരുമാനങ്ങളും കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.