ദുരന്തകാലത്തെ പോലീസ് അതിക്രമങ്ങൾ ചർച്ച ചെയ്യാതെ പോകരുത്

0
86
അഡ്വ ശ്രീജിത്ത്‌ പെരുമന
ദുരന്തകാലത്തെ പോലീസ് അതിക്രമങ്ങൾ ചർച്ച ചെയ്യാതെ പോകരുത്, പരിശോധനയ്ക്കിറങ്ങിയ കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്‌സണെയും, സെക്രട്ടറിയേയും ഉൾപ്പെടെ മർദ്ദിക്കുന്ന പോലീസ് ദൃശ്യങ്ങൾ പറഞ്ഞുവെക്കും ജനങ്ങളുടെ നെഞ്ചിലേക്കുള്ള ചില പോലീസ് ക്രിമിനലുകളുടെ അഴിഞാട്ടം.
I repeat, മറുമരുന്നില്ലാത്ത മഹാമാരിയെ പ്രതിരോധിക്കുന്നതിനിടയിൽ സർക്കാർ നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് അന്തവും കുന്തവുമില്ലാതെ അനാവശ്യമായി തെരുവിലിറങ്ങി ദുരന്തങ്ങളാകുന്ന ആളുകളും,കയ്യിൽ ലാത്തിയും മുഖത്ത് മാസ്‌ക്കുമണിഞ് ചോദ്യവും, പറച്ചിലുമില്ലാതെ വയോധികരെയുൾപ്പെടെയുള്ള ആളുകളെ ഉത്തരകൊറിയൻ മാതൃകയിൽ കായികമായും അസഭ്യവർഷത്തോടെയും നേരിടുന്ന ഒരുപറ്റം പോലീസ് സാറൻമ്മാരും ഒരുപോലെ ദുരന്തകാല അശ്ലീങ്ങളാണ്.നമ്മുടെ രാജ്യത്ത് രാഷ്ട്രീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയോ, പട്ടാള അട്ടിമറി സംഭവിക്കുകയോ ചെയ്തിട്ടില്ല. അതിമാരകമായ ഒരു രോഗവ്യാപനം തടയാൻ ജനങ്ങളാൽ ജനങ്ങൾ തിരഞ്ഞെടുത്ത ജനാധിപത്യ ഭരണകൂടം ജനങ്ങൾക്ക് വേണ്ടി ചില അനിവാര്യമായ മുൻകരുതൽ നിലപാടുകളും, നിയന്ത്രണങ്ങളും സ്വീകരിച്ചു എന്നതാണ് വസ്തുത.പോലീസിനോ, പട്ടാളത്തിനോ മനുഷ്യരെ തെരുവിൽ കായികമായി നേരിടാനുള്ള ലൈസൻസോ, അത്യാവശ്യങ്ങൾക്കായി തെരുവിലിറങ്ങുമ്പോൾ വെള്ളപ്പേപ്പറിൽ ഒപ്പിട്ട് കൊണ്ടുവരാൻ സാധിക്കാത്തവരെ കാരണം പോലും ചോദിക്കാതെ കരണക്കുറ്റി അടിച്ചുപൊട്ടിക്കാനുമുള്ള അധികാരമോ അല്ല ലോക്ക്ഡൌൺ എന്നത്.
ഭരണകൂടവും അതിലെ ജനതയും തമ്മിലുള്ള യുദ്ധമല്ലിത്. മനുഷ്യരും നഗ്നനേത്രങ്ങൾകൊണ്ടുപോലും കാണാൻ സാധികാത്ത ഒരു ജീവിയും തമ്മിലുള്ള യുദ്ധമാണ്.സ്വന്തം ജീവൻപോലും പണയംവെച്ച് ഏറ്റവും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ പോലീസും ക്രമസമാധാന പാലകരും നടത്തുന്നതെന്ന് ഏറെ നന്ദിയോടെ സ്മരിക്കുമ്പോഴും ജനങ്ങളെ ശത്രുക്കളായി കണ്ട് ഈ ദുരന്ത കാലത്തെ തങ്ങളുടെ അധികാര സാഡിസത്തിനുള്ള അവസരമാക്കുന്ന ചില പുഴുക്കുത്തുകളും ഒരു യാഥാർഥ്യമാണെന്ന് പറയാതെ വയ്യ !ആരും ആരുടേയും അടിമകളല്ല, പോലീസുകാരെന്നാൽ ജനങ്ങളെക്കാൾ മുകളിൽ അടിസ്ഥാനപരമായി എന്തെങ്കിലും അധികാരങ്ങളുള്ളവരുമല്ല. അതുകൊണ്ടുതന്നെ give respect and take respect എന്നതായിരിക്കണം രീതി.
ഈ ഘട്ടത്തിൽപോലും കൊറോണയെക്കുറിച്ചോ, ഈ രോഗത്തിന്റെ ഗുരുതരാവസ്ഥകളെക്കുറിച്ചോ യഥാർത്ഥ ധാരണകളില്ലാത്ത ഒരുപാട് സാധാരണക്കാർ നമുക്ക് ചുറ്റുമുണ്ട്. അതോടൊപ്പം ഈ ലോക്ക് ഡൗണും അതിലൂടെ നടപ്പിലാക്കുന്ന സാമൂഹിക ഡിസ്റ്റൻസിങ്ങും സാമൂഹിക ജീവികൾ എന്ന നിലയിൽ ഭൂരിപക്ഷം ജനതയ്ക്കും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. കാരണം അര നൂറ്റാണ്ടിൽ കൂടുതൽ ഈ ഭൂമിയിൽ ജീവിച്ചിട്ടും അവരിൽ പലർക്കും ഇത്തരമൊരു സാഹചര്യമോ രോഗമോ അതിന്റെ നിമിഷംതോറുമുള്ള വ്യാപനമോ കേട്ടുകേൾവിപോലുമില്ല എന്നതാണ്.അതുകൊണ്ടുതന്നെ ഇതൊരു കൂട്ടായ ഉത്തരവാദിത്വത്തോടെ നേരിടേണ്ട സാഹചര്യമാണ്. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങുന്നവരോട് മിനിമം ബഹുമാനത്തോടെ കാര്യങ്ങൾ ചോദിച്ചറിയാനുള്ള സഹിഷ്ണുതയും, മാന്യതയും ക്രമസമാധാന പാലകർ കാണിക്കുക. അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ് ഒന്നുകിൽ അനുവദിക്കാനാകുമോ ഇല്ലയോ എന്ന് വ്യക്തമായി അറിയിക്കുക. അനുസരിക്കാൻ തയ്യാറാകാത്ത ഘട്ടമുണ്ടായാൽ നിയമനടപടികൾ സ്വീകരിക്കുക. എന്നാൽ വാഹനത്തിന്റെ ടയറുകളുടെ കാറ്റ് അഴിച്ച് വിടുക, താക്കോൽ ഊരി തെരുവിൽ നിർത്തുക, ലാത്തി പ്രയോഗം നടത്തുക തുടങ്ങിയ ഉത്തരകൊറിയൻ ഫാസിസ്റ്റ് രീതികൾ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. ഭയപ്പെടുത്തിയല്ല മറിച്ച് ബോധവത്കരിച്ചുകൊണ്ടാണ് ഈ അപ്രതീക്ഷിത ദുരന്തകാലത്തെ നേരിടേണ്ടത്.
പ്രധാനന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ക്യാബിനറ്റ് മീറ്റിങ് പോലും ഫിസിക്കൽ ഡിസ്റ്റൻസിങ് പാലിച്ചുകൊണ്ട് ഒരു മീറ്റർ അകലത്തിലിരുന്നുകൊണ്ടാണ് നടന്നതെന്നിരിക്കെ അഞ്ചിഞ്ച് അകലംപോലും പാലിക്കാതെ നിരവധി പോലീസുകാർ കൂട്ടംകൂടി നിന്നുകൊണ്ടാണ് ഇരുചക്രവാഹനത്തിലെത്തിയ രണ്ടു ആളുകളോട് കൂട്ടംകൂടരുതെന്ന് ഉപദേശിക്കുന്നതും, കാരണം പോലും ചോദിക്കാതെ നേരിടുന്നതും. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ കാണാനിടയായ ഈ കാഴ്ചകളും വിരോധാഭാസമാണ്.അതേസമയം, യാതൊരു ലക്കും ലഗാനുമില്ലാതെ ലോകം മുഴുവൻ ജീവൻരക്ഷയ്ക്കായുള്ള നെട്ടോട്ടമോടുമ്പോൾ “ഏതപ്പാ കോതമംഗലം, ഇതാ മോനെ ഭൂലോകം ” എന്ന മട്ടിൽ ഭരണകൂട നിർദേശങ്ങളെ വെല്ലുവിളിച്ച് തെരുവിൽ ആഘോഷിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്ന ശക്തമായ അഭിപ്രായവും രേഖപ്പെടുത്തട്ടെ !അങ്ങനെ പോരാട്ടത്തിന്റെ ഒരു കൂട്ടായ മാതൃക ലോകത്തിനായി നൽകാം നമുക്ക്.
അതിജീവിക്കും നമ്മളീ വൈറസ് ഭീകരതയും