കൊറോണ കാരണം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെപ്പോലുള്ള ആനകൾ പീഡനങ്ങളിൽ നിന്നും രക്ഷപെട്ടു

308

അഡ്വ ശ്രീജിത്ത്‌ പെരുമന

ലക്ഷത്തിലധികം മനുഷ്യരെ കൊലചെയ്തുകൊണ്ട് മാനവരാശിക്കെതിരെ സംഹാരതാണ്ഡവമാടുന്ന കൊറോണായെ നിലനിൽപ്പിന്റെ പോരാട്ടം നടത്തുമ്പോഴും കൊറോണ കൊണ്ടുമാത്രം തിരുത്തപ്പെട്ട ചിലതുണ്ട് നാട്ടിൽ . കുപ്രസിദ്ധ കൊലയാളി കൊറോണയെ, ഹൃദയംഗമായ നന്ദിയോടെ രേഖപ്പെടുത്തുന്ന അപൂർവ്വം ചിലയിടങ്ങൾ.

ഏപ്രിൽ മെയ് മാസത്തിൽ നാട്ടിൽ ഉത്സവങ്ങളുടെ പെരുമഴയാണ്.വെളിച്ചപ്പാട് തുള്ളൽ മുതൽ തൃശൂർ പൂരം വരെയുള്ള ചെറുതും വലുതുമായുള്ള ഉത്സവങ്ങൾ.വിയോജിപ്പ് ഉത്സവങ്ങളോടോ, ആചാരങ്ങളോടോ അല്ല മറിച്ച് ആനകളുടെ കൊല്ലാക്കൊല നടക്കുന്ന ദുരിതകാലത്തോടാണ്. വയോധികനും, കണ്ണിന് കാഴ്ചയില്ലാത്തതും, മദപ്പാടുള്ളതും 13 ലധികം മനുഷ്യരെ കൊലചെയ്തിട്ടുള്ളതുമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന് പേരായ മോട്ടി പ്രസാദ് എന്ന ആനയുൾപ്പെടെ നൂറുകണക്കിന് ആനകളാണ് ഈ സീസണുകളിൽ സമാനതകളില്ലാത്ത പീഡിപ്പിക്കപ്പെടേണ്ടിയിരുന്നത്.

ഗണപതി, വിനായകൻ , വിഘ്നേശ്വരൻ , ഹേരംബൻ , ഗജാനനൻ , ഗണേശൻ, മലപ്പുറം കത്തി.. മെഷീൻ ഗൺ തുടങ്ങിയ പേരുകളിൽ ചങ്ങലകളിൽ ബന്ധിച്ച് മനസാക്ഷിയും കരുണയുമില്ലാതെ ദൈവത്തെ ചങ്ങല്യ്ക്കിടുന്ന, ദൈവത്തിന്റെ രോമം പറച്ച് മോതിരം പണിയുന്ന, ദൈവത്തിന്റെ പല്ലും കൊമ്പുകളും പച്ചയ്ക്ക് മുറിച്ച് സ്വർണ്ണ പ്രതിമകളുടെ കൂടെ പൂജ മുറിയിൽ പ്രതിഷ്ടിച്ചു മോക്ഷം തേടുന്ന നല്ല ബെസ്റ്റ് നാട്ടിലെ നല്ല ബെസ്റ്റ് വിശ്വാസികളിൽ നിന്നും നൂറുകണക്കിന് ആനകളെ താത്കാലികമായെങ്കിലും കൊറോണ രക്ഷിച്ചിരിക്കുന്നു.

അതുപോലെതന്നെ നാട്ടിൽ കാളകൂട വിഷമായി വമിച്ചിരുന്ന അന്ധവിശ്വാസങ്ങളെയും, ആർത്തവ, കൃപാസന, സ്വർഗ്ഗത്തിലെ വിറകുകൊള്ളി ടീംസിനേയും മുട്ടുകാല് തല്ലിയൊടിക്കാതെ മൂലയ്ക്കിരുത്താനും, മതമല്ല മനുഷ്യത്വമാണ് മരുന്നും മന്ത്രവുമെന്നും, ആരാധനാലയമല്ല, ആശുപത്രികളാണ് ജീവന് ഹേതുവായിട്ടുള്ളതെന്നും തിരിച്ചറിവ് നൽകാനും, നാസിക്കിൽ അച്ചടിക്കുന്ന കറൻസി തിന്നാൻ പറ്റില്ലെന്നും, ലുലുമാളിലല്ല, ദുർഗന്ധം വമിക്കുന്ന ഉണക്കമീൻകടയിലാണ് രുചിയുടെ സ്വർഗ്ഗലോകമുള്ളതെന്ന് ഓർമ്മപ്പെടുത്താനും കൊറോണക്ക് സാധിച്ചു.

ആനകളുടെ ചെവിക്കുള്ളിൽ ഗർഭം കലക്കി പൊട്ടിച്ച്, പൊരിവെയിലിൽ ടാറിട്ട റോസുകളിൽ മണിക്കൂറുകളോളം നിർത്തിച്ച് ആത്മരതിയടയുന്ന തൃശൂർപൂരം ഇത്തവണ നടക്കില്ല എന്നത് കൊറോണ ചരിത്രത്തിലെ സുവർണ്ണ നേട്ടമാണ്. ആരാധനകളും, പരമ്പരാഗത പൂജകളും, വിശ്വാസങ്ങളും ഉൾപ്പെടുത്തിയുള്ള പരിഷ്കൃതകവും, മാന്യമായതുമായ നിലയിൽ തൃശൂർ പൂരവും മറ്റ് ഉത്സവങ്ങളും നടക്കട്ടെ. അന്ധവിശ്വാസവും, മത പീഡനങ്ങളും തുലയട്ടെ.