ഇറ്റലിയിലും ചൈനയിലും ഇറാനിലും നിന്നൊക്കെ ഇന്ത്യക്കാരെ രാജ്യത്തെത്തിച്ചവർക്ക്‌ സ്വന്തം രാജ്യത്ത് അഭയാർത്ഥികളായവരെ വീടുകളിലെത്തിക്കാൻ ഉത്തരവാദിത്വമുണ്ട്

58
അഡ്വ ശ്രീജിത്ത് പെരുമന
കോട്ടയം പായിപ്പാട് തെരുവിൽ പ്രതിഷേധിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അധികാരത്തിന്റെ ഗർവ്വിൽ പോലീസിനെ വിന്യസിച്ച് നേരിടുകയോ, പ്രകോപിപ്പിക്കുകയോ ചെയ്യരുത്.
അവറ്റകളെ വെടിവെച്ച് കൊല്ലണമെന്ന സദാചാര ആൾക്കൂട്ട ആക്രോശമല്ല വിവേകമാണ് ഈ അവസരത്തിൽ ഭരണകൂടത്തിന് ഉണ്ടാകേണ്ടത്.സാധാരണക്കാരുടെ വയറ്റിപ്പിഴപ്പിന്റെ പ്രശനം ഡൽഹിയിലായാലും, കോട്ടയത്തായാലും സമാനമാണ്. ജീവിതം വഴിമുട്ടിയ ജനതയ്ക്ക് മുൻപിൽ കൊറോണയെല്ലാം നിസ്സാരമാണ് എന്ന മുൻവിധി നമുക്കുണ്ടാകണം.ഏതെങ്കിലും രാഷ്ട്രീയ ഉദ്ദേശലക്ഷ്യങ്ങൾ അവർക്കുണ്ടെന്ന് ഞാൻ കരുതുന്നില്ല. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാത്ത ബ്യുറോക്രാറ്റുകളുടെ ഭരണ പരാജയമാണ് പ്രതിഫലിക്കുന്നതെന്ന് മനസിലാക്കുന്നു.
ഭക്ഷണത്തിനും, പാർപ്പിടത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമുള്ള സംവിധാനങ്ങൾ അടിയന്തരമായി നൽകുക അല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഘട്ടം ഘട്ടമായി ജനങ്ങളെ അവരുടെ സ്ഥലങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കുക. ട്രെയിൻ ഗതാഗതം ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.ഇറ്റലിയിൽ നിന്നും, റോമിൽ നിന്നും ചൈനയിൽ നിന്നുവരെ മുഴവൻ ജനങ്ങളെയും രാജ്യത്തെത്തിച്ച ഭരണകൂടത്തിന് സ്വന്തം രാജ്യത്ത് അഭയാർത്ഥികളായവരെ അവരുടെ വീടുകളിലെത്തിക്കാൻ ധാർമ്മികമായ ഉത്തരവാദിത്വമുണ്ട്.