അതിർത്തിയിലെ കാട്ടിനുള്ളിൽ കുടുങ്ങിയ ഗർഭിണിക്ക് സുരക്ഷയൊരുക്കാത്തത് ക്രൂരവും മനുഷ്യാവകാശ ലംഘനവും

59

Sreejith Perumana

ഏത് കൊറോണയുടെ പേരിലാണെങ്കിലും വയനാട് ജില്ലാ ഭരണകൂടം ഈ കാണിച്ചത് ശുദ്ധ തോന്ന്യാസമാണ്.ലോക്ക് ഡൌൺ ലംഘിച്ചാണ് എത്തിയതെങ്കിൽ പോലും നിറവയറോടെ സംസ്ഥാന അതിർത്തിയിലെ കാട്ടിനുള്ളിൽ കുടുങ്ങിയ ഗർഭിണിയായ സ്ത്രീക്ക് സുരക്ഷയൊരുക്കാത്തത് മനുഷ്യാവകാശ ലംഘനവും, ക്രൂരവുമാണ്.

അബദ്ധത്തിൽ രാജ്യാന്തര അതിർത്തി കടക്കുന്ന സൈനികരെ വരെ ശത്രുരാജ്യങ്ങൾ മനുഷ്യത്വപൂർവ്വം പരിഗണിക്കുമ്പോൾ ഇവിടെ രാജ്യാതിർത്തിക്കുള്ളിൽ ഇത്തരം ഏകാധിപത്യ ഭീകരത അനുവദിക്കാൻ സാധിക്കില്ല. രാജ്യത്തിനുള്ളിൽ കടന്നുകയറി യുദ്ധം ചെയ്ത് വൈമാനിക്കാൻ അഭിനന്ദനെ ജീവനോടെ പിടികൂടിയ ശേഷം പാകിസ്ഥാൻ ആദ്യം ചെയ്തത് അടിയന്തിര പ്രാഥമിക ചികിത്സ നൽകുക എന്നതായിരുന്നു.

എന്നാൽ കടുവ സങ്കേതത്തിനുള്ളിൽ കുടുങ്ങിയ ഗർഭിണി സഹായത്തിനായി ഭരണകൂടത്തോട് യാചിച്ചിട്ടും അവശ്യ സൗകര്യമൊരുക്കാത്തത് ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ല. അവരെ അതിർത്തി കടത്തി വീട്ടിൽ എത്തിക്കണമായിരുന്നു എന്നൊന്നും വാദിക്കുന്നില്ല. ചുരുങ്ങിയപക്ഷം അവശ്യ സൗകര്യം ഏർപ്പെടുത്താനുള്ള നിയമപരമായ ബാധ്യത സ്റ്റേറ്റിനുണ്ട്.
ലോക്ക് ഡൌൺ നിയമങ്ങൾ മറികടന്നതായി വ്യക്തമായാൽ അവർക്കെതിരെ കേസെടുക്കാം പക്ഷെ അതൊന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിന്നും മുഖംതിരിക്കാനുള്ള ന്യായീകരണമല്ല.

ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. ഗർഭിണി ഉൾപ്പെടെ തിരികെ മടങ്ങി എന്നാണ് അറിയുന്നത്. മനുഷ്യവകാശ കമ്മീഷനെ നേരിട്ട് അറിയിക്കേണ്ട വിഷയമാണ്‌ പക്ഷെ ഇരകളായവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഒന്നേ പറയാനുള്ളൂ. ഇനിയൊരു ഭരണകൂടവും, പോലീസും ഇമ്മാതിരി ക്രൂരതകൾ കാണിക്കരുത്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എന്തെങ്കിലും അത്യാഹിതം സംഭവിക്കും മുൻപ് അറിയിക്കാൻ താത്പര്യം
അഡ്വ ശ്രീജിത്ത്‌ പെരുമന