കൊറോണയെന്നല്ല ആറ്റംബോംബിന്റെ പേരിലായാലും പോലീസിന്റെ ഈ അഴിഞ്ഞാട്ടത്തിനു കൈയടിക്കാൻ സൗകര്യമില്ല

0
65

അഡ്വ ശ്രീജിത്ത് പെരുമന

“പഴം” അവശ്യ വസ്തുവാണ് “

ലോക്ക്ഡൗണിൽ “പഴം”, മേടിക്കാൻ പോയ മനുഷ്യനെ മാനസികമായി ആക്രമിച്ചും, വ്യക്തിഹത്യ നടത്തിയും വാഹനം പിടിച്ചെടുത്തും പോലീസ്‌രാജ് കളിച്ച സംഭവവും തുടർന്ന് അദ്ദേഹം മരണപ്പെട്ട സംഭവവും അങ്ങേയറ്റം ക്രൂരവും നിന്ദ്യവുമാണ്…ആ മനുഷ്യനെ മരണത്തിൽ പോലും അപമാനിച്ചുകൊണ്ടും, പോലീസിനെ ന്യായീകരിച്ചുകൊണ്ടും ഉപന്യാസമെഴുതുന്നവർ അറിയണമിത്..
“പഴവും, പച്ചക്കറിയും, മരുന്നും” അവശ്യ വസ്തുക്കളാണ്. കേന്ദ്ര സർക്കാർ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ് പ്രകാരം പുറപ്പെടുവിച്ച ലോക്ക് ഡൗണിൽ അവശ്യ സർവീസുകൾക്കായി സ്വകാര്യ വാഹനത്തിൽ കടകളിൽ എത്താമെന്ന കൃത്യമായ നിയമവുമുണ്ട്. ആ മനുഷ്യൻ വന്നത് ഒറ്റയ്ക്കാണ്, ആവശ്യസാധനമായ പഴംമേടിക്കാനാണ്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയിട്ടില്ല, ഒറ്റയ്ക്ക് അദ്ദേഹത്തിന്റെ ഇരുചക്ര വാഹനത്തിൽ..

May be an image of 1 person and textഇക്കാര്യങ്ങൾ അറിയാതെ ആരാന്റെ അമ്മയ്ക്ക് പ്രാന്ത് വന്നതുപോലെ നല്ല ചേലോടുകൂടെ ആ ദൗർഭാഗ്യകരമായ സംഭവത്തെ ഫോർവേർഡ് ചെയ്ത് ആഹ്ലാദിക്കുന്നവർ മനസിലാക്കിക്കോ പോലീസ് ഭീകരത നിങ്ങളുടെയൊക്കെ വീടിന്റെ പടിയിലെത്തുമ്പോഴേ നേരംവെളുകയുള്ളൂ…വിദേശത്ത് നിന്നും എത്തിയ സബ് കലക്റ്റർ വരെ കൊറോണ പേടിച്ച് മുങ്ങിയ കാലമുണ്ടായിരുന്നു … പക്ഷെ ഇവിടെ ഇപ്പോഴും പോരാട്ടം കൊറോണയ്ക്കെതിരെയല്ല മറിച്ച് ജനങ്ങളുടെ ഞെഞ്ചത്തേക്കാണ്… ആത്മാഭിമാനം എന്നൊന്നുണ്ട് മനുഷ്യർക്ക്, മരണത്തിലും മുകളിലാണ് അതിന്റെ സ്ഥാനം. അത് സംരക്ഷിക്കുക എന്നതാണ് ഭരണകൂടത്തിന്റെ ഭരണഘടന ദൗത്യം.

പ്രകോപനമുണ്ടാക്കി, ഓടി രക്ഷപെടാൻ ശ്രമിക്കുമ്പോൾ, കൃത്യനിർവഹണം തടസപ്പെടുത്തുമ്പോൾ അത്തരം സാഹചര്യങ്ങളിൽ മാത്രമാണ് പൊലീസിന് കായികബലം ഉപയോഗിക്കാനുള്ള അധികാരം. അതും സംശയിക്കുന്ന ഒരാളുടെ കയ്യിൽ പിടിക്കുക ലോക്ക് ചെയ്യുക എന്നതാണെന്ന് പരമോന്നതകോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ നിരായുധനായ ഒരു യുവാവ് കൈകൂപ്പി കരയുന്നു. വാഹനത്തിൽ നിന്നും ഇറക്കി വിടുന്നു..അയാൾ അറസ്റ്റ് ചെയ്യപ്പെട്ടത് അല്ലെങ്കിൽ വാഹനം കസ്റ്റഡിയിൽ എടുത്തത് ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ വിളിച്ചറിയിക്കുക എന്നത് ഡികെ ബസു കേസിലെ സുപ്രീംകോടതി നിർദേശമാണ്.

അതുപോലും അനുവദിക്കാതെ ആ മനുഷ്യനെ അഥവാ അച്ഛന്റെ പ്രായമുള്ള ഒരു വയോധികനെ തെരുവിൽ ഇറക്കി വിട്ട ഇടപാടിന്റെ പേര് പോലീസിംഗ് എന്നല്ല ശുദ്ധ ചെറ്റത്തരം എന്നാണ്. മഹാമാരിയെ തടയാൻ ജനങ്ങളെ ബോധവത്കരിച്ച്, മാന്യതയോടെ തിരികെ അയക്കുന്ന പോലീസുകാർക്കിടയിലെ ഷോ ഓഫുകാരാണ് ഇമ്മാതിരി ഊളകൾ. ഇന്ന് കണ്ടത്തിൽവെച്ച് ഏറ്റവും അശ്ലീലമായതും മനുഷ്യവകാശ ലംഘനം നടന്നതുമായ ഒരു ദൃശ്യം. സംഭവത്തിൽ ആ മനുഷ്യന്റെ ബന്ധുക്കളുമായി ചർച്ച ചെയ്ത് മനുഷ്യാവകാശ കമ്മീഷനും, പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകും .കൊറോണയുടെ പേരിലല്ല ആറ്റംബോംബിന്റെ പേരിലായാലും പോലീസിന്റെ ഈ അഴിഞ്ഞാട്ടത്തിനും, തോന്ന്യാസത്തിനും കൈയടിക്കാൻ തത്ക്കാലം സൗകര്യമില്ല.