ലജ്‌ജാകരം ഭരണകൂടത്തിന്റെ ഈ ശവ ‘സംസ്കാരം’

1498

അഡ്വ ശ്രീജിത്ത്‌ പെരുമന

ലജ്‌ജാകരം ഭരണകൂടത്തിന്റെ ഈ ശവ “സംസ്കാരം ”

മാന്യമായ സംസ്കാരം മൃതദേഹത്തിനുള്ള മൗലികാവകാശമാണ് എന്ന് പറഞ്ഞു ഹൈക്കോടതി അതിന്റെ നാക്ക് വായിലേക്കിട്ടില്ല ഇതാ “ചരക്കുകളോടൊപ്പം ചരക്ക് വണ്ടിയിൽ വരുന്ന ശവത്തോടുപോലും ഭരണകൂടം പകതീർക്കുന്നു.വ്യോമഗതാഗതം നിരോധിച്ചിട്ടും ദിവസേന വിദേശ രാജ്യങ്ങൾ അവരുടെ പൗരന്മാരെയുംകൊണ്ട് ജീവനോടെ സ്വന്തം രാജ്യങ്ങളിലേക്ക് ഇന്ത്യൻ വീമാനങ്ങളിൽ മടങ്ങുമ്പോൾ…ക്രിക്കറ്റ് താരങ്ങൾക്കും സിനിമാതാരങ്ങൾക്കും വ്യവസായികൾക്കും കോണകം മുതൽ കോൺട്രാസെപ്റ്റീവ് വരെ മേടിക്കാൻ കോടികൾ നൽകുന്ന രാജ്യത്തെ ദരിദ്രനാരായണന്മാരായ എന്റെയും നിങ്ങളുടെയും അവസ്ഥയാണിത്.

ഇന്നും ബാംഗ്ലൂരിൽ നിന്നും ഭുവനേശ്വർ വീമാനത്താവളം വഴി ഒരു വിമാനം അയൽ രാജ്യമായ ഭൂട്ടാനിലേക്ക് പറന്നു. മുള്ളുവേലികൊണ്ടുപോലും അതിർത്തിയില്ലാത്ത ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ വലിപ്പമുള്ള രാജ്യമാണ് അവരുടെ പൗരന്മാരെ വീമാനത്തിൽ കൊണ്ടുപോയത് എന്നറിയുമ്പോൾ പ്രവാസികളോട് സഹതാപം തോന്നുന്നു.പിറന്ന നാട്ടിലെ ദാരിദ്ര്യവും തൊഴിലില്ലായ്മായും കൊണ്ട് അതിജീവനത്തിനായി കടൽകടന്ന പൗരന്മാരുടെ പ്രാണനറ്റ ദേഹങ്ങൾ ഉറ്റവർക്ക് ഒരുനോക്കു കാണുന്നതിനും അന്ത്യകർമ്മങ്ങൾ നടത്തുന്നതിനും ജനിച്ച മണ്ണിലേക്കെത്തിക്കുവാൻ ഗതിയില്ലാതെ അലയുന്നു.

കോവിഡ് ഭീതിയിൽ വ്യോമഗതാഗതം നിരോധിച്ചെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്ന ചരക്ക് വീമാനത്തിൽ കൊറോണ ബാധയില്ലാതെ മരണപ്പെട്ടവരുടെ മൃദദേഹങ്ങൾ നാട്ടിലെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്രം നൽകിയ നിർദേശ പ്രകാരം ചരക്ക് വീമാനത്തിലെത്തുന്ന ശവത്തെ പോലും നാട്ടിൽ ഇറക്കാൻ സാധിക്കില്ല. കിംഗ് ഫിഷർ മൊയ്ലാളിയുടെ 800 കോടി കടം എഴുതിത്തള്ളുമ്പോൾ, ഒരുലക്ഷത്തി അയ്യായിരം 105000 സാരിയും, എഴുനൂറ്റി അമ്പതു 750 ചെരുപ്പുകളും, അഞ്ഞൂറ് 500 വാച്ചുകളും കിലോക്കണക്കിന് സ്വർണ്ണവും വെള്ളിയും സ്വന്തമായുള്ള ആളെ ചികിത്സിക്കാൻ സർക്കാർ ഖജനാവിൽ നിന്നും നൂറു കോടിയോളം 100 Cr ചെലവഴിക്കുമ്പോൾ കൊറോണ ഇല്ലാത്ത കാലത്തും ഇവിടെ ദരിദ്രനാരായണന്മാരുടെ മൃദദേഹങ്ങൾക്ക് കേവലം ചരക്കുകളെന്നപോലെ തൂക്കം പറഞ്ഞു പണം മേടിക്കുന്ന ഭരണകൂടം. കാളക്കൂത്തു നടത്തുന്നതിനും, പശുവുനും പട്ടിക്കും തിരിച്ചറിയൽ കാർഡ് കൊടുക്കുന്നതിനും, ദേശീയഗാനം പഠിപ്പിക്കുന്നതിനും കോടികൾ ചിലവഴിച്ചിരുന്നു.

കൊറോണ ബാധയില്ല എന്ന് പരിശോധനാഫലം ലഭിച്ചാൽ മാത്രമേ ഇന്ത്യക്കാരുടെ മൃദദേഹം ചരക്ക് വീമാനത്തിൽ ഇന്ത്യയിലേക്ക് വിടാൻ അനുവദിക്കുകയുള്ളൂ എന്നിരിക്കെ മൃദദേഹത്തിലൂടെ കൊറോണ വരുമെന്ന് പ്രചരിപ്പിക്കുന്ന കേന്ദ്രത്തിന്റെ ചാണക ബുദ്ധി താമര വിരിയാത്ത നാട്ടിലെ പ്രവാസികളോടുള്ള പകപോക്കലാണ്.വിദേശ രാഷ്ട്രങ്ങളിൽ പൗരന്മാരെ നമ്മെക്കാളും ദരിദ്രരായ രാഷ്ട്രങ്ങൾപോലും ഈ പ്രതിസന്ധിയിൽ തികച്ചും സൗജന്യമായി സ്വദേശത്തേക്ക് കൊണ്ടുവരുമ്പോൾ, പ്രിയജനങ്ങൾ ഒരു നോക്ക് കാണുവാനായ് കാത്തിരിക്കുന്ന പ്രാണൻ നിലച്ച ശവശരീരത്തെ ഉപ്പിൻചാക്കുപോലെ തൂക്കികെട്ടി ഭാരമുറപ്പിച്ച് വിലപേശിയിട്ടാണെങ്കിലും കൊണ്ടുവരാൻ അനുവദിക്കാത്ത ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു.

പതിനായിരക്കണക്കിന് കോടികൾ മുക്കിയ ശേഷം നാടുവിട്ടു പോകുന്ന ഇട്ടിക്കണ്ടപ്പന്മാർക്ക് ഓശാന പാടുന്ന ഫാസിസ്റ്റ്‌ ഭരണകൂടമേ, വീട്ടിലെ അടുപ്പ് പുകയാൻ മരുഭൂമികളിൽ ജീവിതം ഹോമിക്കേണ്ടിവരുന്നവരുടെ ചേതനയറ്റ ശരീരങ്ങളോടെങ്കിലും അല്പം ദയവുണ്ടാകണം.., മരണത്തിനപ്പുറം ഇനിയൊരിക്കലും ഈ രാജ്യത്തിന്റെ ഒരൗദാര്യങ്ങളും അവർ പ്രതീക്ഷിക്കുന്നില്ല…