മിസ്റ്റർ യതീഷ് ചന്ദ്ര, താങ്കൾ ദുരന്തകാല ഹീറോയിസം കളിക്കരുത് !

67
അഡ്വ ശ്രീജിത്ത് പെരുമന
യതീഷ്ചന്ദ്രയോട് വിശദീകരണം ചോദിച്ചാൽ മാത്രം പോരാ, മാതൃകാപരമായി ശിക്ഷിക്കണം !
പരാതിയില്ലാത്തതിന്റെ പേരിൽ ഈ അപരിഷ്കൃത കാക്കി ഭീകരത നടപടികളില്ലാതെ പോകരുത് എന്നതുകൊണ്ട് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും, പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും രേഖാമൂലം പരാതി നൽകി.രാജ്യത്തെ സംസ്ഥാനങ്ങളിൽ ഏറ്റവും മാതൃകാപരമായി കൊറോണയെന്ന മഹാമാരിയെ നേരിടുന്ന സംസ്ഥാനമാണ് കേരളം. അതിലെ ജനതയുടെ തിരിച്ചറിവും, വിവേകവും തന്നെയാണ് മൂന്നു കോടി ജനതയുള്ള നാട്ടിൽ അബ്ബാസിന്റെ ഹാർപ്പിക്ക് കൊല്ലുന്ന അവസാന കീടാണുവിന്റെ അത്രപോലും ശതമാനം കൊറോണ വൈറസ് വ്യാപിക്കാത്തത്.നമ്മുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന ഏറ്റവും ചെറിയ അവിവേകംപോലും വരും ദിവസങ്ങളിലെ സാമൂഹിക വ്യാപനത്തിന് കാരണമായേക്കാം, അതുകൊണ്ടുതന്നെ സർക്കാർ നിർദേശം അനുസരിച്ചു എല്ലാവരും വീടുകൾക്കുള്ളിൽ മാത്രം ഒതുങ്ങി ജീവിക്കണം, ആളുകൾ സാമൂഹിക അകലം പാലിക്കണം സംശയമൊന്നുമില്ല അക്കാര്യത്തിൽ. എന്നാൽ നാല് ചുമരുകൾക്കിടയിൽ സ്വയം ഒറ്റപ്പെട്ട് ജീവിക്കുന്നവരെല്ലാം ജീവിതം ആഘോഷിക്കുകയാണെന്ന ധാരണ ആർക്കുംവേണ്ട. മരുന്നും, ഭക്ഷണവും, പഴവും, പച്ചക്കറിയും, അരിയും മണ്ണെണ്ണയും തുടങ്ങി ജീവിക്കാൻ അടിസ്ഥാനപരമായി ആവശ്യമായ സാധനങ്ങൾപോലും ലഭ്യമല്ലാത്തതും, അടുപ്പിൽ തീ കത്താത്തതുമായ കൂരകളും നമുക്ക് ചുറ്റുമുണ്ട്.അവർ ചിലപ്പോൾ പുറത്തിറങ്ങിയേക്കാം വിശപ്പിനേക്കാളും വലുതല്ലല്ലോ മരണംപോലും ! മറ്റുചിലർ ജീവിതത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ഒരു തടവ് അനുഭവിക്കുന്നതിന്റെ ആശ്ചര്യത്തിലും, ജിജ്ഞാസയിലും എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പുറത്തിറങ്ങിയിട്ടുണ്ടാകാം നിഷേധിക്കുന്നില്ല പക്ഷെ,നാളിതുവരെ കേട്ട്കേൾവി പോലുമില്ലാത്ത സാഹചര്യത്തിൽ ചിലർക്കെങ്കിലും സംഭവിച്ച പിഴവിന് ക്രൂര മർദ്ദനവും, എത്തയിടലിലൂടെയും, തവളച്ചാട്ടത്തിലൂടെയുമുള്ള പരസ്യ അപമാനിക്കലും, അപമാനിക്കുന്നത് വീഡിയോയിൽ പകർത്തി പ്രചരിപ്പിക്കുന്നതും, കേട്ടാലറയ്ക്കുന്ന തെറിവിളികൾ നടത്തി ആക്ഷേപിക്കുന്നതും എന്തിന്റെ പേരിലാണെങ്കിലും അംഗീകരിച്ചുതരാൻ സാധ്യമല്ല.
മിസ്റ്റർ യതീഷ് ചന്ദ്ര, താങ്കൾ ദുരന്തകാല ഹീറോയിസം കളിക്കരുത് !
കേരള ഹൈക്കോടതി സിറ്റിംഗ് ജഡ്ജിന്റെ കർശന നിർദേശമുണ്ടായിട്ടും, സുപ്രീംകോടതിയിൽ കേസ് എത്തിയിട്ടും കേരള പോലീസിന്റെ പോലീസിന്റെ ഇൻസ്റ്റന്റ് ശിക്ഷാവിധികൾ തുടരുന്നത് ഗുരുതരമായ സാഹചര്യമാണ്.
ലോക്ക് ഡൗണും, കർഫ്യുവും, CrPC144 നിരോധനാജ്ഞയ്യും നടപ്പിലാക്കപ്പെടുന്നത്
1897l ലെ എപ്പിഡെമിക് ഡിസീസ് ആക്റ്റ്,
ഇന്ത്യൻ പീനൽ കോഡ്
ക്രിമിനൽ പ്രസീജ്യർ കോഡ്
ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ്
ഡിസാസ്റ്റർ മാനേജ്‌മെന്റ് ഓർഡിനൻസ് (കേരള )
കേരള പബ്ലിക് ഹെൽത്ത് പ്രൊട്ടക്ഷൻ ആക്റ്റ്
കേരള പോലീസ് ആക്റ്റ്
എന്നീ നിയമങ്ങൾ പ്രകാരമാണ്. എന്നാൽ ഈ നിയമത്തിലെവിടെയും നിയമലംഘകരെ ഏതെങ്കിലും രീതിയിൽ ശിക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്കോ, ഡീജിപിക്കോ, മുഖ്യമന്ത്രിക്കോ അധികാരമില്ല.
തികച്ചും നിയമപരമായ നടപടികളിലൂടെ ഒരു ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു മാത്രമേ അത്തരത്തിൽ ജയിലിലേക്ക് റിമാൻഡ് ചെയ്യാൻപോലുമുള്ള അധികാരമുള്ളൂ. ശിക്ഷ വിധിക്കണമെങ്കിൽ വിചാരണയിലൂടെ കടന്നുപോകണം.

പൊതുബോധത്തിന്റെ കയ്യടിക്കും, ഹീറോയിസത്തിനും വേണ്ടി നിയമപാലനവും ശിക്ഷാവിധിയും പോലീസ് ഏറ്റെടുക്കുന്നത് അരാജകത്വം സൃഷ്ടിക്കും.

യതീഷ് ചന്ദ്രയുടെ ശിക്ഷ നടപ്പിലാക്കൽ എന്ന രീതിയിൽ മൂന്നാളുകളെ ഒരു കടയുടെ മുന്നിൽ നിർത്തി ഏത്തയിടീപ്പിച്ച് ശിക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ കയ്യടി നേടിക്കൊണ്ട് പ്രചരിക്കുന്നുണ്ട്.
ഈ അപരിഷ്കൃത നടപടിയും, അത് വീഡിയോ പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും അങ്ങേയറ്റത്തെ നിയമവിരുദ്ധ പ്രവൃത്തിയും പൗരന്റെ മൗലികാവകാശങ്ങളിലേക്കുള്ള കടന്നു കയറ്റവുമാണ്.
നിരോധനജ്ഞയോ, കർഫ്യുവോ, സർക്കാർ ഉത്തരവുകളോ ലംഘിച്ചാൽ ഡികെ ബസു കേസിൽ ബഹു സുപ്രീംകോടതി പ്രഖ്യാപിച്ച 12 നിബന്ധനകൾക്കനുസൃതമായി അറസ്റ്റ് ചെയ്ത് പിഴ ഈടാക്കുകയോ, ജാമ്യത്തിൽ വിടുകയോ, മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയോ ചെയ്യാം എന്നിരിക്കെ പോലീസ് ഉദ്യോഗസ്ഥൻ കേസ് രജിസ്റ്റർ ചെയ്ത് അപ്പോൾത്തന്നെ ശിക്ഷയും വിധിച്ച് അത് പരസ്യമായി നടപ്പിലാക്കി വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് ശുദ്ധ തോന്ന്യാസവും നിയമവാഴ്ചയുടെ അട്ടിമറിയും സർവീസ് നിയമങ്ങളുടെ ലംഘനവുമാണ്.
വയോധികരും, ആരോഗ്യപ്രശ്നവുമുള്ള ആളുകളെയാണ് പരസ്യമായ ശിക്ഷക്ക് വിധേയമാക്കിയത് എന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും, മനുഷ്യാവകാശ ലംഘനവും അധികാര ദുർവിനിയോഗവുമാണ്‌ എന്നതിൽ സംശയം വേണ്ട.
ആരെയെങ്കിലും ശിക്ഷിക്കാൻ അധികാരമുള്ളത് വിചാരണയ്ക്ക് ശേഷം കോടതികൾക്കാണ് എന്ന് പഠിച്ച ഒരു അഭിഭാഷകൻ എന്ന നിലയിൽ യതീഷ്ചന്ദ്രയുടെ പ്രവൃത്തി അങ്ങേയറ്റത്തെ നിയമലംഘനവും അശ്ലീലവുമാണ് എന്ന് പറയാതെ വയ്യ.
നിരോധനാജ്ഞ ലംഘിക്കുന്നവരെയോ, പുറത്തിറങ്ങുന്നവരെയോ മർദ്ദിക്കരുതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ദീജിപിക്ക് നിർദേശം നൽകിയതിന് ശേഷം അരങ്ങേറിയ ഈ ദുരന്തകാല ഹീറോയിസത്തിനു കയ്യടിക്കുന്നവർ ആൾക്കൂട്ട നീതിയാണ് നടപ്പിലാക്കുന്നത്.
എന്തിനാണ് അവരെ പരസ്യമായി ഏത്തയിടീച്ച് ശിക്ഷിച്ചതെന്ന് വീഡിയോ ദൃശ്യങ്ങളിലില്ല. അവർക്ക് പറയാനുള്ളത് കേൾകാതെയാണ് ആൾക്കൂട്ടം പോലീസ് ഗുണ്ടായിസത്തിനു കൈയടിക്കുന്നത് എന്ന് മനസിലാക്കുക. കൂടാതെ അത്തരമൊരു വീഡിയോ പ്രചരിപ്പിച്ചതിലൂടെ വ്യക്തികളുടെ ആത്മാഭിമാനത്തിനുകൂടിയാണ് നിയമപാലന സേവനത്തിനു നിയോഗിക്കപ്പെട്ടവർ ക്ഷതം ഏൽപ്പിച്ചിരിക്കുന്നത്.
യതീഷ് ചന്ദ്ര ചെയ്‌തതിന്‌ സമാനമായ രീതിയിൽ എത്ത ഇടീപ്പിച്ച് താവളച്ചാട്ടം നടത്തിയതിനു ഉത്തർപ്രദേശിലെ ബദൗൻ എന്ന സ്ഥലത്ത് പൊലീസുകാരെ ഉൾപ്പെടെ സസ്‌പെൻഡ് ചെയ്യുകയും ജില്ലാ പോലീസ് മേധാവി പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ ഹർജ്ജിയും ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്.
യതീഷ് ചന്ദ്രയുടെ ഈ അപരിഷ്കൃതമായ നിയമവിരുദ്ധ പ്രവൃത്തി മറ്റ് പോലീസ് ഭരത്ചന്ദ്രന്മാരും ഏറ്റുപിടിക്കാൻ സാധ്യതയുള്ളതിനാൽ ഡീജിപിക്കും, മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മീഷനും, polees കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകി.
ദുരന്തകാലത്തെ പോലീസ് ഗുണ്ടായിസം അനുവദിക്കാൻ സാധിക്കില്ല !
അതോടൊപ്പം പറയട്ടെ,
ആവശ്യ കാര്യത്തിനൊഴികെ വീടിനു പുറത്തിറങ്ങരുത്. മറുമരുന്നില്ലാത്ത മഹാമാരിക്കെതിരെയുള്ള ഏക പ്രതിരോധമാണ് ഈ സാമൂഹിക ഒറ്റപ്പെടലുകൾ..
അഡ്വ ശ്രീജിത്ത് പെരുമന