കൊറോണ ബാധയേക്കാൾ ഹൃദയഭേദകമാണീ കാഴ്ചകൾ

124

അഡ്വ ശ്രീജിത്ത്‌ പെരുമന

കൊറോണ ബാധയേക്കാൾ ഹൃദയഭേദകമാണീ കാഴ്ചകൾ

ധോണിയുടെ മകളുടെ അപ്പിയും ഐശ്വര്യ റായിയുടെ ഗർഭവും സണ്ണിലിയോണിന്റെ നിതംബവും  അമൃതാനന്ദമയിയുടെ ചുംബനവും ചർച്ചയാക്കപ്പെടുന്ന നാട്ടിൽ ഒരു മനുഷ്യജീവൻ എന്ന പ്രാധാന്യം പോലും ഈ കൊച്ചുമോളുടെ മരണത്തിനുണ്ടാകാൻ തരമില്ല എന്നറിയാം.എങ്കിലും സ്വയം ചോദിക്കുകയാണ് 100 കിലോമീറ്ററുകൾ നടക്കുന്നതിനിടെ എത്ര പോലീസ് വാഹനങ്ങളും, സർക്കാർ വാഹനങ്ങളും ഈ കുരുന്നിനെ പിന്നിട്ട് പോയിട്ടുണ്ടാകാം.ലോക്ക് ഡൗൺ നീട്ടിയതിനെ തുടർന്ന് ജോലി ഇല്ലാത്തതിനാൽ വീട്ടിലേക്ക് തിരികെ നടന്ന പന്ത്രണ്ട് വയസ്സുകാരി ജമലോ മദകം മരിച്ചു വീണു !

തെലങ്കാനയിലെ മുളകുപാടത്ത് ജോലിക്ക് പോയതായിരുന്നു ജമോലോ മദ്കം എന്ന പന്ത്രണ്ട് വയസ്സുകാരി.വീട് അങ്ങ് ബീജാപൂരിലാണ് ! വീട്ടിലെത്താൻ 111കിലോമീറ്ററോളം ദൂരമുണ്ട്. വീട്ടിലെത്താൻ വെറും 11 കിലോമീറ്റർ അവശേഷിക്കെയാണ് ജമോലോ വീണു മരിച്ചത്.അന്തോറാമിന്റെയും സുകാമതിയുടെയും ഏകമകളാണ് ജമോലോ. ആദ്യമായിട്ടാണ് ജമോലോ ജോലിക്ക് പോകുന്നതെന്ന് ഇവർ പറയുന്നു. ​ഏപ്രിൽ 16നാണ് തെലങ്കാനയിലെ പെരുരു ​ഗ്രാമത്തിൽ നിന്ന് ഇവർ യാത്ര ആരംഭിച്ചത്. ലോക്ക് ഡൗൺ നീട്ടുമെന്നും ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നും മനസ്സിലാക്കിയാണ് ഇവർ തിരികെ പോരാൻ തീരുമാനിച്ചത്. ജമോലോ ഉൾപ്പെടെ മൂന്ന് കുട്ടികളും എട്ട് സ്ത്രീകളും ഈ സംഘത്തിൽ ഉണ്ടായിരുന്നു.

ബീജാപൂരിന്റെ അതിർത്തിയിൽ വച്ചാണ് ജമോലോ മരിക്കുന്നത്. കുട്ടി മരിച്ച വിവരം വീട്ടിലറിയിക്കാൻ യാതൊരു മാർ​ഗവുമുണ്ടായിരുന്നില്ല. സംഘത്തിലെ ഒരാളുടെ കയ്യിൽ മാത്രമാണ് ഫോണുണ്ടായിരുന്നത്. അതാണെങ്കിൽ ചാർജ്ജ് തീർന്ന അവസ്ഥയിലുമായിരുന്നു. ഏപ്രിൽ 18 നാണ് ജമോലോ മരിക്കുന്നത്. അപ്പോഴേയ്ക്കും മൂന്ന് ദിവസം തുടർച്ചയായി നടക്കുകയായിരുന്നു. ബീജാപൂർ ജില്ലയിൽ തന്നെയുള്ള ബന്ദാർപൽ ​ഗ്രാമത്തിലെത്തിയപ്പോഴാണ് കുട്ടിമരിച്ച വിവരം പോലും മാതാപിതാക്കളെ അറിയിക്കാൻ സാധിച്ചത്.

വാൽ : ലോക്ക് ഡൌൺ എന്നാൽ സർക്കാർ ഉത്തരവ് എന്നതിനപ്പുറം ഒരു പകർച്ചവ്യാധിക്കെതിരെ ജനങ്ങൾ സ്വമേധയാ ഏറ്റെടുക്കുന്ന വലിയ ഉത്തരവാദിത്വമാണ് അല്ലാതെ രാജ്യം ആഭ്യന്തര യുദ്ധത്തിലോ അടിയന്തരാവസ്ഥയിലോ, പട്ടാളഭരണത്തിലോ അല്ലെന്ന് ഈ നാട്ടിലെ പോലീസും, ഉദ്യോഗസ്ഥരും, ഭരണകൂടവും മനസിലാക്കണം. വിശന്ന വയറുമായി കുടിവെള്ളം പോലുമില്ലാതെ നാടുകളിലേക്ക് നടക്കുന്ന മനുഷ്യരെ സഹായിക്കാൻ തയ്യാറാകണം. ചുരുങ്ങിയപക്ഷം താമസവും ഭക്ഷണവും, ചികിത്സയും നൽകണം അത് ആരുടേയും ഔദാര്യമല്ല അംബാനിക്കും അദാനിക്കും തുല്യമായി അവർ അർഹിക്കുന്ന അവകാശമാണ്. ഈ മണ്ണിൽ ആത്മാഭിമാനത്തോടെയും മൗലികാവകാശങ്ങളോടെയും ജീവിക്കുക എന്നത്.