മനുഷ്യരുടെ പ്രശ്നം എന്ന നിലയിൽ പരിഹരിക്കാനുള്ള സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും നമ്മുടെ ഭരണകൂടത്തിനും പൊതുജനങ്ങൾക്കും ഉണ്ടാകണം

47

അഡ്വ ശ്രീജിത്ത് പെരുമന

സ്വന്തം നാട്ടിലേക്ക് പോകണം എന്ന് ഈ സമാനതകളില്ലാത്ത ദുരന്തകാലത്ത് ആഗ്രഹമോ ആവശ്യമോ പ്രകടിപ്പിച്ച ഒരുപറ്റം അശരണരായ തൊഴിലാളികളെ വെടിവെച്ചു കൊല്ലണമെന്ന് ആക്രോശിക്കുന്ന ഫുദ്ധിജീവികളോടാണ്.. ഉണ്ടാകും.. സ്വാഭാവികം. മലയാളികൾക്ക് മാത്രമല്ല എല്ലാവർക്കുമുണ്ട് നാടും വീടും കുടുംബവും ഒപ്പമുണ്ടാകാണമെന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളും. ക്വറന്റൈനിൽ നിൽക്കേണ്ട സബ് കലക്റ്റർ ഉത്തരേന്ത്യയിലെ വീട്ടിലേക്ക് രായ്ക്കുരാമാനം ഒളിച്ചു കടന്നതും മനുഷ്യസഹജമായ അത്തരമൊരു വികാരമുള്ളതിനാലാണ്. ഇറ്റലിയിലും, റോമിലും, ചൈനയിലും ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ജോലിചെയ്തിരുന്ന മലയാളികൾ വീഡിയോയിലൂടെയും, വാട്സാപ്പിലൂടെയും, മാധ്യമങ്ങളെ ബന്ധപ്പെട്ടും അധികാരികളുമായി കലഹിച്ചുമൊക്കെയാണ് ചാർട്ടേർഡ് വീമാനങ്ങൾ വരെ തയ്യാറാക്കി അവരെ സ്വന്തം നാട്ടിലും വീട്ടിലും ഉറ്റവരുടെയും ഉടയവരുടെയും അടുത്തെത്തിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ മാധ്യമ വിജിലൻസുള്ള സംസ്ഥാനമെന്ന നിലയിലും ഏറ്റവും കൂടുതൽ വാർത്താ ചാനലുകളുള്ള സംസ്ഥാനം എന്ന നിലയിലും, മാധ്യമങ്ങളെ ബഹുമാനിക്കുകയും വാർത്തകളെ ഭയക്കുകയും ചെയുന്ന ഭരണകൂടം ഉണ്ടെന്ന കരണത്താലുമാണ് മലയാളികളുടെ അലർച്ചകളും അഭ്യർത്ഥനകളും, കലഹങ്ങളും ഭരണാധികാരികൾ ശ്രദ്ധിക്കുകയും അവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തത്. ലോക്ക് ഡൌൺ പ്രഖ്യാപിച്ച ശേഷവും പ്രത്യേക തീവണ്ടിയിലും, ബസ്സുകളിലും, മറ്റ് വാഹനങ്ങളിലുമായി എല്ലാ പ്രിവിലേജ്ഡ് മനുഷ്യരെയും വൈറ്റ് കോളർ ജോലിക്കാരെയും നമ്മൾ നാട്ടിലെത്തിച്ചിരുന്നു. എന്നാൽ സ്വന്തം മണ്ണിൽ ബ്രെഡിന് വേണ്ടി പ്രവാസികളാകേണ്ടിവന്ന് സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ നിന്നും പുറമേക്കാണുന്ന ഭംഗിയാർന്ന സമൂഹത്തെ സൃഷ്ടിക്കുന്ന ഒരു വിഭാഗമുണ്ട് നമ്മുടെ നാട്ടിൽ. പ്രിവിലേജുകളൊന്നുമില്ലാത്ത ഇതരസംസ്ഥാന തൊഴിലാളികൾ. സബ്‌കളക്റ്ററെപ്പോലെ ഔദ്യോദിക ഡ്യുട്ടിയിലായിരിക്കുമ്പോൾ പോലും ഒളിച്ചോടാനുള്ള സാഹചര്യമില്ലാത്തവർ, തെരുവിൽ പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കിരയായും, ദയനീയമായി താവളച്ചാട്ടം ചാടിയും, ഏത്തമിട്ടും, കൈകൂപ്പി യാചിച്ചും കാലിൽ ചോര പൊടിയുംവരെ തെരുവിലൂടെ നടന്ന് തന്റെ നാട്ടിലെത്താൻ ശ്രമിക്കുന്നവർ. കോട്ടയം പായിപ്പാടിലെ മുതലാളിയുടെ ഷെഡിൽ ഇരുന്നുകൊണ്ട് വാട്സാപ്പിൽ ദയനീയമായി അഭ്യർത്ഥിച്ചാലൊന്നും അവരുടെ സംസ്ഥാനത്തെ മാധ്യമങ്ങളോ, അധികാരികളോ വകവെക്കില്ല എന്നുറപ്പുള്ളതുകൊണ്ടും, കൊറോണയെപ്പറ്റിയുള്ള ഭീകരത മനസിലാക്കിയപ്പോഴുമായിരിക്കാം ഉറ്റവരെ കാണാനും, സ്വന്തം നാട്ടിലെത്താനുമുള്ള അതിയായ ആഹ്രമുണ്ടായത്. സമാനകളില്ലാത്ത ഈ ദുരന്ത കാലത്ത് തൊഴിലാളികളെ അണിനിരത്തി രാഷ്ട്രീയ നേട്ടമുണ്ടക്കാൻ സ്വബോധമുള്ള ഏതെങ്കിലും ആളുകൾ ശ്രമിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. സാധാരണക്കാരിൽ സാധാരണക്കാരായ ആ മനുഷ്യരെ സാഹചര്യത്തിന്റെ അതിഭീകരാവസ്ഥ മനസിലാക്കി നൽകാൻ നമുക്ക് സാധിക്കണം ഒപ്പം കേന്ദ്രവുമായി ആലോചിച്ച് അതാത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് അവർക്കുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കി നൽകണം. എന്നെയും നിങ്ങളെയും പ്രധാനമന്ത്രിയെയും പോലെതന്നെ ഒട്ടും കുറവില്ലാത്ത പൊളിറ്റിക്കലും സിവിലുമായ എല്ലാവിധ അവകാശങ്ങളുമുള്ള രാജ്യത്തെ മനുഷ്യരാണവർ. ലോക്ക് ഡൌൺ കാലത്ത് ഒരുമിച്ചുകൂടിയതിന്റെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സോ, ലീഗൽ ഒബ്ലിഗേഷനോ ഒന്നും വിലയിരുത്തേണ്ട സമയമല്ലിത്. ഇതരസംസ്ഥാന തൊഴിലാളികളെല്ലാം നമ്മൾ മലയാളികൾക്ക് “ബംഗാളികളാണല്ലോ” ബംഗാളികളാണെങ്കിൽ സദചാര ആൾക്കൂട്ട ആക്രമണത്തിനുള്ള ലൈസൻസുണ്ടാലോ എന്ന നിലയിലേക്ക് നമ്മുടെ മനോനില മാറരുത്.ഒരു പ്രത്യേക മതഭിഭാഗത്തിൽപ്പെട്ടവരാണ് പ്രശ്നക്കാർ എന്ന നിലയിൽ വർഗീയമായ മറ്റൊരു തലത്തിലേക്ക് ഈ സംഭവത്തെ തിരിച്ചുവിടാനും ചില വർഗീയ കേന്ദ്രങ്ങൾ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമപരമായി ഇതിനെ നേരിടാതെ മനുഷ്യരുടെ പ്രശനം എന്ന നിലയിൽ പരിഹരിക്കാനുള്ള സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും നമ്മുടെ ഭരണകൂടത്തിനും, പൊതുജനങ്ങൾക്കും ഉണ്ടാകണം.

Advertisements