പാലക്കാട് നഗരസഭ കാര്യാലയത്തിൽ ബിജെപി തൂക്കിയത് “ജയ് ശ്രീറാം” പതാകയാണ്. മനസ്സിലാകുന്നുണ്ടല്ലോ അല്ലേ ? ഒരു മതേതര ജനാധിപത്യ രാജ്യത്തെ ഒരു പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം എന്താണ് അവർ ചെയ്യുന്നതെന്ന് ???ഇത് കേരളം മുഴുവൻ വ്യാപിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. തിരുവനന്തപുരത്തെ വാരണാസി ആക്കുമെന്ന് അവർ വെറുതെ പ്രഖ്യാപിച്ചതല്ല. എന്തായാലും ആ പ്രഖ്യാപനം വന്നതോടെ തിരുവനന്തപുരം നിവാസികൾക്ക് കാര്യം മനസ്സിലായി.
TROLL
അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു
“കോൺഗ്രസ്സില്ലാത്ത ഇന്ത്യ” ️ ഇന്ത്യയാകില്ല ❗️
കാലം മാറിയതും വോട്ടര്‍മാര്‍ പക്വത കൈവരിച്ചതും അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ടതും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഏറ്റവും അവസാനത്തെ കേരള തിരഞ്ഞെടുപ്പ് ഫലം.ജനത്തിന്റെ ആഭിമുഖ്യം തങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ തൊട്ടറിയുന്ന പച്ചയായ മനുഷ്യരോടാണ്. അല്ലാതെ ആകാശത്തുനിന്ന് ചരടുകെട്ടി തങ്ങളുടെ തലക്കുമീതെ കൊണ്ടിറക്കുന്ന കുടുംബവാഴ്ചയുടെ പുത്തനവതാരങ്ങളോടല്ല… പെട്ടി താങ്ങികളോടും അവരുടെ ഏറാൻമൂളികളോടുമല്ല.
സംസ്ഥാനങ്ങളിൽ പാർട്ടിക്ക് സംഘടനാ അടിത്തറയില്ലാതെ രാഹുലും പ്രിയങ്കയും എത്ര കാതങ്ങള്‍ ഊരുചുറ്റിയാലും കാണാന്‍ ആളുകൂടുമെന്നല്ലാതെ പെട്ടിയില്‍ വോട്ട് വീഴില്ല. ‘രാഹുല്‍ മാജിക്’കൊണ്ട് മാത്രം വീണ്ടെടുക്കാവുന്ന പതനമല്ല കോണ്‍ഗ്രസ് ഇന്നഭിമുഖീകരിക്കുന്നത്. ഒരുവേള ആ പാര്‍ട്ടിയുടെ നട്ടെല്ലായി വര്‍ത്തിച്ച ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക-ദുര്‍ബല വിഭാഗങ്ങളുടെയും വിശ്വാസ്യത വീണ്ടെടുക്കാത്ത കാലത്തോളം സ്ഥിതി മെച്ചപ്പെടുത്താനാവില്ലെന്നുറപ്പ്.
കുഴിയിലേക്ക് കാലെടുത്ത് വെക്കുന്നതുവരെ അധികാരത്തിൽ അടയിരിക്കുന്ന കുലംകുത്തികളായ മുഴുവൻ നേതാക്കളെയും തിരിച്ചു നിർത്തി ഉള്ളിൽ കാവി കോണകമാണോ എന്ന പരിശോധന നടത്താൻ കോൺഗ്രസ്സ് നേതൃത്വം തയ്യാറായില്ലെങ്കിൽ ഇങ്ങനെ ഒരു പാർട്ടി ഈ ഭൂമുഖത്തുണ്ടായിരുന്നു എന്ന് വരും തലമുറയോട് പറഞ്ഞുകൊടുക്കേണ്ടി വരും. ഏറ്റവുമൊടുവിലത്തെ തെരഞ്ഞെടുപ്പ് ഫലമെങ്കിലും മുന്നില്‍വെച്ച് തെറ്റ് തിരുത്താനും പാളിച്ചകള്‍ക്ക് പ്രതിവിധി കാണാനും സന്നദ്ധമാവുകയാണ് പ്രത്യുല്‍പന്നമതിത്വമുള്ള നേതൃത്വമാണെങ്കില്‍ ചെയ്യുക. ചിന്തിക്കേണ്ടതും പ്രതികരിക്കേണ്ടതും നിങ്ങളാണ്, ചങ്ങലകൾ മുറുകുമ്പോഴേക്കും.കോൺഗ്രസ്സില്ലാതെയാകുന്നതോടെ ജനാധിപത്യത്തിലെ ഓരോ ഭരണഘടനാ സ്ഥാപനങ്ങളും ഇനി ഈ പാലക്കാടൻ മോഡലിൽ ആയിരിക്കും ✌️
എങ്കിലും ഒരു ദൈവത്തിന് ജയ് വിളിച്ചതിന് ഇത്രയും ചൂടാവേണ്ടതുണ്ടോ ? ശരി അതിന് ഉത്തരം പറയുന്നതിന് മുൻപ് മുസ്ലിം ലീഗോ കേരള കോൺഗ്രസ്സോ വിജയിച്ച ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ “അള്ളാഹു അക്ബർ” അല്ലെങ്കിൽ “പ്രൈസ് ദി ലോർഡ്” എന്ന് ബാനർ തൂക്കിയാൽ നിങ്ങൾ ചൂടാവുമോ എന്ന് ആദ്യം പറയൂ. (ഇത്രയും നാൾ അവർ അങ്ങനെ ചെയ്തില്ല എന്നതു തന്നെ നിങ്ങളെ പോലെ അവർ സമ്പൂർണ വർഗ്ഗീയ പാർട്ടിയല്ല എന്നതിന് ഒരു തെളിവാണ്. നിങ്ങളുടെ ഈ ആഭാസം കണ്ട് മറ്റു തീവ്രമത സംഘടനകൾ ഇത്തരം ആഭാസങ്ങൾക്ക് മുതിർന്നാൽ നമ്മുടെ നാടിൻ്റെ സമാധാനാന്തരീക്ഷം എന്താവും ? തീർച്ചയായും അതിനെ തകർക്കുക തന്നെയാണ് നിങ്ങളുടെ ഉദ്ദേശവും).
തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ പൊട്ടിയൊലിച്ച ജീര്‍ണതയുടെ രണ്ടു ചിത്രങ്ങള്‍ ഫെയ്സ് ബുക്കില്‍ കണ്ടു. ഒന്ന് പാലക്കാടു നഗരസഭാ കെട്ടിടത്തിനു മേല്‍ ജയ് ശ്രീരാം നെറ്റിപ്പട്ടം ചാര്‍ത്തുന്നതാണ്. മറ്റൊന്ന് കാരാട്ടു ഫൈസലിന്റെ വിജയരഥം.
ഒരു നഗരസഭയിലെ വിജയം ബി ജെ പിയെ അവരുടെ അധമമായ ഹിന്ദുത്വ പുളപ്പുകള്‍ക്ക് പ്രേരിപ്പിക്കുന്നുവെങ്കില്‍ കൂടുതല്‍ വിജയം കൊയ്യുമ്പോള്‍ എവിടെയെത്തിക്കില്ല! മതേതര ഭരണഘടനക്കും രാഷ്ട്ര സംവിധാനത്തിനും മേല്‍ മതശാഠ്യത്തിന്റെ ജയ് വിളികള്‍ പതിപ്പിക്കാന്‍ കേരളം സമ്മതിച്ചു തുടങ്ങിയോ? ആരുടെ ഉദാസീനതകള്‍ക്കു മേലാണ് അവര്‍ ചവിട്ടിക്കയറുന്നത്? അരുതെന്നു വിലക്കാന്‍, നെറ്റിപ്പട്ടങ്ങള്‍ വലിച്ചു താഴെയിടാന്‍ സംസ്ഥാന പൊലീസിനും മതേതര പൗരസമൂഹത്തിനും ബാദ്ധ്യതയുണ്ട്. വരാനിരിക്കുന്ന വലിയ വിപത്തിന്റെ കൊടിയാണ് പാലക്കാട്ട് ഉയര്‍ന്നിരിക്കുന്നത്.
രാഷ്ട്രീയത്തിലെ കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഭൂതബാധയാണ് പാലക്കാടന്‍ അശ്ലീലമെങ്കില്‍ കൊടുവള്ളിയില്‍ കള്ളക്കടത്ത് അധോലോക തെമ്മാടിത്തങ്ങളുടെ അശ്ലീല ഉത്സവമാണ്. ഒരു രാഷ്ട്രീയ മുന്നണി സംസ്ഥാനത്തു നേടിയ മിന്നുന്ന വിജയത്തെയാകെ ചെറുതാക്കാന്‍ കൊടുവള്ളിയിലെ ചിത്രം മതി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ ചരിത്രത്തിലിന്നോളം പൂജ്യം വോട്ടു രേഖപ്പെട്ട് നാണംകെട്ടിട്ടില്ല. തോറ്റിട്ടുണ്ട്. പക്ഷെ ഇത്ര അവമതിപ്പുണ്ടാക്കിയിട്ടില്ല. ആദര്‍ശ രാഷ്ട്രീയത്തെയും ജനങ്ങളെയും ഇങ്ങനെ അപമാനിച്ചിട്ടില്ല! സ്വന്തം സ്ഥാനാര്‍ത്ഥി പൂജ്യം വോട്ടില്‍ ചരിത്രപ്പെട്ടു പിടയുമ്പോള്‍ തോല്‍പ്പിച്ചവനെ മാലയും കൊടിയുമണിയിച്ച് വിജയ രഥത്തില്‍ ഊരുചുറ്റിക്കുന്ന ഇടതുപക്ഷ അശ്ലീലമാണിത്.
രാഷ്ട്രീയം ഏതു വഴിയില്‍ തിരിയരുതെന്ന് ഓരോ ജനാധിപത്യ തല്പ്പരനും കരുതുന്നുവോ അതു വഴി തെളിക്കുന്ന ആപല്‍ക്കരമായ രാഷ്ട്രീയ ചിത്രങ്ങളാണ് രണ്ടും. ശക്തമായ ജനവിധിക്കു കളങ്കം ചാര്‍ത്തുന്ന അശ്ലീല ചിത്രങ്ങള്‍. ജനാധിപത്യ ജീവിതവും രാഷ്ട്രീയവും ഭയപ്പെട്ട രണ്ടപകടങ്ങളെ എഴുന്നെള്ളിക്കുന്ന ധിക്കാരം. രണ്ടിനോടും കലഹിക്കാതെ മുന്നോട്ടു പോകാനാവില്ല. വര്‍ത്തമാനകാല ഭീഷണികളുടെ ഈ നേര്‍ചിത്രങ്ങള്‍ നമ്മെ ഉണര്ത്തുമെങ്കില് നന്ന്.
***
Vishnu Vijayan എഴുതുന്നു
പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്ത്, എന്നാണ് ബിജെപി തുടർ ഭരണം ഉറപ്പിച്ചതോടെ ബിജെപി വക്താവ് ഇട്ട പോസ്റ്റിൻ്റെ തലക്കെട്ട്.നഗരസഭാ മന്ദിരത്തിൻ്റെ മുകളിൽ കയറി ജയ് ശ്രീറാം മുഴക്കുന്ന, ഛത്രപതി ശിവജിയുടെയും, ജയ് ശ്രീറാം എന്നും ആലേഖനം ചെയ്ത ചിത്രം കൊണ്ട് ആ സ്ഥാപനം അലങ്കരിക്കുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.പക്ഷേ ഈ ജയ് ശ്രീറാം എന്ന കാഹളം നമ്മളിൽ പലർക്കും അസ്വസ്ഥത സൃഷ്ട്ടിക്കില്ല നമ്മുടെ മതേതരത്വത്തിന് യാതൊരു കോട്ടവും തട്ടില്ല, ഇതിന്റെ പേരിൽ തങ്ങളുടെ മതേതരത്വം ഒന്നും തെളിയിക്കേണ്ട ഗതികേട് ഒരു വിഭാഗത്തിന് വരില്ല, അതിന്റെ പേരിൽ ആരും തന്നെ മാപ്പ് പറയില്ല, മാധ്യമ വിചാരണകൾ നേരിടേണ്ടി
വരില്ല എന്നതാണ്.
ഗുജറാത്ത് എന്നാണ് പാലക്കാടിനെ, അവിടെ നേടിയ വിജയാഘോഷത്തിൽ അവർ വിശേഷിപ്പിക്കുന്നത്.ഗുജറാത്ത് എന്ന് പറയുമ്പോൾ ജനാതിപത്യത്തിലും, മതനിരപേക്ഷതയിലും ഒക്കെ വിശ്വാസമുള്ള ശരാശരി ഇന്ത്യക്കാരൻ്റെ ഉള്ളിൽ വരുന്ന ചിത്രം വംശഹത്യയുടെ ചോര മണക്കുന്ന, കൊലവിളി മുഴങ്ങിയ തെരുവുകൾ തന്നെയാണ്.ഇവിടെ തിരഞ്ഞെടുപ്പ് വിജയത്തിൽ സർക്കാർ സ്ഥാപനത്തിന്റെ മുകളിൽ കയറി നിന്ന് കൊണ്ട് അതിനെ അനുസ്മരിപ്പിക്കും വിധം മുദ്രാവാക്യം മുഴക്കിയാണ് വിജയാഘോഷം നടത്തുന്നത് (ഇവിടെ കേട്ട് കേൾവി പോലും ഇല്ലാത്ത തരത്തിൽ).ഇത്തരം ചെറിയ വിജയങ്ങൾ ഈ രീതിയിൽ ഒക്കെ ആഘോഷമാക്കുന്നത് ഒരു തരത്തിൽ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.തങ്ങൾ ഇവിടെ ആധിപത്യം നേടിയെടുത്താൽ മുൻപോട്ടു വെക്കുന്ന രാഷ്ട്രീയവും, രീതികളും എന്താണെന്ന കൃത്യമായി ഓർമ്മപ്പെടുത്തൽ…
***
Dr. Shimna Azeez എഴുതുന്നു
‘ജയ് ശ്രീറാം’ അഥവാ ‘ശ്രീരാമൻ ജയിക്കട്ടെ’ എന്നത് ഭാരതീയന്റെ ദേശീയമുദ്രാവാക്യമല്ല. ഹിന്ദുദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാൻ ശ്രീരാമന് ജയ് വിളിക്കേണ്ട ആവശ്യം ഇവിടെയുള്ള എല്ലാ പൗരൻമാർക്കുമില്ല. അതൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ കാര്യമാണ്. വിശ്വാസമാകട്ടെ, തികച്ചും വ്യക്തിപരവും സ്വകാര്യവുമായ ഒന്നും.അങ്ങനെയിരിക്കേ, കേരളത്തിലെ പാലക്കാട് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച ബിജെപി, മുനിസിപ്പൽ ഓഫീസിനു മുകളിൽ ‘ജയ് ശ്രീറാം’ എന്നെഴുതുകയും, ശിവജി രാജാവിന്റെ ചിത്രം തൂക്കിയിടുകയും ചെയ്തത് വരാനിരിക്കുന്ന വർഗീയ അടിച്ചേൽപ്പിക്കലുകളുടെ ദുസൂചനയല്ലാതെ മറ്റൊന്നുമല്ല.
പാലക്കാടും പന്തളവും സ്വന്തമാക്കിയ കാവിപ്പട പലയിടത്തും രണ്ടാം സ്ഥാനം വരെയെത്തിയെന്നതും അത്ര നിസാരമായെടുക്കാനാവില്ല. ജയിക്കുന്നത് ഇടതായാലും വലതായാലും ബിജെപി ആവരുതെന്ന ബോധ്യത്തിൽ നിന്നും മലയാളി പിന്നോട്ട് പോകുന്നതും ഒട്ടും നല്ലതിനല്ല. “പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്ത് ആണെന്ന” പ്രഖ്യാപനവും കൂട്ടത്തിൽ വന്നിട്ടുണ്ട്. പാലക്കാട് ഒരു ഓഫീസിന്റെ വെറും ചുമരായതിനെ കാണേണ്ട, നാളെ പല ചുമരുകളും ജീവിതവും വർഗീയത നക്കും. ‘ജയ് ശ്രീറാം’ എതിർക്കപ്പെടാത്തിടത്ത് മറ്റേതെങ്കിലും ഒരു മതത്തിലെ രണ്ട് വരികൾ തൽസ്ഥാനത്ത് വന്നിരുന്നെങ്കിലുള്ള പുകിൽ ആലോചിച്ച് നോക്കൂ. ‘നോർമലൈസ്’ ചെയ്യപ്പെടുകയാണ് പലതും, നമ്മളും അരുതാത്ത പലതിനോടും താദാത്മ്യം പ്രാപിക്കുകയാണ്.നിശബ്ദത കൊണ്ട് എതിർക്കാതിരുന്നും ചിലപ്പോൾ ട്രോൾ ചെയ്തും നമ്മൾ നടന്ന കാലത്ത് നമുക്കിടയിലും വേരുകൾ ഊർന്നിറക്കാൻ അവർക്കായി. അവസാനം, ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലാകും കാര്യങ്ങൾ. സൂചനയാണ്. ദുസൂചന.
***
Dr Nisha S എഴുതുന്നു
“CAA സമരത്തിൽ അള്ളാഹു അക്ബർ എന്ന മുദ്രാവാക്യം വിളിച്ചതിനെ വിമർശിച്ചു പോസ്റ്റ് ഇട്ട ആളാണ് ഞാൻ.ജനാധിപത്യഇന്ത്യയിൽ മതത്തിന്റെ പേരിൽ ഭരണകൂടഭീകരത നേരിടുന്ന ഒരു സാധാരണ മുസ്ലിമിന് ആത്മവിശ്വാസം നൽകാൻ ആ മുദ്രാവാക്യത്തിന് കഴിയുമെങ്കിൽ അത് അവർ വിളിക്കുക തന്നെ വേണം എന്ന് ആ പോസ്റ്റ് എഴുതിയപ്പോൾ പറഞ്ഞ ഹിന്ദു സുഹൃത്തുക്കൾ പോലുമുണ്ട്.
മതം രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുക തന്നെ വേണം എന്നതാണ് എന്നുമുള്ള ബോധ്യം. അല്ലെങ്കിൽ മതത്തെ മതം കൊണ്ട് നേരിടുക എന്നൊരു ലോജിക് ആവർത്തിച്ചു കൊണ്ടേ ഇരിക്കും.
ഈ ജയ്ശ്രീറാം ബാനറിനു പിന്നിൽ ചൂളി നിക്കുന്ന പാലക്കാട് നഗരസഭ കേരളത്തിന്റെ രാഷ്ട്രീയപ്രബുദ്ധതയ്ക്ക് മാനക്കേടാണ്, ഒരു മുന്നറിയിപ്പുമാണ്.
വാൽ… ചരിത്രം വായിക്കുമ്പോൾ പകുതിയ്ക്കിട്ട് വായിച്ചു തുടങ്ങുന്നവരോ അവിടെയും ഇവിടെയും വായിക്കുന്നവരോ ആണ് ചരിത്രബോധം ഇല്ലാത്തവരും വർഗീയവാദികളും ഒക്കെ ആവുന്നത്. അത് ഏത് മതത്തിൽ ആയാലും. ഒരൽപ്പം സമയം എടുത്താലും, കിട്ടുന്ന ഏറ്റവും പഴക്കമുള്ള ചരിത്രപാഠങ്ങൾ മുതൽ വായിച്ചു വേണം ഇന്ത്യയെ അറിയാൻ.
ആരാധനാലയങ്ങൾ ഇല്ലാതെ ജീവിച്ചിരുന്ന, നാഗരികർ ആയിരുന്ന ഇൻഡസ് വാലിയിലെ മനുഷ്യർ ഒക്കെ മുതൽ തുടങ്ങിയാൽ തനി ബാർബേറിയൻസ് ആയിരുന്ന ആര്യന്മാരുടെ അധിനിവേശത്തിൽക്കൂടി വായിച്ചു മുന്നേറേണ്ടി വരും. കാലികൾക്കായി യുദ്ധം ചെയ്യുമായിരുന്ന ആര്യൻ ചാതുർവർണ്ണ്യത്തിനും പുറത്ത് അവർണ്ണനായി നിർത്തിയിരുന്നവരാണ് വേദകാലത്തിനു ജയ്വിളിക്കുന്ന പല ഹതഭാഗ്യരുടെയും മുൻതലമുറ എന്ന് മനസ്സിൽ ഉറപ്പിച്ചിട്ട് വേണം ബാക്കി വായിക്കാൻ.അവിടുന്ന് ഒഴുകുകയും പരക്കുകയും ചെയ്ത സംസ്കാരത്തെ പ്രതിരോധിക്കാൻ ബുദ്ധമതം പോലുള്ളവ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്ത കഥ.എന്നിട്ട് മാത്രം മുസ്ലിം, ബ്രിട്ടീഷ് അധിനിവേശങ്ങളിലേക്ക് എത്തുമ്പോൾ ചിത്രം പൂർണ്ണമാകും.പിന്നെ, ജനാധിപത്യത്തിലേക്കുള്ള പരിണാമം.വളരെ സിംപിളാണ്.
‘നാം,ഇന്ത്യയിലെ ജനങ്ങൾ നമുക്കായി സമർപ്പിക്കുന്ന ഭരണഘടന ‘എന്നത് നിസാരമായ ഒരു ശകലമായി നമുക്കപ്പോൾ തോന്നില്ല.മതം, (അത്യാവശ്യം ആണെങ്കിൽ മാത്രം ) മനസിന്റെ ഒരു കോണിലേക്ക് ഒതുങ്ങി നിന്ന് പോകും.വർത്തമാനകാലസ്വസ്ഥത എന്നത് ഭൂതകാലത്തിന്റെ യുക്തിപൂർവവായന ആവശ്യമായ ഒന്നാണ്. അതൊരു ഹിമാലയൻ ടാസ്ക്കുമല്ല.
നാമത് ചെയ്യേണ്ടതുണ്ട്. കാരണം,ഈ ചിത്രം ഒരു യാദൃശ്ചികത അല്ല… ”
***
Dr Shanavas AR എഴുതുന്നു
ജയ് ശ്രീറാം ബാനർ കെട്ടുന്ന സംഘ പരിവാറുകാരുടെ 2 ചിത്രങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.
⭕️ ഇടത് കാണുന്ന ചിത്രം കുറച്ചു പഴയതാണ്.
1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് പൊളിക്കുമ്പോൾ അതിന്റെ ഒരു മിനാരം തകർത്ത് അതിന്റെ മുകളിൽ നിന്നും ജയ് ശ്രീറാം ബാനർ കെട്ടുന്ന സംഘ പരിവാറുകാർ.
ഇത് അങ്ങ് ഉത്തർ പ്രദേശിലാണ്. സംഘ പരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഫലഭൂയിഷ്ഠ മണ്ണിൽ.
⭕️ വലത് കാണുന്ന ചിത്രം തികച്ചും പുതിയതാണ്.
ഒരു സർക്കാർ സ്ഥാപനമായ നഗരസഭ കാര്യാലയത്തിന്റെ മുകളിൽ കയറി ജയ് ശ്രീറാം ബാനർ കെട്ടുന്ന സംഘ പരിവാറുകാർ.
ആ നഗരസഭയുടെ തദ്ദേശ തിരഞ്ഞെടുപ്പ് ജയിച്ചപ്പോൾ അത് സംഘ പരിവാറുകാർ ആഘോഷിക്കുന്ന കാഴ്ചയാണിത്.
ഇത് അങ്ങ് ഉത്തർ പ്രദേശിലോ സംഘ പരിവാറിന്റെ ഹിന്ദുത്വ അജണ്ട തേർവാഴ്ച നടത്തുന്ന വടക്കേഇന്ത്യയിലോ അല്ല.
ഇങ്ങ് തെക്ക് ഏകദേശം 100 % സാക്ഷരത ഉണ്ടെന്ന് അവകാശപ്പെടുന്ന, വാക്കിലും നോക്കിലും പ്രവൃത്തിയിലും പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന, മതേതരത്വത്തിന്റെ അപ്പോസ്തലന്മാർ എന്ന് സ്വയം അവകാശപ്പെടുന്ന മലയാളികളുടെ സ്വന്തം കേരളത്തിൽ ആണ്.
വെറും ഒരു നഗരസഭ ഭരണം കിട്ടിയാൽ ഇതാണ് അവസ്ഥ എങ്കിൽ കേരള സംസ്ഥാന ഭരണം നാളെ എന്നെങ്കിലും ഇവർക്ക് കിട്ടിയാൽ എന്താകും അവസ്ഥ എന്നു വെറുതെ ഒന്ന് ആലോചിച്ച് നോക്കുക.
💥 ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തരാൻ അഹോരാത്രം കഷ്ടപെട്ട്, വെറും കീറ തുണി ഉടുത്ത്, വടി ഊന്നി വേച്ചു വേച്ചു നടന്ന വൃദ്ധ താപസിയായ ഗാന്ധിജിയുടെ ശുഷ്കമായ നെഞ്ചിലേക്ക് മൂന്നു വെടിയുണ്ടകൾ പായിച്ച് നിശ്ശബ്ദരാക്കിയവർ, അതിൽ ഇന്നും യാതൊരു കുറ്റബോധവും തോന്നാതെ അതിനെ ഇപ്പോഴും ആഘോഷിക്കുന്നവർ, അവരിൽ നിന്നും ഇതല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാൻ?
💥 ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുക എന്ന ആർഎസ്എസ് അജണ്ടയും, രാജ്യത്തിന്റെ സമ്പത്ത് കയ്യടക്കുക എന്ന കോർപറേറ്റ് അജണ്ടയും ചേർന്നാണ് ഇപ്പോൾ ഈ ഇന്ത്യ മഹാരാജ്യം ഭരിക്കുന്നത്.
💥 മനുഷ്യാവകാശവും മനുഷ്യാന്തസ്സും നൽകാത്ത ഹിറ്റ്ലറുടെ ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന ഒരു ഇരുണ്ട കാലഘട്ടത്തിലേക്കുള്ള കാൽവെപ്പിലാണ് ഇന്ന് ഇന്ത്യ.സോഷ്യലിസ്റ്റ് സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്കില്‍ നിന്നു മതഭൂരിപക്ഷ രാഷ്ട്രത്തിലേക്കുള്ള ഒരു മാറ്റമാണ് ഈ ഫാസിസ്റ്റ് ശക്തികളുടെ അത്യന്തികമായ ലക്ഷ്യം. അതായത് ഭരണഘടനാ അനുസൃതമായ ഭരണത്തിൽ നിന്നും മനുസ്മൃതി അനുസൃതമായ ഭരണത്തിലേക്കുള്ള ഒരു മാറ്റം .
മഹാത്മാഗാന്ധിയെ വധിച്ച, മോഡിയെ പ്രധാന മന്ത്രിയാക്കിയ ആ തത്വസംഹിത നമ്മുടെ ഈ കേരളത്തിൽ വേണോ എന്ന് വീണ്ടും വീണ്ടും ആലോചിക്കുക.
***
Sreechithran Mj എഴുതുന്നു
പാലക്കാട് നഗരസഭയിൽ തൂങ്ങിയ ബാനർ മരവിപ്പോടെയാണ് കണ്ടത്. പാലക്കാടനായതിനാലാവണം, അത്ഭുതമൊന്നും തോന്നിയില്ല. പഠനകാലത്തേ അനുഭവബോദ്ധ്യം വന്ന കാര്യമാണ് പാലക്കാടിൻ്റെ സംഘിമനസ്സ്. ഇടതും വലതുമല്ല പാലക്കാടിൻ്റെ പൊതുബോധമെന്ന് അന്നേ കൃത്യമായറിയാം. ജനകീയരും രാഷ്ട്രീയബോധമുള്ളവരുമായ നേതാക്കളുടെ വ്യക്തിപ്രഭാവം കൊണ്ടും അവഗണനാസാദ്ധ്യമല്ലാത്ത ചില പദ്ധതികൾ കൊണ്ടും ഇടതുപക്ഷം പിടിച്ചുനിന്നു എന്നല്ലാതെ പാലക്കാടിൻ്റെ ആന്തരികഭാവുകത്വത്തിലെ ഹൈന്ദവരാഷ്ട്രീയം ഒരു മായയായിരുന്നില്ല, യാഥാർത്ഥ്യമായിരുന്നു. കേരളത്തിൽ സമാനമായ മറ്റൊരിടം തിരുവനന്തപുരമാണ്, വ്യത്യസ്തമായ ചരിത്രസാഹചര്യങ്ങളാണെങ്കിൽക്കൂടി. ഇത്തവണ തിരുവനന്തപുരം തലനാരിഴക്ക് രക്ഷപ്പെട്ടു എന്നുമാത്രം.
മുൻപേ അടിയുറച്ച മേൽജാതി വൈകാരികതകൾ, സവർണ്ണ ബ്രാഹ്മണിക് രാഷ്ട്രീയത്തിൻ്റെ പറുദീസയായ കൽപ്പാത്തി അഗ്രഹാരങ്ങൾ, ഘനീഭവിച്ച മധ്യവർഗമനോഭാവം – ഇവയെല്ലാം ചേർന്ന പാലക്കാട് എന്നേ കാവിപുതക്കുമായിരുന്നു. മോഡിക്കാലം വരെ അതു പ്രതിരോധിക്കപ്പെട്ടു. പിന്നെ അതു പ്രത്യക്ഷമായി. ഒരു ജനോപകാരപ്രവർത്തനവും ചെയ്തില്ലെങ്കിലും ടൗണിൽ കയറിയാൽ ചീഞ്ഞളിഞ്ഞ മണം മാത്രം ബാക്കിയായെങ്കിലും വീണ്ടും ജയിക്കാവുന്ന വിധം മലിനമായ ആർ എസ് എസ് രാഷ്ട്രീയം ക്രമേണ പാലക്കാട് വേരോടി. ഇത്തവണ ഇടതുപക്ഷം പ്രവർത്തിക്കാഞ്ഞിട്ടല്ല. കഴിയും വിധം ശ്രമിക്കാഞ്ഞിട്ടല്ല. അതിനു മറികടക്കാനാവുന്നതിലുമപ്പുറം പ്രബലമായി പാലക്കാടിൻ്റെ സംഘഭാവം ശക്തിപ്പെട്ടു. അതിൻ്റെ ഫലശ്രുതിയാണ് നഗരസഭാമന്ദിരത്തിൽ തൂങ്ങിയ ഈ ബാനർ.ഇതിലെ കഥാപാത്രത്തെ നോക്കുക – മലയാളികളെ ഒരുകാലത്ത് മുംബെയിൽ നിന്ന് അടിച്ചോടിക്കാൻ പറഞ്ഞ ശിവസേന തങ്ങളുടെ പൂർവ്വചക്രവർത്തിയായി കാണുന്ന ശിവജി മഹാരാജ്. ഔറംഗസേബും അഫ്സൽ ഖാനുമടക്കമുള്ള മുസ്ലീങ്ങളുമായി യുദ്ധം ചെയ്ത ഹിന്ദു രാജാവായ ശിവജി. ബ്രാഹ്മണരുടെ സംരക്ഷകനും പശുക്കളുടെ രക്ഷകനുമായ ശിവജി. ബാലഗംഗാധര തിലക് അവതരിപ്പിച്ച, ഹിന്ദുത്വത്തിന്റെയും സവർണ്ണതയുടെയും പ്രതീകമാക്കപ്പെട്ട ശിവജി.
ശിവജി പാലക്കാട്ടു രാജാവാകാൻ അനുയോജ്യനായിരുന്നു. മഹാരാഷ്ട്ര എന്ന വിപുലരാജ്യത്തിൻ്റെ അധികാരിയല്ലെങ്കിൽ ശിവജിക്ക് ഇത്രയും പറ്റിയ ദേശം ഇന്ത്യയിലുണ്ടാവില്ല . ഈ നാട് മുച്ചൂടും മുടിക്കാൻ ഇത്രയും പറ്റിയ മറ്റൊരു ചരിത്രവും ഓർത്തെടുക്കാനുമില്ല.
നഗരസഭയിൽ ഈ ബാനർ തൂങ്ങുമ്പോൾ രാജവാഴ്ച്ചയുടെ ഇരുണ്ടകാലമൊന്നാകെ നിറഞ്ഞ് പാലക്കാട് മേഘാവൃതമാകുന്നു. മറികടക്കുക എളുപ്പമാവില്ല. പക്ഷേ മറികടന്നേ പറ്റൂ.
***
കെ.എ.നസീർ എഴുതുന്നു
