അവസാന യാത്രയ്ക്കായി ജോയേട്ടൻ മാനന്തവാടിയിലെത്തുമെന്ന കാത്തിരിപ്പിലാണ് നാട്

183

അഡ്വ ശ്രീജിത്ത്‌ പെരുമന

നാടിന്റെ നഷ്ടം, ഞങ്ങളുടെയും !

അക്ഷരം തെറ്റാതെ വിളിക്കാവുന്ന നാടിന്റെ നന്മ മരവും, പ്രവാസി വ്യവസായ പ്രമുഖനുമായ മാനന്തവാടി അറക്കല്‍ പാലസിലെ അറക്കല്‍ ജോയി(52) ദുബായിൽ അന്തരിച്ചു. കപ്പല്‍ ജോയി എന്നാണ് അദ്ദേഹം ഞങ്ങളുടെ നാട്ടിൽ അറിയപ്പെട്ടിരുന്നത്. കുടുംബ സമേതം ദുബയിയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് അന്ത്യം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്.

ഭരണകൂടംപോലും നിസംഗതയോടെ നോക്കുന്ന മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങള്‍ നല്‍കിയതുള്‍പ്പെടെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു. മാനന്തവാടിക്കടുത്ത് കല്ലോടി വഞ്ഞോട് സ്വദേശിയാണ്. അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം നിരവധി കമ്പനികളില്‍ ഡയറക്ടറും മാനേജിങ് പാര്‍ട്ണറും ആണ്.

വയനാട്ടിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം സ്വന്തം പ്രയത്നത്താൽ ഗൾഫിൽ പൊന്നുവിളയിച്ചു. ക്രൂഡ് ഓയിൽ വ്യാപാരത്തിൽ കൈവെച്ചതോടെ അറിയപ്പെടുന്ന ബിസിനസുകാരനായി; സ്വന്തമായി 3 കപ്പലുകളുള്ള വായനാട്ടുകാരൻ ജോയ് ഏട്ടൻ അങ്ങനെ നാട്ടുകാരുടെ ‘കപ്പൽ ജോയി’യേട്ടനായി. പിറന്ന നാടിനെ കൈവിടാതിരുന്ന അദ്ദേഹം തെ ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമായിരുന്നു. മാനന്തവാടിയിൽ പണിത 45,000 ചതുരശ്രയടിയുള്ള കൊട്ടാര സാദൃശ്യമായ വീട് കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടാണ്.

കോടികൾ മുടക്കി കേരളത്തിലെ ഏറ്റവും വലിയ വീട് പണിയുമ്പോഴും സാധാരണക്കാരുടെയും അശരണരായ മനുഷ്യരുടെയും മനസ്സുകളിലും അദ്ദേഹം മനുഷ്യത്വം കൊണ്ട് ഒരുപാട് കൊട്ടാരങ്ങൾ പണിതുവെച്ചു. നിരവധി വീടുകൾ നിർമ്മിച്ച് നൽകി, നിരാലംബരായ പെൺകുട്ടികുടെ വിവാഹങ്ങൾ നടത്തി.

ഒടുവിലിന്ന് ഏഴാം കടലിനുമപ്പുറം ജോയ് ഏട്ടൻ ഓർമായാകുമ്പോൾ ഒരു നാട് കണ്ണീർപൊഴിക്കുകയാണ്‌. കൊറോണയുടെ പശ്ചാത്തലത്തിൽ വിമാന/കപ്പൽ ഗതാഗതമില്ലാത്തതിനാൽ അവസാനമായി ജനിച്ച മണ്ണിലേക്ക് അലിഞ്ഞില്ലാതെയാകാൻ പോലും കടമ്പകളേറെയാണ്. മൃതുദേഹങ്ങളോടുപോലും അങ്ങേയറ്റത്തെ ക്രൂരതയാണ് നിലവിൽ കേന്ദ്ര സർക്കാർ കാണിക്കുന്നത്…. ദുബായ് , അബുദാബി , കുവൈത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് നിരവധി മലയാളികളുടെ മൃതുദേഹങ്ങൾ മടക്കി അയച്ചു .

ഇന്നലെ വൈകിട്ട് ചെന്നൈയിലെത്തിച്ച രണ്ടു മൃതദേഹം പുറത്തിറക്കിയിട്ടില്ല. രണ്ടു മൃതദേഹവും ദുബായിയിലേക്ക് തിരിച്ചയക്കണം എന്നാണ് പറയുന്നത് . ഗൾഫിൽ നിന്ന് മൃതദേഹം കൊണ്ട് വരരുത് എന്ന് ലോകത്തുള്ള എല്ലാ വിമാന കമ്പനികൾക്കും, ഇന്ത്യയിലെ എല്ലാ വിമാന താവളങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകി കഴിഞ്ഞു എന്നാണ് വാർത്തകൾ.ഈ പ്രതിസന്ധിയിലും അവസാന യാത്രയ്ക്കായി ജോയേട്ടൻ മാനന്തവാടിയിലെത്തുമെന്ന കാത്തിരിപ്പിലാണ് നാട്.അകലത്തിൽ പൊലിഞ്ഞ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ…