മൃതദേഹങ്ങൾ തിരിച്ചയച്ചത് ഭരണകൂടത്തിന്റെ ചരിത്രപരമായ തന്തയില്ലായ്മ !

7281

Adv Sreejith Perumana

പറയാതെ വയ്യ, ഭരണകൂടത്തിന്റെയീ ചരിത്രപരമായ തന്തയില്ലായ്മ !

ലോക ചരിത്രത്തിൽ പട്ടാളഭരണത്തിലോ, ഏകാധിപത്യത്തിലോ പോലും കേട്ടു കേൾവിയില്ലാത്ത ഭരണകൂട പിതൃശൂന്യത കാണിച്ച് കേന്ദ്ര സർക്കാർ. കോവിഡ് കാലത്തെ എല്ലാ സുരക്ഷാ, നിയമ നടപടികളും പൂർത്തീകരിച്ച് അബുദാബിയിൽ നിന്നും ‍ഡൽഹിയിൽ എത്തിച്ച മൂന്നു മൃതദേഹങ്ങൾ രാജ്യ തലസ്ഥാനത്ത് ഇറക്കാൻ അനുവദിക്കാതെ തിരികെ അബുദാബിയിലേക്കയച്ച നടപടി മാപ്പർഹിക്കാത്തതാണ്‌.

അബുദാബിയിൽ നിന്നും ഇത്തിഹാദ് എയർവേയ്‌സിന്റെ കാർഗോ വീമാനത്തിൽ എത്തിച്ച പഞ്ചാബ്, ഉത്തരാഖണ്ഡ് സ്വദേശികളുടെ മൃതദേഹമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇല്ലെന്ന് കാണിച്ച് തിരികെ വിദേശത്തേയ്ക്ക് കൊണ്ടുപോയത്. കോവിഡ് ഇല്ലെന്ന് സ്ഥിതീകരിച്ച മൃദദേഹങ്ങളായിട്ടും സാങ്കേതിക അനുമതിയുടെ പേരിൽ ഇന്ത്യൻ പൗരന്റെ മൃദദേഹം ആകാശത്തിലൂടെ തട്ടിക്കളിച്ച്അപമാനിച്ചത് സമാനതകളില്ലാത്ത ക്രൂരതയും അനാദരവുമാണ്. മൃതദേഹങ്ങൾ പരസ്പരം മാറിപ്പോയ സംഭവമല്ലാതെ ചരിത്രത്തിലാദ്യമായാണ് ഒരു മൃതദേഹം രാജ്യത്ത് എത്തിയ ശേഷം തിരികെ അയക്കുന്നത്. മൃദദേഹങ്ങൾക്ക് പോലും മാന്യതയും, മാന്യമായ സംസ്കാരവും മൗലികാവകാശമായുള്ള രാജ്യത്താണിത് എന്നതും ലജ്‌ജാകരമാണ്.

അവസാനമായി ഒരു നോക്ക് കാണാൻ കണ്ണിമചിമ്മാതെ കാത്തിരിക്കുന്ന ഉറ്റവരുടെ മുന്നിലൂടെയാണ് ചേതനയറ്റ ശരീരത്തിന് പോലും ജനിച്ച മണ്ണിൽ സ്പർശിക്കാനാകാതെ അപമാനിതമാകേണ്ടി വന്നിട്ടുള്ളത്. UAE യിലെ മോർച്ചറികളിലടക്കം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി കടൽകടന്ന അന്യരായ ഇരുപത്തേഴു ഇന്ത്യൻ പൗരൻമാരുടെ മൃതദേഹങ്ങളാണ് ഭരണകൂടത്തിന്റെ ഔദാര്യം കാത്തു കിടക്കുന്നത് എന്നറിയുമ്പോഴാണ് അധികാരത്തിന്റെ അപ്പക്കഷ്ണം വെച്ചുള്ള കേന്ദ്രത്തിന്റെ പിത്രുശൂന്യത വ്യക്‌തമാകുന്നത്. മരണത്തിൽപോലും ജന്മനാട് അന്യമാക്കപ്പെടുന്നവരെക്കുറിച്ച് പറയാതെ പോക വയ്യ !

ചെറുത്ത് നിൽപ്പുപോലും അസാധ്യമാക്കി ലോകശക്തികളെ ഉൾപ്പെടെ വേട്ടയാടുന്ന കൊറോണയെന്ന മഹാമാരിക്കെതിരെ കൊച്ചു കേരളം സമാനതകളില്ലാത്ത കരുത്ത് കാണിക്കുമ്പോഴും നാടിനും, വീടിനും, ബന്ധുത്ത്ങ്ങൾക്കും വേണ്ടി കടൽകടന്ന നമ്മുടെ സഹജീവികളുടെ മരണവാർത്തകളും, ദുരിത ജീവിതവും തീരാ നോവാവുകയാണ്.അന്യരാക്കപ്പെട്ട ലക്ഷക്കണക്കിന് മലയാളികളെ കുറിച്ച് വിദേശങ്ങളിൽ ജീവിക്കുന്ന മറ്റു മനുഷ്യരെ കുറിച്ച് നിങ്ങളോർക്കാറുണ്ടോ ഓടിപ്പോകാൻ ഇടമില്ലാതെ തളയ്ക്കപ്പെട്ട നിങ്ങളുടെ വീട്ടുകാരനും നാട്ടുകാരനും കൂട്ടുകാരനും ആയ പ്രവാസികളെക്കുറിച്ച് ചിന്തിചിച്ചിട്ടുണ്ടോ ?

നാട്ടിലെത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവരോടൊപ്പം ഗൾഫിലെ മുറിയിൽ ഒരുമിച്ച് താമസിച്ച ഒരേ മുറിയിൽ അന്തിയുറങ്ങിയ ഒരുമിച്ച് ജോലിചെയ്ത ഒരുമിച്ച് യാത്ര ചെയ്ത പ്രവാസിയെ കുറിച്ച് നിങ്ങൾക്കറിയുമോ? അവരുടെ ഇപ്പോഴത്തെ ഭീതിയും ആധിയും ഹൃദയമിടിപ്പും നിങ്ങൾ കേട്ടിട്ടുണ്ടോ?നാട്ടിൽ മൂന്നു ബെഡ്‌റൂമും ഹാളും ഡൈനിങ്ങ് ഹാളും 2 അടുക്കളയും സിറ്റ് ഔട്ടും പോർച്ചും അകത്തും പുറത്തുമായി 5 ബാത്റൂമുകളും എസിയും പ്രിയപ്പെട്ടവർക്കായി ഒരുക്കി നൽകാൻ ആയി ഗൾഫിലെ 15 പേർക്കുള്ള ഒറ്റ ബാത്റൂമിന് മുന്നിൽ ഊഴം കാത്തു നിൽക്കുന്ന പ്രവാസിയെ നിങ്ങളറിയുമോ?

സോഷ്യൽ ഡിസ്റ്റൻസിങ് എന്ന് ലോകം ആകെ പറയുമ്പോൾ ഒരേ റൂമിൽ ഇപ്പോഴും ഒരുമിച്ച് കഴിയേണ്ടിവരുന്ന 10 ഉം 12 ഉം 15 ഉം പേർ ഒരുമിച്ച് കഴിയുന്ന മൂന്നുനില കട്ടിലുകളുള്ള പ്രവാസിറൂമുകളായ “ആഡംബര” കൊട്ടാരങ്ങളെ കുറിച്ചറിയുമോ നിങ്ങൾക്ക്?
എല്ലാക്കാലത്തും നാടിന്റെ സാമ്പത്തിക നട്ടെല്ലായിരുന്ന വരുമാന സ്രോതസ്സായിരുന്ന പ്രവാസി യെ കുറിച്ച് ഒരിക്കലെങ്കിലും നിങ്ങളോർക്കാറുണ്ടോ?കോൺക്രീറ്റ് സൗധങ്ങളും മണിമാളികകളും സൂപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും ഒക്കെ നാട്ടിലേക്കു കൊണ്ടുവന്നു നാടിന്റെ മുഖച്ഛായ മാറ്റിയ പ്രവാസിയെ നിങ്ങളറിയുമോ?

ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തി എന്ന് കേൾക്കുമ്പോൾ വീടും വീട്ടുകാരും പ്രായമായ മാതാപിതാക്കളും മക്കളും ഒക്കെ നാട്ടിലാണ് ,ഒരത്യാവശ്യം ഉണ്ടായാൽ ആപത്തുണ്ടായാൽ ഞാനിവിടെ ഒറ്റയ്ക്കാണല്ലോ എന്ന ആധിയിൽ എനിക്ക് നാട്ടിലേയ്ക്ക് പോവാനാവില്ലലോ എന്ന് പരിതപിച്ച് തലയിണയിണയിൽ മുഖം ചേർത്ത് വിങ്ങിക്കരയുന്ന പ്രവാസിയെ നിങ്ങൾക്കറിയുമോ?ഒറ്റപ്പെടലും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും ഒരുപാട് അനുഭവിക്കുന്നു ഇന്ന് ആ പ്രവാസികൾ എന്നത് മറന്നുപോകരുത്?

വിരലിലെണ്ണാവുന്ന ചില പ്രവാസികളുടെ ചെയ്തികളുടെയോ, അറിവില്ലായ്മയുടെയോ അല്ലെങ്കിൽ മനഃപൂർവ്വമുള്ള തെറ്റുകളുടെ പേരിൽ പ്രവാസികളെയെല്ലാം ഒരു മീറ്റർ അകലത്തിൽ മാത്രമല്ല സാമൂഹിക മനസ്സിൽ എന്നെന്നേക്കുമായി അകലത്തിൽ നിർത്തേണ്ടവരാണെന്ന ഒരു സന്ദേശം നാട്ടിലാകെ പരക്കുന്നില്ലേ എന്നൊരു ആശങ്കയില്ലാതില്ല. പ്രവാസികൾ കൊറോണ വൈറസ് വാഹകരല്ല.ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ അവരിൽ ചിലർക്ക് അവർപോലും അറിയാതെ ബോണസ്സായി കിട്ടിയതാണ് ഈ കൊറോണ വൈറസിനെ.പ്ലേഗും നിപയും വസൂരിയും ചിക്കൻ ഗുനിയയും പോലെ യുള്ള വൈറസ് രോഗങ്ങൾ ഒക്കെ വന്നു പോയതുപോലെ നാളെ കൊറോണയും പോകും.

അപ്പോഴും പ്രവാസി ഉണ്ടാവും.നാടിന്റെ ഫണ്ടിങ് സ്ത്രോസായി രാഷ്ട്രീയക്കാർക്ക് ആതിഥ്യം അരുളാനും നാട്ടിലെ അടുപ്പിൽ തീ പുകയ്ക്കാനും സെന്റും അത്തറും മാത്രമല്ല ജീവനും നൽകി നൽകി ജീവിതങ്ങൾക്ക് സുഗന്ധം പരത്താനും പ്രവാസി ഇവിടെയുണ്ടാകും ഉണ്ടാകണം എന്നത് മറക്കരുത്. ചേർത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്..അതിജീവിക്കും നമ്മളീ മഹാമാരിയെ !